Friday, February 27, 2009

ഇറാഖില്‍ 2010 ആഗസ്റ്റ് 31ന് യുദ്ധം നിര്‍ത്തുമെന്ന് ഒബാമ


നോര്‍ത്ത് കരോലിന: അടുത്തവര്‍ഷം ആഗസ്റ്റ് 31ഓടെ ഇറാഖില്‍ അമേരിക്കന്‍ സൈന്യം മുഴുവന്‍ യുദ്ധപ്രക്രിയകളും അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. എന്നാല്‍ ഇറാഖി പട്ടാളത്തെയും സുരക്ഷാ സേനയെയും സഹായിക്കാന്‍ മുപ്പത്തയ്യായിരം മുതല്‍ അമ്പതിനായിരം വരെ സൈനികര്‍ അവിടെ തുടരുമെന്ന് നോര്‍ത്ത് കരോലിനയിലെ ക്യാമ്പ് ലെജ്യൂനില്‍ നടത്തിയ പ്രഭാഷണത്തില്‍ ഒബാമ വ്യക്തമാക്കി. ഇറാഖിന്‍റെ മണ്ണിലും വിഭവങ്ങളിലും അമേരിക്കക്ക് താല്പര്യങ്ങളില്ലെന്ന് ഒബാമ കൂട്ടിച്ചേര്‍ത്തു. 2010ന് ശേഷവും സേന ഇറാഖില്‍ തുടരുന്നതിനോടുള്ള ഇറാഖികളുടെ രോഷം തണുപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പ്രസ്താവനയെന്ന് വിലയിരുത്തപ്പെടുന്നു.


ഒബാമയുടെ ഈ പദ്ധതിക്ക് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ എതിരാളിയായിരുന്ന സെനറ്റര്‍ ജോണ്‍ മക്കെയിന്‍ ‍പിന്തുണ പ്രഖ്യാപിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഒബാമയുടെ ഇറാഖ് പിന്‍മാറ്റ പദ്ധതിയെ മക്കെയിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.അതിനിടെ, സൈനിക പിന്‍മാറ്റ അജണ്ടയെ കുറിച്ച് ധരിപ്പിക്കാന്‍ ഒബാമ ഇറാഖി പ്രധാനമന്ത്രി നൂരി അല്‍മാലികിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.

No comments: