Tuesday, January 6, 2009

സ്കൂളിന് നേരെ ഇസ്രായേല്‍ ആക്രമണം: 44 മരണം

ഗസ്സ: ഐക്യരാഷ്ട്രസഭാ ഏജന്‍സിക്ക് കീഴിലുള്ള ഗസ്സയിലെ സ്കൂളിന് നേരെ ഇസ്രായേല്‍ സേന നടത്തിയ കനത്ത ആക്രമണത്തില്‍ ചുരുങ്ങിയത് 44 പേര്‍ കൊല്ലപ്പെട്ടു. നാല്പതിലധികം പേര്‍ക്ക് പരിക്കേറ്റു. മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തവരിലധികവും കുട്ടികളാണ്. വടക്കന്‍ ഗസ്സയിലെ ജബലിയാ അഭയാര്‍ഥി ക്യാമ്പിലെ അല്‍ഫാഖൂറ സ്കൂളിന് നേരെ അധിനിവേശ സേന വിവേചനരഹിതമായി ഷെല്ലാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്കൂളില്‍ അഭയം തേടിയ നൂറുകണക്കിനാളുകള്‍ സംഭവസമയത്തവിടെയുണ്ടായിരുന്നു. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഏജന്‍സി(UNRWA)യുടെ കീഴിലുള്ളതാണീ സ്കൂള്‍.
ഷെല്‍ വര്‍ഷമേറ്റ് കുട്ടികളുടെയും മറ്റു മൃതദേഹങ്ങള്‍ ചിതറിക്കിടന്നു. സ്കൂള്‍ പരിസരത്ത് രക്തം തളംകെട്ടിനിന്നു. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് അധിനിവേശ സേനഈവിടെ ചെയ്തുകൂട്ടിയത്. ഇതോടെ ഇന്ന് കൊല്ലപ്പെട്ട ഗസ്സക്കാരുടെ എണ്ണം 85 ആയി. കര ആക്രമണം തുടങ്ങിയ ശേഷം 205 പേരാണ് കൊല്ലപ്പെട്ടത്. പതിനൊന്ന് ദിവസമായി തുടരുന്ന നിഷ്ഠൂര ആക്രമണത്തില്‍ ഇതുവരെ 645 പേര്‍ കൊല്ലപ്പെട്ടു. മൂവായിരത്തോളമാളുകള്‍ക്ക് പരിക്കേറ്റു.

അതേസമയം, ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സമ്മതിച്ചു. എന്നാല്‍ ഇവര്‍ കൊല്ലപ്പെട്ടത് പോരാളികളുടെ പ്രത്യാക്രമണത്തിലല്ലെന്നാണ് തെല്‍അവീവിന്‍റെ വാദം.





No comments: