Saturday, December 27, 2008

ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി; 1967ന് ശേഷമുള്ള വലിയ ആക്രമണം

ഗസ്സ: ഫലസ്തീനിലെ ഗസ്സക്ക് മേല്‍ ഇസ്രായേലിന്‍റെ വ്യോമാക്രമണം തുടരുന്നു. ഭീകരമായ കൂട്ടക്കുരുതിയാണ് അധിനിവേശസൈന്യം ഗസ്സ മുനമ്പിലും ഖാന്‍ യൂനുസിലും നടത്തുന്നത്. മരണസംഖ്യ 210 കവിഞ്ഞതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എഴുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവരിലധികവും ഹമാസ് അധീനതയിലുള്ള പോലിസ് സേനാംഗങ്ങളാണ്. നിരവധി കുട്ടികളും വൃദ്ധരും സ്ത്രീകളും സയണിസ്റ്റ് ഭീകരതക്കിരകളായി.
നിരന്തരാക്രമണമാണ് ഇസ്രായേല്‍ വ്യോമസേന നടത്തിയത്. ഉച്ചയോടെ ആരംഭിച്ച ആക്രമണം ഇനിയും പൂര്‍ണമായി അവസാനിച്ചിട്ടില്ല. അപ്പാഷെ ഹെലികോപ്റ്ററുകളും എഫ്-16 യുദ്ധവിമാനങ്ങളുമാണ് മിസൈലുകളും ബോംബുകളും വര്‍ഷിച്ചത്. ഓരോ ലക് ഷ്യസ്ഥാനത്തേക്കും ചുരുങ്ങിയത് നാല് മിസൈലുകള്‍ വീതമാണ് തൊടുത്തതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. 1967ലെ അധിനിവേശവ്യാപനാക്രമണത്തിന് ശേഷം ഇസ്രായേലിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏറ്റവും കനത്ത ആക്രമണമാണിതെന്ന് മിഡിലീസ്റ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

No comments: