Friday, December 26, 2008

ഫലസ്തീന്‍ സുരക്ഷാ വിഭാഗം കൂലിചാരവൃത്തിക്കാരെന്ന് ഹമാസ്


മുഹമ്മദ് നിസാല്‍ പുറത്തുവിട്ട രേഖകളിലൊന്ന്

ദോഹ: ഫതഹ് പാര്‍ട്ടിയുടെ അധീനതയിലുള്ള ഫലസ്തീന്‍ സുരക്ഷാ വകുപ്പ് അറബ് രാജ്യങ്ങളിലും മറ്റും ചാരവൃത്തി നടത്തിയെന്ന് ഹമാസ്. ഫതഹിന്‍റെ സുരക്ഷാ വകുപ്പ് വിവിധ രാജ്യങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി ചാരപ്പണി നടത്തിയതായി പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് നിസ്സാല്‍ ആണ് ആരോപണമുന്നയിച്ചത്. അല്‍ജസീറ ചാനലിന്‍റെ 'അതിരുകളില്ലാതെ' എന്ന പരിപാടിയില്‍ ആരോപണത്തിനാധാരമായ രേഖകള്‍ ഹാജരാക്കി. ഹമാസ് ഗാസയുടെ ആധിപത്യം ഏറ്റെടുത്ത ശേഷം നടത്തിയ തെരച്ചിലില്‍ സുരക്ഷാ കാര്യാലങ്ങളില്‍ നിന്ന് ലഭിച്ച രേഖകളാണിവ. ഫലസ്തീന്‍ സുരക്ഷാ മേധാവി മുഹമ്മദ് ദഹ് ലാന്‍റെ നേതൃത്വത്തിലുള്ള വിഭാഗം കൂലിചാരവൃത്തിക്കാരായി അധ:പതിച്ചതായി നിസ്സാല്‍ കുറ്റപ്പെടുത്തി.

ഫതഹിന്‍റെ ചാരവൃത്തിക്ക് വിധേയമായവയില്‍ പാകിസ്ഥാന്‍റെ ആണവനിലയങ്ങളും ഉള്‍പ്പെടും.‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ട് തകര്‍ക്കും മുമ്പ് സുഡാനിലെ അല്‍ശിഫാ ഫാക്ടറിയില്‍ ചാരവൃത്തി നടന്നിരുന്നു. റഷ്യക്ക് വേണ്ടി ചെച്നിയന്‍ പോരാളികള്‍ക്ക് നേരെയും ലബനാനിലെ ഹിസ്ബുല്ലക്ക് നേരെയും ബെല്‍ജിയത്തിലെ ഇസ്ലാമിക കൂട്ടായ്മകള്‍ക്ക് നേരെയും ഫതഹിന്‍റെ ചാരക്കൈകള്‍ നീണ്ടു. സുഡാനില്‍ ഇറാന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഫ്രഞ്ച് ഇന്‍റലിജന്‍റ്സ് ഫലസ്തീന്‍ ഇന്‍റലിജന്‍റ്സിനോട് നിര്‍ദേശിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു.


ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിന് മേലും ചാരപ്പണി നടത്താന്‍ സുരക്ഷാ വിഭാഗം മടിച്ചില്ല. അഹ്മദ് യാസീന്‍, അബ്ദുല്‍ അസീസ് റിന്‍തീസി എന്നിവരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതടക്കമുള്ള നീചവൃത്തികള്‍ ഫതഹ് അധീനതയിലുള്ള സുരക്ഷാ വിഭാഗത്തില്‍ നിന്നുണ്ടായി. ആഭ്യന്തര ശൈഥില്യം ഭയന്ന് അവ പുറത്തുപറയാതിരിക്കുകയായിരുന്നു ഹമാസ്. ചില കൊലപാതകങ്ങള്‍ നടപ്പാക്കിയതിലും ഇവര്‍ക്ക് വ്യക്തമായ പങ്കുണ്ട്. നിരവധി രാജ്യങ്ങളിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ മേല്‍ ഇത്തരം ചാരവൃത്തികള്‍ നടന്നിട്ടുണ്ട്. മുഹമ്മദ് ദഹ് ലാന്‍, ഇന്‍റലിജന്‍റ്സ് മേധാവി തൗഫീഖ് അല്‍ത്വയ്റാവി തുടങ്ങിയ അഴിമതിക്കാരും ഒറ്റുകാരും അനുരഞ്ജനത്തിന്‍റെ മറവില്‍ വീണ്ടും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലെത്തരുതെന്നതിനാലാണ് ഇത്രകാലം പുറത്തുവിടാതിരുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതരായതെന്ന് നിസ്സാല്‍ വ്യക്തമാക്കി.

No comments: