Friday, February 27, 2009

ഇറാഖില്‍ 2010 ആഗസ്റ്റ് 31ന് യുദ്ധം നിര്‍ത്തുമെന്ന് ഒബാമ


നോര്‍ത്ത് കരോലിന: അടുത്തവര്‍ഷം ആഗസ്റ്റ് 31ഓടെ ഇറാഖില്‍ അമേരിക്കന്‍ സൈന്യം മുഴുവന്‍ യുദ്ധപ്രക്രിയകളും അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. എന്നാല്‍ ഇറാഖി പട്ടാളത്തെയും സുരക്ഷാ സേനയെയും സഹായിക്കാന്‍ മുപ്പത്തയ്യായിരം മുതല്‍ അമ്പതിനായിരം വരെ സൈനികര്‍ അവിടെ തുടരുമെന്ന് നോര്‍ത്ത് കരോലിനയിലെ ക്യാമ്പ് ലെജ്യൂനില്‍ നടത്തിയ പ്രഭാഷണത്തില്‍ ഒബാമ വ്യക്തമാക്കി. ഇറാഖിന്‍റെ മണ്ണിലും വിഭവങ്ങളിലും അമേരിക്കക്ക് താല്പര്യങ്ങളില്ലെന്ന് ഒബാമ കൂട്ടിച്ചേര്‍ത്തു. 2010ന് ശേഷവും സേന ഇറാഖില്‍ തുടരുന്നതിനോടുള്ള ഇറാഖികളുടെ രോഷം തണുപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പ്രസ്താവനയെന്ന് വിലയിരുത്തപ്പെടുന്നു.


ഒബാമയുടെ ഈ പദ്ധതിക്ക് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ എതിരാളിയായിരുന്ന സെനറ്റര്‍ ജോണ്‍ മക്കെയിന്‍ ‍പിന്തുണ പ്രഖ്യാപിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഒബാമയുടെ ഇറാഖ് പിന്‍മാറ്റ പദ്ധതിയെ മക്കെയിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.അതിനിടെ, സൈനിക പിന്‍മാറ്റ അജണ്ടയെ കുറിച്ച് ധരിപ്പിക്കാന്‍ ഒബാമ ഇറാഖി പ്രധാനമന്ത്രി നൂരി അല്‍മാലികിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.

Saturday, February 21, 2009

ബശ്ശാറുല്‍ അസദ്- ജോണ്‍ കെറി കൂടിക്കാഴ്ച


സിറിയന്‍ പ്രസിഡന്‍റ് ബശ്ശാറുല്‍ അസദും അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ കെറിയും ദമസ്കസില്‍ കൂടിക്കാഴ്ച നടത്തുന്നു

ഫതഹ്- ഹമാസ് ചര്‍ച്ച ബുധനാഴ്ച കെയ്റോയില്‍

കെയ്റോ: ഫലസ്തീന്‍ ആഭ്യന്തര അനുരഞ്ജന ചര്‍ച്ച ഈജിപ്തിന്‍റെ മാധ്യസ്ഥതയില്‍ ബുധനാഴ്ച കെയ്റോയില്‍ നടക്കും. ഫതഹ്, ഹമാസ് കക്ഷിനേതാക്കള്‍ ചൊവ്വാഴ്ച കെയ്റോയിലെത്തുമെന്ന് ഈജിപ്ത് നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു. ഇന്ന് (ഞായറാഴ്ച) ചേരാനിരുന്ന ചര്‍ച്ചയാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. ഫതഹ് അധീനതയിലുള്ള സുരക്ഷാ വിഭാഗത്തിന്‍റെ തടവില്‍ കഴിയുന്ന പോരാളികളെ വിട്ടയക്കാതെ അനുരഞ്ജന ചര്‍ച്ചക്കില്ലെന്ന ഹമാസിന്‍റെ നിലപാടിനെ തുടര്‍ന്ന് നിരവധി തടവുകാരെ മോചിപ്പിക്കാന്‍ ഫതഹ് തയാറാകുമെന്നാണ് റിപ്പോര്‍ട്ട്.

അബൂഗുറൈബ് ഇനി ബഗ്ദാദ് സെന്‍ട്രല്‍ ജയില്‍

ബഗ്ദാദ്: അമേരിക്കന്‍ സൈനിക ക്രൂരതയുടെ പ്രതീകമായ അബൂഗുറൈബ് ജയില്‍ പുനരുദ്ധാരണത്തിന് ശേഷം ഇറാഖ് അധികൃതര്‍ തുറന്നു. അബൂഗുറൈബ് എന്നതിന് പകരം ബഗ്ദാദ് സെന്‍ട്രല്‍ ജയില്‍ എന്ന പേരിലാണ് ഇറാഖി പോലിസിന്‍റെ കീഴിലുള്ള ഈ ജയില്‍. നാനൂറോളം ജയില്‍പുള്ളികളാണ് ഇതിലുള്ളതെന്ന് ജയില്‍ മേധാവി ശരീഫ് മുര്‍തദാ അബ്ദുല്‍ മുത്തലിബ് പറഞ്ഞു.
2003ല്‍ അമേരിക്കന്‍ സഖ്യസൈന്യത്തിന്‍റെ അധിനിവേശത്തെ തുടര്‍ന്ന് വിദേശസൈന്യം പിടികൂടിയ നൂറുകണക്കിന് ഇറാഖികളെയാണ് അബൂഗുറൈബില്‍ താമസിപ്പിച്ചിരുന്നത്. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ച മൃഗീയമായ പീഡനചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ലോകത്തെങ്ങും അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരെ പ്രതിഷേധം അലയടിച്ചത്. അതിക്രൂരമായ ശാരീരിക മാനസിക പീഡനമുറകളാണ് അമേരിക്കന്‍ സൈനികര്‍ ഇറാഖി തടവുകാര്‍ക്കെതിരെ പ്രയോഗിച്ചത്. മര്‍ദനത്തിന്‍റെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചതും അതില്‍ ആനന്ദം കണ്ടെത്തിയതും അമേരിക്കന്‍ പട്ടാളക്കാരായിരുന്നു. ആ സംഭവങ്ങളെ തുടര്‍ന്ന് അബൂഗുറൈബ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പോരാട്ടം ശക്തമായി. പോരാളികളുടെ ശക്തമായ ആക്രമണങ്ങളെ തുടര്‍ന്ന് 2006ല്‍ അബൂഗുറൈബ് അടച്ചുപൂട്ടാന്‍ അമേരിക്ക തയാറായി.

മതനിന്ദ: ഇസ്രായേലിനെ വത്തിക്കാന്‍ പ്രതിഷേധമറിയിച്ചു

റോം: യേശുക്രിസ്തുവിനെയും കന്യാമര്‍യമിനെയും പരിഹസിച്ച ഇസ്രായേല്‍ ടിവി ചാനല്‍ ടെന്‍ അവതാരകന്‍റെ നടപടിയില്‍ വത്തിക്കാന്‍ ഔദ്യോഗികമായി പ്രതിഷേധമറിയിച്ചു. ചാനല്‍ നടപടി ശത്രുതാപരവും ഹീനവും ക്രിസ്തുമത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്ന് വത്തിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിന് നല്‍കിയ പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു. ഇതെതുടര്‍ന്ന് ഇസ്രായേല്‍ പരിപാടിയുടെ അവസാന എപിസോഡ് സംപ്രേഷണം റദ്ദാക്കുകയും പരിപാടിയുടെ ഇലക്ട്രോണിക് പതിപ്പില്‍ നിന്ന് മതനിന്ദാ ഭാഗം നീക്കുകയും ചെയ്തു.



ലിയോര്‍ ഷ്ലൈന്‍

അവതാരകന്‍റെ മതനിന്ദാ പരാമര്‍ശങ്ങളെ തുടര്‍ന്ന് നിര്‍ദിഷ്ട ഇസ്രായേല്‍ സന്ദര്‍ശനം മാറ്റിവെക്കണമെന്ന് ഇസ്രായേലിലെ ക്രിസ്ത്യന്‍ സമൂഹം പോപ്പ് ബെനഡിക്ട് പതിനാറാമനോട് അഭ്യര്‍ഥിച്ചിരുന്നു. ജെറൂസലമിലെ ക്രിസ്ത്യാനികളും മുസ്ലിംകളും വിവാദ അവതാരകന്‍ ലിയോര്‍ ഷ്ലൈനിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. യേശുക്രിസ്തുവിന്‍റെ അമാനുഷികസിദ്ധികളെ തള്ളിപ്പറയുകയും നിന്ദിക്കുകയും ചെയ്യുന്നതായിരുന്നു അവതാരകന്‍റെ പരാമര്‍ശങ്ങള്‍.

ഇസ്രായേലി ടെന്നിസ് താരത്തിന് വിസ നിഷേധിച്ച ദുബൈക്ക് പിഴ


ദുബൈ: ഇസ്രായേലി വനിതാ ടെന്നിസ് താരം ഷഹര്‍ പിയറിന് വിസ നിഷേധിച്ച ദുബൈ ഓപണ്‍ ടെന്നിസ് സംഘാടക സമിതിക്ക് ലോക ടെന്നിസ് പ്രഫഷനല്‍ കൂട്ടായ്മ മൂന്ന് ലക്ഷം ഡോളര്‍ പിഴ ചുമത്തി. ഒരു ടെന്നിസ് ടുര്‍ണമെന്‍റ് സംഘാടകര്‍ക്ക് ചുമത്തപ്പെടുന്ന ഏറ്റവും വലിയ പിഴയാണിത്. ഇസ്രായേലി താരത്തിനെതിരെ യുഎഇയുടെ വിവേചനനയത്തിന്‍റെ ഇരയാണ് പിയറെന്ന് ഫെഡറേഷന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഭാവിയില്‍ ദുബൈയില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് സെക്യൂരിറ്റിയായി ഇരുപത് ലക്ഷം ഡോളര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട ഫെഡറേഷന്‍, യോഗ്യത നേടുന്ന ഏത് രാജ്യക്കാര്‍ക്കും പങ്കെടുക്കാനവസരമൊരുക്കുക, ഇസ്രായേലി താരങ്ങള്‍ക്ക് രണ്ട് മാസം മുമ്പെ വിസ നല്‍കുക, പിയര്‍ യോഗ്യത നേടാന്‍ പരാജയപ്പെട്ടാല്‍ പ്രത്യേക അവസരം നല്‍കുക എന്നീ നിബന്ധനകളും മുന്നോട്ടുവെച്ചത്. ഈ വ്യവസ്ഥകള്‍ പാലിക്കാത്തപക്ഷം 2010ലെ ചാമ്പ്യന്‍ഷിപ്പിന് അനുമതി ലഭിക്കില്ല. സുരക്ഷാ കാരണങ്ങളാലാണ് വിസ നിഷേധിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ പിയറിന് വിസ അനുവദിച്ചേക്കും.

Friday, February 20, 2009

നെതന്യാഹു- ലിവ്നി കൂടിക്കാഴ്ച ഞായറാഴ്ച

ജറൂസലം: സര്‍ക്കാര്‍ രൂപവത്കരണത്തിന് ക്ഷണിക്കപ്പെട്ട ലികുഡ് നേതാവ് ബെഞ്ചമിന്‍ നെതന്യാഹുവും കാദിമ നേതാവ് സിപി ലിവ്നിയും നാളെ കൂടിക്കാഴ്ച നടത്തും. സര്‍ക്കാരില്‍ ചേരാനുള്ള നെതന്യാഹുവിന്‍റെ ക്ഷണം ആദ്യം തള്ളിയ ലിവ്നി, അദ്ദേഹം തന്നെ ടെലിഫോണില്‍ ബന്ധപ്പെട്ട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ചക്ക് തയാറായത്.

സഖ്യസര്‍ക്കാരുമായി നെതന്യാഹു; ഇറാന്‍ മുഖ്യവെല്ലുവിളിയെന്ന്

വാര്‍ത്താസമ്മേളനത്തിന് ശേഷം നെതന്യാഹുവും പെരസും ഹസ്തദാനം ചെയ്യുന്നു
ജറൂസലം: ഇസ്രായേലില്‍ ലികുഡ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ വരുമെന്നുറപ്പായി. ലികുഡ് നേതാവ് ബെഞ്ചമിന്‍ നെതന്യാഹുവിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്‍റ് ഷിമോണ്‍ പെരസ് ക്ഷണിച്ചു. 42 ദിവസമാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് നെതന്യാഹുവിന് മുമ്പിലുള്ളത്. തീവ്രവലതുകക്ഷിയായ അവിഗ്ദോര്‍ ലിബര്‍മാന്‍റെ ഇസ്രായേല്‍ ബെയ്തെയ്നുവിന്‍റെ പിന്തുണ ഇതിനകം നേടിക്കഴിഞ്ഞ നെതന്യാഹു, സിപി ലിവ്നി നയിക്കുന്ന കാദിമയെയും യഹൂദ് ബറാക് നയിക്കുന്ന ലേബര്‍ പാര്‍ട്ടിയെയും സര്‍ക്കാരില്‍ ചേരാന്‍ ക്ഷണിച്ചു. പെരസിനോടൊപ്പം സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹു കക്ഷികളെ ഐക്യസര്‍ക്കാരിലേക്ക് ക്ഷണിച്ചത്. ഇപ്പോള്‍ തന്നെ കേവലഭൂരിപക്ഷംആയെങ്കിലും ഐക്യസര്‍ക്കാരാണ് തന്‍റെ ലക് ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഇറാനാണ് ഇസ്രായേലിന്‍റെ മുഖ്യവെല്ലുവിളിയെന്ന് നെതന്യാഹു വ്യക്തമാക്കി. ആണവായുധം സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഇറാന്‍ അപകടകാരിയാണ്. ഇറാന്‍റെ തീവ്രവാദശക്തികള്‍ ഞങ്ങള്‍ക്ക് വടക്കുനിന്ന് ഭീഷണിയുയര്‍ത്തുന്നുവെന്ന് ലബനാനിലെ ‍പോരാളിവിഭാഗമായ ഹിസ്ബുല്ലയെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

Thursday, February 19, 2009

ഈജിപ്ത്: അയ്മന്‍ നൂര്‍ മോചിതനായി


കെയ്റോ: ഈജിപ്തിലെ പ്രമുഖ പ്രതിപക്ഷ നേതാവ് അയ്മന്‍ നൂര്‍ മോചിതനായി. ആരോഗ്യപരമായ കാരണങ്ങളാലാണ് തന്നെ വിട്ടയച്ചതെന്ന് അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ രംഗത്ത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഇടപെടലിനെ തുടര്‍ന്നാണ് മോചനമെന്ന് അദ്ദേഹത്തിന്‍റെ അല്‍ഗദ് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. അയ്മന്‍ നൂറിനെ മോചിപ്പിക്കാതെ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറകിന് തന്നെ കാണാന്‍ അനുമതി നല്‍കില്ലെന്ന് ഒബാമ ശഠിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഈഹാബ് അല്‍ഖോലി അല്‍ജസീറയോട് പറഞ്ഞു. 2005 അവസാനത്തിലാണ് നൂറിന് കോടതി അഞ്ച് വര്‍ഷത്തെ തടവ് വിധിച്ചത്. വ്യാജരേഖ ചമക്കല്‍ കുറ്റമാരോപിച്ചാണ് കേസെടുത്തത്. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 2005ല്‍ ആദ്യമായി ഒന്നിലധികം സ്ഥാനാര്‍ഥികള്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ അയ്മന്‍ നൂറായിരുന്നു മുബാറകിന്‍റെ എതിര്‍സ്ഥാനാര്‍ഥി.

Monday, February 16, 2009

വെനിസ്വേല: ഹിതപരിശോധന ഷാവേസിനനുകൂലം

ഹിതപരിശോധനയില്‍ വോട്ടുരേഖപ്പെടുത്തിയ ശേഷം അനുയായികളെ അഭിവാദ്യം ചെയ്യുന്ന ഷാവേസ്
കരാകാസ്: രണ്ടിലധികം തവണ പ്രസിഡന്‍റ് പദവി അനുവദിക്കുന്ന ഭരണഘടനാ ഭേദഗതി വരുത്തുന്നതിനുള്ള ഹിതപരിശോധനാ ഫലം വെനിസ്വേലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസിനനുകൂലം. ഇന്നലെ പുറത്തുവിട്ട ഫലമനുസരിച്ച് 54% പേര്‍ ഭേദഗതിക്കനുകൂലമാണ്. 1.7 കോടി സമ്മതിദായകരില്‍ 1.1 കോടിയിലധികം പേര്‍ ഹിതപരിശോധനയില്‍ തങ്ങളുടെ അവകാശം വിനിയോഗിച്ചു. ഇതോടെ മറ്റ് തടസങ്ങളില്ലാത്ത പക്ഷം ഷാവേസ് മൂന്നാമതും വെനിസ്വേലയുടെ പ്രസിഡന്‍റാകുമെന്ന് ഏറെക്കുറെ ഉറപ്പായി. 2013 വരെയാണ് അദ്ദേഹത്തിന്‍റെ കാലാവധി അവസാനിക്കുക. 2007ല്‍ നടത്തിയ സമാനമായ ഹിതപരിശോധനയില്‍ ഷാവേസ് പരാജയപ്പെട്ടിരുന്നു. ഹിതപരിശോധന പ്രക്രിയ നിഷ്പക്ഷവും സ്വതന്ത്രവുമായിരുന്നെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വ്യക്തമാക്കി. പത്ത് വര്‍ഷമായി ഷാവേസ് പ്രസിഡന്‍റ് പദത്തില്‍ തുടരുകയാണ്. ഹിതപരിശോധനാ ഫലം അദ്ദേഹത്തിന്‍റെ അമേരിക്കന്‍വിരുദ്ധ സോഷ്യലിസ്റ്റ് നയപരിപാടികള്‍ക്കുള്ള പിന്തുണയായി വിലയിരുത്തപ്പെടുന്നു.

വനിതാമന്ത്രി സൗദി ഭരണരംഗത്തെ പരിഷ്കരണത്തിന്‍റെ തുടക്കം‍

നൂറ അല്‍ഫായിസ്
റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത മന്ത്രിയായി നിയമിക്കപ്പെട്ട നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. മികച്ച മാറ്റത്തിന്‍റെ തുടക്കമാണിതെന്ന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യ സഹമന്ത്രിയായി നിയമിതയായ നൂറ ബിന്‍ത് അല്‍അബ്ദുല്ല അല്‍ഫായിസ് അഭിപ്രായപ്പെട്ടു. ഉത്തരവാദിത്തത്തെക്കുറിച്ച് ബോധമുണ്ട്. പ്രതിസന്ധികളും വെല്ലുവിളികളും കടുത്തതാണെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. സാമൂഹിക പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ കഠിന ശ്രമം വേണ്ടിവരുമെന്ന് നൂറ തിരിച്ചറിയുന്നു. സൗദി സമൂഹത്തില്‍ സ്ത്രീശാക്തീകരണത്തിന് കരുത്തേകാന്‍ തന്‍റെ നിയമനം വഴിയൊരുക്കുമെന്ന് പ്രതീക്ഷയുണ്ട്.


52കാരിയായ നൂറ അല്‍ഫായിസ് 1978ല്‍ കിംഗ് സഊദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദവും `82ല്‍ അമേരിക്കയിലെ ഉതാഹ് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ശേഷം `89ല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൈവറ്റ് എജുക്കേഷനില്‍ എജുക്കേഷനല്‍ ടെക്നോളജി സെന്‍റര്‍ മേധാവിയായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. 1993ല്‍ റിയാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വനിതാ വിഭാഗം ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു. ഇതിനിടെ തന്‍റെ പഠിച്ചുവളര്‍ന്ന കിംഗ് സഊദ് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി സേവനമനുഷ്ഠിച്ചു. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സമിതികളില്‍ അംഗമായിരിക്കെയാണ് മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി നൂറയെ സഹമന്ത്രിയായി നിയമിച്ചുകൊണ്ട് അബ്ദുല്ല രാജാവ് വിജ്ഞാപനമിറക്കിയത്.
രാജ്യത്തെ വനിതാ വിദ്യാഭ്യാസ പുരോഗതിക്ക് ആക്കം കൂട്ടാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അബ്ദുല്ല രാജാവിന്‍റെ പരിഷ്കരണ പ്രക്രിയയുടെ തുടര്‍ച്ചയായി ഇതിനെ ഒരു വിഭാഗം വിലയിരുത്തുമ്പോള്‍, ഏറെ വൈകിവന്ന പരിഷ്കരണമാണിതെന്ന് സൗദി സെക്യുലരിസ്റ്റുകള്‍ വിമര്‍ശിക്കുന്നു. ഏതായാലും സൗദി ഭരണ രംഗത്ത് വഴിത്തിരിവാകുന്നതാണ് വനിതാ സഹമന്ത്രിയുടെ വരവ്. ഭാവിയില്‍ മന്ത്രിയെ തന്നെ നിയമിക്കുന്നതിന്‍റെ ആദ്യ പടിയാണിതെന്ന് നൂറ അല്‍ഫായിസ് തന്നെ പറയുന്നു. സുന്ദരമായ ഭാവി സമീപസ്ഥമാണെന്ന സന്ദേശമാണ് തനിക്ക് നല്‍കാനുള്ളതെന്ന് അവര്‍ പറയുമ്പോള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സൗദിയിലെ സ്ത്രീ സമൂഹവും പരിഷ്കരണവാദികളും.

ഇസ്രായേല്‍: ലികുഡുമായി സഖ്യമില്ലെന്ന് കാദിമ

ജറൂസലം: ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ലികുഡ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത കാദിമ പാര്‍ട്ടി അധ്യക്ഷയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുമായ സിപി ലിവ്നി തള്ളി. ലികുഡ് പാര്‍ട്ടിയുള്ള ഒരു സര്‍ക്കാരിന്‍റെയും ഭാഗമാകാന്‍ തയാറല്ലെന്ന് ലിവ്നി രാജിവെച്ച പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ടിന് നല്‍കിയ മെമ്മോയില്‍ വ്യക്തമാക്കി. ഇതോടെ തെല്‍അവീവില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരണം കൂടുതല്‍ ശ്രമകരമായി.
ഒരാഴ്ച മുമ്പ് നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കാദിമ 28ഉം ലികുഡ് 27ഉം സീറ്റുകളാണ് നേടിയത്. 120 സീറ്റുകളാണ് നെസറ്റിലുള്ളത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 61 എം.പിമാരുടെ പിന്തുണ വേണം. ഏതെങ്കിലും ഒരു കക്ഷിയെ ഒരാഴ്ചക്കകം പ്രസിഡന്‍റ് ഷിമോണ്‍ പെരസ് ക്ഷണിക്കുമെന്നാണ് പ്രതീക്ഷ. പതിനാല് ദിവസത്തിനകം സര്‍ക്കാര്‍ രൂപത്കരിക്കാനായില്ലെങ്കില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പതിനാല് ദിവസം കൂടി സാവകാശം നല്‍കും. അതിന് ശേഷവും ശ്രമം വിജയിച്ചില്ലെങ്കില്‍ മറ്റൊരു കക്ഷിയെ പ്രസിഡന്‍റിന് ക്ഷണിക്കാം. അവര്‍ക്കും മേല്‍കാലയളവനുവദിക്കും. അവരും പരാജയപ്പെട്ടാല്‍ മൂന്നാമതൊരു കക്ഷിയെ ക്ഷണിക്കും. അവരും പരാജയപ്പെട്ടാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് ഇസ്രായേലിലെ നിയമം.

Friday, February 13, 2009

ഹമാസ്- ഫതഹ് അനുരഞ്ജന ചര്‍ച്ച

കെയ്റോ: ഹമാസ് ഗസ്സയുടെ ആധിപത്യം ഏറ്റെടുത്ത ശേഷം ഫതഹ് പാര്‍ട്ടിയുമായുള്ള സുപ്രധാന ചര്‍ച്ച ഇന്നലെ രാത്രി കെയ്റോയില്‍ നടന്നു. ഹമാസ് പോളിറ്റ് ബ്യൂറോ ഉപമേധാവി മൂസാ അബൂമര്‍സൂഖും ഫതഹ് നേതാവ് നബീല്‍ ശിഅതും അഹ് മദ് ഖുറൈയുമാണ് അനുരഞ്ജന ചര്‍ച്ച സംബന്ധിച്ച് കൂടിയാലോചിച്ചത്. ഫലസ്തീനില്‍ ആഭ്യന്തര അനുരഞ്ജനം സാധ്യമാക്കുന്നതിനുള്ള നീക്കത്തില്‍ സുപ്രധാന ചുവടുവെപ്പാകും ഈ ചര്‍ച്ചയെന്നാണ് പ്രതീക്ഷ. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഈമാസം 22ന് ഹമാസ്- ഫതഹ് അനുരഞ്ജന ചര്‍ച്ച കെയ്റോയില്‍ ആരംഭിക്കാനിരിക്കെയാണ് പ്രതീക്ഷാവഹമായ കൂടിക്കാഴ്ച. ഫലസ്തീന്‍ ആഭ്യന്തര പ്രതിസന്ധി പരിഹരിക്കാന്‍ ഈജിപ്ത് തയാറാക്കിയ പാക്കേജ് പ്രകാരം നാല് സമിതികളായാണ് നടപടികള്‍ മുന്നോട്ടുനീങ്ങുക. സര്‍ക്കാര്‍ സമിതി, സുരക്ഷാ സമിതി, തെരഞ്ഞെടുപ്പ് സമിതി, ആഭ്യന്തര അനുരഞ്ജന സമിതി എന്നിവയാണ് സമിതികള്‍. ഈ മാസാവസാനത്തോടെ സമവായ നീക്കത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഗസ്സ: ഒന്നര വര്‍ഷത്തെ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ ഒപ്പുവെക്കും

മൂസാ അബൂമര്‍സൂഖ്
കെയ്റോ: ഈജിപ്തിന്‍റെ മാധ്യസ്ഥതയില്‍ ഹമാസും ഇസ്രായേലും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായതായി റിപ്പോര്‍ട്ട്. ഗസ്സയുടെ ഇസ്രായേലുമായുള്ള എല്ലാ അതിര്‍ത്തികളും തുറക്കുന്നതിന് പകരം പതിനെട്ട് മാസത്തേക്ക് വെടിനിര്‍ത്താനുള്ള നിര്‍ദേശം ഹമാസ് അംഗീകരിച്ചു. കരാറിന് രൂപമായിട്ടുണ്ട്. ഇത് മറ്റ് ഫലസ്തീന്‍ കക്ഷികളുടെയും ഇസ്രായേല്‍ സര്‍ക്കാരിന്‍റെയും അംഗീകാരം ലഭിച്ചാല്‍ രണ്ട് ദിവസത്തിനകം ഒപ്പുവെക്കുമെന്ന് ഈജിപ്ത് വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതിര്‍ത്തികള്‍ തുറക്കുന്ന പക്ഷം ഒന്നരവര്‍ഷത്തേക്ക് വെടിനിര്‍ത്തലിന് തയാറായ ഹമാസ് തീരുമാനത്തോട് ഇസ്രായേലിന്‍റെ പ്രതികരിച്ചിട്ടില്ല. വ്യവസ്ഥകള്‍ സംബന്ധിച്ച് ഈജിപ്തിന്‍റെ ഉറപ്പിന്‍മേലാണ് കരാറിന് തയാറാകുന്നതെന്ന് ഹമാസ് പോളിറ്റ് ബ്യൂറോ ഉപമേധാവി മൂസാ അബൂമര്‍സൂഖ് വ്യക്തമാക്കി.

Thursday, February 12, 2009

ആംനസ്റ്റി ആരോപണം ഹമാസ് നിഷേധിച്ചു

ഗസ്സ: ഇസ്രായേലുമായി സഹകരിക്കുന്നവരെ പീഡിപ്പിക്കുന്നുവെന്ന ആംനസ്റ്റി ഇന്‍റര്‍നാഷനലിന്‍റെ ആരോപണം ഹമാസ് നിഷേധിച്ചു. ആംനസ്റ്റിയുടെ അടിസ്ഥാനരഹിതമായ ആരോപണം പ്രസ്ഥാനത്തിന് മാനഹാനി വരുത്തുന്നതാണെന്ന് ഹമാസ് വക്താവ് ഫൗസീ ബര്‍ഹൂം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഹമാസിനോട് നീതിചെയ്യുന്നതല്ല ആംനസ്റ്റിയുടെ നീക്കം. ഒരുഭാഗത്തിന്‍റെ അഭിപ്രായം മാത്രം സ്വീകരിച്ചാണ് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ ആരോപണമുന്നയിച്ചത്. ഹമാസിന്‍റെ ഭാഗം കേള്‍ക്കാന്‍ അവര്‍ തയാറായില്ല. ഇത് നിഷ്പക്ഷതയല്ല. പ്രഫഷണലിസത്തിന്‍റെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമാണ് ആംനസ്റ്റിയുടെ നടപടി.

ഗസ്സയില്‍ ആയിരക്കണക്കിന് സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ ആംനസ്റ്റിയുടെ ഭാഗത്ത് നിന്ന് ഹമാസിനെതിരെ ഉയര്‍ന്ന വാസ്തവവിരുദ്ധമായ ആരോപണം ദുരൂഹത ഉയര്‍ത്തുന്നതാണ്. ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ നിരോധിത രാസായുധങ്ങള്‍ ഉപയോഗിച്ചതടക്കമുള്ള യുദ്ധക്കുറ്റങ്ങള്‍ ചെയ്തതിന് തെളിവ് ശേഖരിച്ച് നടപടിയെടുക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കേണ്ട സന്ദര്‍ഭത്തിലാണ് ആംനസ്റ്റിയുടെ പ്രസ്താവനയെന്നത് ആശ്ചര്യകരമാണെന്ന് ഫൗസീ ബര്‍ഹൂം കൂട്ടിച്ചേര്‍ത്തു.

വെടിനിര്‍ത്തല്‍ ഇസ്രായേല്‍ പാലിക്കില്ലെന്ന് ഹമാസിന് ആശങ്ക


ബെയ്റൂത്ത്: വെടിനിര്‍ത്തല്‍ കരാറിലെത്തുന്ന പക്ഷം ഇസ്രായേല്‍ അത് പാലിക്കുമോയെന്ന കാര്യത്തില്‍ ഹമാസ് സംശയം പ്രകടിപ്പിച്ചു. ഇപ്പോള്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചാല്‍ തെല്‍അവീവില്‍ വരുന്ന പുതിയ സര്‍ക്കാര്‍ അത് തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാട് സ്വീകരിച്ചേക്കുമെന്ന് ലബനാനിലെ ഹമാസ് വക്താവ് ഉസാമ ഹംദാന്‍ ആശങ്ക പ്രകടിപ്പിച്ചു. അടുത്ത സര്‍ക്കാര്‍ കരാര്‍ പാലിക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചിട്ടുണ്ടെങ്കിലും മുന്‍കാല അനുഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ കരാര്‍ ലംഘനസാധ്യത അസ്ഥാനത്തല്ല. ലികുഡ് നേതാവ് ബിന്‍യാമിന്‍ നെതന്യാഹുവിന്‍റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ വരുന്നതെങ്കില്‍ ഈ ആശങ്ക വര്‍ധിക്കും. എങ്കിലും തുടരുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് ഹമാസ് സംഘം കെയ്റോയില്‍

കെയ്റോ: ഇസ്രായേലുമായി ഈജിപ്തിന്‍റെ മാധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഹമാസ് പ്രതിനിധി സംഘം കെയ്റോയിലെത്തി. മുതിര്‍ന്ന നേതാവും ഹമാസ് സര്‍ക്കാരിന്‍റെ വിദേശകാര്യമന്ത്രിയുമായ മഹ് മൂദ് സഹാര്‍, പോളിറ്റ് ബ്യൂറോ ഉപമേധാവി‍ മൂസാ അബൂമര്‍സൂഖ്, പി.ബി അംഗങ്ങളായ ഇമാദ് അല്‍അലമി, മുഹമ്മദ് നസ്ര്‍, ത്വാഹിര്‍ അല്‍നൂനൂ എന്നിവരാണ് സംഘത്തിലുള്ളത്. ദമസ്കസില്‍ നിന്നാണ് പ്രതിനിധികള്‍ ഇവിടെയെത്തിയത്. ‍ഇന്ന്(വ്യാഴാഴ്ച) ഈജിപ്ത് ഇന്‍റലിജന്‍സ് മേധാവി ഉമര്‍ സുലൈമാനുമായുള്ള കൂടിക്കാഴ്ചയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച ഹമാസിന്‍റെ നിലപാടും വ്യവസ്ഥകളും അറിയിക്കുമെന്നാണ് കരുതുന്നത്. വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ സംബന്ധമായി ഹമാസ് ഉന്നയിച്ച സംശയങ്ങള്‍ക്കുള്ള ഇസ്രായേലിന്‍റെ വിശദീകരണം സുലൈമാന്‍ സംഘത്തെ ധരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ക്കും ഭൂരിപക്ഷമില്ല; ഇസ്രായേലില്‍ പ്രതിസന്ധി


ജറൂസലം: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഇസ്രായേലില്‍ തൂക്കുമന്ത്രിസഭ നിലവില്‍വരുമെന്നുറപ്പായി. എന്നാല്‍ ആരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്ന് തീരുമാനമെടുക്കാനാവാത്ത പ്രതിസന്ധിയിലാണ് പ്രസിഡന്‍റ് ഷിമോണ്‍ പെരസ്. 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കാദിമയും 27 സീറ്റുള്ള ബിന്‍യാമിന്‍ നെതന്യാഹുവിന്‍റെ ലികുഡ് പാര്‍ട്ടിയും വിജയം അവകാശപ്പെട്ടിട്ടുണ്ട്. തീവ്രവലതുകക്ഷിയായ ഇസ്രായേല്‍ ബയ്തെയ്നു പതിനാലും യഹൂദ് ബറാകിന്‍റെ ലേബര്‍ പാര്‍ട്ടി പതിമൂന്നും സീറ്റ് നേടി. ഷാസ് പാര്‍ട്ടിക്കും അറബ് കക്ഷികള്‍ക്കും പതിനൊന്ന് വീതം സീറ്റാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ ആരെ ക്ഷണിക്കണമെന്ന അനിശ്ചിതത്വത്തിലാണ് പെരസ്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 120 സീറ്റുള്ള നെസറ്റില്‍ 61 എം.പിമാരുടെ പിന്തുണ വേണം.

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പിന്തുണ തേടി ലിവ്നിയും നെതന്യാഹുവും ഇതരകക്ഷികളുമായി ചര്‍ച്ച തുടങ്ങി. ഇസ്രായേല്‍ ബയ്തെയ്നു, ഷാസ് കക്ഷികളുടെ നേതാക്കളുമായി ലിവ്നിയും നെതന്യാഹുവും ഇന്നലെ(ബുധന്‍) ചര്‍ച്ച നടത്തി. വലിയ ഒറ്റകക്ഷിയായെങ്കിലും സിപി ലിവ്നിയുടെ കാദിമക്ക് ഭൂരിപക്ഷം രൂപപെടുത്താനാവില്ലെന്നാണ് പ്രബലമായ വിലയിരുത്തല്‍. നവംബറില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ലിവ്നി പരാജയപ്പെട്ടിരുന്നു. ബയ്തെയ്നു നേതാവ് അവിഗ്ദോര്‍ ലിബര്‍മാന്‍ കാദിമക്കനുകൂലമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ലിവ്നിക്ക് കരുത്തേകുന്നു. എങ്കിലും നെതന്യാഹുവിന്‍റെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ വരാനാണ് കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, പുതുതായി വരുന്ന സര്‍ക്കാര്‍ സമാധാന ചര്‍ച്ചകള്‍ ത്വരിതപ്പെടുത്തണമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂനിയനും ആവശ്യപ്പെട്ടു.

Wednesday, February 11, 2009

ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം കാദിമക്ക് അനുകൂലമെന്ന്

സിപി ലിവ്നി വോട്ട് രേഖപ്പെടുത്തുന്നു
ജറൂസലം: ഇസ്രായേല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം പ്രവചനങ്ങള്‍ കാറ്റില്‍ പറത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ വ്യത്യാസത്തിലാണെങ്കിലും വിദേശകാര്യമന്ത്രി സിപി ലിവ്നി നയിക്കുന്ന കാദിമ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് വോട്ടര്‍മാര്‍ക്കിടയില്‍ വോട്ടര്‍മാരുടെ അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തി ഇസ്രായേലി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലിക്കുഡ് പാര്‍ട്ടിയെക്കാള്‍ കാദിമ രണ്ട് സീറ്റ് മുന്നിട്ടുനില്‍ക്കുമ്പോള്‍ ഇസ്രായേല്‍ ബയ്തെയ്നു മൂന്നാമതെത്തുമെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. ലേബര്‍ പാര്‍ട്ടിയാണ് നാലാം സ്ഥാനത്ത്.

22 ദിവസം നീണ്ട ഗസ്സ ആക്രമണത്തിന് ഉടന്‍ നടന്ന തെരഞ്ഞെടുപ്പായതിനാല്‍ മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ ജനപങ്കാളിത്തം കൂടുതലായിരുന്നു. 67% പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന മൂന്ന് മണിക്കൂറില്‍ വന്‍ പോളിംഗാണുണ്ടായത്. 120 സീറ്റുകളാണ് നെസറ്റിലുള്ളത്. കാദിമ പാര്‍ട്ടി മുപ്പതും മുന്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹുവിന്‍റെ ലിക്കുഡ് പാര്‍ട്ടി ഇരുപത്തെട്ടും സീറ്റ് നേടുമെന്നാണ് റിപ്പോര്‍ട്ട്. അവിഗ്ദോര്‍ ലിബര്‍മാന്‍റെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ഇസ്രായേല്‍ ബയ്തെയ്നു 14-15 സീറ്റും ലേബര്‍ പാര്‍ട്ടി പതിമൂന്ന് സീറ്റും ഷാസ് പാര്‍ട്ടി ഒമ്പത് സീറ്റും നേടുമെന്നാണ് കണക്കുകൂട്ടല്‍. അറബ് പാര്‍ട്ടികള്‍ പത്ത് സീറ്റ് സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. അമ്പത് ലക്ഷത്തിലധികം സമ്മതിദായകരും മുപ്പത്തിമൂന്ന് പാര്‍ട്ടികളുമാണ് പതിനെട്ടാമത് നെസറ്റ് തെരഞ്ഞെടുപ്പില്‍ ഭാഗഭാക്കായത്.

Tuesday, February 10, 2009

ഈജിപ്തില്‍ മുപ്പത് മമ്മികള്‍ കണ്ടെത്തി

കെയ്റോയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സിഖാറ: പ്രദേശത്ത് നിന്ന് പര്യവേക്ഷണ സംഘം കണ്ടെത്തിയ മമ്മികള്‍. മുപ്പത് മമ്മികളാണ് ഇവിടെ കണ്ടത്തിയത്. ഫറോവയുടെ ആറാം തലമുറയുടെ കാലത്തേതാണിതെന്ന് കരുതുന്നു. ബി.സി2345- 2181 കാലത്തേതാണിവയത്രെ.

ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഇന്ന്; എക്സിറ്റ് പോള്‍ പ്രവചനം ലിക്കുഡിന് അനുകൂലം

നെതന്യാഹു
ജറൂസലം: പതിനെട്ടാമത് ഇസ്രായേല്‍ പാര്‍ലമെന്‍റ് (നെസറ്റ്) തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കടുത്ത മത്സരം പ്രതീക്ഷിക്കുന്ന ഇത്തവണ മുന്‍ തെരഞ്ഞെടുപ്പുകളെക്കാള്‍ പോളിംഗ് നിരക്ക് കൂടുമെന്നാണ് വിലയിരുത്തല്‍. 120 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പതിനെട്ട് വയസിന് തികഞ്ഞ 5278985 ഇസ്രായേലികള്‍ക്കാണ് സമ്മതിദാനാവകാശമുള്ളത്. ലിക്കുഡ് പാര്‍ട്ടി, കാദിമ, ലേബര്‍ പാര്‍ട്ടി, ഇസ്രായേല്‍ ബെയ്തെയ്നു തുടങ്ങിയവയാണ് പ്രധാനകക്ഷികള്‍.

ലിബര്‍മാന്‍
മുന്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹു നയിക്കുന്ന ലിക്കുഡ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവിലെ വിദേശമന്ത്രി സിപി ലിവ്നി നയിക്കുന്ന കാദിമ പാര്‍ട്ടി കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജനപിന്തുണ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അവിഗ്ദോര്‍ ലിബര്‍മാന്‍ നയിക്കുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ ഇസ്രായേല്‍ ബെയ്തെയ്നു നിലമെച്ചപ്പെടുത്തുകയും ലിക്കുഡും കാദിമയും നേടുന്ന സീറ്റുകളുടെ വ്യത്യാസം കുറയുകയും ചെയ്യുമെന്നാണ് അവസാനഘട്ട പ്രചാരണ പരിപാടികള്‍ സൂചിപ്പിക്കുന്നത്. സുരക്ഷ തന്നെയാണ് ഇത്തവണയും മുഖ്യപ്രചാരണ വിഷയമായത്. 22 ദിവസം തുടര്‍ന്ന ഗസ്സ ആക്രമണത്തിന് തൊട്ടുടനെ നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ ഗസ്സ ആക്രമണത്തിലുള്ള ഹിതപരിശോധനയായും നെസറ്റ് തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നു.

ഇറാന്‍: ഖാതമി പ്രസിഡന്‍റ് മത്സരത്തിന്

തെഹ്റാന്‍: മുന്‍ പ്രസിഡന്‍റ് മുഹമ്മദ് ഖാതമി ഇറാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജൂണ്‍ പന്ത്രണ്ടിനാണ് നിര്‍ദിഷ്ട തെരഞ്ഞെടുപ്പ്. ഖാതമിയുടെ സ്ഥാനാര്‍ഥിത്വത്തോടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കടുത്തതാകുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

പരിഷ്കരണപക്ഷക്കാരനായ ഖാതമി 1997-2005 കാലയളവില്‍ പ്രസിഡന്‍റായിരുന്നു. ഗൗരവപൂര്‍വമാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതെന്ന് ഖാതമി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കല്‍ സ്വാഭാവിക അവകാശമാണ്. തെരഞ്ഞെടുപ്പ് ഗോദ തുറന്നുകിടക്കുകയാണെന്നും ആര്‍ക്കും സ്ഥാനാര്‍ഥിയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖാതമിയുടെ നീക്കം പാരമ്പര്യവാദികളെ സമ്മര്‍ദത്തിലാക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

തുറന്നുപ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രസിഡന്‍റ് അഹ് മദ് നജാദ് വീണ്ടും മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കാര്യമായ മത്സരമില്ലാതെ തെരഞ്ഞെടുപ്പ് നേരിടാമെന്ന പാരമ്പര്യവാദികളുടെ പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി. അതേസമയം, ആത്മീയനേതാവിന്‍റെ അഭിപ്രായം നേരിട്ട് സ്വാധീനം ചെലുത്തുമെന്നതിനാല്‍ നജാദ് മത്സരിക്കുന്ന പക്ഷം വിജയിക്കുമെന്നാണ് വിലയിരുത്തല്‍. ആത്മീയനേതാവ് ആയതുല്ലാ അലി ഖാംനഈ നജാദിന്‍റെ നിലപാടുകളെയും ഭരണത്തെയും പ്രശംസിക്കുന്നതാണ് ഇതുവരെയുള്ള അനുഭവം. അതേസമയം, പരിഷ്കരണവാദികള്‍ വിജയിക്കണമെന്നാണ് അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും മിക്ക അറബ് ഭരണകൂടങ്ങളും ആഗ്രഹിക്കുന്നത്.

ഇറാഖില്‍ ചാവേര്‍ സ്ഫോടനത്തില്‍ നാല് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ മൂസിലില്‍ ചാവേര്‍ സ്ഫോടനത്തില്‍ തങ്ങളുടെ നാല് ഭടന്‍മാര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ അധിനിവേശസേന അറിയിച്ചു. ചാവേര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് സൈനികര്‍ തല്‍ക്ഷണവും ഒരു ഭടന്‍ ആശുപത്രിയിലുമാണ് മരിച്ചത്. ദ്വിഭാഷിയും കൊല്ലപ്പെട്ടു. അല്‍ഖാഇദയുടെ ശക്തികേന്ദ്രമായാണ് മൂസില്‍ അറിയപ്പെടുന്നത്. ഇതോടെ ഇക്കൊല്ലം കൊല്ലപ്പെട്ട അമേരിക്കന്‍ അധിനിവേശസൈനികരുടെ എണ്ണം 22 ആയി. അധിനിവേശമാരംഭിച്ച ശേഷം‍ 4242 യു.എസ് ഭടന്‍മാരാണ് കൊല്ലപ്പെട്ടത്.

Friday, February 6, 2009

ഇറാഖ്: പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ മാലികി മുന്നണിക്ക് തകര്‍പ്പന്‍ ജയം

ബഗ്ദാദ്: ഇറാഖില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നൂരി അല്‍മാലികിയുടെ മുന്നണി തകര്‍പ്പന്‍ ജയം നേടി. ആകെയുള്ള പതിനെട്ട് പ്രവിശ്യകളില്‍ പതിനാല് പ്രവിശ്യകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കര്‍ബലാ പ്രവിശ്യയില്‍ മാത്രമാണ് ഇവര്‍ക്ക് തിരിച്ചടിയേറ്റത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ റിഹേഴ്സലായാണ് പ്രവിശ്യാ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. പ്രധാനമായും ശിയാ കക്ഷികളാണ് മാലികിയുടെ എതിര്‍പക്ഷത്തുണ്ടായിരുന്നത്.

അതേസമയം, തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടും കൃത്രിമവും നടന്നതായി ചില കക്ഷികള്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. ഇവരുടെ പരാതികള്‍ പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ വിരുദ്ധ യുദ്ധം തുടരുമെന്ന് സോമാലിയന്‍ ഗ്രൂപ്പുകള്‍

ശൈഖ് ശരീഫ്
മൊഗദീശു: സര്‍ക്കാരിനെതിരായ യുദ്ധം തുടരുമെന്ന് സോമാലിയയിലെ നാല് പോരാളി ഗ്രൂപ്പുകള്‍ വ്യക്തമാക്കി. പുതിയ പ്രസിഡന്‍റ് ശൈഖ് ശരീഫ് ശൈഖ് അഹ് മദിന്‍റെ സര്‍ക്കാരിനെതിരെ യുദ്ധം ശക്തമാക്കാന്‍ ഈ ഗ്രൂപ്പുകള്‍ ഇസ്ലാമിക് പാര്‍ട്ടി എന്ന പേരില്‍ പുതിയ കൂട്ടായ്മക്ക് രൂപംനല്‍കി. ജിബൂത്തി കരാര്‍ അംഗീകരിക്കുക വഴി വഞ്ചനയാണ് ശൈഖ് ശരീഫ് നടത്തിയതെന്ന് ഗ്രൂപ്പുകള്‍ ആരോപിച്ചു. ഇസ്ലാമിക് കോര്‍ട്സ് (അസ്മര്‍റാ ഗ്രൂപ്പ്), റാസ് കാംബൂനി വിംഗ്, ഇസ്ലാമിക് ഫ്രണ്ട്, അല്‍ഫാറൂഖ് വിംഗ് എന്നിവയാണ് പുതിയ കൂട്ടായ്മയിലുള്ളത്. പുതിയ സര്‍ക്കാരിനെതിരെ സര്‍വശക്തിയുമുപയോഗിക്കുമെന്ന് പാര്‍ട്ടി‍ മുന്നറിയിപ്പ് നല്‍കി.

ഇസ്ലാമിക് കോര്‍ട്സ് സ്ഥാപക നേതാവും മിതവാദിയുമായ ശൈഖ് ശരീഫ് ആറ് ദിവസം മുമ്പ് ജിബൂത്തിയില്‍ സോമാലിയന്‍ പാര്‍ലമെന്‍റംഗങ്ങളുടെ രഹസ്യബാലറ്റിലൂടെയാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്‍റെ വരവോടെ സോമാലിയയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പുതുജീവന്‍ വെക്കുമെന്ന് പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. അതിനിടെയാണ് പോരാളി ഗ്രൂപ്പുകളുടെ പുതിയ നീക്കം. രാജ്യത്തിന്‍റെ പരമാധികാരം തിരിച്ചുപിടിക്കുകയും സമാധാനവും സുര‍ക്ഷയും പുനസ്ഥാപിക്കുകയുമാണ് തന്‍റെ മുഖ്യലക് ഷ്യങ്ങളെന്ന് സ്ഥാനമേറ്റ ശേഷം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

കിര്‍ഗിസ്താനിലെ അമേരിക്കന്‍ സൈനികതാവളം അടക്കുന്നു

ബിഷ്കെക്: മധ്യേഷ്യന്‍ രാജ്യമായ കിര്‍ഗിസ്താനിലെ അമേരിക്കന്‍ സൈനികതാവളം അടച്ചുപൂട്ടുമെന്ന് ഏറെക്കുറെ ഉറപ്പായതായി റിപ്പോര്‍ട്ട്. അടുത്താഴ്ച ഇതുസംബന്ധമായി പാര്‍ലമെന്‍റില്‍ അഭിപ്രായവോട്ടെടുപ്പ് നടക്കും. ഭരണകക്ഷിയാണ് പ്രമേയം അംഗീകാരത്തിന് വേണ്ടി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക. കഴിഞ്ഞ ചൊവ്വാഴ്ച റഷ്യന്‍ പ്രസിഡന്‍റ് ദെമെത്രി മെദ് വദെവുമായുള്ള ചര്‍ച്ചക്ക് ശേഷം കിര്‍ഗിസ്താന്‍ പ്രസിഡന്‍റ് കുര്‍മാന്‍ബെക് ബാഖിയേവാണ് മാനാസ് എയര്‍ബേസ് അടക്കുന്ന കാര്യം പ്രഖ്യാപിച്ചത്. മധ്യേഷ്യയിലെ ഏക അമേരിക്കന്‍ സൈനികതാവളാമാണ് മാനാസ്. ഈയാഴ്ച തന്നെ പാര്‍ലമെന്‍റിന്‍റെ അനുമതി തേടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും അടുത്താഴ്ചയിലേക്ക് മാറ്റുകയായിരുന്നു. മോസ്കോ സന്ദര്‍ശനത്തിനിടെ ഇരുന്നൂറ് കോടി ഡോളറിലധികം സഹായം നല്‍കാമെന്ന് റഷ്യ ബാഖിയേവിന് വാഗ്ദാനം നല്‍കിയിരുന്നു.

അതേസമയം, എയര്‍ബേസ് അടക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യു.എസ് വിദേശകാര്യ വകുപ്പ് അറിയിച്ചു. താവളത്തിന്‍റെ കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച തുടരുകയാണെന്ന് അവസാന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തലസ്ഥാനമായ ബിഷ്കെകില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയുള്ള മാനാസില്‍ ആയിരം യുഎസ് സൈനികരാണുള്ളത്. പ്രതിവര്‍ഷം 1.8 കോടി ഡോളറാണ് അമേരിക്ക വാടകയായി കിര്‍ഗിസ്താന് നല്‍കുന്നത്.

Thursday, February 5, 2009

സ്വീഡനില്‍ ഇസ്രായേലി അംബാസഡര്‍ക്ക് ചെരിപ്പേറ്

സ്റ്റോക്ക് ഹോം: അധിനിവേശശക്തികള്‍ക്ക് നേരെയുള്ള പ്രതിഷേധത്തിന്‍റെ പ്രതീകമായി ചെരുപ്പേറ് വ്യാപകമാകുന്നു. സ്വീഡനിലെ ഇസ്രായേല്‍ അംബാസഡര്‍ ബെന്നി ഡാഗനാണ് ഏറ്റവുമവസാനം ചെരിപ്പേറ് നേരിട്ടത്. ചൊവ്വാഴ്ച സ്റ്റോക്ക് ഹോമില്‍ ഇസ്രായേല്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരിപാടിയില്‍ സംസാരിക്കവെ ഏതാനും യുവാക്കള്‍ ഷൂവെറിയുകയായിരുന്നു. രണ്ട് പേരെ സ്വീഡിഷ് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗസ്സയില്‍ കിരാതമായ കൂട്ടക്കുരുതി നടത്തിയ ഇസ്രായേലിനെതിരെ പാശ്ചാത്യ ലോകത്തും പ്രതിഷേധം ശക്തമാണെന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ഡിസംബര്‍ പതിനാലിന് ബഗ്ദാദില്‍ വിടവാങ്ങലിനെത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിന് നേരെ ഇറാഖി മാധ്യമ പ്രവര്‍ത്തകന്‍ മുന്‍തദിര്‍ അല്‍സെയ്ദി ഷൂ എറിഞ്ഞതോടെയാണ് പ്രതിഷേധ പ്രകടനത്തിന്‍റെ പ്രതീകമായി ഷൂ ഏറ് സ്ഥാനംപിടിക്കുന്നത്.

Monday, February 2, 2009

ഉര്‍ദുഗാനെതിരെ സയണിസ്റ്റ് ലോബി രംഗത്ത്


ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഇസ്രായേല്‍ പ്രസിഡന്‍റ് ഷിമോണ്‍ പെരസിനെതിരെ രൂക്ഷമായി സംസാരിക്കുകയും ഇസ്രായേലിന്‍റെ ഗസ്സ ആക്രമണത്തില്‍ പ്രതിഷേധിച്ച് വേദിയില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്ത തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ സയണിസ്റ്റ്ലോബി തീവ്രശ്രമം നടത്തുന്നതായി പ്രമുഖ ഇസ്രായേലി പത്രം 'ഹാരെറ്റ്സ്'. വിവിധ രാജ്യങ്ങളിലുള്ള ജൂതകൂട്ടായ്മകള്‍ ഉര്‍ദുഗാനെ മൂലക്കിരുത്താന്‍ തുര്‍ക്കി സൈന്യത്തില്‍ സമ്മര്‍ദം ചെലുത്തുകയാണത്രെ.

യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിനുള്ള തുര്‍ക്കിയുടെ ശ്രമങ്ങളെ നിഷ്ഫലമാക്കാന്‍ ഇനി അനായാസം സാധിക്കുമെന്നാണ് സയണിസ്റ്റ് കണക്കുകൂട്ടല്‍. ഇസ്രായേലിനെതിരെ ഉര്‍ദുഗാന്‍ വൈകാരിക പ്രകടനം നടത്തിയതോടെ യൂറോപ്യന്‍ രാജ്യങ്ങളെ തുര്‍ക്കിക്കെതിരെ തിരിക്കാന്‍ പ്രയാസമില്ലെന്ന് സയണിസ്റ്റുകള്‍ കരുതുന്നു. മറുവശത്ത്, തുര്‍ക്കിയുടെ ഇ.യു അംഗത്വത്തിന് ഉര്‍ദുഗാനെ പോലുള്ളവര്‍ തടസമാണെന്ന് തുര്‍ക്കി സൈന്യത്തെ ധരിപ്പിക്കാനാണ് ജൂതലോബിയുടെ ശ്രമം.
എന്നാല്‍, സൈന്യത്തെ ഉപയോഗിച്ച് ഉര്‍ദുഗാനെ മറിച്ചിടുക പഴയ പോലെ എളുപ്പമല്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അതിനാല്‍ ഇസ്രായേലിനെതിരായ കടുത്ത നിലപാടില്‍ നിന്ന് പിന്‍മാറാന്‍ ഉര്‍ദുഗാനില്‍ സമ്മര്‍ദം ചെലുത്തുകയെന്നതാണ് സയണിസ്റ്റ് ലോബിയുടെ മിനിമം ലക് ഷ്യം.
തുര്‍ക്കി ഒരിക്കലും നിഷ്പക്ഷ മാധ്യസ്ഥനല്ലെന്നും ഇസ്രായേലിനെ മാനിക്കാന്‍ ഉര്‍ദുഗാന്‍ തയാറാകണമെന്നും ഇസ്രായേല്‍ നേതൃത്വം പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേലിനെതിരെ സദാ സജ്ജരാവാന്‍ ഹമാസിന് ഇറാന്‍റെ ഉപദേശം


തെഹ്റാന്‍: അധിനിവേശ ശക്തികള്‍ക്കെതിരെ സദാ യുദ്ധസജ്ജരായിരിക്കണമെന്ന് ഹമാസിന് ഇറാന്‍ പരമോന്നത നേതാവ് ആയതുല്ലാ അലി ഖാംനഈയുടെ ഉപദേശം. ഇസ്രായേലിന്‍റെ പുതിയ യുദ്ധത്തെ നേരിടാന്‍ തയാറായിരിക്കാന്‍ തന്നെ സന്ദര്‍ശിച്ച ഹമാസ് പോളിറ്റ് ബ്യൂറോ മേധാവി ഖാലിദ് മിശ്അലിനോട് ഖാംനഈ പറഞ്ഞതായി പേര്‍ഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗസ്സക്കാരുടെ പോരാട്ടവീര്യത്തെ അദ്ദേഹം പ്രശംസിച്ചു. മിശ്അലിന്‍റെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘം ഇറാന്‍ പ്രസിഡന്‍റ് അഹ് മദി നജാദുമായി ചര്‍ച്ച നടത്തിയിരുന്നു. ഹമാസിനെ ശക്തമായി പിന്തുണക്കുന്ന ചുരുക്കം ഭരണകൂടങ്ങളിലൊന്നാണ് ഇറാന്‍. ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷമാണ് ഹമാസ് സംഘം തെഹ്റാനിലെത്തിയത്.

സോമാലിയ: പുതിയ നേതൃത്വത്തിന് മുന്നില്‍ കടുത്ത വെല്ലുവിളികള്‍


മൊഗദീശു: ദീര്‍ഘകാലമായി ആഭ്യന്തര യുദ്ധങ്ങളും പട്ടിണിയും മൂലം ദുരിതത്തിലായ സോമാലിയന്‍ ജനത പുതിയ പ്രസിഡന്‍റ് ശൈഖ് ശരീഫ് അഹ് മദിന്‍റെ നേതൃത്വത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 550 സോമാലിയന്‍ എം.പിമാര്‍ ജിബൂത്തിയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ രഹസ്യ ബാലറ്റിലൂടെയാണ് പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. രണ്ട് ഘട്ടം വോട്ടെടുപ്പ് നടന്നു. ഇരുവോട്ടിംഗിലും വന്‍ ഭൂരിപക്ഷത്തോടെയാണ് ശൈഖ് ശരീഫ് വിജയിച്ചത്. രണ്ടാം ഘട്ടത്തില്‍ 126നെതിരെ 283 വോട്ടുകളാണ് അദ്ദേഹം നേടിയത്. പ്രധാനമന്ത്രി നൂര്‍ ഹസന്‍ ഹുസൈന്‍, മുന്‍ പ്രസിഡന്‍റിന്‍റെ പുത്രന്‍ മുസ് ലിഹ് മുഹമ്മദ് ബര്‍റി എന്നിവരായിരുന്നു മുഖ്യ എതിരാളികള്‍. അവസാന റൗണ്ടില്‍ നൂര്‍ ഹസന്‍ പിന്‍മാറുകയായിരുന്നു.അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇസ്ലാമിസ്റ്റ് മിതവാദിയായാണ് ശൈഖ് ശരീഫ് അഹ് മദ് വിലയിരുത്തപ്പെടുന്നത്.
താനോ തന്‍റെ കക്ഷിയോ തീവ്രവാദികളല്ലെന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് കോര്‍ട്സിന് നേരെ മുന്‍വിധിയോടെയുള്ള നിലപാടുകള്‍ മാറ്റാന്‍ പാശ്ചാത്യലോകം തയാറാകണം. ഭീകരപ്രവര്‍ത്തനങ്ങളിലൂടെ ഇസ്ലാമിന്‍റെമുഖം വികൃതമാക്കുന്നവരെയും ജനാധിപത്യ മാര്‍ഗേണ അധികാരത്തിലെത്തുകയും മധ്യമ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരെയും വേര്‍തിരിച്ചുകാണാന്‍ പടിഞ്ഞാറ് പഠിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ അനുരഞ്ജനം, സുരക്ഷയും സ്ഥിരതയും പുനസ്ഥാപിക്കല്‍, രാജ്യത്തിന്‍റെ പുനര്‍നിര്‍മാണം ഇതാണ് തന്‍റെ മുന്‍ഗണനാക്രമമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്‍റെ സ്വാതന്ത്ര്യവും പര‍മാധികാരവും തിരിച്ചുപിടിക്കുമെന്ന് എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ ആഫ്രിക്കന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു. അഡിസ് അബാബയില്‍ സുഡാന്‍ പ്രസിഡന്‍റ് ഉമറുല്‍ ബശീറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
യുദ്ധപ്രഭുക്കളുടെ നാടായ സോമാലിയയില്‍ എല്ലാം കുത്തഴിഞ്ഞ നിലയിലാണ്. ക്രമസമാധാനം പാടെ തകര്‍ന്നിരിക്കുന്നു. ദാരിദ്ര്യത്തിന് മീതെ അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. വിദേശസൈനിക സാന്നിധ്യം അടുത്തിടെ ഇല്ലാതായിട്ടുണ്ട്. ക്രമസമാധാനവും പരമാധികാരവും വീണ്ടെടുക്കുകയെന്ന ലക് ഷ്യത്തോടെ ഇസ്ലാമിക പോരാളികള്‍ നടത്തിയ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ മുന്‍ സര്‍ക്കാരിന്‍റെ അനുമതിയോടെ എത്യോപ്യന്‍ സേന സോമാലിയയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ഇസ്ലാമിക് കോര്‍ട്സിനെ തല്ലിക്കെടുത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍ വിരുദ്ധവികാരം കോര്‍ട്സിനനുകൂലമായി മാറുന്നതാണ് പിന്നീട് കണ്ടത്.
ഇത്തരം പ്രശ്നങ്ങള്‍ക്ക് പുറമെ ഏദന്‍ കടലിടുക്കില്‍ സോമാലിയന്‍ കൊള്ളക്കാരുടെ പ്രശ്നം അന്താരാഷ്ട്രതലത്തില്‍ കത്തിനില്‍ക്കുകയാണ്. കടല്‍ക്കൊള്ളക്കാരെ അമര്‍ച്ച ചെയുകയെന്നത് പുതിയ നേതൃത്വത്തിന് വലിയ വെല്ലുവിളിയാകും. അതില്‍ പരാജയപ്പെടുന്ന പക്ഷം വൈദേശികശക്തികള്‍ക്ക് രാജ്യത്ത് കടന്നുകയറാന്‍ കാരണമാകുമെന്ന് പുതിയ നേതൃത്വം കരുതുന്നു. അതിനാല്‍ കടല്‍ക്കൊള്ളക്കാരെ അമര്‍ച്ച ചെയ്ത് ഏദന്‍ കടലിടുക്കിലെ ചരക്കുകപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ശൈഖ് ശരീഫിന്‍റെ ശ്രമഫലമായി നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും.

Sunday, February 1, 2009

ഇറാഖ് തെരഞ്ഞെടുപ്പ്: 51% പോളീംഗ്; മാലികി പക്ഷത്തിന് വിജയസാധ്യത

ഇറാഖ് പ്രധാനമന്ത്രി നൂരി മാലികി വോട്ട് രേഖപ്പെടുത്തുന്നു
ബഗ്ദാദ്: ഇറാഖിലെ പതിനാല് പ്രവിശ്യകളിലെ 440 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 51% പോളിംഗ് രേഖപ്പെടുത്തി. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മധ്യേ തെരഞ്ഞെടുപ്പ് പ്രക്രിയ പൊതുവെ സമാധാനപരമായിരുന്നെങ്കിലും ഒന്നരക്കോടിയോളം വരുന്ന വോട്ടര്‍മാരില്‍ പകുതിയും സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയില്ല. നാല് വര്‍ഷത്തിന് ശേഷമാണ് പ്രവിശ്യാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാഴ്ചക്ക് ശേഷമേ അന്തിമഫലം പ്രഖ്യാപിക്കൂ. അതേസമയം, പ്രധാനമന്ത്രി നൂരി അല്‍മാലികിയുടെ കക്ഷി വന്‍ വിജയം നേടുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ഖാലിദ് മിശ്അല്‍ ഇറാനില്‍


തെഹ്റാന്‍: ഹമാസ് പോളിറ്റ് ബ്യൂറോ മേധാവി ഖാലിദ് മിശ്അല്‍ ഇറാന്‍ പ്രസിഡന്‍റ് അഹ് മദി നജാദുമായി തെഹ്റാനില്‍ കൂടിക്കാഴ്ച നടത്തി. ഇറാന്‍ പരമോന്നത നേതാവ് ആയതുല്ലാ അലി ഖാംനഈയുമായും മിശ്അല്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഹമാസിനെ ശക്തമായി പിന്തുണക്കുന്ന രാജ്യമെന്ന നിലക്ക് ഇറാന്‍ ഗസ്സക്ക് പുതിയ സഹായപദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

പി.എല്‍.ഒയെ അംഗീകരിക്കാതെ ഹമാസുമായി ചര്‍ച്ചയില്ലെന്ന് അബ്ബാസ്; ബദല്‍ ഉദ്ദേശ്യമില്ലെന്ന് ഹമാസ്

ഗസ്സ: ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ അംഗീകരിക്കാത്ത ഒരാളുമായും ചര്‍ച്ചക്കില്ലെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റും ഫതഹ് നേതാവുമായ മഹ് മൂദ് അബ്ബാസ്. ഫലസ്തീന്‍ ജനതയുടെ നിയമപരമായ ഏക അതോറിറ്റിയായി പി.എല്‍.ഒയെ അംഗീകരിച്ചാല്‍ മാത്രമേ ഹമാസുമായി ചര്‍ച്ചക്കുള്ളൂവെന്ന് യൂറോപ്യന്‍ പര്യടനം റദ്ദാക്കി അപ്രതീക്ഷിതമായി കെയ്റോയിലെത്തിയ‍ അബൂമാസിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ സംഭവവികാസങ്ങളാണ് അടിയന്തര കെയ്റോ സന്ദര്‍ശനത്തിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പി.എല്‍.ഒയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ അവഗണിക്കപ്പെടുന്ന സംഘടനകളുടെ ദേശീയ കൂട്ടായ്മയാണ് ഉദ്ദേശിക്കുന്നതെന്നും പി.എല്‍.ഒക്ക് ബദല്‍ അതോറിറ്റി ലക് ഷ്യമല്ലെന്നും ഹമാസ് നേതാവ് മുഹമ്മദ് നിസാല്‍ വ്യക്തമാക്കി. എന്നാല്‍ നിലവിലെ പി.എല്‍.ഒയുടെ സ്ഥിതി വിലയിരുത്തിയാല്‍ അത് ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ലെന്ന് പറയേണ്ടി വരുമെന്ന് ലബനാനിലെ ഹമാസ് വക്താവ് ഉസാമ ഹംദാന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞാശ്ച ദോഹയില്‍ നടന്ന വിജയാഘോഷ ചടങ്ങില്‍ ഹമാസ് പോളിറ്റ് ബ്യൂറോ മേധാവി ഖാലിദ് മിശ്അല്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.

ബദല്‍ ഉദ്ദേശ്യമില്ലെന്ന ഹമാസിന്‍റെ വിശദീകരണം തൃപ്തികരവും സ്വീകാര്യവുമാണെന്ന് പി.എല്‍.ഒ മുഖ്യപ്രതിനിധിയും ഫതഹ് കേന്ദ്രകമ്മിറ്റി സെക്രട്ടറിയുമായ ഫാറൂഖ് അല്‍ഖുദൂമി വ്യക്തമാക്കി.