Saturday, January 3, 2009

ഒബാമയുടെ മൗനം

ഇസ്രായേല്‍ സന്ദര്‍ശനവേളയില്‍ ഒബാമ ഇസ്രായേല്‍ പ്രതിരോധമന്ത്രി യഹൂദ് ബറാക്, വിദേശമന്ത്രി സിപി ലിവ്നി എന്നിവരോടൊപ്പം വിമാനത്തില്‍
ഹമാസാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കുത്തരവാദിയെന്നും അവര്‍ റോക്കറ്റാക്രമണം നിര്‍ത്താതെ ഇസ്രായേല്‍ 'പ്രതിരോധം' നിര്‍ത്തില്ലെന്നും സ്ഥാനമൊഴിയുന്ന ജോര്‍ജ് ബുഷ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്‍റെ പ്രഖ്യാപിത നിലപാടാണത്. എന്നാല്‍ കൊട്ടിഘോഷിക്കപ്പെടുന്ന കറുത്തവര്‍ഗക്കാരനായ പ്രഥമ യു.എസ് പ്രസിഡന്‍റിന്‍റെ നിലപാടെന്താണ്? ലോകത്തിനറിയാന്‍ താല്പര്യമുണ്ട്. ഇവിടെയാണ് ഗസ്സ ആക്രമണത്തില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ മൗനം ശ്രദ്ധേയമാകുന്നത്. ഒബാമയുടെ വരവോടെ ചുരുങ്ങിയത് വിദേശനയത്തിലെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താകുമോ? ഇസ്രായേലിനുള്ള മൗനാനുവാദമാണോ ഒബാമയുടേത്? അതല്ല, ആഭ്യന്തര വിമര്‍ശം ഒഴിവാക്കാനുള്ള തന്ത്രപരമായ നിലപാടാണോ?

എന്തുതന്നെയായാലും ഒബാമയുടെ മൗനത്തിനെതിരെ വിവിധകോണുകളില്‍ നിന്ന് ശക്തമായ പ്രതികരണങ്ങളുയര്‍ന്നുകഴിഞ്ഞു. ഒബാമ പെയ്യാതെ പോകുന്ന കാര്‍മേഘമാകുമെന്നതിന്‍റെ സൂചനയാണ് ഇപ്പോഴത്തെ നിശബ്ദതയെന്ന് ഒരുപക്ഷം വിലയിരുത്തുന്നു. എന്നാല്‍ ഏതൊരു അമേരിക്കന്‍ പ്രസിഡന്‍റില്‍ നിന്നും ഇതിലപ്പുറം പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണെന്നാണ് മറ്റൊരു പക്ഷം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഒബാമ നടത്തിയ പ്രസ്താവനകള്‍ കണക്കിലെടുക്കുമ്പോള്‍. ഇതൊന്നുമല്ല, തുടക്കത്തില്‍ തന്നെ ജൂതസയണിസ്റ്റ് ലോബിയുടെയും തീവ്രവലതുപക്ഷക്കാരുടെയും വിമര്‍ശം ക്ഷണിച്ചുവരുത്തേണ്ടെന്ന തന്ത്രമാണ് മൗനത്തിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.

ഒബാമയുടെ തുടക്കം നന്നായില്ലെന്ന് ഹമാസ് അഭിപ്രായപ്പെടുന്നു. മുംബൈ ആക്രമണവേളയില്‍ മത്സരിച്ച് പ്രസ്താവന നടത്തിയ ഒബാമ ഇപ്പോള്‍ മിണ്ടാതിരിക്കുന്നത് ദുരൂഹമാണെന്ന് ഹമാസ് പോളിറ്റ് ബ്യൂറോ അധ്യക്ഷന്‍ ഖാലിദ് മിശ്അല്‍ വിമര്‍ശിച്ചു.

2 comments:

Anonymous said...

Don't expect more from a US President whether he is white or black. According to them important thing is their Chair.

മിഡിലീസ്റ്റ് ന്യൂസ് said...

@ mohammedkutty,
തീര്‍ച്ചയായും, ഒരമേരിക്കന്‍ പ്രസിഡന്‍റില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതിന്‍റെ പരമാവധിയാണ് മൗനം. പക്ഷേ, ലോകം പ്രതീക്ഷയോടെ കൊട്ടിഘോഷിച്ച ഒരാളില്‍ നിന്ന് ഇതിലധികം പ്രതീക്ഷിക്കുന്നുണ്ട്. ലോകം ഇത്രയധികം പ്രതീക്ഷയോടെ നോക്കിക്കണ്ട വേറെ അമേരിക്കന്‍ പ്രസിഡന്‍റുണ്ടായിരിക്കില്ലെന്നാണ് തോന്നുന്നത്.
എന്ത് തന്നെയായാലും ഇസ്രായേല്‍ പിന്തുണയുടെ കാര്യത്തില്‍ ബുഷില്‍ നിന്ന് കാര്യമായ മാറ്റം ഒബാമയില്‍ ഉണ്ടാകില്ലെന്നാണ് കൂടുതല്‍ വസ്തുനിഷ്ഠമായി തോന്നുന്നത്.