Thursday, June 12, 2008

ഫതഹിന്‍റെ കാലം അസ്തമിച്ചു; ഫലസ്തീന്‍റെ ഭാവി പോരാളികളില്‍- അസ്സാം തമീമി


ദോഹ: ഫലസ്തീന്‍ ചരിത്രത്തില്‍ ഫതഹിന്‍റെ കാലം കഴിഞ്ഞെന്നും ഭാവി പോരാട്ടസംഘടനകളുടേതാണെന്നും ബ്രിട്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് പൊളിറ്റിക്കല്‍ തോട്ട് ഡയറക്ടര്‍ അസ്സാം തമീമി. ചെറുത്തുനില്പ് അജണ്ട കയ്യൊഴിഞ്ഞ് ഫലസ്തീന് നഷ്ടം മാത്രം സമ്മാനിക്കുന്ന `സമാധാന`ശ്രമങ്ങളുടെ പിറകെ പോയതോടെ ഫതഹിന്‍റെ പ്രസക്തി നഷ്ടപ്പെട്ടു. ഹമാസ് പിറവിയെടുക്കാനുള്ള മുഖ്യകാരണം ഫതഹിന്‍റെ ഈ നിലപാട് മാറ്റമായിരുന്നെന്ന് ദോഹയിലെ അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു
പോരാട്ടം മാത്രമാണ് ഫലസ്തീന് മുമ്പിലെ ഏകമാര്‍ഗം. പോരാട്ടസംഘടനകളുടെ വിജയം സമയത്തിന്‍റെ മാത്രം പ്രശ്നമാണ്. വൈകിയാണെങ്കിലും പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. കാരണം ആറു പതിറ്റാണ്ടായി ഫലസ്തീന്‍ ജനത അനീതിയുടെ ദുരിതം നേരിടുകയാണ്. അന്തിമവിജയം നീതിയുടെ പക്ഷത്തിനാവുകയെന്നത് ചരിത്രത്തിന്‍റെ അനിവാര്യ പരിണതിയാണ്. ഇപ്പോള്‍ ഫതഹിന്‍റെ പേരില്‍ സംസാരിക്കുന്നവര്‍ നിക്ഷിപ്ത താലപര്യങ്ങളുള്ളവരാണ്. സമാധാനത്തിന്‍റെ പേരില്‍ കച്ചവടം നടത്തുകയാണവര്‍. അതിനാല്‍ ഫലസ്തീന്‍ ജനതയെയല്ല, ഫതഹ് എന്ന കക്ഷിയെ മാത്രമാണവര്‍ പ്രതിനിധീകരിക്കുന്നത്. ഹമാസിനെ ശത്രുവായി കാണുന്ന ഫതഹ് നിലപാട്, അധിനിവേശ താല്പര്യങ്ങള്‍ക്കെതിരു നില്‍ക്കുന്നവരുടെ കഥ കഴിക്കുകയെന്ന അമേരിക്കന്‍- സയണിസ്റ്റ് പദ്ധതിക്ക് ശക്തി പകരുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
അഭയാര്‍ഥികളുടെ തിരിച്ചുവരാനുള്ള അവകാശം ഒരിക്കലും വിലപേശലിന് വിധേയമാക്കരുത്. ലക്ഷക്കണക്കിന് വരുന്ന ഫലസ്തീനികളുടെ സ്വപ്നമാണത്. അത്തരം അടിസ്ഥാന സംഗതികളില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട് പ്രശ്നപരിഹാരം സാധ്യമല്ല. കയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്നതാണ് നിലനില്‍ക്കുന്ന അന്താരാഷ്ട്ര നിയമമെന്ന് അദ്ദേഹം പരിഹസിച്ചു. ഫലസ്തീന്‍ പ്രശ്നം അന്നാട്ടുകാരുടെ മാത്രം പ്രശ്നമല്ല
അതേസമയം, ഇസ്രായേലിന്‍റെ ഭാവിയെക്കുറിച്ച് പാശ്ചാത്യലോകത്തിന് പ്രതീക്ഷ നഷ്ടപ്പെട്ടുതുടങ്ങിയതായി അദ്ദേഹം വിലയിരുത്തി. പാശ്ചാത്യ പിന്തുണയുള്ള സയണിസ്റ്റ് അജണ്ട ജൂതന്‍മാരെ ഒരുമിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. ലോകത്തെവിടെ സമാധാനം ലഭിച്ചാലും ഇസ്രായേലില്‍ തങ്ങള്‍ക്ക് സ്വൈര്യമുണ്ടാകില്ലെന്ന് അവര്‍ക്ക് ബോധ്യമായിരിക്കുന്നു. ഇസ്രായേല്‍ സ്ഥാപിതമായതിന്‍റെ അറുപതാം വാര്‍ഷികാഘോഷം കെങ്കേമമാക്കാന്‍ ഈ പരാജയഭീതിയാണ് സയണിസ്റ്റുകള്‍ക്ക് പ്രേരണയായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു