Wednesday, December 31, 2008

ഇസ്രായേല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹമാസിന്, അതിര്‍ത്തി തുറക്കില്ല- ഈജിപ്ത്

ആരുടെ പക്ഷത്ത്?
കെയ്റോ: ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം സംബന്ധിച്ച് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും തുടരുന്ന ആരോപണം ഈജിപ്തും ഏറ്റുപിടിച്ചു. ഇസ്രായേലിന്‍റെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹമാസിനാണെന്ന് ഈജിപ്ത് പ്രസിഡന്‍റ് ഹുസ്നി മുബാറക് ആരോപിച്ചു. വെടിനിര്‍ത്തല്‍ പുതുക്കിയില്ലെങ്കില്‍ ഇസ്രായേല്‍ ആക്രമിക്കുമെന്ന് ഞങ്ങള്‍ പലവുരു ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചിരുന്നെങ്കില്‍ ആക്രമണം ഒഴിവാക്കാമായിരുന്നു. ഈജിപ്തിന്‍റെ ശ്രമങ്ങളെ തള്ളിക്കളഞ്ഞ ഹമാസ് നടപടിയാണ് ആക്രമണത്തിന്‍റെ വാതില്‍ തുറന്നത്. ഇസ്രായേല്‍ ആക്രമണത്തിന് ഈജിപ്ത് പച്ചക്കൊടി കാട്ടിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഫലസ്തീന് നല്‍കുന്ന പിന്തുണയുടെ കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഫലസ്തീനികളുടെ രക്തംവെച്ച് വിലപേശാന്‍ ആരെയും അനുവദിക്കില്ല. ഫലസ്തീന്‍ കക്ഷികള്‍ സമവായത്തിലെത്തണമെന്നും ഉടന്‍ ആക്രമണം നിര്‍ത്താന്‍ ഇസ്രായേല്‍ തയാറാകണമെന്നും മുബാറക് ആവശ്യപ്പെട്ടു.

അതേസമയം റഫാ അതിര്‍ത്തി പൂര്‍ണമായി തുറക്കില്ലെന്ന് മുബാറക് വ്യക്തമാക്കി. മഹ് മൂദ് അബ്ബാസിന്‍റെ കീഴിലുള്ള സേനയുടെ ആധിപത്യം പുന:സ്ഥാപിക്കുക, അതിര്‍ത്തി കേന്ദ്രങ്ങളില്‍ യൂറോപ്യന്‍ യൂനിയന്‍ നിരീക്ഷകരെ നിയോഗിക്കുക എന്നീ നിബന്ധനകള്‍ പാലിക്കാതെ റഫാ അതിര്‍ത്തി പൂര്‍ണമായി തുറക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഫാ അതിര്‍ത്തി പൂര്‍ണമായും തുറന്നില്ലെന്ന തങ്ങളുടെ വാദം ശരിവെക്കുന്നതാണ് മുബാറകിന്‍റെ പ്രസ്താവനയെന്ന് ഹമാസ് പ്രതികരിച്ചു. ചൊവ്വാഴ്ച അതിര്‍ത്തി തുറന്നയുടന്‍ ഖത്തര്‍, ലിബിയ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ദുരിതാശ്വാസ സാധനങ്ങള്‍ വഹിച്ചുള്ള ട്രക്കുകള്‍ ഗസ്സയില്‍ പ്രവേശിച്ചിരുന്നു. ഇസ്രായേല്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് പിന്നീട് അതിര്‍ത്തി അടക്കുകയായിരുന്നു. നിരവധി ദുരിതാശ്വാസ ട്രക്കുകള്‍ അതിര്‍ത്തിയില്‍ അനുമതി കാത്തുകിടക്കുകയാണ്. അതിര്‍ത്തി അടച്ചിട്ട് ഇസ്രായേല്‍ ഉപരോധത്തിന് ഈജിപ്ത് സഹായം നല്‍കുകയാണെന്ന് ഇറാനും ലബനാനിലെ ഹിസ്ബുല്ലയും ആരോപിച്ചിരുന്നു.

No comments: