Sunday, December 28, 2008

ഗസ്സ: മരണം 282; ഇസ്രായേല്‍ കൂടുതല്‍ സേനയെ അയക്കുന്നു

ഗസ്സ: ഗസ്സ മുനമ്പില്‍ രണ്ടം ദനവും തുടരുന്ന ഇസ്രായേല്‍ അധിനിവേശസൈന്യത്തിന്‍റെ രൂക്ഷമായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 282 ആയി. രണ്ടാം ദിവസം 12 പേരാണ് ഇതുവരെ മരിച്ചത്. എഴുന്നൂറിലധികം പേര്‍ക്ക് പരിക്കുണ്ട്. 180 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ ഗസ്സ ആക്രമണത്തിന് കൂടുതല്‍ സൈനികരെ അയക്കാന്‍ ഇസ്രായേല്‍ മന്ത്രിസഭ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന കാബിനറ്റ് യോഗമാണ് തീരുമാനമെടുത്തത്. ഹമാസിനെ തകര്‍ക്കാനുള്ള യുദ്ധം ഉടന്‍ അവസാനിക്കില്ലെന്ന് പ്രതിരോധമന്ത്രി യഹൂദ് ബരാക് ഇന്നലെ പ്രസ്താവിച്ചിരുന്നു. കൂടുതല്‍ സേനയെ അയച്ച് ഗസ്സയില്‍ കുരുതി തുടരാനാണ് അധിനിവേശശക്തിയുടെ നീക്കം.

സിപി ലിവ്നിയെ ഈജിപ്ത് വിദേശകാര്യമന്ത്രി അഹ് മദ് അബുല്‍ ഗൈത് വ്യാഴാഴ്ച കെയ്റോയില്‍ സ്വീകരിച്ചപ്പോള്‍. അറബ് മാധ്യമങ്ങളില്‍ വന്ന ഈ ചിത്രം വന്‍ ജനരോഷത്തിനിടയാക്കി
അതേസമയം, അറബ് ലോകത്ത് ഈജിപ്തിനെതിരെയും പ്രതിഷേധം പുകയുകയാണ്. ഗസ്സക്കെതിരായ ഗൂഡാലോചനയില്‍ ഈജിപ്തിനും പങ്കുണ്ടെന്ന ആരോപണവുമായി മുസ്ലിം ബ്രദര്‍ഹുഡടക്കം വിവിധം സംഘടനകളും നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് കെയ്റോ സന്ദര്‍ശനവേളയില്‍ ഗസ്സയുടെ രൂപം മാറ്റിമറിക്കുമെന്ന് ഇസ്രായേല്‍ വിദേശമന്ത്രി സിപി ലിവ്നി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈജിപ്ത് അന്ന് ഒരക്ഷരമുരിയാടിയില്ല. ലിവ്നിയെ ഹൃദ്യമായി സ്വീകരിക്കുന്ന ഈജിപ്ഷ്യന്‍ വിദേശമന്ത്രിയുടെ ചിത്രം അറബ് മനസുകളില്‍ രോഷം വളര്‍ത്താനിടയാക്കി.

No comments: