Monday, February 2, 2009

സോമാലിയ: പുതിയ നേതൃത്വത്തിന് മുന്നില്‍ കടുത്ത വെല്ലുവിളികള്‍


മൊഗദീശു: ദീര്‍ഘകാലമായി ആഭ്യന്തര യുദ്ധങ്ങളും പട്ടിണിയും മൂലം ദുരിതത്തിലായ സോമാലിയന്‍ ജനത പുതിയ പ്രസിഡന്‍റ് ശൈഖ് ശരീഫ് അഹ് മദിന്‍റെ നേതൃത്വത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 550 സോമാലിയന്‍ എം.പിമാര്‍ ജിബൂത്തിയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ രഹസ്യ ബാലറ്റിലൂടെയാണ് പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. രണ്ട് ഘട്ടം വോട്ടെടുപ്പ് നടന്നു. ഇരുവോട്ടിംഗിലും വന്‍ ഭൂരിപക്ഷത്തോടെയാണ് ശൈഖ് ശരീഫ് വിജയിച്ചത്. രണ്ടാം ഘട്ടത്തില്‍ 126നെതിരെ 283 വോട്ടുകളാണ് അദ്ദേഹം നേടിയത്. പ്രധാനമന്ത്രി നൂര്‍ ഹസന്‍ ഹുസൈന്‍, മുന്‍ പ്രസിഡന്‍റിന്‍റെ പുത്രന്‍ മുസ് ലിഹ് മുഹമ്മദ് ബര്‍റി എന്നിവരായിരുന്നു മുഖ്യ എതിരാളികള്‍. അവസാന റൗണ്ടില്‍ നൂര്‍ ഹസന്‍ പിന്‍മാറുകയായിരുന്നു.അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇസ്ലാമിസ്റ്റ് മിതവാദിയായാണ് ശൈഖ് ശരീഫ് അഹ് മദ് വിലയിരുത്തപ്പെടുന്നത്.
താനോ തന്‍റെ കക്ഷിയോ തീവ്രവാദികളല്ലെന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് കോര്‍ട്സിന് നേരെ മുന്‍വിധിയോടെയുള്ള നിലപാടുകള്‍ മാറ്റാന്‍ പാശ്ചാത്യലോകം തയാറാകണം. ഭീകരപ്രവര്‍ത്തനങ്ങളിലൂടെ ഇസ്ലാമിന്‍റെമുഖം വികൃതമാക്കുന്നവരെയും ജനാധിപത്യ മാര്‍ഗേണ അധികാരത്തിലെത്തുകയും മധ്യമ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരെയും വേര്‍തിരിച്ചുകാണാന്‍ പടിഞ്ഞാറ് പഠിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ അനുരഞ്ജനം, സുരക്ഷയും സ്ഥിരതയും പുനസ്ഥാപിക്കല്‍, രാജ്യത്തിന്‍റെ പുനര്‍നിര്‍മാണം ഇതാണ് തന്‍റെ മുന്‍ഗണനാക്രമമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്‍റെ സ്വാതന്ത്ര്യവും പര‍മാധികാരവും തിരിച്ചുപിടിക്കുമെന്ന് എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ ആഫ്രിക്കന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു. അഡിസ് അബാബയില്‍ സുഡാന്‍ പ്രസിഡന്‍റ് ഉമറുല്‍ ബശീറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
യുദ്ധപ്രഭുക്കളുടെ നാടായ സോമാലിയയില്‍ എല്ലാം കുത്തഴിഞ്ഞ നിലയിലാണ്. ക്രമസമാധാനം പാടെ തകര്‍ന്നിരിക്കുന്നു. ദാരിദ്ര്യത്തിന് മീതെ അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. വിദേശസൈനിക സാന്നിധ്യം അടുത്തിടെ ഇല്ലാതായിട്ടുണ്ട്. ക്രമസമാധാനവും പരമാധികാരവും വീണ്ടെടുക്കുകയെന്ന ലക് ഷ്യത്തോടെ ഇസ്ലാമിക പോരാളികള്‍ നടത്തിയ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ മുന്‍ സര്‍ക്കാരിന്‍റെ അനുമതിയോടെ എത്യോപ്യന്‍ സേന സോമാലിയയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ഇസ്ലാമിക് കോര്‍ട്സിനെ തല്ലിക്കെടുത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍ വിരുദ്ധവികാരം കോര്‍ട്സിനനുകൂലമായി മാറുന്നതാണ് പിന്നീട് കണ്ടത്.
ഇത്തരം പ്രശ്നങ്ങള്‍ക്ക് പുറമെ ഏദന്‍ കടലിടുക്കില്‍ സോമാലിയന്‍ കൊള്ളക്കാരുടെ പ്രശ്നം അന്താരാഷ്ട്രതലത്തില്‍ കത്തിനില്‍ക്കുകയാണ്. കടല്‍ക്കൊള്ളക്കാരെ അമര്‍ച്ച ചെയുകയെന്നത് പുതിയ നേതൃത്വത്തിന് വലിയ വെല്ലുവിളിയാകും. അതില്‍ പരാജയപ്പെടുന്ന പക്ഷം വൈദേശികശക്തികള്‍ക്ക് രാജ്യത്ത് കടന്നുകയറാന്‍ കാരണമാകുമെന്ന് പുതിയ നേതൃത്വം കരുതുന്നു. അതിനാല്‍ കടല്‍ക്കൊള്ളക്കാരെ അമര്‍ച്ച ചെയ്ത് ഏദന്‍ കടലിടുക്കിലെ ചരക്കുകപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ശൈഖ് ശരീഫിന്‍റെ ശ്രമഫലമായി നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും.

No comments: