Monday, February 16, 2009

ഇസ്രായേല്‍: ലികുഡുമായി സഖ്യമില്ലെന്ന് കാദിമ

ജറൂസലം: ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ലികുഡ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത കാദിമ പാര്‍ട്ടി അധ്യക്ഷയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുമായ സിപി ലിവ്നി തള്ളി. ലികുഡ് പാര്‍ട്ടിയുള്ള ഒരു സര്‍ക്കാരിന്‍റെയും ഭാഗമാകാന്‍ തയാറല്ലെന്ന് ലിവ്നി രാജിവെച്ച പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ടിന് നല്‍കിയ മെമ്മോയില്‍ വ്യക്തമാക്കി. ഇതോടെ തെല്‍അവീവില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരണം കൂടുതല്‍ ശ്രമകരമായി.
ഒരാഴ്ച മുമ്പ് നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കാദിമ 28ഉം ലികുഡ് 27ഉം സീറ്റുകളാണ് നേടിയത്. 120 സീറ്റുകളാണ് നെസറ്റിലുള്ളത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 61 എം.പിമാരുടെ പിന്തുണ വേണം. ഏതെങ്കിലും ഒരു കക്ഷിയെ ഒരാഴ്ചക്കകം പ്രസിഡന്‍റ് ഷിമോണ്‍ പെരസ് ക്ഷണിക്കുമെന്നാണ് പ്രതീക്ഷ. പതിനാല് ദിവസത്തിനകം സര്‍ക്കാര്‍ രൂപത്കരിക്കാനായില്ലെങ്കില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പതിനാല് ദിവസം കൂടി സാവകാശം നല്‍കും. അതിന് ശേഷവും ശ്രമം വിജയിച്ചില്ലെങ്കില്‍ മറ്റൊരു കക്ഷിയെ പ്രസിഡന്‍റിന് ക്ഷണിക്കാം. അവര്‍ക്കും മേല്‍കാലയളവനുവദിക്കും. അവരും പരാജയപ്പെട്ടാല്‍ മൂന്നാമതൊരു കക്ഷിയെ ക്ഷണിക്കും. അവരും പരാജയപ്പെട്ടാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് ഇസ്രായേലിലെ നിയമം.

No comments: