Tuesday, July 22, 2008

വനിതാ എം.പിയെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു


ജെറൂസലം: ഫലസ്തീന്‍ `ഭീകരര്‍`‍ക്കെതിരെ ഇസ്രായേല്‍ നടപടി തുടരുന്നു. ഹമാസിന്‍റെ വനിതാ എം.പിയെയും പതിനാല് ബിസിനസുകാരെയും അറസ്റ്റ് ചെയ്തതാണ് ഈ പരമ്പരയില്‍ ഏറ്റവും പുതിയ നീക്കം.

ഹമാസ് എം.പി മുനാ മന്‍സൂറാണ് പിടിയിലായത്. നാബുലസില്‍ ഈ മാസം ഇസ്രായേല്‍ അടച്ചുപൂട്ടിയ പ്രമുഖ ഷോപ്പിംഗ് സെന്‍റര്‍ ഉടമകളായ 14 പേരെയാണ് ഹമാസിന് വേണ്ടി ധനസമാഹരണം നടത്തുന്നുവെന്നാരോപിച്ച് സൈന്യം പിടികൂടിയത്. ആരോപണം ഇവര്‍ നിഷേധിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ നടപടിയുടെ ഭാഗമാണ് അറസ്റ്റെന്ന് ഇസ്രായേല്‍ വക്താവ് പറഞ്ഞു.

അവലംബം: അല്‍അറബിയ്യ

കണ്ണുകെട്ടിയ ഫലസ്തീനിയോട് ഇസ്രായേല്‍ ക്രൂരത


ഗസ്സ: കൊടുംക്രൂരതകള്‍ക്ക് പേരുകേട്ടതാണ് സയണിസ്റ്റ് സേന. ഫലസ്തീനി സിവിലിയന്‍ യുവാവിനോടുള്ള ഇസ്രായേലി സൈനികരുടെ ക്രുര ചെയ്തികള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. പിടിയിലായ യുവാവിനെ ഇരുകൈകളും പിന്നിലേക്ക് കെട്ടി കണ്ണ് കെട്ടിയ ശേഷം റബര്‍ ബുള്ളറ്റ് പ്രയോഗിക്കുന്ന ചിത്രങ്ങള്‍ ഞെട്ടലോടെയാണ് ലോകം വീക്ഷിച്ചത്.പതിനാല് വയസുള്ള ഫലസ്തീനി പെണ്‍കുട്ടിയാണ് അധിനിവേശകരുടെ ക്രൂരത കാമറയില്‍ പകര്‍ത്തിയത്.

ഈ മാസം ഏഴിന് പടിഞ്ഞാറെ കരയില്‍ (വെസ്റ്റ് ബാങ്ക്) നടന്ന വിഭജന മതിലിനെതിരായ പ്രതിഷേധ പ്രകടനത്തിനിടെയാണ് അശ്റഫ് അബൂറഹ് മ(27)യെ ഭടന്‍മാര്‍ കസ്റ്റഡിയിലെടുത്തത്. കൈകള്‍ ബന്ധിച്ച് കണ്ണുകെട്ടി സൈനിക വാഹനത്തിനരികെ കൊണ്ടുപോയി റബര്‍ ബുള്ളറ്റ് കൊണ്ട് വെടിവെക്കുകയായിരുന്നു. പിന്നീട് ഇയാളെ വിട്ടയക്കുകയും ചെയ്തു. ഇതിനെതിരെ യുവാവ് പരാതി നല്‍കിയിട്ടില്ല. പട്ടാള അച്ചടക്കത്തിന് നിരക്കാത്തതാണ് സംഭവമെന്ന് ഇസ്രായേല്‍ സേനാ വൃത്തങ്ങള്‍ പ്രതികരിച്ചു

Monday, July 21, 2008

ഇസ്രായേല്‍ ഭീഷണിയെ ഭയമില്ല - സമീര്‍ ഖന്‍ത്വാര്‍


ബെയ്റൂത്ത്: തനിക്കെതിരായ ഇസ്രായേലിന്‍റെ വധഭീഷണിയെ ഒട്ടും ഭയമില്ലെന്ന് കഴിഞ്ഞാഴ്ച ഇസ്രായേലി തടവില്‍ നിന്ന് മോചിതനായ ലബനീസ് പോരാളി സമീര്‍ അല്‍ഖന്‍താര്‍. അവരുടെ തടങ്കലില്‍ പോലും ഭയമില്ലാതിരുന്ന താന്‍ സ്വന്തം നാട്ടില്‍ അവരെ പേടിക്കുന്നതെന്തിനെന്ന് അദ്ദേഹം ചോദിച്ചു. തന്‍റെ ബാക്കി ജീവിതം ചെറുത്തുനില്പ് സമരങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. സായുധ പോരാട്ടത്തില്‍ എന്ത് ചുമതല ഏറ്റെടുക്കാനും തയാറാണ്. പോരാടാനും രക്തസാക്ഷിയാകാനും ഒരുക്കമാണ്.

പോരാളികളുടെ ഉറച്ച നിലപാടാണ് തന്‍റെ മോചനം സാധ്യമാക്കിയതെന്ന് ഖന്‍താര്‍ പറഞ്ഞു. ഫലസ്തീന്‍ പോരാളികളും ഈ പാത അനുധാവനം ചെയ്യണം. നയതന്ത്ര ചര്‍ച്ചകള്‍ ഈ രംഗത്ത് ഒന്നും നേടിത്തരില്ല. പോരാട്ടം മാത്രമാണ് പോംവഴി. ഫലസ്തീന്‍ പൂര്‍ണമായി വിമോചിക്കപ്പെടും വരെ അത് തുടരണമെന്ന് സമീര്‍ അഭിപ്രായപ്പെട്ടു.
1979ല്‍ അധിനിവിഷ്ട ഫലസ്തീനില്‍ നിന്നാണ് അധിനിവേശ സേന അദ്ദേഹത്തെ പിടികൂടിയത്. സൈനികനടക്കം നാല് ഇസ്രായേലികളെ വധിച്ച സമീര്‍ ഖന്‍ത്വാറിനെ ഈ മാസം പതിനേഴിനാണ് സയണിസ്റ്റ് സൈന്യം മോചിപ്പിച്ചത്. 2006ലെ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട രണ്ട് ഇസ്രായേലി സൈനികരുടെ ഭൗതികാവശിഷ്ടത്തിന് പകരമായാണ് സമീറടക്കം ഏതാനും ലബനാനി പോരാളികളെ കൈമാറിയത്.

അവലംബം : അല്‍ജസീറ