Tuesday, February 10, 2009

ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഇന്ന്; എക്സിറ്റ് പോള്‍ പ്രവചനം ലിക്കുഡിന് അനുകൂലം

നെതന്യാഹു
ജറൂസലം: പതിനെട്ടാമത് ഇസ്രായേല്‍ പാര്‍ലമെന്‍റ് (നെസറ്റ്) തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കടുത്ത മത്സരം പ്രതീക്ഷിക്കുന്ന ഇത്തവണ മുന്‍ തെരഞ്ഞെടുപ്പുകളെക്കാള്‍ പോളിംഗ് നിരക്ക് കൂടുമെന്നാണ് വിലയിരുത്തല്‍. 120 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പതിനെട്ട് വയസിന് തികഞ്ഞ 5278985 ഇസ്രായേലികള്‍ക്കാണ് സമ്മതിദാനാവകാശമുള്ളത്. ലിക്കുഡ് പാര്‍ട്ടി, കാദിമ, ലേബര്‍ പാര്‍ട്ടി, ഇസ്രായേല്‍ ബെയ്തെയ്നു തുടങ്ങിയവയാണ് പ്രധാനകക്ഷികള്‍.

ലിബര്‍മാന്‍
മുന്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹു നയിക്കുന്ന ലിക്കുഡ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവിലെ വിദേശമന്ത്രി സിപി ലിവ്നി നയിക്കുന്ന കാദിമ പാര്‍ട്ടി കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജനപിന്തുണ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അവിഗ്ദോര്‍ ലിബര്‍മാന്‍ നയിക്കുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ ഇസ്രായേല്‍ ബെയ്തെയ്നു നിലമെച്ചപ്പെടുത്തുകയും ലിക്കുഡും കാദിമയും നേടുന്ന സീറ്റുകളുടെ വ്യത്യാസം കുറയുകയും ചെയ്യുമെന്നാണ് അവസാനഘട്ട പ്രചാരണ പരിപാടികള്‍ സൂചിപ്പിക്കുന്നത്. സുരക്ഷ തന്നെയാണ് ഇത്തവണയും മുഖ്യപ്രചാരണ വിഷയമായത്. 22 ദിവസം തുടര്‍ന്ന ഗസ്സ ആക്രമണത്തിന് തൊട്ടുടനെ നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ ഗസ്സ ആക്രമണത്തിലുള്ള ഹിതപരിശോധനയായും നെസറ്റ് തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നു.

No comments: