Monday, August 25, 2008

ഉപരോധം ലംഘിച്ചെത്തിയ ബോട്ടുകള്‍ക്ക് ഗസ്സയില്‍ ഊഷ്മള വരവേല്പ്


ഗസ്സ: ഗസ്സ ചീന്തിന് മേലുള്ള ഇസ്രായേലി ഉപരോധം ലംഘിച്ചെത്തിയ രണ്ട് ബോട്ടുകള്‍ക്ക് ഗസ്സ വാസികള്‍ ഊഷ്മള സ്വീകരണം നല്‍കി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ നിലനില്‍ക്കുന്ന ഉപരോധം മറികടന്ന് പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ള 44 പേരുമായാണ് `ലിബര്‍ട്ടി`യും `സ്വതന്ത്ര ഗസ്സ`യും ഗസ്സ തീരത്തണഞ്ഞത്.സൈപ്രസ് ദ്വീപില്‍ നിന്നെത്തിയ ബോട്ടുകളില്‍ അധികവും അമേരിക്കന്‍- ബ്രിട്ടീഷ് സമാധാന പ്രവര്‍ത്തകരാണ്. നിയമജ്ഞരും ഭിഷഗ്വരന്‍മാരും മാധ്യമ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും സംഘത്തിലുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറുടെ ഭാര്യാ സഹോദരി ലോറന്‍ ബോത് ആണ് ഇവരില്‍ പ്രമുഖ.
ഖേഫ് ഹെല്‍വര്‍
ഒരു ഇസ്രായേല്‍ പൗരനും സംഘത്തിലുണ്ട്. സമാധാന പ്രവര്‍ത്തകനായ പ്രൊഫസര്‍ ഖേഫ് ഹെല്‍വര്‍‍ ആണ് ഗസ്സയിലെത്തിയ ഏക ഇസ്രായേലി. ഉപരോധ ലംഘന യാത്രയില്‍ ഇസ്രായേലി സമാധാന പ്രവര്‍ത്തകരുടെ അഭാവത്തെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ഗസ്സക്കാര്‍ തനിച്ചല്ലെന്ന സന്ദേശമുയര്‍ത്തിയുള്ള യാത്ര കേവല പ്രതീകാത്മകമല്ല. ഗസ്സയും പുറം ലോകവും തമ്മില്‍ ബന്ധം പുന:സ്ഥാപിക്കാന്‍ ഇത് വഴിയൊരുക്കാനാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതിന് അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കണം. ഉപരോധത്തോടുള്ള അറബ് ലീഗിന്‍റെ നിസ്സംഗ നിലപാട് തിരുത്തണം. ഗസ്സയിലെത്തിയ തങ്ങളോടുള്ള ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ സമീപനം ഗൗരവപൂര്‍വമല്ലാത്തത് നിരാശപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.

ഇസ്രായേലില്‍ തിരിച്ചെത്തിയാല്‍ ഹെല്‍വറിനെതിരെ നടപടിയുണ്ടാവുമെന്നുറപ്പാണ്. എന്നാല്‍ താന്‍ അത് ഗൗനിക്കുന്നില്ലെന്നും ന്യായവും സത്യവുമാണ് തനിക്ക് വിലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അവലംബം: അല്‍ജസീറ

Saturday, August 16, 2008

ഇസ്രായേല്‍ പൗരന്‍മാരുടെ ഒഴിഞ്ഞുപോക്ക് തുടരുന്നു

ജെറൂസലം: അധിനിവേശ രാഷ്ട്രമായ ഇസ്രായേലില്‍ നിന്ന് പൗര‍ന്‍മാരുടെ ഒഴിഞ്ഞുപോക്ക് വര്‍ഷം തോറും വര്‍ധിക്കുന്നു. 2006ല്‍ 22400 ഇസ്രായേലികള്‍ നാട് വിട്ടതായി ഇസ്രായേല്‍ സെന്‍ട്രല്‍ സെന്‍സസ് ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2005ല്‍ 21500 പേരാണ് ഇസ്രായേലില്‍ നിന്ന് കുടിയൊഴിഞ്ഞു പോയത്. ഇസ്രായേലിലേക്ക് തിരികെയെത്തുന്നവരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പുറത്തുപോകുന്നവരില്‍ നല്ലൊരു പങ്കും ഇവിടെ പിറന്നവരല്ല. ഇവരില്‍ മൂന്നിലൊന്നും മുമ്പ് സോവിയറ്റ് റഷ്യയില്‍ നിന്ന് കുടിയേറിയവരാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷത്തെ സെന്‍‍സസ് പ്രകാരം 73 ലക്ഷമാണ് സയണിസ്റ്റ് രാഷ്ട്രത്തിലെ ജനസംഖ്യ.
അവലംബം: എഫ്.പി

Tuesday, August 5, 2008

ദേശദ്രോഹ പ്രവര്‍ത്തനത്തിന് ബഹായികള്‍ക്കെതിരെ ഇറാനില്‍ കേസ്

ഇസ്രായേലുമായി സഹകരിച്ച് ദേശദ്രോഹ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്നാരോപിക്കപ്പെട്ട ഏഴ് ബഹായികള്‍ക്കെതിരെ ഇറാനില്‍ വിചാരണ ആരംഭിച്ചു. നിയമവിരുദ്ധമായി സംഘടന രൂപവത്കരിച്ച് ഇസ്രായേല്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചുവെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി ഇറാനിയന്‍ പത്രം `രിസാലാത്` റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സ്ത്രീകളുള്‍പ്പെട്ട സംഘത്തെ മാര്‍ച്ചിലും മേയിലുമായാണ് സുരക്ഷാ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.


1979-ലെ ഇറാന്‍ വിപ്ലവാനന്തരം നൂറുകണക്കിന് ബഹായി വിശ്വാസികള്‍ അറസ്റ്റ് ചെയ്യപ്പെടുകയും വധിക്കപ്പെടുകയും ചെയ്തെന്ന് ആഗോള ബഹായി നേതൃത്വം ആരോപിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ഇത് പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്.

Sunday, August 3, 2008

ഇസ്രായേലില്‍ നിന്ന് തിരിച്ചെത്തിയ ഫതഹ് പ്രവര്‍ത്തകര്‍ ഹമാസ് കസ്റ്റഡിയില്‍

ഗസ്സ: ഇസ്രായേലിലേക്ക് ഓടിപ്പോയവരില്‍ തിരിച്ചെത്തിയ മുപ്പതോളം ഫതഹ് പ്രവര്‍ത്തകരെ ഹമാസ് അധീനതയിലുള്ള സുരക്ഷാ സൈന്യം കസ്റ്റഡിയിലെടുത്തു. ഇസ്രായേല്‍ അഭയം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഗസ്സയില്‍ തിരിച്ചെത്തിയത്. അതേസമയം, ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ അഭ്യര്‍ഥന പ്രകാരമാണ് അവരെ തിരിച്ചയച്ചതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യഹൂദ് ബറാക് വ്യക്തമാക്കി. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കിയത് ഭീകരതയെ എതിര്‍ക്കുകയും സമാധാന ശ്രമങ്ങളെ പിന്തുണക്കുകയും ചെയ്യുന്നവര്‍ക്കുള്ള സഹായമാണെന്ന് ഇസ്രായേല്‍ വക്താവ് ചൂണ്ടിക്കാട്ടി.


ഒമ്പത് പേരുടെ മരണത്തിലും 95 പേര്‍ പരിക്കേല്‍ക്കുന്നതിലും കലാശിച്ച ഗസ്സയിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്നാണ് 180 ഫതഹ് പ്രവര്‍ത്തകര്‍ ഇസ്രായേലില്‍ അഭയം തേടിയത്. പരിക്കേറ്റവരെ ചികിത്സിക്കാന്‍ തയാറായ ഇസ്രായേല്‍ മറ്റുള്ളവരെ തിരിച്ചയക്കുകയാണുണ്ടായത്. ഇനിയും തിരിച്ചെത്താത്തവരുടെ മടക്കകാര്യം ഇസ്രായേല്‍ അധികൃതരുമായി കൂടിയാലോചിക്കുന്നതായി ഫതഹ് നേതാവ് ഹുസൈന്‍ ശൈഖ് വെളിപ്പെടുത്തി. അതേസമയം, ക്രമസമാധാനപ്രശ്നമുണ്ടാക്കിയവര്‍ക്കെതിരെ മാത്രമേ നിയമനടപടിയെടുക്കൂവെന്ന് ഹമാസ് വക്താവ് സാമി അബൂസുഹ് രി പറഞ്ഞു. കസ്റ്റഡിയിലെടുത്തിരുന്നവരെ ഹമാസും ഫതഹും പരസ്പരം കൈമാറിയിരുന്നു.

സുഡാന്‍- ഛാഡ് ഒത്തുതീര്‍പ്പിന് ലിബിയന്‍ ശ്രമം


ഖാര്‍ത്തൂം: നയതന്ത്ര ബന്ധം പഴയനിലയിലാക്കാനും പരസ്പര വിദ്വേഷ പ്രചാരണം അവസാനിപ്പിക്കാനും അയല്‍രാജ്യങ്ങളായ സുഡാനും ഛാഡും ധാരണയായി. ഇരു പ്രസിഡന്‍റുമാരും ലിബിയന്‍ പ്രസിഡന്‍റ് മുഅമ്മര്‍ ഖദ്ദാഫിയും ചേര്‍ന്ന ത്രികക്ഷി ഉച്ചകോടി സംബന്ധിച്ചും ധാരണയായതായി സുഡാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (സുനാ) റിപ്പോര്‍ട്ട് ചെയ്തു. ഖദ്ദാഫിയുടെ പ്രത്യേക ദൂതന്‍ അബ്ദുസ്സലാം അല്‍തുറൈകി സുഡാന്‍ പ്രസിഡന്‍റ് ഉമറുല്‍ ബശീറുമായും ഛാഡ് പ്രസിഡന്‍റ് ഇദ് രീസ് ദിബെയുമായും നടത്തിയ കൂടിക്കാഴ്ചകളെ തുടര്‍ന്നാണ് ഈ പുരോഗതിയുണ്ടായത്. ലിബിയ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇരു നേതാക്കളും അംഗീകരിച്ചതായി തുറൈകി വെളിപ്പെടുത്തി. ഇരു രാജ്യങ്ങളിലെയും ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കും ലിബിയ മുന്‍കൈയെടുക്കും. ലിബിയന്‍ പ്രതിനിധിയുടെ പ്രസ്താവന ഇരു രാജ്യങ്ങളും ഔദ്യോഗികകമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Saturday, August 2, 2008

പത്ത് സോമാലിയന്‍ മന്ത്രിമാര്‍ രാജിവെച്ചു

സോമാലിയന്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും
മൊഗദീശു: പതിനഞ്ചംഗ സോമാലിയന്‍ മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാര്‍ രാജിവെച്ചു. പ്രസിഡന്‍റ് അബ്ദുല്ല യൂസുഫിനെ അനുകൂലിക്കുന്ന പത്ത് മന്ത്രിമാരാണ് രാജി നല്‍കിയത്. രാജി പ്രസിഡന്‍റ് സ്വീകരിച്ചതോടെ പ്രധാനമന്ത്രി നൂര്‍ ഹസന്‍ ഹുസൈന്‍ പ്രധാനമന്ത്രിയായ ഇടക്കാല സര്‍ക്കാര്‍ രാജിവെക്കാന്‍ നിര്‍ബന്ധിതമായി. പ്രധാനമന്ത്രിയുടെ കീഴില്‍ തുടരാനാവില്ലെന്ന് സ്ഥാനമൊഴിഞ്ഞ മന്ത്രിമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പൊതുസ്വത്ത് ദുര്‍വിനിയോഗം ചെയ്ത പ്രധാനമന്ത്രി ദേശസുരക്ഷ കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതായി മന്ത്രിമാര്‍ ആരോപിച്ചു. പ്രസിഡന്‍റും പ്രധാനമന്ത്രിയും തമ്മിലുള്ള വടംവലി ഇതോടെ രൂക്ഷമായി.
1991 മുതല്‍ രൂക്ഷമായ ആഭ്യന്തര യുദ്ധങ്ങളുടെ പിടിയിലാണ് ആഫ്രിക്കന്‍ കൊമ്പിലെ ഈ രാജ്യം. ഇക്കാലയളവില്‍ പരീക്ഷിക്കപ്പെട്ട പതിനാലാം മന്ത്രിസഭയാണിപ്പോള്‍ നിലംപതിക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷാരംഭം മുതല്‍ രക്തരൂക്ഷിതമായ സംഘര്‍ഷത്തില്‍ എണ്ണായിരം സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും അഞ്ച് ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്.