Thursday, February 12, 2009

ആംനസ്റ്റി ആരോപണം ഹമാസ് നിഷേധിച്ചു

ഗസ്സ: ഇസ്രായേലുമായി സഹകരിക്കുന്നവരെ പീഡിപ്പിക്കുന്നുവെന്ന ആംനസ്റ്റി ഇന്‍റര്‍നാഷനലിന്‍റെ ആരോപണം ഹമാസ് നിഷേധിച്ചു. ആംനസ്റ്റിയുടെ അടിസ്ഥാനരഹിതമായ ആരോപണം പ്രസ്ഥാനത്തിന് മാനഹാനി വരുത്തുന്നതാണെന്ന് ഹമാസ് വക്താവ് ഫൗസീ ബര്‍ഹൂം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഹമാസിനോട് നീതിചെയ്യുന്നതല്ല ആംനസ്റ്റിയുടെ നീക്കം. ഒരുഭാഗത്തിന്‍റെ അഭിപ്രായം മാത്രം സ്വീകരിച്ചാണ് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ ആരോപണമുന്നയിച്ചത്. ഹമാസിന്‍റെ ഭാഗം കേള്‍ക്കാന്‍ അവര്‍ തയാറായില്ല. ഇത് നിഷ്പക്ഷതയല്ല. പ്രഫഷണലിസത്തിന്‍റെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമാണ് ആംനസ്റ്റിയുടെ നടപടി.

ഗസ്സയില്‍ ആയിരക്കണക്കിന് സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ ആംനസ്റ്റിയുടെ ഭാഗത്ത് നിന്ന് ഹമാസിനെതിരെ ഉയര്‍ന്ന വാസ്തവവിരുദ്ധമായ ആരോപണം ദുരൂഹത ഉയര്‍ത്തുന്നതാണ്. ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ നിരോധിത രാസായുധങ്ങള്‍ ഉപയോഗിച്ചതടക്കമുള്ള യുദ്ധക്കുറ്റങ്ങള്‍ ചെയ്തതിന് തെളിവ് ശേഖരിച്ച് നടപടിയെടുക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കേണ്ട സന്ദര്‍ഭത്തിലാണ് ആംനസ്റ്റിയുടെ പ്രസ്താവനയെന്നത് ആശ്ചര്യകരമാണെന്ന് ഫൗസീ ബര്‍ഹൂം കൂട്ടിച്ചേര്‍ത്തു.

No comments: