Saturday, December 27, 2008

ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 155ലേറെ പേര്‍ കൊല്ലപ്പെട്ടു


ഗസ്സ: ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 155 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ 120ഉം ഖാന്‍ യൂനുസില്‍ 25ലധികവും പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികമാളുകള്‍ക്ക് പരിക്കേറ്റതായും ഗസ്സയിലെ ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.


ശനിയാഴ്ച ഉച്ചക്കാണ് അധിനിവേശ സേന എഫ്-16, അപ്പാഷെ വിമാനങ്ങളുപയോഗിച്ച് ഗസ്സയിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ബോംബും മിസൈലും വര്‍ഷിക്കുകയായിരുന്നു. ഒരേസമയം ഇരുപതോളം ബോംബറുകളാണ് പോലിസ് ആക്രമണം നടത്തിയത്. സ്റ്റേഷനുകളോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളിലാണ് മിക്ക ആക്രമണങ്ങളും നടന്നത്. വിദ്യാലയങ്ങളും ഓഫീസുകളും വിട്ട് ആളുകള്‍ പുറത്തുപോകുന്ന സമയത്തായിരുന്നു ആക്രമണം.നിരവധി പോലിസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഗസ്സ പോലിസ് ഡയറക്ടര്‍ ക്യാപ്റ്റന്‍ തൗഫീഖ് ജബറുമുള്‍പ്പെടും.
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ബോംബിംഗ് തുടരുന്നതിനാല്‍ മരണസംഖ്യയെ കുറിച്ച് കൃത്യമായ കണക്ക് ലഭ്യമല്ല. സൗകര്യങ്ങളില്ലാത്തതിനാല്‍ പിക്കപ് തുടങ്ങിയ വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത്. ഫലസ്തീന്‍ പോരാളികള്‍ ഇസ്രായേലിലേക്ക് മിസൈല്‍ തൊടുക്കുന്നതിനുള്ള തിരിച്ചടിയാണ് നടപടിയെന്നാണ് ഇസ്രായേലിന്‍റെ വിശദീകരണം.ഇസ്രായേലിന്‍റെ ക്രൂരമായ കടന്നാക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവത്തെ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസ് ശക്തിയായി അപലപിച്ചു. ഈജിപ്തും ഇസ്രായേലിന്‍റെ ക്രൂരാക്രമണത്തെ അപലപിച്ചു. സംഭവത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്നും ഇരുപക്ഷവും വെടിനിര്‍ത്തലിന് തയാറാകണമെന്നും ഈജിപ്ത് പ്രസിഡന്‍റ് കാര്യാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഇസ്രായേലിന്‍റെ സഖ്യകക്ഷിയായി മാറിക്കഴിഞ്ഞ ഈജിപ്തിന്‍റെ നിലപാടില്‍ മുസ്ലിം ബ്രദര്‍ഹുഡ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഏതാനും‍ ദിവസം മുമ്പ് ഈജിപ്തിന്‍റെ മണ്ണില്‍ വെച്ചാണ് ഇസ്രായേല്‍ വിദേശമന്ത്രി സിപി ലിവ്നി ആക്രമണ മുന്നറിയിപ്പ് നല്‍കിയത്. അപ്പോള്‍ നിശബ്ദമായി കേട്ടുനിന്ന ഈജിപ്തും ലോകരാജ്യങ്ങളും ഇപ്പോള്‍ അപലപിക്കുന്നതില്‍ കാര്യമില്ലെന്ന് ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മഹ് ദി ആകിഫ് ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂനിയനും അറബ് നേതാക്കളും സയണിസ്റ്റുകളുമായി ചങ്ങാത്തത്തിലാകുന്നതാണ് ഇത്തരം ചെയ്തികള്‍ക്ക് ഇസ്രായേലിന് കരുത്തേകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


ഇസ്രായേലിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച അറബ് ലീഗിന്‍റെ അടിയന്തരയോഗം അടുത്തദിവസം ചേര്‍ന്നേക്കും. ഹമാസുമായി നിലനിന്നിരുന്ന വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് ജൂതസൈന്യത്തിന്‍റെ നിഷ്ഠൂരാക്രമണത്തിന് ഗാസ ഇരയാകുന്നത്.

No comments: