നൂറ അല്‍ഫായിസ്
റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത മന്ത്രിയായി നിയമിക്കപ്പെട്ട നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. മികച്ച മാറ്റത്തിന്‍റെ തുടക്കമാണിതെന്ന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യ സഹമന്ത്രിയായി നിയമിതയായ നൂറ ബിന്‍ത് അല്‍അബ്ദുല്ല അല്‍ഫായിസ് അഭിപ്രായപ്പെട്ടു. ഉത്തരവാദിത്തത്തെക്കുറിച്ച് ബോധമുണ്ട്. പ്രതിസന്ധികളും വെല്ലുവിളികളും കടുത്തതാണെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. സാമൂഹിക പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ കഠിന ശ്രമം വേണ്ടിവരുമെന്ന് നൂറ തിരിച്ചറിയുന്നു. സൗദി സമൂഹത്തില്‍ സ്ത്രീശാക്തീകരണത്തിന് കരുത്തേകാന്‍ തന്‍റെ നിയമനം വഴിയൊരുക്കുമെന്ന് പ്രതീക്ഷയുണ്ട്.
52കാരിയായ നൂറ അല്‍ഫായിസ് 1978ല്‍ കിംഗ് സഊദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദവും `82ല്‍ അമേരിക്കയിലെ ഉതാഹ് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ശേഷം `89ല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൈവറ്റ് എജുക്കേഷനില്‍ എജുക്കേഷനല്‍ ടെക്നോളജി സെന്‍റര്‍ മേധാവിയായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. 1993ല്‍ റിയാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വനിതാ വിഭാഗം ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു. ഇതിനിടെ തന്‍റെ പഠിച്ചുവളര്‍ന്ന കിംഗ് സഊദ് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി സേവനമനുഷ്ഠിച്ചു. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സമിതികളില്‍ അംഗമായിരിക്കെയാണ് മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി നൂറയെ സഹമന്ത്രിയായി നിയമിച്ചുകൊണ്ട് അബ്ദുല്ല രാജാവ് വിജ്ഞാപനമിറക്കിയത്.
രാജ്യത്തെ വനിതാ വിദ്യാഭ്യാസ പുരോഗതിക്ക് ആക്കം കൂട്ടാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അബ്ദുല്ല രാജാവിന്‍റെ പരിഷ്കരണ പ്രക്രിയയുടെ തുടര്‍ച്ചയായി ഇതിനെ ഒരു വിഭാഗം വിലയിരുത്തുമ്പോള്‍, ഏറെ വൈകിവന്ന പരിഷ്കരണമാണിതെന്ന് സൗദി സെക്യുലരിസ്റ്റുകള്‍ വിമര്‍ശിക്കുന്നു. ഏതായാലും സൗദി ഭരണ രംഗത്ത് വഴിത്തിരിവാകുന്നതാണ് വനിതാ സഹമന്ത്രിയുടെ വരവ്. ഭാവിയില്‍ മന്ത്രിയെ തന്നെ നിയമിക്കുന്നതിന്‍റെ ആദ്യ പടിയാണിതെന്ന് നൂറ അല്‍ഫായിസ് തന്നെ പറയുന്നു. സുന്ദരമായ ഭാവി സമീപസ്ഥമാണെന്ന സന്ദേശമാണ് തനിക്ക് നല്‍കാനുള്ളതെന്ന് അവര്‍ പറയുമ്പോള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സൗദിയിലെ സ്ത്രീ സമൂഹവും പരിഷ്കരണവാദികളും.
No comments:
Post a Comment