Monday, January 19, 2009

ഗസ്സ: ലോകനേതാക്കളുടെ വാക്കുകള്‍

ഫലസ്തീന്‍ വിമോചന സ്വാതന്ത്ര്യ പോരാട്ടത്തിലെ എന്നല്ല, പശ്ചിമേഷ്യയുടെ തന്നെ ചരിത്രത്തില്‍ വഴിത്തിരിവാകുന്ന ഘട്ടമാണ് ഇസ്രായേലിന്‍റെ ഗസ്സ ആക്രമണം. ഈ സംഭവവികാസങ്ങളോടുള്ള വിവിധ രാജ്യങ്ങളുടെയും ചേരികളുടെയും നിലപാടുകള്‍ ചരിത്രത്തില്‍ ഇടം പിടിക്കുക തന്നെ ചെയ്യും. ഗസ്സ ആക്രമണ വേളയില്‍ വിവിധ രാജ്യങ്ങളുടെ നേതാക്കള്‍ നടത്തിയ പ്രസ്താവനകളുടെ സാരാംശമാണിവിടെ. പ്രമുഖരായ പലരുടെയും വാക്കുകള്‍ ഇവിടെ ചേര്‍ക്കാനായിട്ടില്ല. എന്നാല്‍ ഏകദേശം ആവര്‍ത്തനമായതിനാല്‍ ചില പ്രമുഖരുടെ പ്രസ്താവനകള്‍ ബോധപൂര്‍വം ഒഴിവാക്കിയിട്ടുണ്ട്. :-

ഇസ്രായേല്‍ ബന്ധം വിച്ഛേദിച്ച വെനിസ്വേലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ്:'കുട്ടികളെയും ഉറങ്ങിക്കിടക്കുന്നവരെയും ആക്രമിക്കുകയും രാജ്യത്തെ പ്രതിരോധിക്കുന്നുവെന്ന് വീമ്പടിക്കുകയും ചെയ്യുന്ന ഇസ്രായേല്‍ സേന എത്രമാത്രം ഭീരുക്കളാണ്! ഇസ്രായേല്‍ ജനത ഭരണകൂടത്തിനെതിരെ കലാപത്തിനിറങ്ങാന്‍ നാം‍ ആഹ്വാനം ചെയ്യുന്നു'

തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍: 'ഗസ്സ മുനമ്പിലെ ജനങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം മനുഷ്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. ഇപ്പോഴത്തെ സ്ഥിതിഗതികളുടെ പരിപുര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനാണ്. കാരണം, വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാതിരുന്നത് ഇസ്രായേല്‍ പക്ഷമാണ്.'

ലബനാനിലെ ചെറുത്തുനില്പ് പ്രസ്ഥാനമായ ഹിസ്ബുല്ലാ സെക്രട്ടറി ജനറല്‍ ഹസന്‍ നസ്റുല്ല: '2006 ജൂലൈയില്‍ ഞങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ യുദ്ധത്തില്‍ ഗൂഢാലോചന നടത്തിയ അറബ് രാജ്യങ്ങളോട് ഞങ്ങള്‍ ശത്രുത പുലര്‍ത്തിയിട്ടില്ല. എന്നാല്‍ ഗസ്സക്കെതിരെ ഇസ്രായേലിന്‍റെ പക്ഷം ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നവരോട് ഞങ്ങള്‍ പൊറുക്കില്ല. റഫാ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് തയാറാകാത്ത പക്ഷം ഈ രക്തത്തിലും ആക്രമണത്തിലും ഉപരോധത്തിലും അവരും പങ്കാളികളാണ്.'


ഈജിപ്ത് വിദേശകാര്യ മന്ത്രി അഹ് മദ് അബുല്‍ഗൈത്: 'ആക്രമണമവസഅനിപ്പിക്കാന്‍ രക്ഷാസമിതി നടപടിയെടുക്കണമെങ്കില്‍ ഗസ്സ ആക്രമണത്തിന്‍റെ പേരില്‍ ഇസ്രായേലിനെ മാത്രം പഴിക്കുന്ന 'അസന്തുലിത ഭാഷ' അറബ് ജനത വര്‍ജിക്കണം. ഞങ്ങള്‍ പലതവണ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ആ മുന്നറിയിപ്പുകള്‍ അവഗണിച്ചവര്‍ സ്വയം പഴിക്കട്ടെ'

ഈജിപ്ത് പ്രസിഡന്‍റ് ഹുസ്നി മുബാറക്: 'റഫാ അതിര്‍ത്തി തങ്ങള്‍ക്ക് സ്വന്തമാക്കാനാണ് ഹമാസിന്‍റെ ശ്രമം. എന്നാല്‍ ഇസ്രായേലിന്‍റെ പരിശോധനക്ക് വിധേയമാകാതെ ഒരു സഹായവും ഗസ്സ മുനമ്പിലേക്ക് കടത്താനാവില്ല. അതിര്‍ത്തി കേന്ദ്രങ്ങളില്‍ മഹ് മൂദ് അബ്ബാസിന്‍റെ സേനക്കും യൂറോപ്യന്‍ നിരീക്ഷകര്‍ക്കും ആധിപത്യം തിരികെ ലഭിക്കാതെ ഈജിപ്ത് റഫാ അതിര്‍ത്തി തുറക്കുന്ന പ്രശ്നമില്ല'.


ഫലസ്തീന്‍ പ്രസിഡന്‍റ് മഹ് മൂദ് ആബ്ബാസ്: 'ഗസ്സാ മുനമ്പില്‍ ഇസ്രായേല്‍ ആക്രമണം ഒഴിവാക്കാന്‍ ഹമാസിന് കഴിയുമായിരുന്നു. ഞങ്ങളുടെ ജനതയെ തകര്‍ക്കുന്നതാണ് ചെറുത്തുനില്പ് പോരാട്ടമെങ്കില്‍ ആ ചെറുത്തുനില്പ് ഞങ്ങള്‍ക്ക് വേണ്ട.'


ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഖാലിദ് മിശ്അല്‍: 'രക്തസാക്ഷി ഓപറേഷനുകളടക്കമുള്ള എല്ലാ സൈനിക ചെറുത്തുനില്പും തുടരും. പ്രത്യാക്രമണം എങ്ങനെയെന്ന് അല്‍ഖസ്സാം ബ്രിഗേഡിന് നന്നായറിയാം. രക്തസാക്ഷി ആക്രമണങ്ങളോ റോക്കറ്റാക്രമണങ്ങളോ വൃഥാവേലയല്ല. സമയം കളയാനും ശത്രുവിന്‍റെ മുഖം മിനുക്കാനും മാത്രമുപകരിക്കുന്ന ചര്‍ച്ചകളാണ് വൃഥാവേല.'

ജോര്‍ദാന്‍ പ്രഥമ വനിത റാനിയ രാജ്ഞി: 'ഗസ്സ ആക്രമണത്തിന് നേരെയുള്ള മൗനം മതനിഷേധമാണ്. ഗസ്സയില്‍ കേവലം മനുഷ്യാവകാശ ലംഘനമല്ല, മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് നടക്കുന്നത്.'





സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ്: 'ഗസ്സയില്‍ ശാശ്വത വെടിനിര്‍ത്തല്‍ സാധ്യമാകണമെങ്കില്‍ ഹമാസ് ഇസ്രായേലിലേക്കുള്ള റോക്കറ്റാക്രമണവും ആയുധക്കടത്തും അവസാനിപ്പിക്കണം.'


ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍: 'ഫലസ്തീന്‍ ജനതക്കും ഫലസ്തീന്‍റെ ഭാവിക്കും എതിരായ ഗൂഢാലോചനയാണിത്.'
മുന്‍ ഫലസ്തീന്‍ പ്രധാനമന്ത്രിയും ഹമാസ് നേതാവുമായ ഇസ്മാഈല്‍ ഹനിയ്യ: 'സാധാരണ ആക്രമണമല്ല, തത്വദീക്ഷയില്ലാത്ത സംഹാരാത്മക യുദ്ധമാണ് ഗസ്സയില്‍ നടക്കുന്നത്. എല്ലാ ഭൗതിക ധാര്‍മിക മൂല്യങ്ങളുടെയും നിയമങ്ങളുടെയും അതിര്‍വരമ്പുകള്‍ ലംഘിച്ചിരിക്കുന്നു ഈ യുദ്ധം. സുരക്ഷയും സമാധാനവും സ്ഥിരതയുമാണത്രെ അവര്‍ ഇതിലൂടെ ലക് ഷ്യമിടുന്നത്. എന്നാല്‍ വാസ്തവമാകട്ടെ, അവര്‍ക്കൊരിക്കലും അത് ലഭിക്കില്ല.'

ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി: 'നമുക്ക് പരിചയമുള്ള നിയമ‍ങ്ങള്‍പ്രകാരം ഗസ്സക്കെതിരായ ഇസ്രായേല്‍ ആക്രമണം നഗ്നമായ യുദ്ധക്കുറ്റമാണ്. ഗസ്സയിലെ നമ്മുടെ സഹോദരങ്ങള്‍ നെഞ്ചുവിരിച്ച് ആക്രമണങ്ങളെ നേരിടുകയാണ്, മുസ്ലിം സമൂഹത്തിനാകമാനം അഭിമാനകരമായ വിധം രക്തം കൊണ്ട് സുവര്‍ണ ആധ്യായങ്ങള്‍ രചിക്കുകയാണവര്‍. ഗസ്സക്കെതിരായ ഉപരോധം നിയമവിരുദ്ധവും മനുഷ്യവിരുദ്ധവുമാണ്. ആ ഉപരോധത്തോട് സഹകരിക്കുന്നതും ന്യായീകരിക്കുന്നതുമാകട്ടെ നിയമവിരുദ്ധവും ധര്‍മവിരുദ്ധവുമാണ്.'


ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സാര്‍കോസി: 'ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം പുനരാരംഭിക്കുകയും വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കല്‍ തള്ളുകയും വഴി ഹമാസ് നിരുത്തരവാദപരമായ രീതിയാണ് സ്വീകരിച്ചത്.'



സുഡാന്‍ പ്രസിഡന്‍റ് ഉമറുല്‍ ബശീര്‍: 'ഇസ്രായേല്‍ തങ്ങളുടെ ദൗത്യം ഗസ്സയില്‍ പൂര്‍ത്തീകരിക്കും വരെ അറബ് ഉച്ചകോടി ചേരാന്‍ സമയമായിട്ടില്ല! അങ്ങനെ അവര്‍ ഗസ്സയെ ബോംബിട്ട് സംഹരിച്ച ശേഷം നമുക്ക് കൂടിയിരുന്ന് അപലപിക്കാന്‍ പ്രതിഷേധ പ്രമേയം പാസാക്കാം!'



ഇസ്രായേല്‍ പ്രസിഡന്‍റും മുന്‍ സമാധാന നൊബേല്‍ ജേതാവുമായ ഷിമോണ്‍ പെരസ്: 'ഞങ്ങളുടെ ലക് ഷ്യങ്ങള്‍ വ്യക്തമാണ്- ഗസ്സ ഇറാന്‍റെ കീഴിലാകാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല. വെടിനിര്‍ത്തലല്ല, അരക്ഷിതാവസ്ഥക്കറുതിവരുത്തലാണ് ഞങ്ങളുടെ ഉന്നം. ഹമാസ് റോക്കറ്റാക്രമണം നിര്‍ത്തിയേ തീരൂ.'

ഇസ്രായേല്‍ വിദേശകാര്യമന്ത്രി സിപി ലിവ്നി (ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് കെയ്റോയില്‍ പറഞ്ഞത്): 'ഗസ്സയിലെ സ്ഥിതിഗതികള്‍ ഫലസ്തീന്‍ രാഷ്ട്രസംസ്ഥാപനത്തിന് വിഘാതമാണ്. ഞങ്ങളുടെ സമാധാനവാഞ്ചക്കര്‍ഥം ഇതിന് ശേഷവും ഈ അവസ്ഥ തുടരാന്‍ അനുവദിക്കുമെന്നല്ലെന്ന് ഹമാസ് മനസിലാക്കണം. അതായത്, ഗസ്സയിലെ സ്ഥിതി മാറാന്‍ പോകുന്നു.'




പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ: 'ഗസ്സയിലും ഇസ്രായേലിലും സിവിലിയന്‍മാര്‍ക്ക് ജീവഹാനി സംഭവിക്കുന്നത് എന്നെ ഉത്കണ്ഠാകുലനാക്കുന്നു. ജനുവരി 20ന് ശേഷം ഈ പ്രശ്നത്തില്‍ ഞാന്‍ കൂടുതല്‍ പറയാം.'




സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രി സഊദ് അല്‍ഫൈസല്‍: 'രക്ഷാസമിതി നമ്മുടെ പ്രശ്നങ്ങളില്‍ അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരവാദിത്തത്തോടെ ഗൗരവപുര്‍വമായ സമീപനം സ്വീകരിക്കണം. ഇല്ലെങ്കില്‍ നമുക്ക് തന്നെ സ്വയം തീരുമാനങ്ങളെടുക്കേണ്ടിവരും, ഏറ്റെടുക്കേണ്ടിവരും.'

അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറ് മൂസ: 'ഗസ്സ ആക്രമണം അന്താരാഷ്ട്ര മാനവിക നിയമങ്ങള്‍ക്കും ജനീവ കരാറിനും അന്താരാഷ്ട്ര മര്യാദകള്‍ക്കും നിരക്കാത്ത കുറ്റമാണ്. ഗസ്സയുടെ സ്ഥിതി നാണക്കേടുണ്ടാക്കുന്നതാണ്. അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ വൈകല്യം വിളിച്ചോതുന്നതാണ് ഈ നിസംഗത.'

No comments: