Wednesday, February 11, 2009

ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം കാദിമക്ക് അനുകൂലമെന്ന്

സിപി ലിവ്നി വോട്ട് രേഖപ്പെടുത്തുന്നു
ജറൂസലം: ഇസ്രായേല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം പ്രവചനങ്ങള്‍ കാറ്റില്‍ പറത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ വ്യത്യാസത്തിലാണെങ്കിലും വിദേശകാര്യമന്ത്രി സിപി ലിവ്നി നയിക്കുന്ന കാദിമ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് വോട്ടര്‍മാര്‍ക്കിടയില്‍ വോട്ടര്‍മാരുടെ അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തി ഇസ്രായേലി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലിക്കുഡ് പാര്‍ട്ടിയെക്കാള്‍ കാദിമ രണ്ട് സീറ്റ് മുന്നിട്ടുനില്‍ക്കുമ്പോള്‍ ഇസ്രായേല്‍ ബയ്തെയ്നു മൂന്നാമതെത്തുമെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. ലേബര്‍ പാര്‍ട്ടിയാണ് നാലാം സ്ഥാനത്ത്.

22 ദിവസം നീണ്ട ഗസ്സ ആക്രമണത്തിന് ഉടന്‍ നടന്ന തെരഞ്ഞെടുപ്പായതിനാല്‍ മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ ജനപങ്കാളിത്തം കൂടുതലായിരുന്നു. 67% പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന മൂന്ന് മണിക്കൂറില്‍ വന്‍ പോളിംഗാണുണ്ടായത്. 120 സീറ്റുകളാണ് നെസറ്റിലുള്ളത്. കാദിമ പാര്‍ട്ടി മുപ്പതും മുന്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹുവിന്‍റെ ലിക്കുഡ് പാര്‍ട്ടി ഇരുപത്തെട്ടും സീറ്റ് നേടുമെന്നാണ് റിപ്പോര്‍ട്ട്. അവിഗ്ദോര്‍ ലിബര്‍മാന്‍റെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ഇസ്രായേല്‍ ബയ്തെയ്നു 14-15 സീറ്റും ലേബര്‍ പാര്‍ട്ടി പതിമൂന്ന് സീറ്റും ഷാസ് പാര്‍ട്ടി ഒമ്പത് സീറ്റും നേടുമെന്നാണ് കണക്കുകൂട്ടല്‍. അറബ് പാര്‍ട്ടികള്‍ പത്ത് സീറ്റ് സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. അമ്പത് ലക്ഷത്തിലധികം സമ്മതിദായകരും മുപ്പത്തിമൂന്ന് പാര്‍ട്ടികളുമാണ് പതിനെട്ടാമത് നെസറ്റ് തെരഞ്ഞെടുപ്പില്‍ ഭാഗഭാക്കായത്.

No comments: