Sunday, January 18, 2009

ഒരാഴ്ചക്കകം ഇസ്രായേല്‍ പിന്‍മാറിയാല്‍ വെടിനിര്‍ത്തലെന്ന് ഹമാസ്

ഇസ്രായേല്‍ സേനയുടെ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിക്കുന്നു
ഗസ്സ: ഇസ്രായേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തിയതിന് പിറകെ ഹമാസടക്കമുള്ള ഫലസ്തീന്‍ ചെറുത്തുനില്പ് പോരാളികളും വെടിനിര്‍ത്തി. ഗസ്സയില്‍ നിന്ന് പൂര്‍ണമായി പിന്‍മാറാന്‍ ഇസ്രായേല്‍ സേനക്ക് ഒരാഴ്ച സാവകാശം പ്രഖ്യാപിച്ച ഹമാസ്, സൈന്യം പിന്‍മാറാത്ത പക്ഷം വെടിനിര്‍ത്തലിനില്ലെന്ന് പ്രഖ്യാപിച്ചു. താല്‍കാലിക വെടിനിര്‍ത്തലിന് ഒരാഴ്ചക്കകം പിന്‍മാറ്റമെന്ന നിബന്ധനയാണ് അധിനിവേശസേനക്ക് മുമ്പില്‍ വെക്കാനുള്ളതെന്ന് ഹമാസ് വക്താവ് അയ്മന്‍ ത്വാഹാ റോയിട്ടേഴ്സിനോട് പറഞ്ഞു. ദുരിതാശ്വാസസഹായം ഗസ്സയിലെത്താന്‍ അതിര്‍ത്തികള്‍ തുറക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, സൈനിക പിന്‍മാറ്റത്തിന് സമയക്രമം നിശ്ചയിച്ചിട്ടില്ലെന്ന്, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍റെ അഭ്യര്‍ഥന തള്ളിക്കൊണ്ട് നടത്തിയ പ്രസ്താവനയില്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ഫലസ്തീന്‍ പക്ഷം വെടിനിര്‍ത്തല്‍ സ്ഥിരീകരിക്കാതെ പിന്‍മാറ്റമില്ലെന്ന് വക്താവ് സൂചിപ്പിച്ചു.

അതേസമയം, വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായ ശേഷം ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുത്ത് തുടങ്ങിയതോടെ മരണസംഖ്യ 2300നടുത്തെത്തി. ഇതുവരെ 95 മൃതദേഹങ്ങളാണ് കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തത്.

No comments: