Monday, January 19, 2009

80 ഇസ്രായേല്‍ സൈനികരെ വധിച്ചു; നഷ്ടമായത് 48 പോരാളികള്‍- ഹമാസ്

ഗസ്സ: വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ 22 ദിവസത്തെ ഏറ്റുമുട്ടലിന്‍റെ റിസല്‍ട്ടുമായി ഹമാസിന്‍റെ സൈനിക വിഭാഗം അല്‍ഖസ്സാം ബ്രിഗേഡ്സ് രംഗത്ത് വന്നു. പോരാളികളുടെ വിജയം അവകാശപ്പെട്ട അല്‍ഖസ്സാം, സത്യസന്ധവും വ്യക്തവുമായ കണക്ക് നിരത്താന്‍ ഇസ്രായേലിനെ വെല്ലുവിളിച്ചു. 1300ലധികം സിവിലിയന്‍മാരെ കൊന്നൊടുക്കിയ അധിനിവേശ സേനക്ക് ബ്രിഗേഡ്സിന്‍റെ 48 പോരാളികളെ മാത്രമേ വകവരുത്താനായുള്ളൂവെന്ന് ഗസ്സയില്‍ വാര്‍ത്താസമ്മേളനത്തില്‍ അല്‍ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂ ഉബൈദ പറഞ്ഞു. 80 സൈനികരെ പ്രത്യാക്രമണത്തിലൂടെ വധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. ഇതില്‍ 49 പേരുടെ ജഡം കൃത്യമായി എണ്ണിയതായും ബാക്കിയുള്ളവരുടെ മരണം ഉറപ്പാക്കിയെങ്കിലും ജഡം തിട്ടപ്പെടുത്താനായില്ലെന്നും അദ്ദേഹം തുടര്‍ന്നു.
350 പോരാളികളെ വധിച്ചതായും അബദ്ധവെടിയിലടക്കം പത്ത് സൈനികരെ മാത്രമാണ് നഷ്ടപ്പെട്ടതെന്നും ഇസ്രായേല്‍ സേന ഒരാഴ്ച മുമ്പ് അവകാശപ്പെട്ടിരുന്നു. 980 റോക്കറ്റും ഷെല്ലുകളും ഉതിര്‍ത്തതായും ടാങ്കുകളടക്കം 47 സൈനിക വാഹനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ത്തതായും നാല് ഹെലികോപ്റ്ററുകള്‍ക്ക് വെടിയേറ്റതായും ഒരു നിരീക്ഷണ ഹെലികോപ്റ്റര്‍ വീഴ്ത്തിയതായും ഏതാനും സൈനികരെ ബന്ദികളാക്കിയതായും അബൂ ഉബൈദ വെളിപ്പെടുത്തി. ആക്രമണലക് ഷ്യം നേടുന്നതില്‍ സയണിസ്റ്റ് സേന പൂര്‍ണമായി പരാജയപ്പെട്ടു.

ദ്രുതഗതിയില്‍ ലക് ഷ്യം നേടി യുദ്ധം ദിവസങ്ങള്‍ക്കകം അവസാനിപ്പിക്കാനായിരുന്നു തുടക്കത്തില്‍ ഇസ്രായേല്‍ തീരുമാനം. ചെറുത്തുനില്പ് ശക്തിപ്പെട്ടതോടെ ആക്രമണം നാല് ഘട്ടങ്ങളാക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. സിവിലിയന്‍മാരെ ബോംബ് വ്യോമാക്രമണത്തിലൂടെയും കരആക്രമണത്തിലൂടെയും കൂട്ടത്തോടെ കൊന്നൊടുക്കിയ സയണിസ്റ്റ് സേനയില്‍ പ്രകടമായ ആസൂത്രണത്തിന്‍റെ അഭാവം പോരാളികളെ പോലും ആശ്ചര്യപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
പ്രഖ്യാപിത ലക് ഷ്യങ്ങളില്‍ ഏതൊക്കെ നേടിയെന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ഇസ്രായേലിനെ വെല്ലുവിളിക്കുന്നു. ഹമാസിനെ തകര്‍ക്കുകയായിരുന്നു മുഖ്യലക് ഷ്യം. എന്നാല്‍ ഹമാസ് ഇന്ന് മുമ്പെന്നത്തെക്കാളേറെ ശക്തമാണ്. ഞങ്ങളുടെ റോക്കറ്റാക്രമണം തടയുകയായിരുന്നു അവരുടെ മറ്റൊരു ലക് ഷ്യം, എന്നിട്ടോ? യുദ്ധലക് ഷ്യങ്ങള്‍ നേടിയെന്ന് യഹൂദ് ഒല്‍മെര്‍ട്ട് വമ്പുപറയുന്നു. ഏത് ലക് ഷ്യമാണ് നിങ്ങള്‍ നേടിയത്? ഹമാസിന് സംഭവിച്ച നഷ്ടം വളരെ ചെറുതാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കും മുമ്പെ അത് നികത്താനും സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

No comments: