Monday, April 28, 2008

ഫലസ്തീനില്‍ നാല് കുട്ടികളുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ഹമാസ്


ഗസ്സ : അധിനിവേശ സേന ഫലസ്തീനില്‍ കൂട്ടക്കുരുതി തുടരുന്നു. വടക്കന്‍ ഗസ്സയില്‍ ഇസ്രായേലി സൈന്യം നടത്തിയ കനത്ത ബോംബിംഗില്‍ ഏഴ് ഫലസ്തീനികളാണ് ഇന്ന് രക്തസാക്ഷികളായത്.ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. നാല് പിഞ്ചുകുട്ടികളും മാതാവും മറ്റ് രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്
വീടിന് നേരെ നടന്ന ടാങ്ക് ഷെല്‍ ആക്രമണത്തില്‍ മൈസര്‍ അബൂമുഅതിഖ്(40), മക്കളായ മിസ്അദ്(ഒരു വയസ്സ്), ഹനാ(3),സ്വാലിഹ്(5), റദീന(4) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബത്തിലെ മറ്റ് രണ്ട് പേര്‍ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. ഗൃഹനാഥനായ അഹ് മദ് അബൂ മുഅതിഖ് ഈ സമയം പുറത്തായിരുന്നു

ഇസ്രായേല്‍ സൈന്യം ബയ്ത് ഹാനൂനില്‍ നടത്തിയ ബോംബാക്രമണത്തില്‍ അല്‍ഖുദ്സ് ബ്രിഗേഡ്സ് പോരാളിയും മറ്റൊരു ഫലസ്തീങ്കാരനും കൊല്ലപ്പെട്ടതായി ഫലസ്തീന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചുഒരുവശത്ത് വെടിനിര്‍ത്തലിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ സയണിസ്റ്റ് രാഷ്ട്രം നടത്തുന്ന മനുഷ്യക്കുരുതി കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി. ഇതര പോരാട്ട സംഘടനകളും തുല്യനാണയത്തില്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

അതേസമയം, ഹമാസ് സൈനികരെ ലക് ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയതെന്നും അതിനാല്‍ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഹമാസിനാണെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യഹൂദ് ബാരാക് പറഞ്ഞു

അവലംബം : അല്‍ജസീറ & ഖുദ്സ് പ്രസ്

Monday, April 21, 2008

ഭീകര സഹായ ആരോപണം ഗള്‍ഫിന് നേരെയും; എത്യോപ്യ ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചു

ദോഹ : ഭീകരര്‍ക്ക് സഹായം നല്‍‍കുന്നുവെന്ന ആരോപണം ഗള്‍ഫിന് നേരെയും.റേബ്യന്‍ ഗള്‍ഫിലെ എണ്ണ, പ്രകൃതി വാതക സമ്പന്ന രാജ്യമായ ഖത്തറിനാണ് അവസാനമായി ഭീകരതക്ക് പിന്തുണ നല്‍കുന്നുവെന്ന ആരോപണം നേരിടേണ്ടി വന്നത്. ശക്തമായ അമേരിക്കന്‍ പിന്‍ബലമുള്ള എത്യോപ്യയാണ് ഖത്തറിനെതിരെ ആരോപണമുന്നയിക്കുകയും നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ചെയ്തത്. സോമാലിയയിലെ ഭീകരവാദിളെ പിന്തുണക്കുന്നുവെന്നും `ആഫ്രിക്കന്‍ കൊമ്പി`ല്‍ അസ്ഥിരത വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് എത്യോപ്യ ഇന്നലെ തീരുമാനമെടുത്തത്. ഇതെക്കുറിച്ച് ഖത്തര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
സോമാലിയയിലും മറ്റുമുള്ള തീവ്രവാദികളെയും ഭീകരവാദികളെയും പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്നതാണ് ഖത്തറിന്‍റെ നിലപാട്. ഇതുവരെ ക്ഷമാപൂര്‍വമായ നിലപാട് കൈകൊണ്ടു. ഈ ശത്രുതാപരമായ സമീപനം ഇനി സഹിക്കാനാവില്ലെന്ന് എത്യോപ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മാത്രമല്ല, എത്യോപ്യക്കെതിരെ ഐരിത്രിയയെ സഹായിക്കുന്നതാണ് ഖത്തറിന്‍റെ നയം. ഖത്തറിലെ ചില മാധ്യമങ്ങള്‍ തങ്ങള്‍‍ക്കെതിരെ പ്രചാരണം നടത്തുന്നതായും വിദേശ മന്ത്രാലയം ആരോപിച്ചു. അല്‍ജസീറ ചാനലിനെക്കുറിച്ചാണ് എത്യോപ്യ ആക്ഷേപമുന്നയിച്ചത്. സോമാലിയയിലെ ഇസ്ലാമിക പോരാട്ടത്തെ കുറിച്ച സുദീര്‍ഘമായ പ്രത്യേക റിപ്പോര്‍ട്ട് സമ്പ്രേഷണം ചെയ്തു വരികയാണ് അല്‍ജസീറയിപ്പോള്‍. ആഫ്രിക്കയിലെങ്ങും സ്വന്തം ബ്യൂറോയുള്ള അപൂര്‍വം ചാനലുകളിലൊന്നാണ് അല്‍ജസീറ. മുമ്പ് തുനീഷ്യയും സൗദി അറേബ്യയും അല്‍ജസീറയുടെ ചില റിപ്പോര്‍ട്ടുകളുടെ പേരില്‍ ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. ആ രാജ്യങ്ങള്‍ പിന്നീട് ബന്ധം പുന:സ്ഥാപിക്കുകയുണ്ടായി

മിഡിലീസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക ക്യാമ്പ് നിലവിലുള്ള ഖത്തറില്‍ ഇസ്രായേല്‍ വാണിജ്യ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുവെന്നതും ശ്രദ്ധേയമാണ്

ഇസ്രായേലിനെ അംഗീകരിക്കില്ല;`67ലെ അതിര്‍ത്തിയുള്ള ഫലസ്തീന്‍ സ്വീകാര്യം - ഹമാസ്



ദമസ്കസ് : 1967ലെ അതിരുകളിലുള്ള ഫലസ്തീന്‍ എന്ന നിര്‍ദേശം അംഗീകരിക്കാന്‍ തയാറാണെന്ന് ഹമാസ് രാഷ്ട്രീയ മേധാവി ഖാലിദ് മിശ്അല്‍ പ്രസ്താവിച്ചു. എന്നാല്‍ ഇസ്രായേലിനെ അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിത പരിശോധനയില്‍ ഫലസ്തീന്‍ ജനത അനുമതി നല്‍കുന്ന പക്ഷം പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസുമായും ഇസ്രായേലുമായും ശാശ്വത പരിഹാരത്തിന് ഹമാസ് തയാറാണെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ പ്രസ്താവനയെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം


ജെറൂസലം ( ഖുദ്സ് ) തലസ്ഥാനമായി `67ലെ അതിരുകളില്‍ പൂര്‍ണാധികാരമുള്ള ഫലസ്തീന്‍ രാഷ്ട്രം എന്നത് സ്വീകാര്യമാണ്. അതില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് സ്ഥാനമുണ്ടാകില്ല. പലായനം ചെയ്ത മുഴുവന്‍ ഫലസ്തീനികള്‍ക്കും മടങ്ങിവരാന്‍ അവകാശമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലുമായി നേരിട്ട് ചര്‍ച്ചക്കൊരുക്കമല്ല


അധിനിവേശ തടവിലുള്ള ഫലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി ബന്ദിയായി പിടിച്ച ഇസ്രായേലി സൈനികന്‍ ഗിലാദ് ശാലിത്വിന്‍റെ കൈമാറ്റം പരോക്ഷമായി ചര്‍ച്ചയാവാം. കാര്‍ട്ടറോടുള്ള ബഹുമാന സൂചകമായി ഗിലാദിന്‍റെ സന്ദേശം കുടുംബത്തിന് കൈമാറാന്‍ അനുവദിച്ചതായി മിശ്അല്‍ വെളിപ്പെടുത്തി


ഏകപക്ഷീയ വെടിനിര്‍ത്തല്‍ നിര്‍ദേശം സ്വീകാര്യമല്ലെന്ന് മിശ്അല്‍ വ്യക്തമാക്കി. പലതവണ ഷെല്‍ വര്‍ഷം നിര്‍ത്തിവെക്കാന്‍ ഹമാസ് സന്നദ്ധമായതാണ്. എന്നാല്‍ ഇസ്രായേല്‍ ആക്രമണം തുടരുകയായിരുന്നു. ഈ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഏകപക്ഷീയ വെടിനിര്‍ത്തലിന് തയാറല്ല


അതേസമയം, ഇരുപക്ഷവും വെടിനിര്‍ത്തുകയെന്ന നിര്‍ദേശം സ്വീകാര്യമാണെന്ന് മുന്‍ ഫലസ്തീന്‍ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യ വ്യക്തമാക്കി. ഗസ്സയും പടിഞ്ഞാറെ കരയുമടക്കം മുഴുവന്‍ പ്രദേശങ്ങളുമുള്‍‍പ്പെടുന്ന വെടിനിര്‍ത്തലിന് മാത്രമേ ഹമാസ് ഒരുക്കമാവൂ. പന്ത് ഇപ്പോള്‍ ഇസ്രായേലിന്‍റെ കോര്‍ട്ടിലാണെന്ന് ഹനിയ്യ കൂട്ടിച്ചേര്‍ത്തു


അവലംബം : അല്‍ജസീറ & അല്‍അറബിയ്യ

Saturday, April 19, 2008

കാര്‍ട്ടറുടെ നിര്‍ദേശങ്ങളോട് അനുകൂല പ്രതികരണം; വിലയൊടുക്കില്ലെന്ന് ഹമാസ്

ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ ഗിലാദ് ശാലിതിന്‍റെ മാതാപിതാക്കളുമായി കാര്‍ട്ടര്‍ ചര്‍ച്ച നടത്തുന്നു
ദമസ്കസ് : മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ മുന്നോട്ട് വെച്ച ചില നിര്‍ദേശങ്ങളോട് അനുകൂലമായി പ്രതികരിക്കുമെങ്കിലും ഫലസ്തീന്‍ മാത്രം വിലയൊടുക്കുന്ന അവസ്ഥയുണ്ടാവില്ലെന്ന് ഹമാസ്. ഇസ്രായേലുമായി വെടിനിര്‍ത്തല്‍, തടവുകാരെ കൈമാറല്‍ എന്നി നിര്‍ദേശങ്ങളോട് അനുകൂല സമീപനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഹമാസ് നേതാവ് മുഹമ്മദ് നിസാല്‍ വ്യക്തമാക്കി. എന്നാല്‍ ജനതയുടെ താല്പര്യങ്ങള്‍ കണക്കിലെടുത്ത് കൊണ്ടുള്ള തീരുമാനമാണുണ്ടാവുക
ഇന്നും ഇന്നലെയുമായി കാര്‍ട്ടറും ഖാലിദ് മിശ്അലും അഞ്ചു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തി. ഹമാസ് ബന്ദിയാക്കിയ ഇസ്രായേലി സൈനികന്‍ ഗിലാദ് ശാലിതിനെ കൈമാറുന്നതിന് പകരമായി അറുന്നൂറ് ഫലസ്തീനി തടവുകാരെ ഇസ്രായേല്‍ വിട്ടയക്കണമെന്നാണ് ഹമാസിന്‍റെ ആവശ്യം. അധിനിവേശ തടവറയില്‍ പതിനൊന്നായിരം ഫലസ്തീനികളുണ്ടായിരിക്കെ ഈ ആവശ്യം ന്യായമാണെന്നാണ് ഹമാസിന്‍റെ വാദം
എന്നാല്‍ ഇസ്രായേല്‍ ഉപപ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തണമെന്ന നിര്‍ദേശത്തോട് ഹമാസ് പ്രതികരിച്ചിട്ടില്ല. ഇസ്രായേലുമായി പരോക്ഷ ചര്‍ച്ച‍ക്ക് ഹമാസ് ഒരുക്കമാണ്. കാര്‍ട്ടറുടെ നിര്‍ദേശങ്ങളില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ ഗസ്സയിലെ ഹമാസ് നേതാക്കള്‍ ദമസ്കസില്‍ മിശ്അലുമായി ചര്‍ച്ച നടത്തും
അതേസമയം, അമേരിക്കയുടെയും ഇസ്രായേലിന്‍റെയും കടുത്ത വിമര്‍ശത്തെ അവഗണിച്ചുകൊണ്ടുള്ള കാര്‍ട്ടറുടെ പര്യടനം അറബ് ലോകം സ്വാഗതം ചെയ്തു. ഹമാസിനെതിരായ യു.എസ് ഉപരോധം തകരുന്നതിന്‍റെ തുടക്കമാണിതെന്ന് മുഹമ്മദ് നിസാല്‍ അഭിപ്രായപ്പെട്ടു. വിമോചന പ്രസ്ഥാന നായകന്‍ എന്ന നിലക്കാണ് കാര്‍ട്ടര്‍ മിശ്അലിനെ അഭിസംബോധന ചെയ്തതെന്ന് ഹമാസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഹമാസിന്‍റെ രാഷ്ട്രീയ അടിത്തറയെ കുറിച്ച ചര്‍ച്ചയല്ല, നിലവിലുള്ള നിലപാടുകള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്ന് ഹമാസ് നേതാവ് മൂസാ അബൂ മര്‍സൂഖ് പറഞ്ഞു
ഹമാസും സിറിയയും കാര്‍ട്ടറുടെ സന്ദര്‍ശനത്തെ ദുരുപയോഗപ്പെടുത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ആരോപിച്ചു. ഹമാസുമായുള്ള ചര്‍ച്ചയില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ട് കാര്‍ട്ടറെ ബഹിഷ്കരിച്ചിരുന്നു.2006ന് ശേഷം ആദ്യമായാണ് ഇത്ര ഉയര്‍ന്ന അമേരിക്കന്‍ വ്യക്തിത്വം മിശ്അലിനെ സന്ദര്‍ശിക്കുന്നത്

അവലംബം : അല്‍ജസീറ

ഗസ്സയില്‍ ഇസ്രായേല്‍ ബോംബാക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു


ഗസ്സ : ഇന്ന് രാവിലെ ഹമാസ് പോരാളികള്‍ നടത്തിയ രക്തസാക്ഷി ആക്രമണത്തിന് തിരിച്ചടിയായി ഗസ്സയിലെ റഫാ പട്ടണത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കറം അബൂ സാലിം ചെക്പോസ്റ്റില്‍ പതിമൂന്ന് അധിനിവേശ സൈനികര്‍ക്ക് പരിക്കേല്പിച്ച ചാവേറാക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് റഫയില്‍ വ്യോമാക്രമണമുണ്ടായത്
ഇതോടെ ഇന്ന് മരിച്ച ഫലസ്തീനികളുടെ എണ്ണം അഞ്ചായി. മൂന്ന് ചാവേറുകള്‍ക്ക് പുറമെ ഇസ്രായേല്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പോരാളി കൊല്ലപ്പെട്ടിരുന്നു
അവലംബം : അല്‍ജസീറ & അല്‍ അറബിയ്യ

മിശ്അല്‍ - കാര്‍ട്ടര്‍ രണ്ടാം വട്ട കൂടിക്കാഴ്ച

ദമസ്കസ് : മുന്‍ അമേരിക്കന്‍ പ്രസിഡന്‍റും നോബല്‍ സമ്മാന ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ ഹമാസ് നേതാവ് ഖാലിദ് മിശ്അലുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകുന്നേരം ഇരുവരും ചര്‍ച്ച നടത്തിയിരുന്നു. വെടിനിര്‍ത്തല്‍, തടവുകാരുടെ കൈമാറ്റം, ഇസ്രായേല്‍ ഉപരോധം പിന്‍വലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ഹമാസ് നേതാവ് മുഹമ്മദ് നിസാല്‍ അറിയിച്ചു.പ്രാദേശിക സമയം ഏഴ് മണിക്കാണ് സംഭാഷണം ആരംഭിച്ചത്

കാര്‍ട്ടറുടെ രണ്ട് ഉപദേശകരും രണ്ട് ഹമാസ് നേതാക്കളും ഇന്നലെ അര്‍ധരാത്രി വരെ നീണ്ട ചര്‍ച്ചകള്‍ നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. മിശ്അലുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി സിറിയന്‍ പ്രസിഡന്‍റ് ബശ്ശാറുല്‍ അസദുമായി കാര്‍ട്ടര്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, ഹമാസ് -ഇസ്രായേല്‍ തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ഈജിപ്ത് നടത്തിവരുന്ന ചര്‍ച്ച ഏറെ പുരോഗതി കൈവരിച്ചതായി ഈജിപ്ത് വിദേശകാര്യ മന്ത്രി അഹ് മദ് അബുല്‍ ഗൈത്വ് അവകാശപ്പെട്ടു
അവലംബം : അല്‍ജസീറ & അല്‍ അറബിയ്യ

ചാവേറാക്രമണത്തില്‍ 13 ഇസ്രായേല്‍ സൈനികര്‍ക്ക് പരിക്ക്

ഗസ്സ: ഹമാസിന്‍റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ ഖസ്സാം പോരാളികള്‍ നടത്തിയ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ പതിമൂന്ന് ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റു. മൂന്ന് ഖസ്സാം പോരാളികള്‍ ഗസ്സ ചീന്തിന്‍റെ ഇസ്രായേലുമായുള്ള തെക്കന്‍ അതിര്‍ത്തിയായ കറം അബൂ സാലിം ചെക്ക് പോസ്റ്റില്‍ ‍ സൈനികരെ ലക് ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു. ഒരു കാര്‍ബോംബ് സ്ഫോടനം മാത്രമാണ് നടന്നതെന്നാണ് ഇസ്രായേലിന്‍റെ വീശദീകരണം. എന്നാല്‍ നാല് സ്ഫോടനങ്ങള്‍ ലക് ഷ്യമിട്ടതില്‍ മൂന്നും വിജയിച്ചതായും ഇത് അധിനവേശ സൈന്യത്തില്‍ ഭീതി പരത്തിയതായും ഇസ്സുദ്ദീന്‍ ഖസ്സാം വക്താവ് അവകാശപ്പെട്ടു

ഒരു വര്‍ഷമായി ഗസ്സക്ക് മേല്‍ തുടരുന്ന ഉപരോധം തകര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ആക്രമണമെന്നും ഉപരോധം പിന്‍വലിക്കാത്ത പക്ഷം തുടര്‍ച്ചയായ രക്തസാക്ഷി ആക്രമണങ്ങളുണ്ടാകുമെന്നും ഹമാസ് നേതാവ് അബൂ സുഹ് രി മുന്നറിയിപ്പ് നല്‍കി
അവലംബം : അല്‍ജസീറ & അല്‍ അറബിയ്യ

Thursday, April 17, 2008

ഫലസ്തീന്‍: മരണം 23 കവിഞ്ഞു



ഗസ്സ: ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം തുടരുന്ന നിഷ്ഠൂര ആക്രമണത്തില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. രക്തസാക്ഷികളായവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടും. പോരാളികളുടെ ഷെല്ലാക്രമണം തടയാനെന്ന പേരില്‍ ഗസ്സയില്‍ കടന്നാക്രമണം നടത്തിയ അധിനിവേശ സൈന്യത്തിന്‍റെ നടപടിയിക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. സധ്യമായ എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് അധിനിവേശ ശക്തിക്ക് തിരിച്ചടി നല്‍കണമെന്ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഹമാസ് പോരാളികളോട് ആവശ്യപ്പെട്ടു

സമയം നഷ്ടപ്പെടുത്താതെ ഫലസ്തീന്‍ ജനതയുടെ സംരക്ഷണത്തിന് ശ്രമിക്കണമെന്നും ഇസ്രായേലുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഹമാസ് മഹ് മൂദ് അബ്ബാസിനോടാവശ്യപ്പെട്ടു. ഇസ്രായേലിലേക്കുള്ള റോക്കറ്റാക്രമാണത്തിന് ഹമാസ് കനത്ത വില നല്‍കേണ്ടിവരുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ടിന്‍റെ ഭീഷണിക്ക് തൊട്ടുടനെയാണ് ഹമാസിന്‍റെ പ്രസ്താവന. ഹമാസ് നേതാക്കളെ വധിക്കാന്‍ മടിക്കില്ലെന്ന് ഇസ്രായേല്‍ കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചിരുന്നു. തലക്ക് പകരം തലയായിരിക്കും ഫലമെന്ന് ഹമാസ് അതിന് മറുപടി നല്‍കുകയുണ്ടായി

അവലംബം : അല്‍ജസീറ & അല്‍ അറബിയ്യ

Wednesday, April 16, 2008

ആറ് ഫലസ്തീനികളും രണ്ട് ഇസ്രായേല്‍ ഭടന്‍മാരും കൊല്ലപ്പെട്ടു


ഗസ്സ: ഇന്ന് രാവിലെ കിഴക്കന്‍ ഗസ്സയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് അധിനിവേശ സൈനികരും ആറ് ഫലസ്തീന്‍ പോരാളികളും കൊല്ലപ്പെട്ടു. പുലര്‍ച്ചെ ഇസ്രായേല്‍ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തില്‍ ഹമാസിന്‍റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡിലെ നാലും അല്‍ജിഹാദുല്‍ ഇസ്ലാമിയിലെ രണ്ടും പോരാളികളാണ് രക്തസാക്ഷികളായത്


പോരാളികളുടെ തിരിച്ചടിയില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെടുകയും ആറ് ഭടന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ അധീനതയിലുള്ള സെദീറോതിലും മറ്റും ഹമാസ് പോരാളികള്‍ പതിനഞ്ചോളം റോക്കറ്റ് തൊടുത്തു. ഇതില്‍ ആളപായമില്ലെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ അറിയിച്ചു


അവലംബം : അല്‍ജസീറ & അല്‍ അറബിയ്യ

അറബ് പ്രതിനിധിയെ പുറത്താക്കാന്‍ ഇസ്രായേല്‍ പാര്‍ലമെന്‍റ് നീക്കം


ജെറൂസലം: കഴിഞ്ഞ ദിവസം ഖത്തറില്‍ നടന്ന എട്ടാമത് ദോഹ ജനാധിപത്യ വികസന സ്വതന്ത്ര വ്യാപാര ഫോറത്തില്‍ ഫല‍സ്തീന്‍ പ്രതിനിധിയായി പങ്കെടുത്ത എം പിയെ പുറത്താക്കാന്‍ ഇസ്രായേല്‍ പാര്‍ലമെന്‍റില്‍ നീക്കം ശക്തമായി. നെസറ്റിലെ അറബ് പ്രതിനിധി അഹ് മദ് ത്വിബിക്കെതിരെ ഇസ്രായേല്‍ എം പിമാര്‍ ശക്തമായി രംഗത്ത് വന്നതിനെ തുടര്‍ന്നാണിത്. ത്വിബിയെ പുറത്താക്കുകയും അറസ്റ്റ് ചെയ്ത് വിചാരണ നടത്തുകയും ചെയ്യണമെന്ന് തീവ്ര വലതുപക്ഷ കക്ഷിയായ ഇസ്രായേല്‍ ബൈതെയ്നുവും കാദിമയും ആവശ്യപ്പെട്ടു.ഏത് രാജ്യത്തിന്‍റെ പ്രാതിനിധ്യമാണ് ത്വിബിയുടേതെന്ന് നിശ്ചയിക്കാന്‍ സമയമായെന്ന് വിദേശകാര്യ സഹമന്ത്രി മജ് ലി വഹ്ബി പറഞ്ഞു


രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് ഇദ്ദേഹത്തിനെതിരെ എം പിമാരുടെ നീക്കമുണ്ടാവുന്നത്ഒരാഴ്ച മുമ്പ് യമനില്‍ നിന്നുള്ള വഴിമധ്യേ ത്വിബിയുടെ വിമാനം ബെയ്റൂത്തില്‍ ഇന്ധനം നിറക്കാന്‍ ഇറങ്ങിയത് ഇസ്രായേലിനെ ചൊടിപ്പിച്ചിരുന്നു. എം പിമാര്‍ക്ക് ലബനാനില്‍ പോകുന്നതിന് വിലക്കുണ്ട്. ത്വിബി ലബനാനില്‍ പോകുന്നതിനോട് വിയോജിപ്പില്ലെന്നും എന്നാല്‍ അദ്ദേഹം അവിടെ നിന്ന് ഇസ്രായേലിലേക്ക് മടങ്ങുന്നത് പ്രശ്നമാണെന്നുമാണ് `ബെയ്തെയ്നു` മേധാവി അവിഗ്ദോര്‍ ലിബര്‍മാന്‍ ആ സംഭവത്തോട് പ്രതികരിച്ചത്. അതിന് പിറകെയാണ് അദ്ദേഹം ഫലസ്തീന്‍ പ്രതിനിധിയായി ദോഹയിലെത്തിയതും വിദേശകാര്യ മന്ത്രി സിപി ലിവ്നിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതും


നന്നെ ചുരുങ്ങിയത് ത്വിബി രാജിവെക്കേണ്ടി വരുമെന്നാണ് പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഹിസ്ബുല്ലക്ക് വേണ്ടി ചാരപ്പണി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അറബ് എം പി അസ്മി ബിശാറ കഴിഞ്ഞ വര്‍ഷമാണ് നെസറ്റില്‍ നിന്ന് രാജിവെച്ചത്. വിദേശത്ത് കഴിയുന്ന അദ്ദേഹം ഇസ്രായേലില്‍ പ്രവേശിക്കുന്ന പക്ഷം അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവുണ്ട്
അവലംബം : അല്‍ജസീറ

Tuesday, April 15, 2008

25 ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് തടവ്

കൈറോ : പണം വെളുപ്പിക്കല്‍, നിരോധിത സംഘടനക്ക് വേണ്ടി ധന ശേഖരണം എന്നീ കുറ്റങ്ങളാരോപിക്കപ്പെട്ട 25 മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് ഈജിപ്ഷ്യന്‍ സൈനിക കോടതി ഒന്നര വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചു.ഇഖ് വാന്‍റെ മുന്‍ നിര നേതാക്കളായ ഖൈറത് ശാത്വിര്‍, ഹസന്‍ മാലിക് എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവാണ് കോടതി വിധിച്ചത്. ഈജിപ്തിന് പുറത്ത് കഴിയുന്ന ഏഴ് പേര്‍ക്ക് പത്ത് വര്‍ഷം വീതം ശിക്ഷ വിധിച്ച കോടതി പതിനാറ് പേരെ ഒന്നര വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവിന് ശിക്ഷിച്ചു. അതേസമയം പതിനഞ്ച് പേരെ കോടതി കുറ്റവിമുക്തരാക്കി
.
സൈനിക കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനാവില്ല. പ്രസിഡന്‍റ് ഹുസ്നി മുബാറകിന്‍റെ ഉത്തരവ് പ്രകാരം കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇവരുടെ വിചാരണ ആരംഭിച്ചത്. പ്രതികള്‍ക്കും അഭിഭാഷകര്ക്കുമൊഴികെ ആര്‍ക്കും കോടതിയില്‍ പ്രവേശനമനുവദിച്ചിരുന്നില്ല.
കടുത്ത അനീതിയും വിചിത്രവുമാണ് വിധിയെന്ന് ബ്രദര്‍ ഹുഡ് നേതാവ് മുഹമ്മദ് ഹബീബ് പ്രതികരിച്ചു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ കൊണ്ടൊന്നും സമാധാനപരമായ പ്രവര്‍ത്തന പാത കൈവെടിയില്ലെന്ന് ഇസ്വാം ഇര്‍യാന്‍ വ്യക്തമാക്കി


സ്ഥാനാര്‍ഥികളെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് ഇഖ് വാന്‍ ബഹിഷ്കരിച്ച മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഒരാഴ്ച പിന്നിടും മുമ്പാണ് നേതാക്കളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി

അവലംബം : അല്‍ജസീറ & അല്‍ അറബിയ്യ

ഇറാഖില്‍ സ്ഫോടനങ്ങളില്‍ 53 മരണം


ബഗ്ദാദ് : ഇറാഖില്‍ ഇന്നുണ്ടായ രണ്ട് ബോംബ് സ്ഫോടനങ്ങളില്‍ ചുരുങ്ങിയത് 53 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. മരണ നിരക്കുയരാന്‍ സാധ്യതയുണ്ടെന്ന് ഇറാഖി പോലിസ് അറിയിച്ചു. വടക്കന്‍ ഇറാഖിലെ ബാഖൂബയിലും റമാദിയിലുമാണ് സ്ഫോടനമുണ്ടായത്. ബാഖൂബ കോടതി കെട്ടിടത്തിന് സമീപം കാര്‍ ബോംബ് സ്ഫോടനത്തില്‍ നാല്‍പതിലധികം പേര്‍ കൊല്ലപ്പെടുകയും എണ്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് ബസുകളും പത്തോളം കടകളും സ്ഫോടനത്തില്‍ കത്തിനശിച്ചു. റമാദിയില്‍ ഹോട്ടലിനടുത്തുണ്ടായ ചാവേറ് സ്ഫോടനത്തില്‍ 13 ആളുകള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലിസ് അറിയിച്ചു. കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവരില്‍ നിരവധി കുട്ടികളും സ്ത്രീകളുമുണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു



അമേരിക്കന്‍ സൈന്യത്തിന്‍റെ ആക്രമണത്തില്‍ ഇന്നലെ ചുരുങ്ങിയത് ആറ് പോരാളികള്‍ കൊല്ലപ്പെട്ടു. ഇന്നലെ രണ്ട് അമേരിക്കന്‍ സൈനികര്‍ ഇറാഖില്‍ കൊല്ലപ്പെട്ടിരുന്നു


അതിനിടെ ബ്രിട്ടീഷ് സൈനികന്‍റെ ഇറാഖി വെടിയേറ്റ് അംഗവൈകല്യം സംഭവിച്ച ബാലികക്ക് നാല്‍പത് ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു


കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും ഖാലിദ് മിശ്അലുമായി കൂടിക്കാഴ്ചക്ക് കാര്‍ട്ടര്‍


അമേരിക്കയുടെയും ഇസ്രായേലിന്‍റെയും രൂക്ഷമായ എതിര്‍പ്പ് അവഗണിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ ഹമാസ് നേതാവ് ഖാലിദ് മിശ്അലുമായികൂടിക്കാഴ്ചക്കൊരുങ്ങുന്നു. സിറിയന്‍ തലസ്ഥാനമായ ദമസ്കസില്‍ നിശ്ചയിച്ച കൂടിക്കാഴ്ചക്ക് മുന്നോടിയായി കാര്‍ട്ടര്‍ ഇന്ന് ഫലസ്തീനിലെ പ്രമുഖ ഹമാസ് നേതാവും മുന്‍ ഐക്യ സര്‍ക്കാര്‍ ഉപപ്രധാനമന്ത്രിയുമായ നാസിറുദ്ദീന്‍ ശാഇറുമായി പടിഞ്ഞാറെ കരയില്‍ ചര്‍ച്ച നടത്തും. കാര്‍ട്ടര്ക്കൊരുക്കിയ സ്വീകരണ ചടങ്ങിലേക്ക് അദ്ദേഹത്തെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. മുന്‍ ഫലസ്തീന്‍ പ്രസിഡന്‍റ് യാസിര്‍ അറഫാത്തിന്‍റെ ഖബറിടം സന്ദര്‍ശിക്കുന്ന കാര്‍ട്ടര്‍ ഫലസ്തീന്‍ പ്രധാനമന്ത്രി സലാം ഫയ്യാദുമായി ചര്‍ച്ച നടത്തും



ഇസ്രായേലുമായും ഫതഹ് പാര്‍ട്ടിയുമായും സമാധാന നടപടിക്ക് പ്രേരിപ്പിക്കുകയെന്ന ലക് ഷ്യത്തോടെയാണ് മിശ്അലിനെ സന്ദര്‍ശിക്കുന്നതെന്ന് കാര്‍ട്ടര്‍ വ്യക്തമാക്കി. ഹമാസിനെ നശിപ്പിക്കാനുള്ള ശ്രമം വിപരീത ഫലം ചെയ്യുമെന്ന് ഇസ്രായേലില്‍ ബിസിനസ് പ്രമുഖരുമാഇ നടത്തിയ സംവാദത്തില്‍ കാര്‍ട്ടര്‍ ചൂണ്ടിക്കാട്ടി. ‍ഇസ്രായേലിലെ നിരപരാധികള്‍ക്ക് നേരെ മിസൈല്‍ തൊടുക്കുന്ന നടപടി ഹമാസും ഫലസ്തീനികല്‍ക്ക് നേരെയുള്ള അതിക്രമം ഇസ്രായേലും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു



അതേസമയം, കാര്‍ട്ടറുടെ നീക്കത്തെ ശക്തിയായി വിമര്‍ശിച്ച വൈറ്റ് ഹൗസ് അദ്ദേഹം അമേരിക്കന്‍ പ്രതിനിധിയായല്ല ദമസ്കസിലെത്തുന്നതെന്ന് വ്യക്തമാക്കി. ഹമാസിനെ തകര്‍ക്കാനുള്ള പ്രസിഡന്‍റ് ബുഷിന്‍റെ ശ്രമങ്ങളെ തകിടം മറിക്കുന്നതാണ് കാര്‍ട്ടറുടെ നടപടിയെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിലേക്ക് മത്സരിക്കുന്ന ബരാക് ഒബാമയും ഹിലാരി ക്ലിന്‍റനും കാര്‍ട്ടര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ, ഫലസ്തീനിലെ ഇന്‍തിഫാദയുടെ മുന്‍നിര പോരാളിയായിരുന്ന മര്‍വാന്‍ ബര്‍ഗൂഥിയെ മോചിപ്പിക്കണമെന്ന കാര്‍ട്ടറുടെ അഭ്യര്‍ഥന ഇസ്രായേല്‍ തള്ളിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു



അവലംബം : അല്‍ജസീറ & അല്‍ അറബിയ്യ

Monday, April 14, 2008

21ഹമാസ് അനുയായികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു



ഹമാസ് പ്രവര്‍ത്തകരെ സുരക്ഷാ സേന പിടിച്ചുകൊണ്ടുപോകുന്നു

റാമല്ല : 21 ഹമാസ് ( ഹറകതുല്‍ മുഖാവമതുല്‍ ഇസ്ലാമിയ്യ ) അനുയായികളെ പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിന്‍റെ നിയന്ത്രണത്തിലുള്ള സുരക്ഷാ സേന പിടികൂടി. വിവിധ പട്ടണങ്ങളില്‍ നിന്ന് ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വീടുകളിലും ജോലി സ്ഥലങ്ങളിലും അതിക്രമിച്ചു കയറിയായിരുന്നു സൈനിക നടപടിയെന്ന് ഹമാസ് പത്രക്കുറിപ്പില്‍ ആരോപിച്ചു. ബെത് ലഹേമില്‍ നിന്ന് പന്ത്രണ്ട് പേരെയാണ് സൈന്യം പിടികൂടിയത്
അവലംബം : ഖുദ്സ് പ്രസ്

ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗള്‍ഫില്‍




ദോഹ : ഇസ്രായേല്‍ വിദേശകാര്യ മന്ത്രി സിപി ലിവ്നി ത്രിദിന സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തി. ഇസ്രായേലുമായി നയതന്ത്ര ബന്ധം പുലര്‍ത്താത്ത ഗള്‍ഫ് മേഖലയിലേക്കുള്ള ലിവ്നിയുടെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. ദോഹയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എട്ടാമത് ദോഹ ജനാധിപത്യ വികസന സ്വതന്ത്ര വ്യാപാര ഫോറത്തില്‍ പങ്കെടുത്ത ലിവ്നി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ആല്‍ഥാനിയുമായും ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവിയുമായും കൂടിക്കാഴ്ച നടത്തി


ഗസ്സക്ക് മേലുള്ള ഉപരോധം നീക്കാനുള്ള സാധ്യതകളടക്കം ചര്‍ച്ച ചെയ്യുമെന്ന് ഖത്തര്‍ മന്ത്രി ചര്‍ച്ചക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. നയതന്ത്ര ബന്ധമായി വളര്‍ന്നിട്ടില്ലെങ്കിലും ഖത്തര്‍ വിദേശമന്ത്രി പലപ്പോഴും ഇസ്രായേല്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താറുണ്ട്. ഇസ്രായേലിന്‍റെ വാണിജ്യ ഓഫിസ് വര്‍ഷങ്ങളായി ദോഹയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പുണ്ടായ ഇസ്രായേല്‍ - ഹിസ്ബുല്ല സംഘര്‍ഷം പരിഹരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ഖത്തര്‍ വിദേശമന്ത്രി ജെറൂസലമില്‍ ഇസ്രായേല്‍ അധികൃതരുമായി രഹസ്യ ചര്‍ച്ച നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു



എന്നാല്‍ ഒമാന്‍ ആദ്യമായാണ് ഇസ്രായേല്‍ അധികൃതരുമായി പരസ്യ കൂടിക്കാഴ്ച നടത്തുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് ഇസ്രായേല്‍ മന്ത്രിയുടെ ദോഹ പര്യടനം റിപ്പോര്‍ട്ട് ചെയ്തത്

രക്തസാക്ഷിത്വം കൊതിച്ചു, എത്തിയത് അധിനിവേശ തടവറയില്‍

പിറന്ന മണ്ണിന്‍റെ മോചനത്തിന് വേണ്ടി രക്തസാക്ഷിയാകാന്‍ കൊതിച്ച് അധിനിവേശ തടവറയിലെത്തിപ്പെട്ട കഥ പറയുകയാണ് ഈയിടെ മോചിതയായ ഫല‍സ്തീന്‍ യുവതി ഗാദ അഹ് മദ് ഈസാ അത്തീതി. ആറു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2008 മാര്‍ച്ചിലാണ് ഈ മുപ്പതുകാരി വിട്ടയക്കപ്പെട്ടത്. ദക്ഷിണ വെസ്റ്റ് ബാങ്കില്‍ അല്‍ഖലീല്‍ പട്ടണത്തിലെ അല്‍ഉറൂബ് ക്യാമ്പ് സ്വദേശിയായ ഗാദ 2002 ആഗ്സ്റ്റ് എട്ടിനാണ് പിടിയിലാകുന്നത്. സഹപ്രവര്‍ത്തക സമീറ അല്‍ജനാസിറയുമായി ചേര്‍ന്ന് ആസൂത്രണം ചെയ്ത ചാവേറാക്രമണ ഓപറേഷന്‍ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ ശേഷിക്കെയാണ് ഫതഹ് അനുകൂലിയായ ഗാദയെ ഇസ്രായേലി സൈന്യം
പിടികൂടിയത്
2002ഏപ്രിലില്‍ ജെനീന്‍ ക്യാമ്പിന് നേരെ ഇസ്രായേല്‍ ആക്രമണം രൂക്ഷമാക്കിയതാണ് രക്തസാക്ഷി ഓപറേഷനെ കുറിച്ച് ചിന്തിക്കാന്‍ ഗാദയെയും സമീറയെയും പ്രേരിപ്പിച്ചത്. നിരവധി കുട്ടികളുടെ ജീവന്‍ കവര്‍ന്ന ഏപ്രില്‍ ആക്രമണത്തിലാണ് മുതിര്‍ന്ന ഹമാസ് നേതാവ് ശൈഖ് സ്വലാഹ് ശഹാദയും രക്തസാക്ഷിയായത്. ചാവേറാക്രമണത്തെ കുറിച്ച് ചിന്തിച്ച ദിനങ്ങള്‍ കടുത്ത അന്ത:സംഘര്‍ഷത്തിന്‍റേതായിരുന്നുവെന്ന് ഗാദ പറയുന്നു. നാടിന്‍റെ സ്വാതന്ത്ര്യത്തിനും മോചനത്തിനും വേണ്ടി തന്നാലാവുന്നത് ചെയ്യണമെന്ന ഉല്‍ക്കടമായ ആഗ്രഹവും രക്തസാക്ഷിത്വത്തിലൂടെ ശാശ്വത മോക്ഷമുണ്ടെന്ന പ്രതീക്ഷയും ഒരുവശത്ത്. പദ്ധതി നടപ്പാക്കുന്ന പക്ഷം കുടുംബത്തിനുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച വ്യാകുലത മറുവശത്തും. ചാവേറാക്രമണം നടത്തുന്നവരുടെ വീട് തകര്‍ക്കുകയും ബന്ധുക്കളെ അറസ്റ്റ് ചെയ്യുകയും എന്നത് സയണിസ്റ്റ് ശക്തിയുടെ മിനിമം നടപടിയായിരുന്നു. അവസാനം ജന്‍മനാടിന് വേണ്ടി മരണത്തെ പുല്‍കാന്‍ ആ ധീരവനിതകള്‍ തീരുമാനിച്ചു. സ്ത്രീകളടക്കം അനവധി പേര്‍ വിജയകരമായി രക്തസാക്ഷി
ബോംബാക്രമണം നടത്തിയത് ഇരുവര്‍ക്കും ആത്മവിശ്വാസമേകി.
മിനിറ്റുകള്‍ വ്യത്യാസത്തില്‍ രണ്ടിടങ്ങളിലായി പൊട്ടിത്തെറിക്കാനായിരുന്നു ഇരുവരും
പദ്ധതിയിട്ടത്. തെല്‍അവീവിലെ ഒരു ബാങ്കില്‍ ആഗസ്റ്റ് എട്ടിന് ഉച്ചക്ക് രണ്ട് മണിക്ക് മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ ശമ്പളം വാങ്ങാനെത്തുമ്പോള്‍ പൊട്ടിത്തെറി നടത്താന്‍ നിശ്ചയിച്ചു. തങ്ങളുടെ സന്ദേശവും ഒസ്യത്തുമടങ്ങുന്ന വീഡിയോ ഇരുവരും തയാറാക്കി. എന്നാല്‍ നിശ്ചിത സമയത്തിന് ആറ് മണിക്കൂര്‍ മുമ്പ് ഇരുവരും അധിനിവേശ സൈന്യത്തിന്‍റെ പിടിയിലായി. പദ്ധതിയില്‍ എന്തോ എവിടെയോ ചോര്‍ച്ച സംഭവിച്ചെന്ന് പറയുന്ന ഗാദ പക്ഷേ,തന്‍റെ സഹപ്രവര്‍ത്തകരെ സംശയത്തിന്‍റെ മുന തിരിയുന്നത് ഇഷ്ടപ്പെടുന്നില്ല

ചാവേറാക്രമണ നീക്കം പാളിയതിന്‍റെ ആഘാതത്തില്‍ നിന്ന് പൂര്‍ണമായും മുക്തമാകാന്‍ ഒരു വര്‍ഷത്തോളം വേണ്ടി വന്നതായി അവര്‍ വെളിപ്പെടുത്തുന്നു. നാല്‍പത് ദിവസത്തെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് 29 സിറ്റിംഗ് നീണ്ട വിചാരണക്ക് ശേഷം ഇസ്രായേല്‍ കോടതി ഗാദയെ ആറ് വര്‍ഷവും സമീറയെ ആറര വര്‍ഷവും തടവിന് ശിക്ഷിച്ചു
ഇസ്രായേല്‍ തടവറയിലെ കാളരാത്രികള്‍ ഭീതിയോടെയാണ് ഗാദ ഓര്‍ക്കുന്നത്. മൂന്ന് കുഞ്ഞുങ്ങളുള്ള ഇരുപത്തഞ്ചോളം ഫലസ്തീനി വനിതകള്‍ അധിനിവേശ തടങ്കലില്‍ കഴിയുന്നുണ്ട്. പോലിസ് നായയെ ഉപയോഗിച്ചും സ്ത്രീകളെ നഗ്നരാക്കിയും സയണിസ്റ്റ് സൈനികര്‍ പരിശോധന നടത്തുന്നത് പതിവാണത്രെ. തടവറകളില്‍ ഏറ്റവുമധികം പീഡനമനുഭവിക്കുന്നത് സ്ത്രീകള്‍ തന്നെയാണെന്ന് പറയുമ്പോള്‍‍ ഗാദയുടെ കണ്ണുകളില്‍ തിളക്കുന്ന രോഷാഗ്നി മുഴു ലോകത്തിനും നേരെയുള്ളതാണ്. മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യത്തിന്‍റെയും മന്ത്രങ്ങളുരുവിട്ട് നിര്‍വൃതിയടയുന്ന പരിഷ്കൃത ലോകത്തിന് നേരെ പുച്ഛത്തിന്‍റെയും രോഷത്തിന്‍റെയും ചോദ്യമെറിയുകയാണ് ഗാദയെ പോലുള്ള നൂറുകണക്കിന് ഫല‍സ്തീനി
മാതൃത്വങ്ങള്
അവലംബം : അല്‍ജസീറ ‍‍‍

ഇറാഖില്‍ ബന്ദിയാക്കപ്പെട്ട വിദേശ കാമറാമാന് നാടകീയ മോചനം


ബഗ്ദാദ്: രണ്ട് മാസത്തിലേറെയായി അജ്ഞാതര്‍ ബന്ദിയാക്കി വെച്ച ബ്രിട്ടീഷ് കാമറാമാന്‍ റിച്ചാര്‍ഡ് ബട് ലറെ ഇറാഖി സൈന്യം നാടകീയ നീക്കത്തിലൂടെ മോചിപ്പിച്ചു. അമേരിക്കയിലെ സി ബി എസ് നെറ്റ്വര്‍കിന്‍റെ കാമറാമാനായ ബട് ലറെ സൈനിക നടപടിയിലൂടെയാണ് മോചിപ്പിച്ചതെന്ന് ഇറാഖി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. റിച്ചാര്‍ഡുമായുള്ള അഭിമുഖം അല്‍ഇറാഖിയ ടിവി ചാനല്‍ സംപ്രേഷണം ചെയ്തു. തന്‍റെ മോചനത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും ഇറഖ് സൈന്യത്തിനാണെന്ന് അദ്ദേഹം പറഞ്ഞു


ദമസ്കസില്‍ ഇറാഖ് സുരക്ഷാ സമ്മേളനം സമാപിക്കുന്ന വേളയില്‍ സൈന്യം അഭിമാനകരമായ നേട്ടം കൈവരിച്ചത് ശുഭസൂചകമാണെന്ന് രാഷ്ട്ര നേതാക്കള്‍ അഭിപ്രായപ്പെട്ടു. അയല്‍ രാജ്യങ്ങളുടെ സജീവ പങ്കാളിത്തത്തോടെയുള്ള സമ്മേളനം ഇന്നാണ് സമാപിച്ചത്
അവലംബം : അല്‍ അറബിയ്യ

ഹമാസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അമേരിക്കയും ഫതഹും പദ്ധതിയിട്ടു



ആമുഖം
2006ജനുവരി 25ന് നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ വിമോചന,ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയുണ്ടായി. ആദ്യമായി തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ഹമാസ് 56% സീറ്റുകളിലാണ് വിജയിച്ചത്. അമേരിക്കന്‍,പാശ്ചാത്യ രാജ്യങ്ങളെയും അറബ് സ്വേഛാധിപതികളെ വിറളി പിടിപ്പിക്കുന്നതായിരുന്നു ഇസ്ലാമിക പോരാട്ട സംഘടനയുടെ കുതിപ്പ്. അധിനിവിഷ്ട ഫലസ്തീനില്‍ ഇക്കാലമത്രയും അധികാരം(?) കയ്യടക്കിവെച്ച ഫതഹ് പാര്‍ട്ടിക്കും ഹമാസിന്‍റെ വിജയം ദഹിക്കുന്നതായിരുന്നില്ല. വൈദേശിക, ആഭ്യന്തര സമ്മര്‍ദത്തിന്‍റെയും കുതന്ത്രത്തിന്‍റെയും ഫലമായി ഹമാസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അകാല ചരമമടഞ്ഞത് സ്വാഭാവികം. സര്‍ക്കാരിനെ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിന്‍റെ നടപടിക്ക് പിന്നില്‍ അമേരിക്കന്‍ താല്‍പര്യമാണെന്ന് യാങ്കികളുടെ വിദേശനയവും അബൂമാസിന്‍റെ (അബ്ബാസിന്‍റെ വിളിപ്പേര്) ഹമാസ് വിരോധവും അമേരിക്കന്‍ ചായ് വും സാമാന്യം അറിയുന്ന ഏതൊരാളും കണക്കുകൂട്ടിയതാണ്. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യുന്ന സന്ദര്‍ഭത്തില്‍ തന്നെ ഹമാസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പദ്ധതി ബുഷ് ഭരണകൂടം തയ്യാറാക്കിയിരുന്നു. ശക്തനായ ഫതഹ് നേതാവും അബ്ബാസിന്‍റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവുമായ മുഹമ്മദ് ദഹ് ലാന്‍റെ കീഴിലുള്ള സേനയെ ഉപയോഗിച്ച് സര്‍ക്കാരിനെ മറിച്ചിടുകയും ഹമാസിനെ തകര്‍ക്കുകയുമായിരുന്നു യു എസിന്‍റെ സ്വപ്നം. എന്നാല്‍ പദ്ധതി വിജയിച്ചില്ലെന്ന് മാത്രമല്ല, ഹമാസ് ചരിത്രത്തിലെ ഏറ്റവും ശക്തമായ അവസ്ഥയിലേക്ക് ഉയരുകയാണുണ്ടായത്. ബുഷ് ഭരണകൂടത്തിന്‍റെ ഹമാസ് സര്‍ക്കാരിനെതിരായ അട്ടിമറി പദ്ധതിയും അതിന്‍റെ പരിണതിയും അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന `വാനിറ്റി ഫെയര്‍`(Vanity Fair) മാഗസിന്‍ ഏപ്രില്‍ ലക്കത്തില്‍ വെളിപ്പെടുത്തുന്നു. ഡേവിഡ് റൂസ്(David Rose) ആണ് കവര്‍സ്റ്റോറി തയാറാക്കിയത്. പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി പേരെ നേരില്‍ കണ്ടും രേഖകള്‍ ശേഖരിച്ചുമാണ് റൂസ് ഈ കറുത്ത പദ്ധതിയെ കുറിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നത്. സുദീര്‍ഘമായ പ്രസ്തുത കവര്‍സ്റ്റോറിയുടെ പ്രസക്തഭാഗങ്ങളുടെ സ്വതന്ത്ര വിവര്‍ത്തനമാണിത്

മാസിന്‍ അസ്അദ് അബൂ ദന്‍ വിലങ്ങണിയിക്കപ്പെട്ട കൈകള്‍ കൂപ്പി കെഞ്ചി നോക്കി. പക്ഷേ പീഡകര്‍ക്ക് അശേഷം ദയ ഉണ്ടായിരുന്നില്ല. മര്‍ദനത്തില്‍ പൂര്‍ണമായും തൊലിയുരിഞ്ഞ അയാളുടെ മുതുകില്‍ അവര്‍ അത്തര്‍ പുരട്ടി-സുഗന്ധം പരത്താനല്ല,നീറ്റലിന്‍റെ കാഠിന്യം പരമാവധി കൂട്ടാന്‍.അബൂ ദന്‍ പീഡനമേല്‍ക്കുന്നതാദ്യമായല്ല. മുമ്പ് ലഭിച്ച പീഡനവുനമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് സഹ്യം!2007 ജനുവരിയിലായിരുന്നു ആദ്യ മര്‍ദനമേല്‍ക്കേണ്ടി വന്നതെന്ന് ഈ ഇരുപത്തെട്ടുകാരന്‍ ഓര്‍ക്കുന്നു. വല്യുമ്മയുടെ ഖബറിടം സന്ദര്‍‍ശിച്ചു മടങ്ങുകയായിരുന്ന മാസിനെയും പിതാവിനെയും മറ്റ് അഞ്ച് പേരെയും മുപ്പതോളം വരുന്ന സായുധ സംഘം വളഞ്ഞ് പിടിച്ചുകൊണ്ടുപോയി. അതിക്രൂരമായ മര്‍‍ദനമേറ്റ് ആര്‍ത്തുകരയുന്ന മകനെ കാഴ്ചക്കാരനായി നോക്കിനില്‍ക്കാന്‍ അവര്‍ മധ്യവയസ്കനായ ആ പിതാവിനെ നിര്‍‍ബന്ധിതനാക്കി. ഇരുമ്പുദണ്ഡ് കൊണ്ടുള്ള അടിയേറ്റ് പൊട്ടിയ കാലുകളില്‍ അഞ്ച് ബുള്ളറ്റുകള്‍ തുളച്ചുകയറി


അബ്ദുല്‍ കരീം അല്‍ജാസിര്‍ വാച്ചില്‍ നോക്കി -മഗ് രിബ് ബാങ്ക് വിളിക്കാന്‍ മിനിറ്റുകള്‍ മാത്രം. അതിനുമുമ്പ് എത്തണം. സഹോദരി ഭക്ഷണവും വിളമ്പി നോമ്പ് തുറക്കാന്‍ തന്നെ കാത്തിരിക്കുകയാണ്. നടത്തത്തിന് വേഗത കൂടി. പക്ഷേ അവന് നോമ്പ് തുറക്കാനായില്ല. സഹോദരിക്കും മുമ്പെ മറ്റൊരു കൂട്ടര്‍ ആ യുവാവിനെ കാത്ത് വഴിയിലുണ്ടായിരുന്നു.‍അവരവന്‍റെ കണ്ണുകെട്ടി കൊണ്ടുപോയി. പൂര്‍ണ നഗ്നനാക്കി ചങ്ങലയില്‍ ബന്ധിച്ച് മര്‍ദനം തുടങ്ങി. വായില്‍ തുണി തിരുകി നേരാംവണ്ണം കരയാന്‍ പോലും അവരവനെ അനുവദിച്ചില്ല. പിന്നെ ഇരുമ്പുദണ്ഡ് തീയില്‍ ചൂടാക്കി ശരീരമാസകലം പൊള്ളിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ബോധം തിരിച്ചുകിട്ടിയ ജാസിറിനെ അവര്‍ ഹമാസ് പ്രവര്‍ത്തകര്‍ക്ക് കൈമാറുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അരോഗദൃഢഗാത്രനായതിനാല്‍ മാത്രമാണ് അവന് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു

ഏതോ ഹോളിവുഡ് സിനിമയിലെയോ അബൂ ഗുറൈബിലെയോ ഗ്വാണ്ടനാമോയിലെയോ കഥയല്ല വിവരിച്ചത്. അധിനിവേശത്തിന്‍റെ ജൂബിലികള്‍ അനുഭവിച്ച ഫലസ്തീനില്‍ നിന്നുള്ളതാണ് ഇപ്പറഞ്ഞ ദൃ‌ശ്യങ്ങള്‍. മര്‍ദിതരായത് ഹമാസ് അനുയായികളായ ചുറുചുറുക്കുള്ള യുവാക്കള്‍. മര്‍ദകരായി വേഷമിടുന്നത് ഫതഹ് പാര്‍ട്ടിക്കാരും. പിടിയിലാകുന്നവരെ കുറ്റസമ്മതത്തിന് നിര്‍ബന്ധിക്കുകയെന്നതും അവരുടെ രീതിയാണ്. ഹമാസിന്‍റെ ഇസ്സുദ്ദീന്‍ ഖസ്സാം സൈനിക ബ്രിഗേഡിന് വേണ്ടി ഇസ്രായേലിലേക്ക് മിസൈല്‍ ഉതിര്‍‍ത്തുവെന്നും മറ്റു ചിലപ്പോള്‍ ഇസ്രായേലുമായി സഹകരിച്ചെന്നും സമ്മതിപ്പിക്കും. പിടിയിലാകുന്ന ഹമാസ് അനുയായികളെ ``രക്തം നല്‍കിയും ജീവന്‍ നല്‍കിയും ദഹ് ലാനെ ഞങ്ങള്‍ സംരക്ഷിക്കും, മുഹമ്മദ് ദഹ് ലാന്‍ നീണാള്‍ വാഴട്ടെ!`` എന്ന് മുദ്രാവാക്യം മുഴക്കാന്‍ നിര്‍ബന്ധിക്കുന്നതായും പുറത്തവന്ന ഫതഹ് മര്‍ദന വീഡിയോ ടേപ്പ് വ്യക്തമാക്കുന്നു. അമേരിക്കന്‍ ഫതഹ് ഗൂഢതന്ത്രം തകര്‍ത്ത് 2007 ജൂണില്‍ ഗസ്സയുടെ നിയന്ത്രണം ഏറ്റെടുത്ത ഹമാസിന് അവിടത്തെ ഫതഹ് ഓഫിസില്‍ നിന്നാണ് ഈ ടേപ്പ് ലഭിച്ചത്



ഭിന്നവീക്ഷണക്കാരാണെങ്കിലും മുഖ്യ ശത്രുവിനോടെന്ന പോലെ ഹമാസിനോട് ഏറ്റമുട്ടാന്‍ ഫതഹിനെ പ്രേരിപ്പിക്കുന്നതെന്തന്ന് അന്വേഷിക്കുമ്പോഴാണ് ഇത് ഒറ്റപ്പെട്ട സംഭവമോ അനുയായികളുടെ കേവലം അവിവേകമോ അല്ലെന്ന് ബോധ്യപ്പെടുന്നത്.മേല്‍ പറഞ്ഞ രണ്ട് രംഗങ്ങളിലും അക്രമത്തിന് നേതൃത്വം നല്‍കിയത് ഫതഹിന്‍റെ പ്രാദേശിക നേതാക്കളോ മുതിര്‍ന്ന നേതാക്കളുമായി ബന്ധമുള്ളവരോ ശിങ്കിടികളോ ആണ്.അവരുടെയെല്ലാം ശൃംഖല ചെന്നെത്തുന്നത് ഫതഹിലെ സീനിയര്‍ നേതാവും പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിന്‍റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവുമായ മുഹമ്മദ് ദഹ് ലാനിലാണ്. [1961 സെപ്റ്റംബര്‍ 29ന് ഖാന്‍ യൂനുസ് ക്യാമ്പില്‍ ജനിച്ച ദഹ് ലാന്‍ (ചിത്രത്തില്‍) `81ല്‍ ഫതഹിന്‍റെ യുവജന വിഭാഗം രൂപീകരിക്കുന്നതില്‍ പങ്ക് വഹിക്കുകയുണ്ടായി.`87ല്‍ അധിനിവേശത്തിനെതിരായ ഒന്നാം ഇന്‍തിഫാദയില്‍ പങ്കെടുത്ത അദ്ദേഹം 5 വര്‍ഷം ഇസ്രായേല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇസ്ലാമിക കക്ഷിയായ ഹമാസ് രൂപീകരിക്കപ്പെട്ടതോടെ മതേതര ദേശീയവാദികളായ ഫതഹിന്‍റെ ജനപ്രീതിക്ക് കോട്ടം തട്ടിത്തുടങ്ങി.അതോടെ ഫതഹ് ഹമാസിനെ ഭീഷണിയായി കണ്ടു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇരു കക്ഷികള്‍ക്കുമിടയില്‍ ബന്ധം വഷളാകുന്നതില്‍ ദഹ് ലാന്‍റെ പങ്ക് അനിഷേധ്യമാണ്. സയണിസ്റ്റ് ഭീകരതക്കെതിരെ രക്തസാക്ഷി ആക്രമണം- ചാവേറാക്രമണം- ശക്തിപ്പെടുത്തിയതിനെ തുടര്‍ന്ന് 1996ല്‍ ഹമാസിന്‍റെ രണ്ടായിരത്തോളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് സുരക്ഷാ സൈനിക മേധാവിയായ ദഹ് ലാന്‍റെ നേതൃത്വത്തിലായിരുന്നു




ഹമാസിനെ അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് 2006 ജനുവരിയില്‍ തന്നെ നടത്തിയത് അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിന്‍റെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് ദഹ് ലാന്‍ വെളിപ്പെടുത്തി. യഥാര്‍ഥത്തില്‍ ഫതഹ് തെരഞ്ഞെടുപ്പിന് ഒരുക്കമായിരുന്നില്ലത്രെ. ദഹ് ലാന്‍റെ നിയന്ത്രണത്തിലുള്ള ഫതഹ് സൈന്യത്തിന് വന്‍തോതില്‍ ആയുധങ്ങള്‍ നല്‍കി കലാപം സൃഷ്ടിച്ച് ഹമാസ് ഭരണകൂടത്തെ മറിച്ചിടുകയായിരുന്നു അമേരിക്കന്‍ പദ്ധതിയെന്ന് അമേരിക്കന്‍ അധികൃതര്‍ സ്ഥിരീകരിച്ച രഹസ്യ രേഖകള്‍ വ്യക്തമാക്കുന്നു. വിജയം കണ്ടില്ലെങ്കിലും അമേരിക്കന്‍ തന്ത്രം നടപ്പാക്കാന്‍ മിസ്റ്റര്‍ ബുഷുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന ദഹ് ലാന് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. ബുഷുമായി ചുരുങ്ങിയത് മൂന്നു തവണ കൂടിക്കാഴ്ച നടത്തിയിട്ടുള്ള അദ്ദേഹം അമേരിക്കന്‍ ഭരണകൂടത്തിന്‍റെ ഉറ്റതോഴനായി മാറിയിരുന്നു. `ചങ്കുറപ്പുള്ള, മികച്ച നേതാവ്`, `നമ്മുടെ ആള്‍`..... ഇങ്ങനെ പോകുന്നു ദഹ് ലാനെ കുറിച്ച് ബുഷിന്‍റെ വിശേഷണങ്ങള്‍. ക്ലിന്‍റണുമായും ഉറച്ച ബന്ധമുണ്ടായിരുന്നുവെന്നും യാസിര്‍ അറഫാത്തിനോടൊപ്പം പലതവണ ക്ലിന്‍റനുമായി താനും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ദഹ് ലാന്‍ പറയുന്നു. എഫ്.ബി.ഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍)യുമായും സി.ഐ.എ(Central Intelligence Agency)യുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ക്ലിന്‍റന്‍റെ കാലം മുതല്‍ 2004 ജൂലൈ വരെ സി.ഐ.എ ഡയറക്ടറായിരുന്ന ജോര്‍ജ് ടെനറ്റിനെ`അതിനീതിമാന്‍`എന്നാണ് വിശേഷിപ്പിച്ചത്



അട്ടിമറി പദ്ധതി:ആരംഭവും നിര്‍വഹണവും

2006 ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് ഭൂരിപക്ഷം നേടിയപ്പോള്‍ അവര്‍ക്കെതിരെ സമ്മര്‍ദതന്ത്രം പ്രയോഗിക്കാനാണ് ബുഷ് ഭരണകൂടം തുടക്കത്തിലേ ശ്രമിച്ചത്. ഇതിന്‍റെ ആദ്യ പടിയായി അമേരിക്ക, റഷ്യ, ഐക്യരാഷ്ട്ര സഭ, യൂറോപ്യന്‍ യൂനിയന്‍ എന്നിവയടങ്ങിയ പശ്ചിമേഷ്യന്‍ നയതന്ത്ര ചതുര്‍സമിതി യോഗം ചേര്‍ന്നു. സായുധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക, ഇസ്രായേലിന്‍റെ അസ്തിത്വം അംഗീകരിക്കുക, ക്യാമ്പ് ഡേവിഡ് അടക്കമുള്ള എല്ലാ മുന്‍ ഉടമ്പടികളും അംഗീകരിക്കുക എന്നിവയായിരുന്നു ഹമാസിനോടുള്ള സമിതിയുടെ പ്രധാന ആവശ്യങ്ങള്‍. ഹമാസ് ഈ ആവശ്യങ്ങള്‍ തള്ളിയതിനെ തുടര്‍ന്ന് ഫലസ്തീനുള്ള സഹായങ്ങള്‍ അമേരിക്കയും പാശ്ചാത്യ രാഷ്ട്രങ്ങളും മരവിപ്പിച്ചു. ഫല‍സ്തീനികളുടെ യാത്രാസ്വാതന്ത്ര്യത്തിന് ഇസ്രായേല്‍ നിയന്ത്രണമേര്‍പ്പെടുത്തി. മന്ത്രിമാരും എം പിമാരുമടക്കം 64 ഹമാസ് നേതാക്കളെ ഇസ്രായേല്‍ തടവിലാക്കി. ഗതികെട്ട ഹമാസ് ഗലാദ് ശാലിത്വ് എന്ന ഇസ്രായേലി സൈനികനെ ബന്ദിയായി പിടിച്ചു. (ഇയാള്‍ ഇപ്പോഴും വിട്ടയക്കപ്പെട്ടിട്ടില്ല, നിരവധി ഹമാസ് എം പിമാരും സയണിസ്റ്റ് തടവറയിലാണിപ്പോഴും). അതോടെ ശക്തമായ കര-വ്യോമ ആക്രമണമാണ് അധിനിവേശ സൈന്യം അഴിച്ചുവിട്ടത്



ഹമാസിന്‍റെ നേതൃത്വത്തിലുള്ള ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ തുടക്കത്തില്‍ ഫതഹും പങ്കെടുക്കുമെന്ന സൂചന ലഭിച്ചതോടെ അപകടം മണത്ത അമേരിക്കന്‍ ഭരണകൂടം ഇസ്രായേലിന്‍റെ താല്‍പര്യ പ്രകാരം വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസിനെ ഫല്‍സ്തീനിലേക്കയച്ചു. വാഷിംഗ്ടന്‍റെ പിന്തുണയില്ലാതെ ഹമാസിന് മുന്നില്‍ ഫതഹിന് പിടിച്ചുനില്‍‍ക്കാനാവില്ലെന്ന് അബൂമാസിനെ തെര്യപ്പെടുത്തുന്നതില്‍ റൈസ് വിജയിച്ചു. കൂടിക്കാഴ്ചക്ക് ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അബ്ബാസിന്‍റെ സാരഥ്യത്തില്‍ ഉറച്ച വിശ്വാസം പ്രകടിപ്പിച്ച റൈസ്, ഹനിയ്യ സര്‍ക്കാറിനെ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്ന് നിര്‍ദേശിച്ചു. രണ്ടാഴ്ചക്കകം സര്‍ക്കാര്‍ നിലം പതിക്കണമെന്ന് റൈസ് ആവശ്യപ്പെട്ടതായും അബ്ബാസ് ആദ്യം അതംഗീകരിച്ചതായും ഇരുപക്ഷത്തുമുള്ള വൃത്തങ്ങള്‍ വാനിറ്റി ഫെയറിനോട് വെളിപ്പെടുത്തി. റമദാന്‍ വ്രതം വരുന്നതിനാല്‍ ഒരു മാസം സമയം വേണമെന്ന് അബ്ബാസ് പിന്നീട് റൈസിനോട് ആവശ്യപ്പെട്ടത്രെ. (ഔദ്യോഗിക രേഖകള്‍ പ്രകാരം ഈ ആരോപണം ശരയല്ലെന്ന് ഫതഹ് വക്താവ് പ്രതികരിച്ചു). ആഴ്ചകള്‍ കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാത്തതിനെ തുടര്‍ന്ന് ജറൂസലമിലെ കോണ്‍സുല്‍ ജനറല്‍ ജാക് വേല്‍സിനെ (Jake Walles) വൈറ്റ്ഹൗസ് അബ്ബാസുമായി കൂടിക്കാഴ്ചക്കയച്ചു. റൈസിന് നല്‍കിയ വാഗ്ദാനത്തിന്‍റെ സമയപരിധി ആയതായി ചൂണ്ടിക്കാട്ടി വേല്‍സ് അബ്ബാസിന് കൈമാറിയ രേഖ, ചതുര്‍സമിതി ആവശ്യങ്ങള്‍ ഹമാസ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്നതും ആവശ്യങ്ങള്‍ അംഗീകരിക്കുന്ന സര്‍ക്കാര്‍ നിലവില്‍ വരുന്ന പക്ഷം പ്രസിഡന്‍റ് ബുഷും അറബ് രാജ്യങ്ങളും കൈയയച്ച് സഹായിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുന്നതുമായിരുന്നു. ഹമാസിന്‍റെ ആധിപത്യം തകര്‍ക്കാന്‍ ഫതഹിന് ആയുധ ശേഖരം നല്‍കാന്‍ ഉടന്‍ നടപടി സ്വീകരിക്കാമെന്നും വേല്‍സ് വാഗ്ദാനം ചെയ്തു







( വേല്‍സ് അബ്ബാസിന് നല്‍കിയ രേഖയുടെ രണ്ട് പേജുകളാണിവ‍‍ )


2006രണ്ടാം പകുതിയുടെ തുടക്കത്തില്‍ റൈസ് ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാഷ്ട്ര ഭരണാധികാരികളുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ഫതഹിനാവശ്യമായ ആയുധങ്ങള്‍ക്കും പരിശീലനത്തിനും പണം ലഭ്യമാക്കണമന്നായിരുന്നു അറബ് നേതാക്കളോടുള്ള റൈസിന്‍റെ ആവശ്യം. അമേരിക്കന്‍ സമ്മര്‍ദം ശക്തമായിരുന്നെങ്കിലും മൂന്ന് കോടി ഡോളര്‍ മാത്രമാണ് ലഭിച്ചതെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് പറയുന്നു. യു.എ.ഇയില്‍ നിന്നായിരുന്നു ഇതിന്‍റെ ഏറിയ പങ്കുമത്രെ. ആയുധസഹായം നല്‍കാന്‍ ഈജിപ്ത് തയാറായി. 2006 ഡിസംബര്‍ അവസാനം രണ്ടായിരം യന്ത്രത്തോക്കുകളും ഇരുപത് ലക്ഷം വെടിയുണ്ടയും മറ്റായുധങ്ങളുമായി നാലു ട്രക്കുകള്‍ ഈജിപ്തില്‍ നിന്ന് ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള അതിര്‍ത്തി കടന്ന് ഗാസയിലെത്തിച്ച് ഫതഹിന് കൈമാറി

ലെഫ്റ്റനന്‍റ് ജനറല്‍ കീത്ത് ഡയ്റ്റന്‍(യു.എസ് സെക്യൂരിറ്റി കോ-ഓര്‍ഡിനേറ്റര്‍ ഫോര്‍ ഫലസ്തീന്‍)‍2006 നവംബറില്‍ ജറൂസലമിലും റാമല്ലയിലും വെച്ച് ദഹ് ലാനുമായി കൂടിക്കാഴ്ച നടത്തി. ഫലസ്തീന്‍ സുരക്ഷാ വിഭാഗത്തില്‍ പരിഷ്കരണം വരുത്താനും ഹമാസിനെ നേരിടാനുതകും വിധം ഫതഹ് സേനയെ മാറ്റിയെടുക്കാനും തന്‍റെ രാജ്യം ആഗ്രഹിക്കുന്നതായി ഡയ്റ്റന്‍ അറിയിച്ചു. ഹമാസിനെ ഒതുക്കണമെങ്കില്‍ സഹായം ആവശ്യമാണെന്നായിരുന്നു ദഹ് ലാന്‍റെ പ്രതികരണം. അമേരിക്ക ഫതഹിന് ആയുധവും പരിശീലനവും നല്‍കുമെന്ന വ്യവസ്ഥ ഇരുവരും അംഗീകരിച്ചു. നിയമവാഴ്ച ഉറപ്പുവരുത്താനും `ഭീകര ഹമാസി`ന്‍റെ അടിത്തറയിളക്കാനും 8.64 കോടി ഡോളര്‍ സഹായം നല്‍കാമെന്ന് 2006 അവസാനത്തില്‍ ഡയ്റ്റന്‍ വാഗ്ദാനം ചെയ്തതായി 2007 ജനുവരി 5ന് റോയിട്ടേഴ്സ് വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ നയാപൈസ പോലും ലഭിച്ചില്ലെന്ന് ദഹ് ലാന്‍ പറയുന്നു. ഫതഹിന് നല്‍കുന്ന പണം ഇസ്രായേലിനെതിരായ വടിയായി മാറുമെന്ന അമേരിക്കന്‍ ഭയമായിരുന്നു വാഗ്ദാന ലംഘനത്തിന് പിന്നില്‍. തുടര്‍ന്ന് റൈസുമായും ഡയ്റ്റനുമായും ജറുസലമിലെ കോണ്‍സുല്‍ ജനറലുമായും ദഹ് ലാന്‍ നിരവധി തവണ ബന്ധപ്പെട്ടു. തദ്ഫലമായി 2007ആദ്യ പാദത്തില്‍ തന്നെ 5.9കോടി ഡോളര്‍ സഹായം നല്‍കാന്‍ യു.എസ് കോണ്‍ഗ്രസ് അനുമതിയായി. ഹമാസിനെ നേരിടാന്‍ ദഹ് ലാനെ പോലുള്ളവര്‍ക്കേ കഴിയൂവെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് തീരുമാനത്തിന് പ്രേരകമെന്ന് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടുന്നു


ഫതഹിന്‍റെ കീഴിലുള്ള സൈന്യം എണ്ണത്തില്‍ ഹമാസിനെക്കാള്‍ വലുതായിരുന്നു. പതിനാല് യൂനിറ്റുകളായി എഴുപതിനായിരം പട്ടാളക്കാ‍രാണ് ഫതഹിനുള്ളത്. അതില്‍ പകുതിയും ഗസ്സയിലും. ഹമാസിന് ഗസ്സയില്‍ ആറായിരം സന്നദ്ധ ഭടന്‍മാരാണുള്ളത്. പാശ്ചാത്യ രാജ്യങ്ങളുടെ സഹായം നിലച്ചത് ഏറ്റവുമധികം ബാധിച്ചത് ഫതഹിനെയാണെന്നതാണ് ഏറ്റവും കൗതുകകരം. ഹമാസിനെ ഉപരോധം കാര്യമായി ബാധിച്ചില്ലെന്നും ഫതഹിനെയാണ് അതേറ്റവും തളര്‍ത്തിയതെന്നും ഫതഹ് സുരക്ഷാ സേനാ മേധാവിയായിരുന്ന യൂസുഫ് ഈസ സാക് ഷ്യപ്പെടുത്തുന്നു. 2007ല്‍ ഹമാസിന് ലഭിച്ച ഇറാനിയന്‍ സഹായം 12 കോടി ഡോളറാണത്രെ. മറ്റ് ചില രാജ്യങ്ങളും പ്രതിസന്ധി ഘട്ടത്തില്‍ ഹമാസിന്‍റെ സഹായത്തിനെത്തി. ചുരുക്കത്തില്‍ ഹമാസിനെ തകര്‍ക്കാനുള്ള യു.എസ്-ഫതഹ് പദ്ധതി പാളാന്‍ ഇത് മുഖ്യ കാരണമായെന്ന് പറയാം .


അതേസമയം, തങ്ങളുടെ കരുത്ത് ചോര്‍ന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്തേണ്ടത് ഫതഹിന്‍റെ ആവശ്യമായിത്തീര്‍ന്നു. തെറ്റാണെന്ന് അറിഞ്ഞിട്ടും ഹമാസിനെ നേരിടാന്‍ തങ്ങള്‍ ശക്തരാണെന്ന് തെളിയിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഫതഹ് ചെയ്തെന്ന് ദഹ് ലാന്‍ വാനിറ്റി ഫെയറിനോട് വെളിപ്പെടുത്തി. അതിന്‍റെ ഭാഗമാണ് തുടക്കത്തില്‍ വിവരിച്ച മര്‍ദന സംഭവങ്ങള്‍. അത്തരം അക്രമങ്ങള്‍ക്ക് താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പറയുന്ന ദഹ് ലാന്‍, തനിക്ക് ഇക്കാര്യത്തില്‍ ഏറെ പിഴവുകളും പാളിച്ചകളും പറ്റിയതായും അനുയായികളുടെ ചില നടപടികള്‍ പരിധി വിട്ടതായും സമ്മതിക്കുന്നു

2007ഫെബ്രുവരി ഒന്നിന് ഫതഹ് സൈന്യം ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ചു. അടുത്ത ദിവസം തന്നെ ഹമാസ് ശക്തമായി തിരിച്ചടിച്ചു. സംഘര്‍ഷം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് മുന്‍കൈയെടുത്ത് മക്കയില്‍ വെച്ച് ഫതഹ്-ഹമാസ് അനുരഞ്ജന കരാര്‍ ഒപ്പുവെച്ചു. എന്നാല്‍, ഇസ്മാഈല്‍ ഹനിയയെ പ്രധാനമന്ത്രിയായി അംഗീകരിക്കുന്ന മക്കാ കരാര്‍ തങ്ങളുടെ താല്‍പര്യങ്ങളെ ഹനിക്കുമെന്ന് തിരിച്ചറിഞ്ഞ അമേരിക്ക ഫതഹിന് മേല്‍ സമ്മര്‍ദം ചെലുത്തി. തുടര്‍ന്ന് ഹമാസിനെ അട്ടിമറിക്കാനുള്ള അന്തിമ പദ്ധതി വൈറ്റ് ഹൗസില്‍ ചുട്ടെടുത്തു. രഹസ്യ പദ്ധതിയുടെ ഒരു ഭാഗം 2007 ഏപ്രില്‍ മുപ്പതിന് ജോര്‍ദാനിലെ അല്‍മജ്ദ് പത്രത്തിന് ചോര്‍ന്നുകിട്ടി.പതിനയ്യായിരം ഫതഹ് ഭടന്‍മാര്‍ക്ക് ഈജിപ്തിലും ജോര്‍ദാനിലും പ്രത്യേക പരിശീലനം നല്‍കുമെന്ന് പറയുന്ന പദ്ധതി, ഈജിപ്തില്‍ നിന്നുള്ള ആയുധ ട്രക്ക് അതിര്‍ത്തി കടക്കാനനുവദിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെടുന്നതാണെന്ന് 2007 ജൂണ്‍ ഏഴിന് പ്രമുഖ ഇസ്രായേലി പത്രം ഹാരെറ്റ്സും പുറത്തുവിട്ടു. (അബ്ബാസിന്‍റെ കീഴിലെ സുരക്ഷാ സേനക്കുള്ള ആയുധശേഖരം ഫലസ്തീനിലെത്തിക്കാന്‍ അനുവാദം നല്‍കാന്‍ പ്രതിരോധ മന്ത്രി യഹൂദ് ബാറാക് തീരുമാനിച്ചതായി 2008 മര്‍ച്ച് 27ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി). ദഹ് ലാന്‍റെ നേതൃത്വത്തിലുള്ള ഫതഹ് ആക്രമണത്തിന് ജൂണില്‍ ഹമാസ് ശക്തമായ തിരിച്ചടി നല്‍കി. അവസാനം അമേരിക്കയും ഇസ്രായേലും ഭയപ്പെട്ടത് സംഭവിച്ചു - ഫതഹ് കേന്ദ്രങ്ങളും പോലിസ് സ്റ്റേഷനുകളും അധീനപ്പെടുത്തിയ ഹമാസ് ഈജിപ്തില്‍ നിന്നും മറ്റും ഫതഹിന് ലഭിച്ച ആയുധശേഖരം‍ പിടിച്ചെടുത്തു. ആയുധക്കമ്മി നേരിട്ട ഹമാസിന് അത് മികച്ച മുതല്‍ക്കൂട്ടായി. തങ്ങളുടെ ശക്തികേന്ദ്രമാണെങ്കിലും ഗസ്സ അധീനപ്പെടുത്താന്‍ ഹമാസ് ലക് ഷ്യമിട്ടിരുന്നില്ല. എന്നാല്‍ ഗസ്സ കൈപിടിയിലൊതുക്കാനുള്ള ഫതഹ് ശ്രമം ഹമാസിന് അവസരമൊരുക്കുകയായിരുന്നു. അങ്ങനെ അധികാരം നഷ്ടപ്പെട്ടെങ്കിലും രാഷ്ട്രീയമായും സൈനികമായും കൂടുതല്‍ പരിക്കേല്‍ക്കാതെ ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസ് അമേരിക്കന്‍-ഫതഹ് ഗൂഢപദ്ധതി അതിജീവിച്ചു.


ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം ഫതഹില്‍ വലിയൊരു വിഭാഗം ഹമാസിനെതിരായ ആക്രമണ നീക്കങ്ങളില്‍ പങ്കെടുത്തില്ലെന്നതാണ്. ഒന്നിലധികം ധാരകളടങ്ങിയ ഫതഹില്‍ പക്ഷേ, ദഹ് ലാന്‍ ഗ്രൂപ്പിനാണ് മേല്‍ക്കൈയെന്ന് ഫതഹിന്‍റെ പോരാട്ട സൈനിക വിംഗായ അല്‍അഖ്സാ ബ്രിഗേഡ് മേധാവികളിലൊരാളായ ഖാലിദ് ജുബൈരി പറയുന്നു. ജുബൈരിയെ പിന്തുണക്കുന്നവര്‍ ഹമാസിനെതിരായ നീക്കത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. `അമേരിക്കയുടെ സാമ്പത്തിക പിന്‍ബലമുള്ള ദഹ് ലാനും കൂട്ടരും അധിനിവേശ ശക്തിയുമായുള്ള സമാധാന ചര്‍ച്ചകളെ തത്വത്തിലും പ്രയോഗത്തിലും അംഗീകരിക്കുന്നവരും അതിന് വേണ്ടി വാദിക്കുന്നവരുമാണ്. പാര്‍ട്ടിയില്‍ ആധിപത്യമുറപ്പിക്കാനാണ് ദഹ് ലാന്‍റെ ശ്രമം. സ്വന്തം തീരുമാനം അടിച്ചേല്‍പിക്കുന്ന സ്വേച്ഛാധിപത്യ മനോഭാവമാണ് അദ്ദേഹത്തിന്. ഹമാസിനെ നേരിടാനുള്ള തീരുമാനം ഫതഹിന്‍റേതായിരുന്നില്ല, ദഹ് ലാന്‍റേതായിരുന്നു. അതിനാല്‍ അല്‍അഖ്സയുടെ ആയുധങ്ങളില്‍ ഹമാസ് പ്രവര്‍ത്തകരുടെ ചോര പുരണ്ടിട്ടില്ല`-ജുബൈരി ചൂണ്ടിക്കാട്ടുന്നു.

Sunday, April 13, 2008

ഭീകരബന്ധം ആരോപിക്കപ്പെട്ട 18 സലഫികള്‍ക്ക് തുനീഷ്യയില്‍ തടവ്

തുനീഷ്യ:ഭീകരബന്ധം ആരോപിക്കപ്പെട്ട പതിനെട്ട് ഇസ്ലാമിസ്റ്റ് സലഫികള്‍ക്ക് തുനീഷ്യന്‍ കോടതി തടവ് ശിക്ഷ വിധിച്ചു. ഒരു വര്‍ഷം മുതല്‍ എട്ട് വര്‍ഷം വരെയാണ് തടവ്. ശിക്ഷിക്കപ്പെട്ടവരില്‍ പ്രഭാഷകനായ ‍ഖതീബ് അല്‍ ഇദ് രീസിയാണ്(52) പ്രമുഖന്‍. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ അപ്പീല്‍ കോടതിയെ സമീപിക്കും. തന്‍റെ കട അനുമതിയില്ലാതെ യോഗങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് ഖതീബിനെതിരായ ആരോപണം. കടയില്‍ പലരും സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും അവരില്‍ 2006ലെ സര്‍ക്കാര്‍ വിരുദ്ധ കലാപത്തിലേര്‍പ്പെട്ടവരുണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.ജിഹാദിനെ കുറിച്ച് അഭിപ്രായം തേടി വന്ന യുവാക്കളോട് വ്യവസ്ഥാപിത ഭരണകൂടത്തിനെതിരെ സായുധ പോരാട്ടത്തിനിറങ്ങരുതെന്ന് ഉപദേശിച്ചതായി അദ്ദേഹം പറയുന്നു
കഴിഞ്ഞ വര്‍ഷം പതിനാല് പേര്‍ കൊല്ലപ്പെട്ട സര്‍ക്കാര്‍ - സലഫിസ്റ്റ് സംഘര്‍ഷത്തിന് ശേഷം ഇസ്ലാമിസ്റ്റുകള്‍ക്കും സലഫികള്‍ക്കും നേരെ ഭരണകൂടം നടപടികള്‍ പൂര്‍വാധികം ശക്തമാക്കിയിരുന്നു. 2003 മുതല്‍ ഭീകര ബന്ധം ആരോപിക്കപ്പെട്ട രണ്ടായിരത്തോളം പേര്‍ തുനീഷ്യന്‍ തടവറകളിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

Tuesday, April 8, 2008

ഈജിപ്ത്:മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പോളിംഗ് തുച്ഛം


കൈറോ: ഈജിപ്തില്‍ ഇന്ന് നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം വളരെ തുച്ഛമെന്ന് റിപ്പോര്‍ട്ടുകള്‍. മുസ്ലിം ബ്രദര്‍ഹുഡിന്‍റെ ബഹിഷ്കരണം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ നാഷനല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയം സുനിശ്ചിതമാണ്. പാര്‍ട്ടിയുടെ 52,000 സ്ഥാനാര്‍ഥികളാണ് `ജനവിധി`തേടിയത്. ബ്രദര്‍ഹുഡിന് ഇരുപത് സീറ്റുകളില്‍ മാത്രമാണ് മത്സരിക്കാന്‍ അനുമതി ലഭിച്ചത്. കോടതി വിധികള്‍ക്ക് വിരുദ്ധമായ ഭരണകൂടത്തിന്‍റെ ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇഖ് വാന്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്



കര്‍ശന സുര‍ക്ഷാ ക്രമീകരണങ്ങള്‍ക്ക് കീഴില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ബൂത്തുകളില്‍ സമ്മതിദായകരുടെ നിര രൂപപ്പെട്ടില്ല. ചില പ്രദേശങ്ങളില്‍ പോളിംഗ് ശതമാനം രണ്ട് ശതമാനം വരെയായിരുന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബ്രദര്‍ഹുഡിന്‍റെ ഉരുക്കുകോട്ടകളില്‍ ഈജിപ്ഷ്യന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് ഉരുക്കുകോട്ട തീര്‍ത്ത തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു



അതേസമയം, തിങ്കളാഴ്ച മഹല്ലാ അല്‍കുബ്റയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനഞ്ചുകാരന്‍ മരിച്ചു



അതിനിടെ വിലകയറ്റത്തില്‍ പ്രതിഷേധിച്ച് മഹല്ലായില്‍ നടന്ന പൊതു പണിമുടക്ക് പകര്‍ത്താന്‍ ശ്രമിച്ച അല്‍ജസീറ ചാനല്‍ കാമറാമാനെയും സഹായിയെയും സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.

Monday, April 7, 2008

ഈജിപ്തില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് നാളെ;മുസ്ലിം ബ്രദര്‍ഹുഡ് ബഹിഷ്കരിക്കും

കൈറോ: നാളെ (ഏപ്രില്‍ 8) നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ഈജിപ്തിലെ ഇസ്ലാമിക കക്ഷിയായ മുസ്ലിം ബ്രദര്‍ ഹുഡ്(അല്‍‍ ഇഖ് വാനുല്‍ മുസ്ലിമൂന്‍) തീരുമാനിച്ചു. ജുഡീഷ്യറിയുടെ ഉത്തരവുകള്‍ നടപ്പാക്കാത്ത ഭരണകൂട നിലപാടില്‍ പ്രതിഷേധിച്ചാണിതെന്ന് ബ്രദര്‍ഹുഡ് ഉപകാര്യദര്‍ശി മുഹമ്മദ് ഹബീബ് പറഞ്ഞു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ സംഘടന ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇഖ് വാന്‍റെ ബഹിഷ്കരണാഹ്വാനമടങ്ങുന്ന പരസ്യം പ്രമുഖ ദിനപത്രമായ `അദ്ദസ്തൂര്‍` ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു.
സംഘടനയുടെ അയ്യായിരത്തോളം നാമനിര്‍ദേശ പത്രികകളില്‍ 498 എണ്ണം അധികൃതര്‍ അംഗീകരിച്ചിരുന്നെങ്കിലും അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അവരില്‍ ഇരുപത് പേര്‍ മാത്രമാണ് ഇടം കണ്ടത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെങ്കിലും ഇവരുടെ സ്ഥാനാര്‍ത്ഥിത്വം സംഘടന പിന്‍വലിച്ചിട്ടില്ല. 2005ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സംഘടനക്കുണ്ടായ നേട്ടം ആവര്‍ത്തിക്കപ്പെടുമെന്ന ഭയമാണ് ഭരണകൂടത്തിന്‍റെ തീരുമാനത്തിന് പിന്നിലെന്ന് മുഹമ്മദ് ഹബീബ് ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട് 3500ഓളം കോടതി വിധികളുണ്ടായതായി ബ്രദര്‍ഹുഡ് നേതാവ് അബ്ദുല്‍ മുന്‍ഇം അബുല്‍ ഫതൂഹ് വെളിപ്പെടുത്തി. എന്നാല്‍ പ്രസ്തുത വിധികള്‍ കാറ്റില്‍ പറത്തുന്നതായി ഭരണകൂട നടപടി.
ജനാധിപത്യത്തിന്‍റെ പേരില്‍ ഹാസ്യനാടകമാണ് അരങ്ങേറുന്നതെന്ന് ഇഖ് വാന്‍ മുഖ്യ കാര്യദര്‍ശി
മുഹമ്മദ് മഹ്ദി ആകിഫ് അഭിപ്രായപ്പെട്ടു. നിയമപരമായ അടിത്തറയില്ലാത്തതാണ് ഈ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഭരണം തറവാട്ട് സ്വത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബ്രദര്‍ഹുഡിന്‍റെ ജനപിന്തുണ അതിന് വിഘാതമാണെന്ന് ഹുസ്നി മുബാറകിന് നന്നായറിയാം. നടക്കാന്‍ പോകുന്നത് ഭരണകക്ഷിയും ഭരണകക്ഷിയും തമ്മിലുള്ള `മത്സര`മാണെന്നും തെരഞ്ഞെടുപ്പല്ലെന്നും അദ്ദേഹം പരിഹസിച്ചു.
2005ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ച ബ്രദര്‍ഹുഡ് സ്ഥാനാര്‍ത്ഥികള്‍ ഇരുപത് ശതമാനം സീറ്റ് നേടിയിരുന്നു. ഇതില്‍ ഭീതി പൂണ്ട ഭരണകൂടം പ്രാദേശിക തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയായിരുന്നു. പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ട്രേഡ് യൂനിയനുകളിലും വന്‍ സ്വാധീനവും ശക്തിയുമുള്ള ബ്രദര്‍ഹുഡിനെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കാനനുവദിക്കുന്നത് ഭരണകൂടം ഭീതിയോടെയാണ് കാണുന്നത്. ഇതാണ് സംഘടനയുടെ സ്ഥാനാര്‍ത്ഥികളെ പട്ടികയിലുള്‍പ്പെടുത്താതിരിക്കാന്‍ കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അവലംബം: അല്‍ജസീറ & അല്‍ അറബിയ്യ