Wednesday, March 11, 2009

യാസിര്‍ അല്‍വാദിയ ഫലസ്തീന്‍ പ്രധാനമന്ത്രിയായേക്കും

കെയ്റോ: ഫലസ്തീനില്‍ സഖ്യസര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള അനുരഞ്ജന ചര്‍ച്ച കെയ്റോയില്‍ പുരോഗമിക്കുന്നു. ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഹമാസും ഫതഹും അറിയിച്ചു. ചില സുപ്രധാന കടമ്പകള്‍ തരണം ചെയ്തതായി ഫലസ്തീന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഫലസ്തീന്‍ ജനതയുടെ ഐക്യദാഹത്തിന് ഉടന്‍ അറുതിയാകുമെന്ന് ബന്ധപ്പെട്ടവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

രാജിവെച്ച സലാം ഫയ്യാദ് പ്രധാനമന്ത്രിയായി പുതിയ സര്‍ക്കാര്‍ വരുന്നതിനോടും മഹ് മൂദ് അബ്ബാസ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരുന്നതിനോടും ഹമാസ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. രാഷ്ട്രീയ പരിചയമില്ലാത്ത ടെക്നോക്രാറ്റിനെ പ്രധാനമന്ത്രിയായി അവരോധിക്കുന്നത് അംഗീകരിക്കില്ലെന്നാണ് ഹമാസ് നിലപാട്. ഹമാസിന് പ്രധാനമന്ത്രി പദം നല്‍കുന്നതിനോട് ഫതഹും കടുത്ത വിയോജിപ്പറിയിച്ചു. പുതിയ പ്രധാനമന്ത്രിഒരു കക്ഷിയിലും പെടാത്ത സ്വതന്ത്ര വ്യക്തിത്വമായിരിക്കുമെന്ന് ഉറപ്പാണെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഫലസ്തീന്‍ വൃത്തങ്ങള്‍ അല്‍ജസീറ ചാനലിനോട് വെളിപ്പെടുത്തി.

ഈ സാഹചര്യത്തില്‍ ഗസ്സക്കാരനും സ്വതന്ത്രനുമായ ഡോ. യാസിര്‍ അല്‍വാദിയയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ വരുമെന്നാണ് പ്രതീക്ഷ. ഹമാസിനും ഫതഹിനും സ്വീകാര്യനാണ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റുള്ള യാസിര്‍. ഫലസ്തീന്‍ സന്ദര്‍ശിച്ച അമേരിക്കന്‍, യൂറോപ്യന്‍ പ്രതിനിധിസംഘങ്ങള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈജിപ്തിന്‍റെയും അറബ് ലീഗിന്‍റെയും മാധ്യസ്ഥതയില്‍ ഫലസ്തീനില്‍ അനുരഞ്ജനത്തിന്‍റെ പുതിയ പ്രഭാതം കാത്തിരിക്കുകയാണ് ഏറെക്കാലമായി ഫലസ്തീനികള്‍.

ത്വാരിഖ് അസീസിന് 15 വര്‍ഷം തടവ്; സദ്ദാം സഹോദരന്‍മാര്‍ക്ക് വധശിക്ഷ


ബഗ്ദാദ്: സദ്ദാം ഹുസൈന്‍ ഭരണകാലത്തെ ഇറാഖ് ഉപപ്രധാനമന്ത്രിയായിരുന്ന ത്വാരിഖ് അസീസിനെ കോടതി പതിനഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. നിയമവിരുദ്ധമായി വിലകയറ്റിയതിന് 1992ല്‍ നിരവധി വ്യാപാരികളെ വധിച്ച കുറ്റത്തിനാണ് ശിക്ഷ. സദ്ദാമിന്‍റെ സഹോദരന്‍മാരായ വത്ബാന്‍, സബ്ആവി അല്‍ഹസന്‍ എന്നിവര്‍ക്ക് ഇതേകേസില്‍ വധശിക്ഷ വിധിക്കുകയും ചെയ്തു. 1999ല്‍ ശിയാക്കളെ കൂട്ടക്കൊല ചെയ്ത കേസില്‍ ഇതേകോടതി രണ്ടാഴ്ച മുമ്പ് ത്വാരിഖ് അസീസിനെ വെറുതെവിട്ടിരുന്നു. സദ്ദാമിന്‍റെ ബന്ധു അലി ഹസന്‍ അല്‍മജീദിന് (കെമിക്കല്‍ അലി) പ്രസ്തുത കേസില്‍ വധശിക്ഷ വിധിച്ചിരുന്നു.

Tuesday, March 10, 2009

ബഹ്റൈനെതിരായ പ്രസ്താവന ഇറാന്‍റെ അഭിപ്രായമല്ല- നജാദ്


തെഹ്റാന്‍: ബഹ്റൈന്‍റെ പരമാധികാരത്തെ ഹനിക്കുന്ന വിവാദമായ പ്രസ്താവന രാജ്യത്തിന്‍റെ ഔദ്യോഗികാഭിപ്രായമല്ലെന്ന് ഇറാന്‍ പ്രസിഡന്‍റ് അഹ് മദി നജാദ് വ്യക്തമാക്കി. പ്രശസ്ത അറബ് കോളമിസ്റ്റ് ഫഹ് മി ഹുവൈദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നജാദ് നിലപാട് വ്യക്തമാക്കിയത്. ബഹ്റൈന്‍ ഇറാന്‍റെ പതിനാലാമത്തെ പ്രവിശ്യയാണെന്ന് ഇറാന്‍ ആത്മീയ നേതാവിന്‍റെ കാര്യാലയത്തിലെ ഇന്‍സ്പെക്ഷന്‍ മേധാവി അലി അക്ബര്‍ നൂരിയുടെ പ്രസ്താവനയാണ് വിവാദമായിരുന്നത്. അലിനൂരിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും എന്നാല്‍ വ്യക്തിപരമായ അഭിപ്രായത്തിന്‍റെ പേരില്‍ ആരെയും വിചാരണ ചെയ്യുന്ന കീഴ്വഴക്കം ഇറാനിലില്ലെന്നും അദ്ദേഹം പറഞ്ഞു. അറബ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ഫഹ് മി ഹുവൈദിയുടെ ഏറ്റവും പുതിയ ലേഖനത്തിലാണ് നജാദുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.


അലിനൂരിയുടെ വ്യക്തിപരമായ അഭിപ്രായം ഇറാന്‍റെ ഔദ്യോഗികാഭിപ്രായമായി ചിത്രീകരിച്ച് അവസരം മുതലെടുക്കാന്‍ ശ്രമിച്ചവരാണ് അതൊരു പ്രതിസന്ധിയാക്കി മാറ്റിയത്. ഇറാന്‍റെ വിശദീകരണം ബഹ്റൈന്‍ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഇരു ആഭ്യന്തര മന്ത്രിമാരും പരസ്പരം സന്ദര്‍ശനം നടത്തുകയും ചെയ്തതോടെ ആ അധ്യായം അവസാനിച്ചതായി നജാദ് ചൂണ്ടിക്കാട്ടി.

ഹമാസിന്‍റെ ജനപിന്തുണ കുത്തനെ ഉയര്‍ന്നു


റാമല്ല (വെസ്റ്റ് ബാങ്ക്): ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണാനന്തരം ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിന്‍റെ ജനപിന്തുണ കുത്തനെ ഉയര്‍ന്നതായി അഭിപ്രായ സര്‍വേ. തെരഞ്ഞെടുപ്പ് നടക്കുന്ന പക്ഷം ഇസ്മാഈല്‍ ഹനിയ്യയുടെ നേതൃത്വത്തില്‍ ഹമാസ് വിജയിക്കുമെന്ന് ഫലസ്തീന്‍ സെന്‍റര്‍ ഫോര്‍ പോളിസി ആന്‍റ് സര്‍വെ റിസര്‍ച്ച് നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും 1270 പേര്‍ക്കിടയിലാണ് അഭിപ്രായ സര്‍വേ നടത്തിയത്. ഈജിപ്തിന്‍റെ മാധ്യസ്ഥതയില്‍ ഹമാസും ഫതഹും സഖ്യസര്‍ക്കാര്‍ രൂപവത്കരണത്തിന് ശ്രമം തുടരുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഹമാസിനെ തകര്‍ക്കാന്‍ ലക് ഷ്യമിട്ട ഇസ്രായേലിന്‍റെ ആക്രമണം ഹമാസ് പൂര്‍വാധികം ശക്തിപ്രാപിക്കുന്നതിലാണ് കലാശിച്ചത്. തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഹമാസ് 47% സീറ്റ് നേടും. ഫതഹ് 45%ഉം. മൂന്ന് മാസം മുമ്പ് നടത്തിയ സര്‍വേ പ്രകാരം ഇത് യഥാക്രമം 38%ഉം 48%ഉം ആയിരുന്നു.


അതേസമയം ഇസ്രായേല്‍ തടവിലുള്ള ഫതഹ് നേതാവ് മര്‍വാന്‍ ബര്‍ഗൂഥിക്ക് ഹനിയ്യയെക്കാള്‍ ജനകീയതയുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗസ്സയും വെസ്റ്റ് ബാങ്കും തമ്മിലെ വിഭജനം അവസാനിപ്പിച്ച് ഏകീകരിക്കുകയാണ് അടിയന്തരാവശ്യമെന്ന് 46% ഫലസ്തീനികളും കരുതുന്നു. ഹമാസ് അധികാരത്തിലെത്തിയാല്‍ ഇസ്രായേലിന്‍റെ ഉപരോധം ശക്തിപ്പെടുമെന്നും ഫതഹ് അധികാരത്തിലെത്തിയാല്‍ ഉപരോധം പിന്‍വലിക്കപ്പെടുമെന്നും 65% പേരും കരുതുന്നു. അതേസമയം, ഹമാസ് അധികാരമേറ്റാല്‍ ഉപരോധം മറികടക്കാനാകുമെന്നാണ് ഗസ്സക്കാരുടെ പ്രതീക്ഷയെന്ന് സര്‍വെ ഫലം വ്യക്തമാക്കുന്നു.

Friday, March 6, 2009

മൗറിത്താനിയയിലെ ഇസ്രായേല്‍ എംബസി അടച്ചുപൂട്ടി

ഗസ്സ ആക്രമണത്തില്‍ പ്രതിഷേധിച്ച് മൗറിത്താനിയയില്‍ നടന്ന പ്രതിഷേധ പരിപാടികളിലൊന്ന് (ഫയല്‍ ചിത്രം)


നവാക്ഷൂത്: ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ഉത്തരാഫ്രിക്കന്‍ മുസ്ലിം രാജ്യമായ മൗറിത്താനിയ ഇസ്രായേലിന്‍റെ എംബസി അടച്ചുപൂട്ടി. എംബസി ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനകം രാജ്യം വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫലസ്തീനിലെ ഗസ്സ മുനമ്പില്‍ ആയിരത്തിമുന്നൂറിലേറെ പേരെ കൊന്നൊടുക്കിയ ഇസ്രായേലിന്‍റെ ആക്രമണത്തെ തുടര്‍ന്ന് ദോഹയില്‍ ചേര്‍ന്ന അടിയന്തര ഗസ്സ ഉച്ചകോടിയിലാണ് മൗറിത്താനിയ ഇസ്രായേല്‍ ബന്ധം വിഛേദിക്കാന്‍ തീരുമാനിച്ചത്. ഇസ്രായേലുമായുള്ള വ്യാപാരബന്ധം വിഛേദിക്കാന്‍ ഖത്തറും തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഈജിപ്തും ജോര്‍ദാനും മാത്രമാണ് ഇസ്രായേലുമായി നയതന്ത്രബന്ധം പുലര്‍ത്തുന്ന മുസ്ലിം രാഷ്ട്രങ്ങള്‍.

എംബസി അടക്കാന്‍ തീരുമാനമായതായും അംബാസഡര്‍ അവധിയിലാണെന്നും എംബസി അധികൃതര്‍ അറിയിച്ചു.

മൊറോക്കൊ ഇറാനുമായി നയതന്ത്രബന്ധം വിഛേദിച്ചു

റബാത്ത്: ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ മൊറോക്കൊ തീരുമാനിച്ചു. ബഹ്റൈന്‍റെ പരമാധികാരത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രസ്താവനയുടെ പേരില്‍ സുന്നി അറബ്, ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനെതിരെ ശക്തമായ നിലപാടെടുത്തതിന് പിറകെയാണ് മൊറോക്കൊയുടെ അപ്രതീക്ഷിതനീക്കം. ബഹ്റൈന്‍ ഇറാന്‍റെ പതിനാലാമത്തെ പ്രവിശ്യയാണെന്ന് ഇറാന്‍ ആത്മീയ നേതാവിന്‍റെ കാര്യാലയത്തിലെ ഇന്‍സ്പെക്ഷന്‍ മേധാവി അലി അക്ബര്‍ നൂരിയുടെ പ്രസ്താവനയാണ് വിവാദമായത്. ബഹ്റൈന്‍റെ പരമാധികാരത്തെ മാനിക്കുന്നതായും അതിന് വിരുദ്ധമായ നിലപാടില്ലെന്നും ജിസിസിയുമായി മികച്ച ബന്ധം തുടരുമെന്നും പിന്നീട് വ്യക്തമാക്കിയ ഇറാന്‍റെയും ബഹ്റൈന്‍റെയും വിദേശമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് ബന്ധം പൂര്‍വസ്ഥിതി പ്രാപിച്ചുവരുന്നതിനിടെയാണ് കടുത്ത നിലപാടുമായി മൊറോക്കൊ രംഗത്തുവന്നത്.


കഴിഞ്ഞമാസം ഇരുപത്തഞ്ചിന് റബാത്തിലെ ഇറാന്‍ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തിയ വിദേശമന്ത്രാലയം ബഹ്റൈനെതിരായ പ്രസ്താവനയില്‍ വിശദീകരണമാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. രാജ്യത്ത് ഛിദ്രതയുണ്ടാക്കാന്‍ ശ്രമിക്കുന്ന ഇറാന്‍ എംബസി, പൊതുവായ മതകാഴ്ചപ്പാടിനും മതധാരക്കും എതിരായ നീക്കം നടത്തുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ആരോപിച്ചു.

Thursday, March 5, 2009

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ കുറിച്ച്

കൂട്ടനരമേധം, വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മനുഷ്യകുലത്തിനെതിരായ കുറ്റങ്ങള്‍ എന്നിവ വിചാരണ ചെയ്യുന്നതിന് അന്താരാഷ്ട്ര തലത്തിലുള്ള സ്ഥിരം ട്രൈബ്യൂണലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി). റോം ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ 2002 ജൂലൈ ഒന്നിനാണ് നെതര്‍ലന്‍റ്സിലെ ഹേഗ് ആസ്ഥാനമായി ഐ.സി.സി നിയമപരമായി നിലവില്‍വന്നത്. 1998 ജൂലൈ പതിനേഴിന് ഇറ്റലിയില്‍ ചെര്‍ന്ന യുഎന്‍ പൊതുസഭയില്‍ 120 രാജ്യങ്ങള്‍ കോടതി സ്ഥാപിക്കുന്നതിന് അനുകൂലമായും ഏഴ് രാജ്യങ്ങള്‍ പ്രതികൂലിച്ചും വോട്ടുചെയ്തപ്പോള്‍ ഇരുപത്തൊന്ന് രാജ്യങ്ങള്‍ വിട്ടുനിന്നു. അമേരിക്ക, ചൈന, ഇസ്രായേല്‍, ഇറാഖ്, ലിബിയ, ഖത്തര്‍, യമന്‍ എന്നിവരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. എന്നാല്‍ 108 രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ ഐസിസിയില്‍ അംഗങ്ങളായിട്ടുള്ളത്. ഇന്ത്യ, അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ പ്രമുഖരടക്കം പകുതിയിലധികം രാജ്യങ്ങള്‍ ഇനിയും അംഗങ്ങളല്ല. നാല്പത്തിയൊന്ന് രാജ്യങ്ങള്‍ ഒപ്പുവെച്ചങ്കിലും ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല. അംഗങ്ങളല്ലാത്ത രാജ്യങ്ങള്‍ക്ക് കോടതി ബാധകമല്ല.
ഏതാണ്ടെല്ലാ യൂറോപ്യന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും പകുതിയോളം ആഫ്രിക്കന്‍ രാജ്യങ്ങളും അംഗങ്ങളാണ്. അംഗങ്ങള്‍ക്കാണ് ഐസിസിയുടെ ‍ഫൈനാന്‍സിംഗ്. ബജറ്റിന്‍റെ പകുതിയും വഹിക്കുന്നത് യൂറോപ്യന്‍ രാഷ്ട്രങ്ങളാണ്.കനേഡിയന്‍ നിയമജ്ഞന്‍ ഫിലിപ്പ് കിര്‍ഷാണ് 2006 മാര്‍ച്ച് പതിനൊന്ന് മുതല്‍ ഐസിസി പ്രസിഡന്‍റ്.‍ അര്‍ജന്‍റീനക്കാരനായ ലൂയിസ് മൊറീനൊ ഒകാംബോയാണ് 2003 ഏപ്രില്‍ 21 മുതല്‍ പ്രോസിക്യൂട്ടര്‍. ഇരുവരുടെയും കാലാവധി ഒമ്പത് വര്‍ഷമാണ്.

ഇതുവരെയുള്ള കേസുകള്‍

അംഗ രാജ്യങ്ങളില്‍ നടക്കുന്ന മേല്പരാമര്‍ശിച്ച ഇനങ്ങളില്‍ പെടുന്ന കുറ്റങ്ങള്‍ക്ക് അതാത് രാജ്യങ്ങളില്‍ കോടതി നടപടിയുണ്ടായില്ലെങ്കില്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ നിര്‍ദേശപ്രകാരമാണ് ഐസിസി കേസ് വിചാരണക്കെടുക്കുക. 139 രാജ്യങ്ങളില്‍ നിന്നുള്ള കേസുകള്‍ ഉന്നയിക്കപ്പെട്ടെങ്കിലും ഇതുവരെ നാല് കേസുകളാണ് കോടതി പരിഗണിച്ചത്. പതിമൂന്ന് പേര്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. ഇതില്‍ ഏഴ് പേര്‍ ഇപ്പോഴും സ്വതന്ത്രരാണ്. നാല് പേര്‍ കസ്റ്റഡിയില്‍. രണ്ട് പേര്‍ മരിച്ചു. ഉഗാണ്ട, കോംഗോ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ദാര്‍ഫൂര്‍ എന്നിവിടങ്ങളിലെ കേസുകളാണ് പരിഗണിക്കപ്പെട്ടത്.

1- വടക്കന്‍ ഉഗാണ്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വംശീയ ഗറില്ലാ സംഘടനയായ ലോര്‍ഡ്സ് റെസിസ്റ്റന്‍സ് ആര്‍മി കമാന്‍റര്‍മാരായ ജോസഫ് കോനി, വിന്‍സന്‍റ് ഒറ്റി(2007ല്‍ മരിച്ചു), റസ്ക ലൂക്വിയ(2006ല്‍ മരണം), ഡൊമിനിക് ഒന്‍ഗ്വെന്‍, ഒകോറ്റ് ഒഡിയംബൊ(2008 ഏപ്രിലില്‍ മരിച്ചെന്ന് ശ്രുതിയുണ്ടായിരുന്നു) എന്നിവര്‍ക്കെതിരെയാണ് വാറന്‍റ് ഇറക്കിയത്. കോടതിയുടെ ആദ്യ വാറന്‍റ് ജോസഫ് കോനിക്കായിരുന്നു. 2004 ജൂലൈയിലാണ് അന്വേഷണം ആരംഭിച്ചത്.

2- കോംഗോയിലെ യൂനിയന്‍ ഓഫ് കോംഗോലിസ് പാട്രിയറ്റ്സ് മിലീഷ്യയുടെ മുന്‍ മേധാവി തോമസ് ലുബാംഗയാണ് ആദ്യമായി ഐസിസിയുടെ അറസ്റ്റിലായത്. 2006 മാര്‍ച്ച് പതിനേഴിനായിരുന്നു അറസ്റ്റ്. 2004 ജൂണിലാണ് അന്വേഷണമാരംഭിച്ചത്. തുടര്‍ന്ന് യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യകുലത്തിനെതിരായ കുറ്റങ്ങളുടെയും പേരില്‍ കോംഗോയിലെ നാഷനല്‍ ഇന്‍റിഗ്രേഷനിസ്റ്റ് ഫ്രണ്ട് മുന്‍ സീനിയര്‍ കമാന്‍റര്‍ മതിയു എന്‍ഗുജൊലൊ ചുയ് 2008 ഫെബ്രുവരി ആറിനും പാട്രിയറ്റിക് റെസിസ്റ്റന്‍സ് ഫോഴ്സ് ഇന്‍ ഇറ്റുരി മുന്‍ നേതാവ് ഗെര്‍മൈന്‍ കാറ്റംഗ 2007 ഒക്ടോബര്‍ പതിനേഴിനും കോംഗോ സര്‍ക്കാര്‍ മുഖേന കോടതിയുടെ കസ്റ്റഡിയിലായി. കോംഗോയിലെ മിലീഷ്യകളിലൊന്നായ നാഷനല്‍ കോണ്‍ഗ്രസ് ഫോ ഡിഫന്‍സ് ഓഫ് ദി പീപ്പിള്‍ ഉന്നതമേധാവി ബോസ്കൊ എന്‍റ്റഗന്‍ഡ ഇപ്പോഴും പിടികൊടുത്തിട്ടില്ല.

3- യുദ്ധ, മനുഷ്യവിരുദ്ധ കുറ്റങ്ങളുടെ പേരില്‍ അന്വേഷണം നേരിട്ട സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് മുന്‍ വൈസ് പ്രസിഡന്‍റ് ജീന്‍ പിയറി ബെംബക്ക് 2008 മെയ് ഇരുപത്തിമൂന്നിന് വാറന്‍റ് നല്‍കുകയും 2008 ജൂലൈ മൂന്നിന് അദ്ദേഹം കീഴടങ്ങുകയും ചെയ്തു.

4- സുഡാനിലെ ദാര്‍ഫൂര്‍: 2005 മാര്‍ച്ച് മുപ്പത്തിയൊന്നിനാണ് രക്ഷാസമിതി ദാര്‍ഫൂ അന്വേഷണം ഐസിസിക്ക് റഫര്‍ ചെയ്തത്. 2005 ജൂണില്‍ അന്വേഷണമാരംഭിച്ചു. സുഡാന്‍ പ്രസിഡന്‍റ് ഉമര്‍ ബശീര്‍, ജനക്ഷേമമന്ത്രി അഹ് മദ് മുഹമ്മദ് ഹാറൂന്‍, ജന്‍ജവീദ് മിലിഷ്യ മേധാവി അലി കുസൈബ് എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. ഉമറുല്‍ ബശീറിനെതിരെ 2009 മാര്‍ച്ച് നാലിനും മറ്റുള്ളവര്‍ക്കെതിരെ2007 മെയ് രണ്ടിനും അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. വിധി തള്ളിയ സുഡാന്‍ സര്‍ക്കാര്‍, ഇവരെ കൈമാറില്ലെന്ന് പ്രഖ്യാപിച്ചു.

സുഡാന്‍ പ്രസിഡന്‍റിനെതിരായ വാറന്‍റ് അറബ് ലോകം തള്ളി; അറസ്റ്റ് നീക്കം ഒഴിവാക്കാന്‍ ശ്രമം

ഖാര്‍ത്തൂം: ദാര്‍ഫൂര്‍ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ സുഡാന്‍ പ്രസിഡന്‍റ് ഉമര്‍ ഹസന്‍ അല്‍ബശീറിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമായി. വിശിഷ്യാ, അറബ് ലോകത്ത് പ്രതിഷേധം അലയടിക്കുകയാണ്. വാറന്‍റിനെ പുച്ഛിച്ചു തള്ളിയ സുഡാന്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സുഡാനില്‍ ജനം തെരുവിലിറങ്ങി. അറബ് ലീഗ് വിദേശമന്ത്രിതലയോഗം അന്താരാഷ്ട്ര കോടതിയുടെ വാറന്‍റ് തള്ളിക്കളഞ്ഞിട്ടുണ്ട്. അതേസമയം, സുഡാന് പുറത്ത് എവിടെവെച്ചും അറസ്റ്റ് ചെയ്യുമെന്ന കോടതിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കാന്‍ അറബ് രാജ്യങ്ങള്‍ നയതന്ത്ര ശ്രമം തുടങ്ങി. ഇതിന്‍റെ ഭാഗമായി പ്രത്യേക ദൗത്യസംഘത്തിന് രൂപംനല്‍കിയിട്ടുണ്ട്. അടുത്തദിവസം യുഎന്‍ രക്ഷാസമിതി സ്ഥിരാംഗരാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്ന സംഘം വാറന്‍റ് മരവിപ്പിക്കണമെന്നാവശ്യപ്പെടും. ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കെങ്കിലും മരവിപ്പിക്കണമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറ് മൂസ ആവശ്യപ്പെട്ടിട്ടുണ്ട്. വാറന്‍റ് ഒരു വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ രക്ഷാസമിതിക്ക് അധികാരമുണ്ട്. ആഫ്രിക്കന്‍ യൂനിയനും സുഡാനൊപ്പമാണ്.
അതിനിടെ ചൈനയും റഷ്യയും സുഡാന് അനുകൂലമായ നിലപാടുമായി രംഗത്തെത്തി. നടപടി മരവിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. അറസ്റ്റ് നീക്കം സുഡാന്‍റെ ഭാവിയെയും സ്ഥിരതയെയും സുരക്ഷയെയും ഗുരുതരമായി ബാധിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, അമേരിക്ക ഇരുപക്ഷവും പിടിക്കാത്ത നിലപാടാണെടുത്തത്. യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്ന ഭരണാധികാരികള്‍ വിചാരണ ചെയ്യപ്പെടണമെന്നും എന്നാല്‍ കോടതി നടപടി തെറ്റാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് കോടതിക്ക് മുമ്പാകെ സ്ഥാപിക്കാന്‍ സുഡാന് അവകാശമുണ്ടെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ചില സെനറ്റര്‍മാര്‍ ഉമറുല്‍ ബശീറിനെതിരായ നടപടി മരവിപ്പിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

ബശീറിനെതിരായ വാറന്‍റ് വിവരം ഹേഗില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒകാംബൊ പ്രഖ്യാപിക്കുന്നു
ആദ്യമായാണ് ഒരു രാഷ്ട്രത്തലവനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വാറന്‍റ് പുറപ്പെടുവിക്കുന്നത്. ആകാശത്തുവെച്ചും ബശീറിനെ അറസ്റ്റ് ചെയ്യാന്‍ മടിക്കില്ലെന്ന് അന്താരാഷ്ട്ര കോടതി ചീഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ ലൂയിസ് മൊറീനൊ ഒകാംബൊ അല്‍അറബിയ്യ ചാനലിനോട് പറഞ്ഞു. അതേസമയം, ഈ മാസാവസാനം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചേരുന്ന ഇരുപത്തൊന്നാമത് അറബ് ഉച്ചകോടിയില്‍ പ്രസിഡന്‍റ് പങ്കെടുക്കുമെന്ന് സുഡാന്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കോടതി സാമ്രാജ്യത്വ ഉപകരണമാണെന്ന് പറഞ്ഞ ഉമറുല്‍ ബശീര്‍, തനിക്കെതിരായ വാറന്‍റ് അവര്‍ വെള്ളത്തിലിട്ട് കുടിക്കട്ടെയെന്ന് പരിഹസിച്ചു.

Sunday, March 1, 2009

ഇസ്രായേല്‍ രാഷ്ട്രം: മഹ് മൂദ് അബ്ബാസിന് പാശ്ചാത്യ സ്വരം

റാമല്ല: അധിനിവേശ ശക്തിക്ക് വേണ്ടി വാദിക്കാന്‍ ഇരകളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ആളെക്കിട്ടുകയെന്ന ചരിത്ര യാഥാര്‍ഥ്യത്തെ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ് മൂദ് ആബ്ബാസ് ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. ഹമാസും ഫതഹുമടക്കമുള്ള മുഴുവന്‍ ഫലസ്തീന്‍ കക്ഷികളുടെയും പങ്കാളിത്തത്തോടെയുള്ള സഖ്യസര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഇസ്രായേലിന്‍റെ അസ്തിത്വം ഹമാസ് അംഗീകരിക്കണമെന്ന് അബ്ബാസ് ആവശ്യപ്പെട്ടു. ഇസ്രായേലിനെ അംഗീകരിക്കുന്നതടക്കം അന്താരാഷ്ട്ര സമൂഹം (അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും) മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ അംഗീകരിക്കാതെ സഖ്യ സര്‍ക്കാര്‍ സാധ്യമല്ലെന്ന് അബൂമാസിന്‍ പ്രഖ്യാപിച്ചു. ഫലസ്തീന്‍ അനുരഞ്ജനത്തെ അട്ടിമറിക്കുന്നതും ഇസ്രായേലിന് കരുത്തുപകരുന്നതുമാണ് അബൂമാസിന്‍റെ പ്രസ്താവന. പാശ്ചാത്യ രാജ്യങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് അബ്ബാസ് ആവര്‍ത്തിച്ചത്. ഇസ്രായേലിനെ അംഗീകരിക്കാതെ ഹമാസ് സഖ്യകക്ഷിയായി ഫലസ്തീനില്‍ സര്‍ക്കാര്‍ വരുന്ന പക്ഷം സഹകരിക്കില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ ആവശ്യപ്പെട്ടത് സ്വാഭാവികമാണ്. എന്നാല്‍ അബ്ബാസും അതേറ്റുപിടിച്ചതാണ് ആശ്ചര്യകരം. അബ്ബാസിന് ഫലസ്തീന്‍- അറബ് പൊതുസമൂഹത്തിലുള്ള 'ഇസ്രായേല്‍ ചാര'നെന്ന പ്രതിച്ഛായ കൂടുതല്‍ ശക്തമാക്കുന്നതാണ് ഒടുവിലത്തെ പ്രസ്താവനയെന്ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.