ആക്രമണം തുടരുമെന്ന് ഇസ്രായേല്‍; ഹമാസിനെതിരെ അമേരിക്ക
ജറൂസലം: ലോകവ്യാപകമായി പ്രതിഷേധം അലയടിക്കുമ്പോഴും ഗസ്സക്കെതിരായ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ ധാര്‍ഷ്ട്യം. ഇപ്പോഴത്തെ ആക്രമണം തുടക്കം മാത്രമാണ്. ഭീകരതക്കെതിരായ ഈ യുദ്ധം തീരാന്‍ സമയമെടുക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യഹൂദ് ബരാക് വ്യക്തമാക്കി. ഇസ്രായേല്‍ പൗരന്‍ മാര്‍ക്ക് നേരെയുള്ള ആക്രമണം ഹമാസ് അവസാനിപ്പിക്കുന്നത് വരെ ഇത് തുടരും. ഹമാസിന് കനത്ത തിരിച്ചടി നല്‍കാന്‍ ഏതാനും മാസങ്ങളായി ഞങ്ങള്‍ തയാറെടുക്കുകയായിരുന്നു. വ്യോമാക്രമണങ്ങളില്‍ 150ലധികം ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടതായി ബരാക് പറഞ്ഞു. തങ്ങള്‍ക്ക് മുന്നില്‍ ഇതല്ലാതെ മാര്‍ഗമില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി സിപി ലിവ്നി ന്യായീകരിച്ചു. ഇതുവരെ ഞങ്ങള്‍ ക്ഷമിച്ചു. പൗരന്‍മാരെ സംരക്ഷിക്കാന്‍ ഗസ്സയിലെ ഹമാസിന്‍റെ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കുക മാത്രമാണ് പോംവഴി. അതാണിപ്പോല്‍ നടക്കുന്നതെന്ന് ലിവ്നി പറഞ്ഞു.ഏതാണ്ടെല്ലാ രാജ്യങ്ങളും ഇസ്രായേല്‍ ആക്രമണം നിര്‍ത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ അമേരിക്ക ഒരിക്കല്‍ കൂടി ഇസ്രായേലിനുള്ള പിന്തുണ ആവര്‍ത്തിച്ചു. ഫലസ്തീനികള്‍ക്ക് ഭാവി വേണമെങ്കില്‍ ഹമാസ് ഭീകരവൃത്തി നിര്‍ത്തുകയാണ് വേണ്ടതെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലിനെതിരായ റോക്കറ്റാക്രമണമവസാനിപ്പിക്കാന്‍ ഹമാസ് തയാറാവണം. അതേസമയം, ഗസ്സയെ ആക്രമിക്കുമ്പോള്‍ സിവിലിയന്‍മാര്‍ ഇരകളാകുന്നത് ഒഴിവാക്കണമെന്ന മൃദുനിവേദനം മാത്രമാണ് വൈറ്റ്ഹൗസ് ഇസ്രായേലിന് നല്‍കുന്നത്. ഇസ്രായേലി സിവിലിയന്മാര്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്താന്‍ ഹമാസ് തയാറാകണം. അത് തുടരുന്ന പക്ഷം ഗസ്സയില്‍ വീഴുന്ന രക്തത്തിന് ഉത്തരവാദി ഹമാസാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് വ്യക്തമാക്കി.
No comments:
Post a Comment