Wednesday, December 31, 2008

ഹമാസ് താവളങ്ങളെ കുറിച്ച് അബ്ബാസ് ഇസ്രായേലിന് വിവരം നല്‍കിയെന്ന്

അബ്ബാസ് ഒറ്റുകാരനാകുന്നുവോ?!
ഗസ്സ: ഗസ്സയിലെ ഹമാസിന്‍റെ രഹസ്യ താവളങ്ങളെ കുറിച്ച് ഇസ്രായേലിന് വിവരം നല്‍കിയത് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസാണെന്ന് ഹമാസ് ആരോപിച്ചു. ഫതഹ് പാര്‍ട്ടിയുടെ സഹകരണത്തോടെ റാമല്ലയില്‍ ഇതിന് പ്രത്യേകസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ ഇസ്രായേലിന് ഹമാസ് സങ്കേതങ്ങളെ കുറിച്ച വിവരങ്ങള്‍ കൈമാറുകയാണെന്ന് അല്‍ അഖ്സാ ചാനലില്‍ ഹമാസ് വക്താവ് ഫൗസീ ബര്‍ഹൂം വ്യക്തമാക്കി.

23 ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാര്‍ലമെന്‍റിന് മുന്നില്‍ പ്രകടനത്തിന് ശ്രമിച്ച ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ പോലിസുമായി മുഖാമുഖം

കെയ്റോ: 23 മുസ്ലിം ബ്രദര്‍ഹുഡ് (ഇഖ് വാനുല്‍ മുസ്ലിമൂന്‍) പ്രവര്‍ത്തകരെ ഈജിപ്ത് പോലിസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പാര്‍ലമെന്‍റിന് മുമ്പില്‍ ഹമാസ് അനുകൂല പ്രകടനത്തില്‍ പങ്കെടുക്കാന്‍ നീങ്ങിയ ഇവരെ പോലിസ് പിടികൂടുകയായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹമാസിന്, അതിര്‍ത്തി തുറക്കില്ല- ഈജിപ്ത്

ആരുടെ പക്ഷത്ത്?
കെയ്റോ: ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം സംബന്ധിച്ച് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും തുടരുന്ന ആരോപണം ഈജിപ്തും ഏറ്റുപിടിച്ചു. ഇസ്രായേലിന്‍റെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹമാസിനാണെന്ന് ഈജിപ്ത് പ്രസിഡന്‍റ് ഹുസ്നി മുബാറക് ആരോപിച്ചു. വെടിനിര്‍ത്തല്‍ പുതുക്കിയില്ലെങ്കില്‍ ഇസ്രായേല്‍ ആക്രമിക്കുമെന്ന് ഞങ്ങള്‍ പലവുരു ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചിരുന്നെങ്കില്‍ ആക്രമണം ഒഴിവാക്കാമായിരുന്നു. ഈജിപ്തിന്‍റെ ശ്രമങ്ങളെ തള്ളിക്കളഞ്ഞ ഹമാസ് നടപടിയാണ് ആക്രമണത്തിന്‍റെ വാതില്‍ തുറന്നത്. ഇസ്രായേല്‍ ആക്രമണത്തിന് ഈജിപ്ത് പച്ചക്കൊടി കാട്ടിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഫലസ്തീന് നല്‍കുന്ന പിന്തുണയുടെ കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഫലസ്തീനികളുടെ രക്തംവെച്ച് വിലപേശാന്‍ ആരെയും അനുവദിക്കില്ല. ഫലസ്തീന്‍ കക്ഷികള്‍ സമവായത്തിലെത്തണമെന്നും ഉടന്‍ ആക്രമണം നിര്‍ത്താന്‍ ഇസ്രായേല്‍ തയാറാകണമെന്നും മുബാറക് ആവശ്യപ്പെട്ടു.

അതേസമയം റഫാ അതിര്‍ത്തി പൂര്‍ണമായി തുറക്കില്ലെന്ന് മുബാറക് വ്യക്തമാക്കി. മഹ് മൂദ് അബ്ബാസിന്‍റെ കീഴിലുള്ള സേനയുടെ ആധിപത്യം പുന:സ്ഥാപിക്കുക, അതിര്‍ത്തി കേന്ദ്രങ്ങളില്‍ യൂറോപ്യന്‍ യൂനിയന്‍ നിരീക്ഷകരെ നിയോഗിക്കുക എന്നീ നിബന്ധനകള്‍ പാലിക്കാതെ റഫാ അതിര്‍ത്തി പൂര്‍ണമായി തുറക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഫാ അതിര്‍ത്തി പൂര്‍ണമായും തുറന്നില്ലെന്ന തങ്ങളുടെ വാദം ശരിവെക്കുന്നതാണ് മുബാറകിന്‍റെ പ്രസ്താവനയെന്ന് ഹമാസ് പ്രതികരിച്ചു. ചൊവ്വാഴ്ച അതിര്‍ത്തി തുറന്നയുടന്‍ ഖത്തര്‍, ലിബിയ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ദുരിതാശ്വാസ സാധനങ്ങള്‍ വഹിച്ചുള്ള ട്രക്കുകള്‍ ഗസ്സയില്‍ പ്രവേശിച്ചിരുന്നു. ഇസ്രായേല്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് പിന്നീട് അതിര്‍ത്തി അടക്കുകയായിരുന്നു. നിരവധി ദുരിതാശ്വാസ ട്രക്കുകള്‍ അതിര്‍ത്തിയില്‍ അനുമതി കാത്തുകിടക്കുകയാണ്. അതിര്‍ത്തി അടച്ചിട്ട് ഇസ്രായേല്‍ ഉപരോധത്തിന് ഈജിപ്ത് സഹായം നല്‍കുകയാണെന്ന് ഇറാനും ലബനാനിലെ ഹിസ്ബുല്ലയും ആരോപിച്ചിരുന്നു.

ഹനിയ്യക്ക് അഭിവാദ്യം, അബ്ബാസിന് ചെരുപ്പ്!

കുവൈത്ത് സിറ്റിയില്‍ ഇന്നലെ നടന്ന ഗസ്സാ ഐക്യദാര്‍ഢ്യ റാലിയില്‍ ഇസ്ലാമിസ്റ്റ് എം.പി വലീദ് അല്‍ത്വബ്ത്വബാഇ ഫലസ്തീന്‍ പ്രസിഡന്‍റും ഫതഹ് നേതാവുമായ മഹ് മൂദ് ആബ്ബാസിന് നേരെ പ്രതീകാത്മകമായി ഷൂ ഉയര്‍ത്തുന്നു. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ പരാമര്‍ശിച്ചപ്പോള്‍ തലയില്‍ വെക്കുന്ന അഖാല്‍ ഉയര്‍ത്തി അഭിവാദ്യം ചെയ്ത വലീദ്, അബ്ബാസിന്‍റെ ഒറ്റുകൊടുക്കല്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത റാലിയില്‍ ഇസ്രായേലിനെതിരെ പ്രതിഷേധം അണപൊട്ടി.

ഈ കുരുന്നുകള്‍ എന്ത് പിഴച്ചു?!!!

ഗസ്സക്ക് മേല്‍ നാലാം ദിവസവും ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നു. മരണ സംഖ്യ 382 ആയി ഉയര്‍ന്നു. 1700ഓളം പേര്‍ക്ക് പരിക്കുണ്ട്. ചൊവ്വാഴ്ച പതിനഞ്ച് പേരാണ് രക്തസാക്ഷിത്വം വരിച്ചത്.

Tuesday, December 30, 2008

ഗസ്സയില്‍ 345 രക്തസാക്ഷികള്‍

ഗസ്സ: ഗസ്സാ മുനമ്പില്‍ മൂന്നാം ദിവസവും തുടര്‍ന്ന ഇസ്രായേലിന്‍റെ വ്യോമാക്രമണത്തെ തുടര്‍ന്ന് മരിച്ച ഫലസ്തീനികളുടെ എണ്ണം 345 ആയി ഉയര്‍ന്നു. ഇതുവരെ 1650 പേര്‍ക്ക് പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച എട്ട് കുട്ടികളടക്കം ചുരുങ്ങിയത് പതിമൂന്ന് പേര്‍ രക്തസാക്ഷികളായതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹമാസ് നേതാവിന്‍റെ വീടിന് നേരെ പോര്‍ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചതില്‍ ഭാര്യയും അഞ്ച് കുട്ടികളുമടക്കം ഏഴ് പേരാണ് മരിച്ചത്. ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡിലെ മുതിര്‍ന്ന മേധാവിയായ മാഹിര്‍ സഫൂത് ആക്രമണ സമയത്ത് പുറത്തായിരുന്നു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. ഗ്ലാസ് കയറ്റിയ വാഹനത്തിന് നേരെ അധിനിവേശ സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇവരുടെ ജഡങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറി.
അതേസമയം ഹമാസ് പോരാളികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇസ്രായേലി കൊല്ലപ്പെട്ടു. മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജൂതനാണിത്.

റഫാ അതിര്‍ത്തി തുറന്നു

റഫാ അതിര്‍ത്തി ഇന്ന് ഈജിപ്ത് തുറന്നുകൊടുത്തു. ഗസ്സയില്‍ പരിക്കേറ്റവര്‍ക്ക് ഈജിപ്തില്‍ ചികിത്സ തേടാനും ഗസ്സയിലേക്കുള്ള ദുരിതാശ്വാസം എത്തിക്കാനും ഇത് സഹായകമാകും. അതിര്‍ത്തി തുറന്ന ആദ്യ മണിക്കൂറുകളില്‍ ഖത്തര്‍, സൗദി, ലിബിയ, ജോര്‍ദാന്‍, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഭക് ഷ്യ മരുന്ന് സഹായ ട്രക്കുകള്‍ ഗാസയിലേക്ക് കടന്നു.

നിരവധി പള്ളികള്‍ തകര്‍ന്നു

ഗസ്സ: സയണിസ്റ്റ് അധിനിവേശ സേനയുടെ വിവേചനരഹിതമായ ആക്രണത്തില്‍ തിങ്കളാഴ്ച മാത്രം തകര്‍ക്കപ്പെട്ടത് നാല് പള്ളികള്‍. പടിഞ്ഞറെ ഗസ്സയിലെ അല്‍ശിഫാ മസ്ജിദ്, ഖാന്‍ യൂനുസിലെ ഇസ്സുദ്ദീന്‍ ഖസ്സാം മസ്ജിദ്, വടക്കന്‍ ഗസ്സയിലെ ശഹീദ് ഇമാദ് അഖ്ല്‍ മസ്ജിദ്, ജബലിയ അഭയാര്‍ഥി ക്യാമ്പിലെ അബൂബക്ര്‍ മസ്ജിദ് എന്നിവയാണ് തിങ്കളാഴ്ച ഉച്ചക്ക് മുമ്പ് തകര്‍ക്കപ്പെട്ടത്. പള്ളികളിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. മുസ്ഹഫുകള്‍ രക്തപങ്കിലമായിക്കിടന്നു. ഹമാസിനെതിരായ ആക്രമണത്തിന്‍റെ ഭാഗമാണിതെന്ന് ഇസ്രായേല്‍ വിശദീകരിച്ചു.

Sunday, December 28, 2008

ലോകമെങ്ങും പ്രതിഷേധം

വിവിധ രാജ്യങ്ങളില്‍ നടന്ന ഗസ്സ ഐക്യദാര്‍ഢ്യ റാലികളും പരിപാടികളും
തുര്‍ക്കിപാരീസ്മൊറോക്കൊവെസ്റ്റ്ബാങ്ക്
മൗറിത്താനിയ
സുഡാന്‍
ലിബിയ ഇറാഖ് ഈജിപ്ത് ഗസ്സ സിറിയഡെന്‍മാര്‍ക്ക്ജോര്‍ദാന്‍യമന്‍

ഗസ്സയിലെ സയണിസ്റ്റ് ക്രൂരത മൂടിവെക്കാന്‍ പാശ്ചാത്യ മാധ്യമങ്ങളുടെ ശ്രമം

ഈ ചിത്രമാണ് മിക്ക പാശ്ചാത്യ പത്രങ്ങളും പ്രസിദ്ധീകരിച്ചത്
ഫലസ്തീനിലെ ഗസ്സ മുനമ്പില്‍ രണ്ട് ദിവസമായി തുടരുന്ന ഇസ്രായേല്‍ മനുഷ്യക്കുരുതിയുടെ യഥാര്‍ത്ഥ ചിത്രം മൂടിവെക്കാന്‍ പാശ്ചാത്യ മാധ്യമങ്ങളുടെ ശ്രമം. പരിക്കേറ്റ പാടുകളില്ലാത്ത, നല്ല രൂപത്തില്‍ പാന്‍റ്സും ഷര്‍ട്ടുമണിഞ്ഞ ഒരാളെ രക്ഷാ പ്രവര്‍ത്തകര്‍ കൊണ്ടുപോകുന്ന ചിത്രമാണ് ഏതാണ്ടെല്ലാ പടിഞ്ഞാറന്‍ അച്ചടിമാധ്യമങ്ങളും വാര്‍ത്തയോടൊപ്പം പ്രസിദ്ധീകരിച്ചത്. ഗസ്സയുടെ നിലവിലെ ചിത്രം മൂടിവെക്കുന്നതാണ് ഈ ചിത്രം. വിവിധ മാധ്യമങ്ങള്‍ അവയുടെ വെബ്സൈറ്റുകളിലും ഈ ചിത്രം മാത്രമാണ് നല്‍കിയത്. അതേസമയം ചില ഫ്രഞ്ച്, സ്പാനിഷ് മാധ്യമങ്ങള്‍ ഗസ്സയുടെ ദുരിത ചിത്രങ്ങള്‍ പുറത്തുവിട്ടു.

മൂന്നാം ഇന്‍തിഫാദക്ക് ഹമാസ് ആഹ്വാനം

ഗസ്സ: സയണിസ്റ്റ് അധിനിവേശ ശക്തിക്കെതിരായ മൂന്നാം ഇന്‍തിഫാദക്ക് (ഉയിര്‍ത്തെഴുന്നേല്പ് സമരം)ഫലസ്തീന്‍ വിമോചനപ്രസ്ഥാനമായ ഹമാസിന്‍റെ ആഹ്വാനം. ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. ഇസ്രായേലുമായി സമാധാനത്തിന്‍റെ വാതിലുകള്‍ അടഞ്ഞിരിക്കുന്നു. അധിനിവേശവുമായി അനുരഞ്ജനം സാധ്യമല്ല. പുതിയ ഇന്‍തിഫാദക്ക് സമയമായിരിക്കുന്നു- അല്‍ജസീറ ചാനലിലെ 'തുറന്ന സംവാദം' പരിപാടിയില്‍ ഹമാസ് പോളിറ്റ് ബ്യൂറോ അധ്യക്ഷന്‍ ഖാലിദ് മിശ്അല്‍ വ്യക്തമാക്കി. വെസ്റ്റ്ബാങ്കിലെ ഫലസ്തീനികള്‍ ഗസ്സക്ക് പിന്തുണ നല്‍കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഗസ്സയുടെ പോരാട്ടവീര്യത്തെ കുറിച്ച പരിഭ്രാന്തി മൂലമാണ് ഇസ്രായേല്‍ ഹമാസിന്‍റെ സുരക്ഷാ താവളങ്ങള്‍ ലക് ഷ്യമിടുന്നത്. കൂട്ടക്കുരുതിയിലൂടെ ഗസ്സയുടെ സ്ഥൈര്യം തകര്‍ക്കാമെന്നത് അധിനിവേശകരുടെ വ്യാമോഹം മാത്രമാണ്. എത്ര പേരെ കൊന്നൊടുക്കിയാലും കീഴടങ്ങാനൊരുക്കമല്ലെന്ന് ഹമാസ് പി.ബി ഉപാധ്യക്ഷന്‍ മൂസാ അബൂ മര്‍സൂഖ് പ്രസ്താവിച്ചു.

ഗസ്സ: മരണം 282; ഇസ്രായേല്‍ കൂടുതല്‍ സേനയെ അയക്കുന്നു

ഗസ്സ: ഗസ്സ മുനമ്പില്‍ രണ്ടം ദനവും തുടരുന്ന ഇസ്രായേല്‍ അധിനിവേശസൈന്യത്തിന്‍റെ രൂക്ഷമായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 282 ആയി. രണ്ടാം ദിവസം 12 പേരാണ് ഇതുവരെ മരിച്ചത്. എഴുന്നൂറിലധികം പേര്‍ക്ക് പരിക്കുണ്ട്. 180 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ ഗസ്സ ആക്രമണത്തിന് കൂടുതല്‍ സൈനികരെ അയക്കാന്‍ ഇസ്രായേല്‍ മന്ത്രിസഭ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന കാബിനറ്റ് യോഗമാണ് തീരുമാനമെടുത്തത്. ഹമാസിനെ തകര്‍ക്കാനുള്ള യുദ്ധം ഉടന്‍ അവസാനിക്കില്ലെന്ന് പ്രതിരോധമന്ത്രി യഹൂദ് ബരാക് ഇന്നലെ പ്രസ്താവിച്ചിരുന്നു. കൂടുതല്‍ സേനയെ അയച്ച് ഗസ്സയില്‍ കുരുതി തുടരാനാണ് അധിനിവേശശക്തിയുടെ നീക്കം.

സിപി ലിവ്നിയെ ഈജിപ്ത് വിദേശകാര്യമന്ത്രി അഹ് മദ് അബുല്‍ ഗൈത് വ്യാഴാഴ്ച കെയ്റോയില്‍ സ്വീകരിച്ചപ്പോള്‍. അറബ് മാധ്യമങ്ങളില്‍ വന്ന ഈ ചിത്രം വന്‍ ജനരോഷത്തിനിടയാക്കി
അതേസമയം, അറബ് ലോകത്ത് ഈജിപ്തിനെതിരെയും പ്രതിഷേധം പുകയുകയാണ്. ഗസ്സക്കെതിരായ ഗൂഡാലോചനയില്‍ ഈജിപ്തിനും പങ്കുണ്ടെന്ന ആരോപണവുമായി മുസ്ലിം ബ്രദര്‍ഹുഡടക്കം വിവിധം സംഘടനകളും നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് കെയ്റോ സന്ദര്‍ശനവേളയില്‍ ഗസ്സയുടെ രൂപം മാറ്റിമറിക്കുമെന്ന് ഇസ്രായേല്‍ വിദേശമന്ത്രി സിപി ലിവ്നി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈജിപ്ത് അന്ന് ഒരക്ഷരമുരിയാടിയില്ല. ലിവ്നിയെ ഹൃദ്യമായി സ്വീകരിക്കുന്ന ഈജിപ്ഷ്യന്‍ വിദേശമന്ത്രിയുടെ ചിത്രം അറബ് മനസുകളില്‍ രോഷം വളര്‍ത്താനിടയാക്കി.

ഗസ്സയില്‍ മരണം 225 ആയി


ഗസ്സ: ശനിയാഴ്ച ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 225 ആയതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരുടെ എണ്ണം എഴുന്നൂറ് കവിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ആര്‍ക്കും മതിയായ ശുശ്രൂഷ നല്‍കാനുള്ള അവസ്ഥയല്ല ഗസ്സയിലേത്.

അതിനിടെ റഫാ അതിര്‍ത്തി തുറന്നു കൊടുക്കാനും പരിക്കേറ്റവര്‍ക്ക് ഈജിപ്ഷ്യന്‍ ആശുപത്രികളില്‍ ചികിത്സ നല്‍കാനും ഈജിപ്ത് പ്രസിഡന്‍റ് ഹുസ്നി മുബാറക് ഉത്തരവിട്ടു. കെയ്റോയിലെ ഇസ്രായേല്‍ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കുകയും ചെയ്തിട്ടുണ്ട്.

അടിയന്തര അറബ് മന്ത്രിതല യോഗം ഉടന്‍

കെയ്റോ: ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തര അറബ് ലീഗ് വിദേശകാര്യ മന്ത്രിതല യോഗം ഉടന്‍ ചേരും. മണിക്കൂറുകള്‍ക്കകം യോഗം ചേരുമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറ് മൂസ അറിയിച്ചു. ഇപ്പോഴത്തെ ആക്രമണം തുടക്കം മാത്രമാണെന്ന് ഇസ്രായേലിന്‍റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് തിരക്കിട്ട യോഗം. ഇസ്രായേലിനോടുള്ള ഏകീകൃത നിലപാട് യോഗം പ്രഖ്യാപിക്കും.

Saturday, December 27, 2008

ഇസ്രായേലി താല്പര്യങ്ങളെ ലക് ഷ്യമിടുക- സൗദി പണ്ഡിതന്‍


ജിദ്ദ: ഫലസ്തീനില്‍ അധിനിവേശശക്തി ചെയ്തുകൂട്ടുന്ന മൃഗീയതകള്‍ക്ക് തിരിച്ചടിയായി ലോകത്തെവിടെയും ഇസ്രായേലി താല്പര്യങ്ങള്‍ തകര്‍ക്കല്‍ മതദൃഷ്ട്യാ അനുവദനീയമാണെന്ന് പ്രമുഖ സൗദി പണ്ഡിതനും ചിന്തകനുമായ ഡോ. ഇവദ് അല്‍ഖര്‍നി. അധിനിവേശം അവസാനിക്കുവോളം ഇസ്രായേലികളും ഇസ്രായേല്‍ താല്പര്യങ്ങളും ലോകത്തെവിടെയും തകര്‍ക്കപ്പെടണം. ഫലസ്തീനികളുടെ രക്തമൊഴുക്കുന്നവരുടെ രക്തവും ഒഴുകണം. ഇവിടെ സമാധാനത്തിന്‍റെ കൊച്ചുവര്‍ത്തമാനങ്ങള്‍ക്ക് പ്രസക്തിയില്ല- അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേല്‍ കൂട്ടക്കുരുതിക്ക് പിന്നില്‍ അറബ് ഗൂഡാലോചനയുണ്ടെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ചില അറബ് ഭരണകൂടങ്ങളുടെ പിന്തുണയില്ലാതെ ഇത്തരമൊരു ചെയ്തിക്ക് ഈ സന്ദര്‍ഭത്തില്‍ ഇസ്രായേല്‍ മുതിരില്ല. ഗസ്സയുടെ സ്ഥിതി പാടെ മാറ്റിക്കളയുന്ന നടപടിയുണ്ടാകുമെന്ന് ഇസ്രായേല്‍ വിദേശമന്ത്രി സിപി ലിവ്നി ഏതാനും ദിവസം മുമ്പാണ് കെയ്റോയില്‍ പ്രഖ്യാപിച്ചത്. ഗസ്സയുമായുള്ള അതിര്‍ത്തിയില്‍ ഈജിപ്ത് സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഇത് ഗൂഡാലോചനയെ കുറിച്ച സംശയത്തിന് വകനല്‍കുന്നതാണ്. ഇസ്രായേലിന് അമേരിക്ക നല്കുന്ന പിന്തുണ ലോകജനതയുടെ ഭാവി തകര്‍ക്കുമെന്ന് ഇവദ് അല്‍ഖര്‍നി മുന്നറിയിപ്പ് നല്‍കി.

സൗദിയിലെ പ്രമുഖ ഇസ്ലാമിക വ്യക്തിത്വങ്ങളിലൊന്നാണ് ഇദ്ദേഹം. തൊണ്ണൂറുകളുടെ തുടക്കത്തില്‍ രാജ്യത്ത് പരിഷ്കരണനടപടികള്‍ കൊണ്ടുവരണമെന്ന് ഫഹദ് രാജാവിന് നിവേദനം നല്‍കിയതിന്‍റെ പേരില്‍ അധ്യാപക ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുകയും ജയിലിലടകപ്പെടുകയും ചെയ്ത അല്‍ഖര്‍നി സൗദി ഭരണകൂടത്തിന് അനഭിമതനാണ്.

വീര്യം കെടുത്താനാവില്ല- ഹമാസ്

ഗസ്സ: മൃഗീയാക്രമണങ്ങളും കൂട്ടക്കുരുതിയും കൊണ്ട് ഫലസ്തീന്‍ ജനതയുടെ പോരാട്ടവീര്യം തളര്‍ത്താനാവില്ലെന്ന് ഹമാസ്. എത്ര രക്തസാക്ഷികള്‍ സൃഷ്ടിക്കപ്പെട്ടാലും ഗസ്സ വിട്ടുകൊടുക്കാനോ സയണിസ്റ്റ് ഭീകരരുമായി അനുരഞ്ജനത്തിന്‍റെ വെള്ളക്കൊടി ഉയര്‍ത്താനോ തയാറല്ലെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രഖ്യാപിച്ചു. കീഴടങ്ങാന്‍ ഗസ്സ ഒരുക്കമല്ല. ഫലസ്തീന്‍ മണ്ണും അഭയാര്‍ഥികളുടെ തിരിച്ചുവരവിനുള്ള അവകാശവും തടവുകാരുടെ മോചനാവശ്യവും അടിയറ വെക്കാതിരുന്നതിനുള്ള സയണിസ്റ്റുകളുടെ ശിക്ഷയാണിത്. എന്നാല്‍ ഈ യുദ്ധമുഖത്തുനിന്ന് പിന്തിരിയുന്ന പ്രശ്നമില്ലെന്ന് ദൈവത്തെയും ഫലസ്തീന്‍ ജനതയെയും ലോകത്തുള്ള മുഴുവന്‍ സ്വാതന്ത്ര്യ കാംക്ഷികളെയും മുന്‍നിര്‍ത്തി ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു- ഹനിയ്യ പ്രസ്താവിച്ചു.

ആക്രമണം തുടരുമെന്ന് ഇസ്രായേല്‍; ഹമാസിനെതിരെ അമേരിക്ക

ജറൂസലം: ലോകവ്യാപകമായി പ്രതിഷേധം അലയടിക്കുമ്പോഴും ഗസ്സക്കെതിരായ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ ധാര്‍ഷ്ട്യം. ഇപ്പോഴത്തെ ആക്രമണം തുടക്കം മാത്രമാണ്. ഭീകരതക്കെതിരായ ഈ യുദ്ധം തീരാന്‍ സമയമെടുക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യഹൂദ് ബരാക് വ്യക്തമാക്കി. ഇസ്രായേല്‍ പൗരന്‍ മാര്‍ക്ക് നേരെയുള്ള ആക്രമണം ഹമാസ് അവസാനിപ്പിക്കുന്നത് വരെ ഇത് തുടരും. ഹമാസിന് കനത്ത തിരിച്ചടി നല്‍കാന്‍ ഏതാനും മാസങ്ങളായി ഞങ്ങള്‍ തയാറെടുക്കുകയായിരുന്നു. വ്യോമാക്രമണങ്ങളില്‍ 150ലധികം ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടതായി ബരാക് പറഞ്ഞു. തങ്ങള്‍ക്ക് മുന്നില്‍ ഇതല്ലാതെ മാര്‍ഗമില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി സിപി ലിവ്നി ന്യായീകരിച്ചു. ഇതുവരെ ഞങ്ങള്‍ ക്ഷമിച്ചു. പൗരന്‍മാരെ സംരക്ഷിക്കാന്‍ ഗസ്സയിലെ ഹമാസിന്‍റെ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കുക മാത്രമാണ് പോംവഴി. അതാണിപ്പോല്‍ നടക്കുന്നതെന്ന് ലിവ്നി പറഞ്ഞു.ഏതാണ്ടെല്ലാ രാജ്യങ്ങളും ഇസ്രായേല്‍ ആക്രമണം നിര്‍ത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ അമേരിക്ക ഒരിക്കല്‍ കൂടി ഇസ്രായേലിനുള്ള പിന്തുണ ആവര്‍ത്തിച്ചു. ഫലസ്തീനികള്‍ക്ക് ഭാവി വേണമെങ്കില്‍ ഹമാസ് ഭീകരവൃത്തി നിര്‍ത്തുകയാണ് വേണ്ടതെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലിനെതിരായ റോക്കറ്റാക്രമണമവസാനിപ്പിക്കാന്‍ ഹമാസ് തയാറാവണം. അതേസമയം, ഗസ്സയെ ആക്രമിക്കുമ്പോള്‍ സിവിലിയന്‍മാര്‍ ഇരകളാകുന്നത് ഒഴിവാക്കണമെന്ന മൃദുനിവേദനം മാത്രമാണ് വൈറ്റ്ഹൗസ് ഇസ്രായേലിന് നല്‍കുന്നത്. ഇസ്രായേലി സിവിലിയന്മാര്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്താന്‍ ഹമാസ് തയാറാകണം. അത് തുടരുന്ന പക്ഷം ഗസ്സയില്‍ വീഴുന്ന രക്തത്തിന് ഉത്തരവാദി ഹമാസാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് വ്യക്തമാക്കി.

ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി; 1967ന് ശേഷമുള്ള വലിയ ആക്രമണം

ഗസ്സ: ഫലസ്തീനിലെ ഗസ്സക്ക് മേല്‍ ഇസ്രായേലിന്‍റെ വ്യോമാക്രമണം തുടരുന്നു. ഭീകരമായ കൂട്ടക്കുരുതിയാണ് അധിനിവേശസൈന്യം ഗസ്സ മുനമ്പിലും ഖാന്‍ യൂനുസിലും നടത്തുന്നത്. മരണസംഖ്യ 210 കവിഞ്ഞതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എഴുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവരിലധികവും ഹമാസ് അധീനതയിലുള്ള പോലിസ് സേനാംഗങ്ങളാണ്. നിരവധി കുട്ടികളും വൃദ്ധരും സ്ത്രീകളും സയണിസ്റ്റ് ഭീകരതക്കിരകളായി.
നിരന്തരാക്രമണമാണ് ഇസ്രായേല്‍ വ്യോമസേന നടത്തിയത്. ഉച്ചയോടെ ആരംഭിച്ച ആക്രമണം ഇനിയും പൂര്‍ണമായി അവസാനിച്ചിട്ടില്ല. അപ്പാഷെ ഹെലികോപ്റ്ററുകളും എഫ്-16 യുദ്ധവിമാനങ്ങളുമാണ് മിസൈലുകളും ബോംബുകളും വര്‍ഷിച്ചത്. ഓരോ ലക് ഷ്യസ്ഥാനത്തേക്കും ചുരുങ്ങിയത് നാല് മിസൈലുകള്‍ വീതമാണ് തൊടുത്തതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. 1967ലെ അധിനിവേശവ്യാപനാക്രമണത്തിന് ശേഷം ഇസ്രായേലിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏറ്റവും കനത്ത ആക്രമണമാണിതെന്ന് മിഡിലീസ്റ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 155ലേറെ പേര്‍ കൊല്ലപ്പെട്ടു


ഗസ്സ: ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 155 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ 120ഉം ഖാന്‍ യൂനുസില്‍ 25ലധികവും പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികമാളുകള്‍ക്ക് പരിക്കേറ്റതായും ഗസ്സയിലെ ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.


ശനിയാഴ്ച ഉച്ചക്കാണ് അധിനിവേശ സേന എഫ്-16, അപ്പാഷെ വിമാനങ്ങളുപയോഗിച്ച് ഗസ്സയിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ബോംബും മിസൈലും വര്‍ഷിക്കുകയായിരുന്നു. ഒരേസമയം ഇരുപതോളം ബോംബറുകളാണ് പോലിസ് ആക്രമണം നടത്തിയത്. സ്റ്റേഷനുകളോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളിലാണ് മിക്ക ആക്രമണങ്ങളും നടന്നത്. വിദ്യാലയങ്ങളും ഓഫീസുകളും വിട്ട് ആളുകള്‍ പുറത്തുപോകുന്ന സമയത്തായിരുന്നു ആക്രമണം.നിരവധി പോലിസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഗസ്സ പോലിസ് ഡയറക്ടര്‍ ക്യാപ്റ്റന്‍ തൗഫീഖ് ജബറുമുള്‍പ്പെടും.
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ബോംബിംഗ് തുടരുന്നതിനാല്‍ മരണസംഖ്യയെ കുറിച്ച് കൃത്യമായ കണക്ക് ലഭ്യമല്ല. സൗകര്യങ്ങളില്ലാത്തതിനാല്‍ പിക്കപ് തുടങ്ങിയ വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത്. ഫലസ്തീന്‍ പോരാളികള്‍ ഇസ്രായേലിലേക്ക് മിസൈല്‍ തൊടുക്കുന്നതിനുള്ള തിരിച്ചടിയാണ് നടപടിയെന്നാണ് ഇസ്രായേലിന്‍റെ വിശദീകരണം.ഇസ്രായേലിന്‍റെ ക്രൂരമായ കടന്നാക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവത്തെ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസ് ശക്തിയായി അപലപിച്ചു. ഈജിപ്തും ഇസ്രായേലിന്‍റെ ക്രൂരാക്രമണത്തെ അപലപിച്ചു. സംഭവത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്നും ഇരുപക്ഷവും വെടിനിര്‍ത്തലിന് തയാറാകണമെന്നും ഈജിപ്ത് പ്രസിഡന്‍റ് കാര്യാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഇസ്രായേലിന്‍റെ സഖ്യകക്ഷിയായി മാറിക്കഴിഞ്ഞ ഈജിപ്തിന്‍റെ നിലപാടില്‍ മുസ്ലിം ബ്രദര്‍ഹുഡ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഏതാനും‍ ദിവസം മുമ്പ് ഈജിപ്തിന്‍റെ മണ്ണില്‍ വെച്ചാണ് ഇസ്രായേല്‍ വിദേശമന്ത്രി സിപി ലിവ്നി ആക്രമണ മുന്നറിയിപ്പ് നല്‍കിയത്. അപ്പോള്‍ നിശബ്ദമായി കേട്ടുനിന്ന ഈജിപ്തും ലോകരാജ്യങ്ങളും ഇപ്പോള്‍ അപലപിക്കുന്നതില്‍ കാര്യമില്ലെന്ന് ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മഹ് ദി ആകിഫ് ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂനിയനും അറബ് നേതാക്കളും സയണിസ്റ്റുകളുമായി ചങ്ങാത്തത്തിലാകുന്നതാണ് ഇത്തരം ചെയ്തികള്‍ക്ക് ഇസ്രായേലിന് കരുത്തേകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


ഇസ്രായേലിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച അറബ് ലീഗിന്‍റെ അടിയന്തരയോഗം അടുത്തദിവസം ചേര്‍ന്നേക്കും. ഹമാസുമായി നിലനിന്നിരുന്ന വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് ജൂതസൈന്യത്തിന്‍റെ നിഷ്ഠൂരാക്രമണത്തിന് ഗാസ ഇരയാകുന്നത്.

Friday, December 26, 2008

ഹമാസിനെ വീഴ്ത്താന്‍ ഫതഹ് നേതാവിന്‍റെ മെമ്മോ

മുഹമ്മദ് ദഹ് ലാന്‍ അബ്ബാസിന് നല്‍കിയ മെമ്മോ
ഗസ്സ: ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിനെ തകര്‍ക്കാനുള്ള പദ്ധതികള്‍ വിശദീകരിച്ച് ഫതഹ് നേതാവും മുന്‍ സുരക്ഷാ മേധാവിയുമായ മുഹമ്മദ് ദഹ് ലാന്‍ പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിന് നല്‍കിയ മെമ്മോ ഹമാസ് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് നിസ്സാല്‍ പുറത്തുവിട്ടു. ദഹ് ലാന്‍റെ സ്വന്തം കൈപ്പടയിലുള്ളതാണ് മെമ്മോ.
മുഹമ്മദ് ദഹ് ലാന്‍
പതിനായിരം സുരക്ഷാ സൈനികരെ സജ്ജമാക്കുക, റഫാ അതിര്‍ത്തി അടക്കുക, ഹമാസ് നേതാക്കളുടെ ഈജിപ്ത് യാത്രകള്‍ തടയുക, അതുമുഖേന ഗസ്സയിലേക്കുള്ള ധനസഹായങ്ങള്‍ തടയുക, ഗസ്സ- ഈജിപ്ത് തുരങ്കങ്ങള്‍ തകര്‍ക്കുക തുടങ്ങിയവയാണ് ഹമാസിനെ ജനകീയമായി തകര്‍ക്കാനുള്ള പദ്ധതിയില്‍ ദഹ് ലാന്‍ നിര്‍ദേശിച്ചത്.
*******************************************************************
ഹമാസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഫതഹും അമേരിക്കയും പദ്ധതിയിട്ടു. ( ഫയല്‍ റിപ്പോര്‍ട്ട് ). വായിക്കുക:http://meastnews.blogspot.com/2008/04/blog-post_14.html

ഫലസ്തീന്‍ സുരക്ഷാ വിഭാഗം കൂലിചാരവൃത്തിക്കാരെന്ന് ഹമാസ്


മുഹമ്മദ് നിസാല്‍ പുറത്തുവിട്ട രേഖകളിലൊന്ന്

ദോഹ: ഫതഹ് പാര്‍ട്ടിയുടെ അധീനതയിലുള്ള ഫലസ്തീന്‍ സുരക്ഷാ വകുപ്പ് അറബ് രാജ്യങ്ങളിലും മറ്റും ചാരവൃത്തി നടത്തിയെന്ന് ഹമാസ്. ഫതഹിന്‍റെ സുരക്ഷാ വകുപ്പ് വിവിധ രാജ്യങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി ചാരപ്പണി നടത്തിയതായി പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് നിസ്സാല്‍ ആണ് ആരോപണമുന്നയിച്ചത്. അല്‍ജസീറ ചാനലിന്‍റെ 'അതിരുകളില്ലാതെ' എന്ന പരിപാടിയില്‍ ആരോപണത്തിനാധാരമായ രേഖകള്‍ ഹാജരാക്കി. ഹമാസ് ഗാസയുടെ ആധിപത്യം ഏറ്റെടുത്ത ശേഷം നടത്തിയ തെരച്ചിലില്‍ സുരക്ഷാ കാര്യാലങ്ങളില്‍ നിന്ന് ലഭിച്ച രേഖകളാണിവ. ഫലസ്തീന്‍ സുരക്ഷാ മേധാവി മുഹമ്മദ് ദഹ് ലാന്‍റെ നേതൃത്വത്തിലുള്ള വിഭാഗം കൂലിചാരവൃത്തിക്കാരായി അധ:പതിച്ചതായി നിസ്സാല്‍ കുറ്റപ്പെടുത്തി.

ഫതഹിന്‍റെ ചാരവൃത്തിക്ക് വിധേയമായവയില്‍ പാകിസ്ഥാന്‍റെ ആണവനിലയങ്ങളും ഉള്‍പ്പെടും.‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ട് തകര്‍ക്കും മുമ്പ് സുഡാനിലെ അല്‍ശിഫാ ഫാക്ടറിയില്‍ ചാരവൃത്തി നടന്നിരുന്നു. റഷ്യക്ക് വേണ്ടി ചെച്നിയന്‍ പോരാളികള്‍ക്ക് നേരെയും ലബനാനിലെ ഹിസ്ബുല്ലക്ക് നേരെയും ബെല്‍ജിയത്തിലെ ഇസ്ലാമിക കൂട്ടായ്മകള്‍ക്ക് നേരെയും ഫതഹിന്‍റെ ചാരക്കൈകള്‍ നീണ്ടു. സുഡാനില്‍ ഇറാന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഫ്രഞ്ച് ഇന്‍റലിജന്‍റ്സ് ഫലസ്തീന്‍ ഇന്‍റലിജന്‍റ്സിനോട് നിര്‍ദേശിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു.


ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിന് മേലും ചാരപ്പണി നടത്താന്‍ സുരക്ഷാ വിഭാഗം മടിച്ചില്ല. അഹ്മദ് യാസീന്‍, അബ്ദുല്‍ അസീസ് റിന്‍തീസി എന്നിവരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതടക്കമുള്ള നീചവൃത്തികള്‍ ഫതഹ് അധീനതയിലുള്ള സുരക്ഷാ വിഭാഗത്തില്‍ നിന്നുണ്ടായി. ആഭ്യന്തര ശൈഥില്യം ഭയന്ന് അവ പുറത്തുപറയാതിരിക്കുകയായിരുന്നു ഹമാസ്. ചില കൊലപാതകങ്ങള്‍ നടപ്പാക്കിയതിലും ഇവര്‍ക്ക് വ്യക്തമായ പങ്കുണ്ട്. നിരവധി രാജ്യങ്ങളിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ മേല്‍ ഇത്തരം ചാരവൃത്തികള്‍ നടന്നിട്ടുണ്ട്. മുഹമ്മദ് ദഹ് ലാന്‍, ഇന്‍റലിജന്‍റ്സ് മേധാവി തൗഫീഖ് അല്‍ത്വയ്റാവി തുടങ്ങിയ അഴിമതിക്കാരും ഒറ്റുകാരും അനുരഞ്ജനത്തിന്‍റെ മറവില്‍ വീണ്ടും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലെത്തരുതെന്നതിനാലാണ് ഇത്രകാലം പുറത്തുവിടാതിരുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതരായതെന്ന് നിസ്സാല്‍ വ്യക്തമാക്കി.