Friday, February 13, 2009

ഹമാസ്- ഫതഹ് അനുരഞ്ജന ചര്‍ച്ച

കെയ്റോ: ഹമാസ് ഗസ്സയുടെ ആധിപത്യം ഏറ്റെടുത്ത ശേഷം ഫതഹ് പാര്‍ട്ടിയുമായുള്ള സുപ്രധാന ചര്‍ച്ച ഇന്നലെ രാത്രി കെയ്റോയില്‍ നടന്നു. ഹമാസ് പോളിറ്റ് ബ്യൂറോ ഉപമേധാവി മൂസാ അബൂമര്‍സൂഖും ഫതഹ് നേതാവ് നബീല്‍ ശിഅതും അഹ് മദ് ഖുറൈയുമാണ് അനുരഞ്ജന ചര്‍ച്ച സംബന്ധിച്ച് കൂടിയാലോചിച്ചത്. ഫലസ്തീനില്‍ ആഭ്യന്തര അനുരഞ്ജനം സാധ്യമാക്കുന്നതിനുള്ള നീക്കത്തില്‍ സുപ്രധാന ചുവടുവെപ്പാകും ഈ ചര്‍ച്ചയെന്നാണ് പ്രതീക്ഷ. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഈമാസം 22ന് ഹമാസ്- ഫതഹ് അനുരഞ്ജന ചര്‍ച്ച കെയ്റോയില്‍ ആരംഭിക്കാനിരിക്കെയാണ് പ്രതീക്ഷാവഹമായ കൂടിക്കാഴ്ച. ഫലസ്തീന്‍ ആഭ്യന്തര പ്രതിസന്ധി പരിഹരിക്കാന്‍ ഈജിപ്ത് തയാറാക്കിയ പാക്കേജ് പ്രകാരം നാല് സമിതികളായാണ് നടപടികള്‍ മുന്നോട്ടുനീങ്ങുക. സര്‍ക്കാര്‍ സമിതി, സുരക്ഷാ സമിതി, തെരഞ്ഞെടുപ്പ് സമിതി, ആഭ്യന്തര അനുരഞ്ജന സമിതി എന്നിവയാണ് സമിതികള്‍. ഈ മാസാവസാനത്തോടെ സമവായ നീക്കത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

No comments: