Thursday, February 12, 2009

ആര്‍ക്കും ഭൂരിപക്ഷമില്ല; ഇസ്രായേലില്‍ പ്രതിസന്ധി


ജറൂസലം: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഇസ്രായേലില്‍ തൂക്കുമന്ത്രിസഭ നിലവില്‍വരുമെന്നുറപ്പായി. എന്നാല്‍ ആരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്ന് തീരുമാനമെടുക്കാനാവാത്ത പ്രതിസന്ധിയിലാണ് പ്രസിഡന്‍റ് ഷിമോണ്‍ പെരസ്. 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കാദിമയും 27 സീറ്റുള്ള ബിന്‍യാമിന്‍ നെതന്യാഹുവിന്‍റെ ലികുഡ് പാര്‍ട്ടിയും വിജയം അവകാശപ്പെട്ടിട്ടുണ്ട്. തീവ്രവലതുകക്ഷിയായ ഇസ്രായേല്‍ ബയ്തെയ്നു പതിനാലും യഹൂദ് ബറാകിന്‍റെ ലേബര്‍ പാര്‍ട്ടി പതിമൂന്നും സീറ്റ് നേടി. ഷാസ് പാര്‍ട്ടിക്കും അറബ് കക്ഷികള്‍ക്കും പതിനൊന്ന് വീതം സീറ്റാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ ആരെ ക്ഷണിക്കണമെന്ന അനിശ്ചിതത്വത്തിലാണ് പെരസ്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 120 സീറ്റുള്ള നെസറ്റില്‍ 61 എം.പിമാരുടെ പിന്തുണ വേണം.

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പിന്തുണ തേടി ലിവ്നിയും നെതന്യാഹുവും ഇതരകക്ഷികളുമായി ചര്‍ച്ച തുടങ്ങി. ഇസ്രായേല്‍ ബയ്തെയ്നു, ഷാസ് കക്ഷികളുടെ നേതാക്കളുമായി ലിവ്നിയും നെതന്യാഹുവും ഇന്നലെ(ബുധന്‍) ചര്‍ച്ച നടത്തി. വലിയ ഒറ്റകക്ഷിയായെങ്കിലും സിപി ലിവ്നിയുടെ കാദിമക്ക് ഭൂരിപക്ഷം രൂപപെടുത്താനാവില്ലെന്നാണ് പ്രബലമായ വിലയിരുത്തല്‍. നവംബറില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ലിവ്നി പരാജയപ്പെട്ടിരുന്നു. ബയ്തെയ്നു നേതാവ് അവിഗ്ദോര്‍ ലിബര്‍മാന്‍ കാദിമക്കനുകൂലമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ലിവ്നിക്ക് കരുത്തേകുന്നു. എങ്കിലും നെതന്യാഹുവിന്‍റെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ വരാനാണ് കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, പുതുതായി വരുന്ന സര്‍ക്കാര്‍ സമാധാന ചര്‍ച്ചകള്‍ ത്വരിതപ്പെടുത്തണമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂനിയനും ആവശ്യപ്പെട്ടു.

No comments: