Friday, February 6, 2009

കിര്‍ഗിസ്താനിലെ അമേരിക്കന്‍ സൈനികതാവളം അടക്കുന്നു

ബിഷ്കെക്: മധ്യേഷ്യന്‍ രാജ്യമായ കിര്‍ഗിസ്താനിലെ അമേരിക്കന്‍ സൈനികതാവളം അടച്ചുപൂട്ടുമെന്ന് ഏറെക്കുറെ ഉറപ്പായതായി റിപ്പോര്‍ട്ട്. അടുത്താഴ്ച ഇതുസംബന്ധമായി പാര്‍ലമെന്‍റില്‍ അഭിപ്രായവോട്ടെടുപ്പ് നടക്കും. ഭരണകക്ഷിയാണ് പ്രമേയം അംഗീകാരത്തിന് വേണ്ടി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക. കഴിഞ്ഞ ചൊവ്വാഴ്ച റഷ്യന്‍ പ്രസിഡന്‍റ് ദെമെത്രി മെദ് വദെവുമായുള്ള ചര്‍ച്ചക്ക് ശേഷം കിര്‍ഗിസ്താന്‍ പ്രസിഡന്‍റ് കുര്‍മാന്‍ബെക് ബാഖിയേവാണ് മാനാസ് എയര്‍ബേസ് അടക്കുന്ന കാര്യം പ്രഖ്യാപിച്ചത്. മധ്യേഷ്യയിലെ ഏക അമേരിക്കന്‍ സൈനികതാവളാമാണ് മാനാസ്. ഈയാഴ്ച തന്നെ പാര്‍ലമെന്‍റിന്‍റെ അനുമതി തേടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും അടുത്താഴ്ചയിലേക്ക് മാറ്റുകയായിരുന്നു. മോസ്കോ സന്ദര്‍ശനത്തിനിടെ ഇരുന്നൂറ് കോടി ഡോളറിലധികം സഹായം നല്‍കാമെന്ന് റഷ്യ ബാഖിയേവിന് വാഗ്ദാനം നല്‍കിയിരുന്നു.

അതേസമയം, എയര്‍ബേസ് അടക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യു.എസ് വിദേശകാര്യ വകുപ്പ് അറിയിച്ചു. താവളത്തിന്‍റെ കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച തുടരുകയാണെന്ന് അവസാന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തലസ്ഥാനമായ ബിഷ്കെകില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയുള്ള മാനാസില്‍ ആയിരം യുഎസ് സൈനികരാണുള്ളത്. പ്രതിവര്‍ഷം 1.8 കോടി ഡോളറാണ് അമേരിക്ക വാടകയായി കിര്‍ഗിസ്താന് നല്‍കുന്നത്.

No comments: