Thursday, February 19, 2009

ഈജിപ്ത്: അയ്മന്‍ നൂര്‍ മോചിതനായി


കെയ്റോ: ഈജിപ്തിലെ പ്രമുഖ പ്രതിപക്ഷ നേതാവ് അയ്മന്‍ നൂര്‍ മോചിതനായി. ആരോഗ്യപരമായ കാരണങ്ങളാലാണ് തന്നെ വിട്ടയച്ചതെന്ന് അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ രംഗത്ത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഇടപെടലിനെ തുടര്‍ന്നാണ് മോചനമെന്ന് അദ്ദേഹത്തിന്‍റെ അല്‍ഗദ് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. അയ്മന്‍ നൂറിനെ മോചിപ്പിക്കാതെ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറകിന് തന്നെ കാണാന്‍ അനുമതി നല്‍കില്ലെന്ന് ഒബാമ ശഠിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഈഹാബ് അല്‍ഖോലി അല്‍ജസീറയോട് പറഞ്ഞു. 2005 അവസാനത്തിലാണ് നൂറിന് കോടതി അഞ്ച് വര്‍ഷത്തെ തടവ് വിധിച്ചത്. വ്യാജരേഖ ചമക്കല്‍ കുറ്റമാരോപിച്ചാണ് കേസെടുത്തത്. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 2005ല്‍ ആദ്യമായി ഒന്നിലധികം സ്ഥാനാര്‍ഥികള്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ അയ്മന്‍ നൂറായിരുന്നു മുബാറകിന്‍റെ എതിര്‍സ്ഥാനാര്‍ഥി.

No comments: