Tuesday, January 6, 2009

21 ഇസ്രായേല്‍ സൈനികരെ വധിച്ചെന്ന് ഹമാസ്; നാവികാക്രമണവുമായി ഇസ്രായേല്‍

ഗസ്സ: തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം തുടരുന്നു. ഫലസ്തീന്‍ പക്ഷത്ത് മരണസംഖ്യ 592 ആയി ഉയര്‍ന്നു. മൂവായിരത്തോളം പേര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ കിഴക്കന്‍ ഗസ്സയില്‍ അധിനിവേശസേന നടത്തിയ ഷെല്‍വര്‍ഷത്തില്‍ ഒരുകുടുംബത്തിലെ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അല്‍ബുറൈജ് ഹോള്‍സെയില്‍ മാര്‍ക്കറ്റിന് നേരെയും ഇരുപത്തഞ്ചിലധികം വീടുകള്‍ക്ക് നേരെയും ഇന്ന് ആക്രമണമുണ്ടായി. ഇസ്രായേല്‍ കപ്പലുകളില്‍ നിന്ന് റോക്കറ്റാക്രമണം തുടങ്ങിയിട്ടുണ്ട്. പത്ത് പേര്‍ കപ്പലില്‍ നിന്നുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഖാന്‍ യൂനുസ് പട്ടണത്തിന് നേരെ അധിനിവേശസൈന്യം ആക്രമണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലേക്ക് ഇരച്ചുകയറിയ ടാങ്കുകള്‍ രൂക്ഷമായ ആക്രമണമഴിച്ചുവിടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പതിനൊന്ന് ദിവസത്തെ ആക്രമണത്തിലൂടെ ഗസ്സയെ രണ്ടായി വിഭജിച്ചതായി ഇസ്രായേല്‍ അവകാശപ്പെടുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരം യുദ്ധം മുന്നോട്ടുനീങ്ങുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യഹൂദ് ബറാക് പറഞ്ഞു. എന്നാല്‍ മൃഗീയ നടപടികള്‍ കൊണ്ട് തങ്ങളുടെ നിശ്ചയദാര്‍ഢ്യം കെടുത്താന്‍ അധിനിവേശശക്തിക്കാകില്ലെന്നും ഇസ്രായേല്‍ ഖേദിക്കേണ്ടിവരുമെന്നും ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ പ്രതികരിച്ചു. വെടിനിര്‍ത്തല്‍ പദ്ധതിയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഈജിപ്തിന്‍റെ ക്ഷണം സ്വീകരിച്ച ഹമാസിന്‍റെ രണ്ട് പ്രതിനിധികള്‍ കെയ്റോയില്‍ ചര്‍ച്ചക്കെത്തിയിട്ടുണ്ട്.
പരിക്കേറ്റ അധിനിവേശ ഭടന്‍

അതേസമയം, ശക്തമായി തിരിച്ചടിക്കുന്നതായി ഹമാസ് പറഞ്ഞു. ഇതുവരെ ഇരുപത്തൊന്ന് അധിനിവേശസൈനികരെ വധിച്ചതായി ഹമാസിന്‍റെ സൈനികവിഭാഗമായ ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടു. 79 സൈനികര്‍ക്ക് പരിക്കേല്പിച്ചതായും ബ്രിഗേഡ് അറിയിച്ചു. എന്നാല്‍ ആറ് സൈനികര്‍ മാത്രമാണ് വധിക്കപ്പെട്ടതെന്ന് ഇസ്രായേല്‍ പറയുന്നു. 48 ഭടന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേല്‍ ടിവി ചാനല്‍-2 റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ഭടന്‍മാര്‍ ടാങ്കില്‍ നിന്നുള്ള അബദ്ധവെടിയില്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രായേല്‍ വിശദീകരണം. എന്നാല്‍ ഇവരെ പോരാളികള്‍ വകവരുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വീടുകള്‍ കയറിയിറങ്ങി ആക്രമണം നടത്തിയ സൈനികരെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ ബോംബ് സ്ഫോടനം നടത്തി പോരാളികള്‍ വധിക്കുകയായിരുന്നു.( ഇസ്രായേലിന്‍റെ ഔദ്യോഗിക ഭാഷ്യം മാത്രമാണ് കേരളത്തിലേതടക്കമുള്ള മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.)

2 comments:

Anonymous said...

hamasinte vediparachilanu enikku pidikkathathu. Allahumma thabbit aqdamahum wansurhum alal qaumi alzalimeen.

മിഡിലീസ്റ്റ് ന്യൂസ് said...

@ mohammed kutty,
യുദ്ധതന്ത്രത്തിന്‍റെ ഭാഗമായി വേണം ഹമാസിന്‍റെ പ്രസ്താവനകളെ കാണാന്‍. മറിച്ച്, തങ്ങള്‍ പരാജയത്തിന്‍റെ വക്കിലാണെന്നോ, കരുത്ത് നശിച്ചെന്നോ, കീഴടങ്ങാമെന്നോ ആണോ ഹമാസ് പറയേണ്ടത്? എത്ര തന്നെ ദുരിതമനുഭവിക്കുമ്പോഴും കീഴടങ്ങാതിരിക്കാനും ചെറുത്തുനില്പ് തുടരാനും ഗസ്സക്ക് കരുത്തേകുന്നത് ഹമാസിന്‍റെ നിലപാടുകളാണെന്നത് നിഷേധിക്കാനാവില്ല.