Monday, March 31, 2008

പലസ്തീനില്‍ കുടിയേറ്റകേന്ദ്രങ്ങള്‍ വര്‍ദ്ധിക്കുന്നു

ജെറൂസലം: ഇസ്രായേല്‍-പലസ്തീന്‍ സമാധാന പദ്ധതി പരിപോഷിപ്പിക്കുന്നതിനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് മേഖലയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കെ ഇസ്രയേല്‍ കുടിയേറ്റത്തെക്കുറിച്ച സുപ്രധാന റിപ്പോര്‍ട്ട് പുറത്തു വന്നു. ഇസ്രായേല്‍ സംഘടനയായ "പീസ് നൗ" ആണ്‌ അന്നാപൊളിസ് സംഭാഷണങ്ങള്‍ക്കു ശേഷം കുടിയേറ്റ കേന്ദ്രങ്ങള്‍ ഭീഷണമായ തോതില്‍ വര്‍‍ദ്ധിച്ചു വരുന്നതിനെക്കുറിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

റോഡ്മാപ്പ് പദ്ധതിയനുസരിച്ച് 2001 മാര്‍ച്ചിനു ശേഷം നിര്‍മിക്കപ്പെട്ട മുഴുവന്‍ കുടിയേറ്റകേന്ദ്രങ്ങളില്‍ നിന്നും പിന്‍മാറുമെന്ന് ഇസ്രായേല്‍ ഗവണ്‍മെന്‍റ്‌ ഉറപ്പ് നല്‍കിയിരുന്നു. അന്നാപോളിസ് ഉച്ചകോടിയിലാകട്ടെ ഇത് ആവര്‍ത്തിക്കുകയുമുണ്ടായി.

അതിനിടെയാണ്‌ 101 കുടിയേറ്റ കേന്ദ്രങ്ങളിലായി 500 കെട്ടിടങ്ങളെങ്കിലും പുതുതായി നിര്‍മിച്ചു കൊണ്ടിരിക്കുന്നതായി വിശദമായ ചിത്രങ്ങളുടേയും ഭൂപടങ്ങളുടേയും സഹായത്തോടെ പീസ് നൗ വെളിപ്പെടുത്തുന്നത്. ഓരോ കെട്ടിടവും ദശക്കണക്കിന്‌ പാര്‍പ്പിടയൂനികളുള്‍ക്കൊള്ളുന്നതാണ്‌.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രതിരോധ മന്ത്രി യെഹൂദ് ബറാക് കുടിയേറ്റ കേന്ദ്രങ്ങള്‍ക്കുള്ളിലായി 960 പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതികളില്‍ ഒപ്പു വെച്ചതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ചില കേന്ദ്രങ്ങളെങ്കിലും പട്ടണമായി വികസിപ്പിക്കാനുള്ള പദ്ധതികളില്‍ ആഭ്യന്തര മന്ത്രി മുഈര്‍ ഷത്രീത് ഒപ്പു വെച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

അതേ സമയം നഗരം പൂര്‍ണ്ണമായും ജൂതവല്‍ക്കരിക്കുക എന്ന ലക്‌ഷ്യത്തോടെ അധിനിവിഷ്ട ഖുദ്സ് (ജെറൂസലേം) ഇതു വരേ സാക്‌ഷ്യം വഹിച്ചിട്ടില്ലാത്ത കുടിയേറ്റ വികസനപ്രവര്‍ത്തനങ്ങളാണ്‌ നടന്നു കൊണ്ടിരിക്കുന്നതെന്ന് പീസ് നൗ തറപ്പിച്ചുപറയുന്നു.

റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ നവംബറിലെ അന്നാപോലിസ് ഉച്ചകോടിക്കു ശേഷം കിഴക്കന്‍ ജെറൂസലമില്‍ മാത്രമായി 750 പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ഇസ്രായേല്‍ ഭരണകൂടം നല്‍കിക്കഴിഞ്ഞു. അതേ സമയം 2007-ല്‍ ഇത് വെറും 46 പാര്‍പ്പിട യൂനിറ്റുകളായിരുന്നു! കൂടാതെ 3600 പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്ലാനുകളില്‍ ആസൂത്രണ സമിതി ഒപ്പു വെച്ചതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

അതിനിടെ പടിഞ്ഞാറേ കരയിലെ ജൂത കുടിയേറ്റ കേന്ദ്രത്തില്‍ 600 പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതി തയ്യാറാക്കിയതായി ജെറുസലം നഗരസഭാ കൌണ്‍സില്‍ അറിയിച്ചു.

മേഖലയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന കോണ്ടലീസ റൈസ് 2008 അവസാനത്തോടെ ശാശ്വതമായ സമാധാനത്തിലെത്തിച്ചേരാനാവുമെന്ന് 'പ്രത്യാശ' പ്രകടിപ്പിച്ച സന്ദര്‍ഭത്തിലാണ്‌ അമേരിക്കയുടെ തന്നെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളേയും കരാറുകളേയും നോക്കു കുത്തിയാക്കിക്കൊണ്ട് ഇസ്രായേലിന്‍റെ നഗ്നമായ കരാര്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
അവലം‌ബം: അല്‍ജസീറ

ഇറാഖില്‍ അമ്പത് ലക്ഷം അനാഥര്‍,ദശലക്ഷം വിധവകള്‍ ‍

ബഗ്ദാദ്:സദ്ദാം ഹുസൈന്‍റെ ഭീകരായുധ ശേഖരം തേടി പുറപ്പെട്ട അമേരിക്കയുടെ ഇറാഖ് അധിനിവേശം അഞ്ചാണ്ട് പിന്നിട്ടതിന്‍റെ ബാക്കിപത്രം അമ്പത് ലക്ഷം അനാഥ ബാല്യങ്ങളും പത്ത് ലക്ഷം വിധവകളും! ഇത് ഏതെങ്കിലും മനുഷ്യാവകാശ സംഘടനയുടെയോ അധിനിവേശ വിരുദ്ധരുടെയോ ആരോപണമല്ല.2008 മാര്‍ച്ചില്‍ ഇറാഖ് പ്ലാനിംഗ് ആന്‍റ് ഡവലപ്മെന്‍റ് മന്ത്രാലയം പുറത്തുവിട്ട കണക്കാണിത്.അമ്പത് ലക്ഷത്തോളം കുട്ടികള്‍ അനാഥകളായി മാറിയപ്പോള്‍ അഞ്ച് ലക്ഷത്തോളം കുട്ടികള്‍ തെരുവില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ടവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.സര്‍ക്കാരിന്‍റെ അനാഥാലയങ്ങളില്‍ ആകെയുള്ളത് 459 കുട്ടികളാണത്രെ.നൂറുകണക്കിന് കുട്ടികള്‍ ജയിലുകളില്‍ കഴിയുന്നുണ്ട്.സര്‍ക്കാര്‍ ജയിലില്‍ എഴുന്നൂറും അധിനിവേശ തടവറകളില്‍ നൂറും കുട്ടികളാണുള്ളത്.അധിനിവേശം അര പതിറ്റാണ്ട് കടക്കുമ്പോള്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണവും യുദ്ധ ചെലവും തിട്ടപ്പെടുത്താനാണ് ഏതാണ്ടെല്ലാ മാധ്യമങ്ങളും ശ്രദ്ധിച്ചത്.മരണ കണക്കുകള്‍ക്കിടയില്‍ മരിച്ച് ജീവിക്കുന്നവരുടെ കാര്യം ഓര്‍മിപ്പിക്കാന്‍ ചുരുക്കം മാധ്യമങ്ങള്‍ മാത്രമാണ് തയാറായത്.

തുര്‍ക്കി കോടതി എ.കെ.പാര്‍ട്ടിയെ വിചാരണ ചെയ്യും



അങ്കാറ:ഭരണകക്ഷിയായ എ.കെ.പാര്‍‌ട്ടിയെ നിരോധിക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ അപ്പീല്‍ തുര്‍ക്കി ഭരണഘടനാ കോടതി ഫയലില്‍ സ്വീകരിച്ചു.എ.കെ. പാര്‍ട്ടി നേതാവും തുര്‍‌ക്കി പ്രസിഡന്‍റുമായ അബ്ദുല്ലാ ഗുലിനേയും പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍‍‌ദുഗാനേയും അഞ്ചു വര്‍‍‌ഷത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിലക്കണമെന്നാവശ്യപ്പെടുന്നതാണ് ഹരജി.മതേതരത്വത്തിനു വിരുദ്ധമായ പ്രവര്‍‌ത്തനങ്ങളിലേര്‍‌പ്പെട്ടെന്നാരോപിച്ചാണ് എ.കെ.പാര്‍‌ട്ടിക്കെതിരെ (ജസ്റ്റിസ് ആന്‍റ് ഡെവലപ്മെന്‍റ് പാര്‍‌ട്ടി)പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.പാര്‍ട്ടിയിലെ 71 പ്രമുഖ നേതാക്കളെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വിലക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു.

ജനസംഖ്യയില്‍ 99% മുസ്ലിംകളായ തുര്‍ക്കിയിലെ യൂനിവേഴ്സിറ്റികളില്‍ വിദ്യാര്‍ത്ഥിനികളുടെ ശിരോവസ്ത്ര നിരോധം പാര്‍‍ലമെന്‍റ് റദ്ദാക്കിയതാണ് ഭരണകക്ഷിക്കെതിരായ പുതിയ നീക്കങ്ങളിലേക്കെത്തിച്ചത്. തീവ്ര മതേതരത്വം നിലനില്‍ക്കുന്ന കമാലിസ്റ്റ് തുര്‍ക്കിയില്‍ പൊതു സ്ഥലങ്ങളില്‍ ശിരോവസ്ത്രമണിയുന്നതിന് നിരോധമുണ്ടായിരുന്നു. അതേ സമയം ഭരണകക്ഷിക്കെതിരായ നീക്കങ്ങള്‍ രാജ്യത്ത് സമ്മിശ്ര പ്രതികരണങ്ങളുയര്‍ത്തുന്നതായി റിപ്പോര്‍‌ട്ട് ചെയ്യപ്പെടുന്നു.തുര്‍‌ക്കിയുടെ യൂറോപ്യന്‍ യൂനിയന്‍ പ്രവേശം നിര്‍‌ണ്ണായക ഘട്ടത്തിലെത്തിയിരിക്കെ എ.കെ.പാര്‍‌ട്ടിക്കെതിരായ നീക്കങ്ങളെ ഇ.യു ശക്തമായി വിമര്‍ശിച്ചു.വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് തുര്‍ക്കി ഓഹരി വിപണിയില്‍ വന്‍ ഇടിവാണുണ്ടായത്. രാജ്യത്ത് ഇസ്ലാമിക വ്യവസ്ഥ നടപ്പാക്കാനുള്ള അജണ്ടയെ കുറിച്ച ആരോപണങ്ങള്‍ പാര്‍ട്ടി ശക്തമായി നിഷേധിച്ചു.ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതാണ് തീവ്രമതേതരവാദികളുടെ നീക്കമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.കഴിഞ്ഞ വര്‍‌ഷം നടന്ന പൊതു തെരെഞ്ഞെടുപ്പില്‍ 46.6% വോട്ടുനേടിയാണ് എ.കെ. പാര്‍ട്ടി തുടര്‍ച്ചയായ രണ്ടാം തവണ അധികാരത്തിലെത്തിയത്.

Friday, March 28, 2008

അബ്ബാസിന്‍റെ സൈന്യത്തിന് ആയുധമെത്തിക്കാന്‍ ഇസ്രായേലിന്‍റെ ഒത്താശ

പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിന്‍റെ കീഴിലുള്ള ഫലസ്തീന്‍ സുരക്ഷാ സേനക്കുള്ള ആയുധ ശേഖരമടങ്ങിയ വാഹനവ്യൂഹം തങ്ങളുടെ അധീനതയിലുള്ള അതിര്‍ത്തി വഴി കടന്നുപോകാന്‍ അനുവദിച്ചതായി ഇസ്രായേല്‍ പ്രതിരോധമന്ത്രി യഹൂദ് ബാറാക് വെളിപ്പെടുത്തി.കവചിത വാഹനങ്ങളടക്കമുള്ള സന്നാഹമാണ് അബ്ബാസിന്‍റെ സേനക്ക് ലഭിക്കുക.ഫലസ്തീന്‍ പ്രധാനമന്ത്രി സലാം ഫയ്യാദുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പാണ് ബാറാകിന്‍റെ പ്രസ്താവന.എന്നാല്‍ അവയുടെ എണ്ണവും മറ്റ് വിശദ വിവരങ്ങളും വെളിപ്പെടുത്താന്‍ ബാറാകിന്‍റെ ഓഫിസ് തയാറായില്ല. ഫലസ്തീനി ബിസിനസുകാര്‍ക്ക് യാത്രാനിയന്ത്രണത്തില്‍ ഇളവ് നല്‍കാനും തീരുമാനിച്ചതായി ബാറാക് പറഞ്ഞു.ആയിരത്തി അഞ്ഞൂറോളം ബിസിനസുകാര്‍ക്ക് ഉടന്‍ പ്രത്യേക യാത്രാനുമതി ലഭിക്കുമെന്ന് ഇസ്രായേലിലെ യൂറോപ്യന്‍ യൂനിയന്‍ സ്ഥാനപതി പറഞ്ഞു.ആയിരത്തോളം ഫലസ്തീനികള്‍ക്ക് അനുമതി നല്‍കിയതായി ഇസ്രായേല്‍ വക്താവ് അവകാശപ്പെട്ടു.
സമാധാന ചര്‍ച്ചക്ക് അനുകൂലമായ നടപടികള്‍ ഇസ്രായേലിന്‍റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന അറബ്-അമേരിക്കന്‍-യൂറോപ്യന്‍ അഭിപ്രായം തണുപ്പിക്കാനാണ് ഇസ്രായേലിന്‍റെ ഈ നടപടിയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസിന്‍റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് ഇസ്രായേലിന്‍റെ നീക്കമെന്നത് ശ്രദ്ധേയമാണ്. അതേസമയം,ഹമാസിനെ ഒതുക്കാനുള്ള അമേരിക്കന്‍ പദ്ധതിയുടെ ഭാഗമയാണത്രെ ഫലസ്തീന്‍ ഔദ്യോഗിക വിഭാഗത്തിനുള്ള ആയുധക്കടത്തിന് ഇസ്രായേല്‍ അനുമതി നല്‍കിയത്.യൂറോപ്യന്‍ യൂനിയന്‍ നല്‍കിയ ആയുധങ്ങളും ചില അറബ് രാജ്യങ്ങളില്‍ നിന്നുള്ള സഹായ ധനവും മുമ്പും അബ്ബാസിന് ലഭിച്ചിരുന്നു.ജോര്‍ദാനില്‍ പരിശീലനം നേടിയ ഫലസ്തീന്‍ സുരക്ഷാ സേനയിലെ അറുന്നൂറ് ‍ഭടന്‍മാരെ പടിഞ്ഞാറെ കരയിലെ ജനീന്‍ പട്ടണത്തില്‍ വിന്യസിക്കാന്‍ ഈ വാരാദ്യം ഇസ്രായേല്‍ അനുവദിച്ചിരുന്നു.ക്രമസമാധാന പാലനമെന്ന പേരില്‍ ഹമാസിന്‍റെ പ്രവര്‍ത്തകരെ നിയന്ത്രിക്കുകയാണ് സേനാ വിന്യാസത്തിന്‍റെ ലക് ഷ്യമത്രെ.
അവലംബം : റോയിട്ടേഴ്സ്

Thursday, March 27, 2008

റൈസ് മിഡിലീസ്റ്റില്‍; ഈ വര്‍ഷം സമാധാനകരാറില്ലെന്ന് ഒല്‍മെര്‍ട്ട്

അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി കോണ്ടലിസ റൈസിന്‍റെ ത്രിദിന പശ്ചിമേഷ്യന്‍ പര്യടനം ഇന്നാരംഭിക്കും.ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ടുമായും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തുന്ന റൈസ് തടസപ്പെട്ട സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുകയെന്ന പ്രഖ്യാപിത ലക് ഷ്യവുമായാണെത്തുന്നത്.കുഞ്ഞുങ്ങളടക്കം 130ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ട ഇസ്രായേലിന്‍റെ അവസാനത്തെ ഗാസ ആക്രമണത്തെ തുടര്‍ന്നാണ് ചര്‍ച്ച മരവിപ്പിക്കാന്‍ അബ്ബാസ് തീരുമാനിച്ചത്. അതേസമയം,ഈ വര്‍ഷം തന്നെ ഇസ്രായേലുമായി സമാധാനമുണ്ടാക്കാമെന്ന അബ്ബാസിന്‍റെ സ്വപ്നം അസ്ഥാനത്താണെന്ന് വ്യക്തമാക്കുന്നതാണ് ഒല്‍മെര്‍ട്ടിന്‍റെ ഒടുവിലത്തെ പ്രസ്താവന.ഫലസ്തീനുമായി ഇക്കൊല്ലം സമാധാന ധാരണയിലെത്താനുള്ള സാധ്യത തള്ളിയ അദ്ദേഹം, ഹമാസിനെതിരെ കടുത്ത നീക്കങ്ങള്‍ക്കൊരുങ്ങുകയാണെന്ന് മുന്നറിയിപ്പ് നല്‍കി.ഹമാസിനെ `വേദനിപ്പിക്കുന്ന` നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചില പ്രതിബന്ധങ്ങളുണ്ടെങ്കിലും ഈ വര്‍ഷം തന്നെ സമാധാനം സാധ്യമാവുമെന്ന് അബ്ബാസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
അവലംബം : അല്‍ജസീറ