

അതേസമയം, ഈജിപ്തിന്‍റെ വെടിനിര്‍ത്തല്‍ പാക്കേജ് പഠിച്ചുവരികയാണെന്നും ധാരണയായിട്ടില്ലെന്നും ഹമാസ് വ്യക്തമാക്കി. ഉപരോധം പിന്‍വലിക്കുക, ഇസ്രായേല്‍ ആക്രമണം നിര്‍ത്തുക, റഫാ അടക്കം എല്ലാ അതിര്‍ത്തികളും തുറക്കുക എന്നിവ ഉറപ്പുതരാത്ത വെടിനിര്‍ത്തല്‍ സ്വീകാര്യമല്ലെന്നാണ് ഹമാസ് നിലപാട്. അധിനിവേശം തുടരുവോളം ചെറുത്തുനില്പ് തുടരുമെന്ന് ഹമാസ് നേതാവ് അബൂമര്‍സൂഖ് പറഞ്ഞു. അധിനിവേശവിരുദ്ധസമരം ഫലസ്തീനികളുടെ നിയമപരമായ അവകാശമാണ്. അത് ഇല്ലാതാക്കാന്‍ ഒരു കരാറിനും നിയമത്തിനും സാധ്യമല്ല. അതിനാല്‍ ശാശ്വത വെടിനിര്‍ത്തല്‍ നിലനില്‍ക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സേനയെ ഗസ്സയില്‍ വിന്യസിക്കണമെന്ന നിര്‍ദേശം ചര്‍ച്ചക്കെടുക്കാന്‍ പോലും സന്നദ്ധമല്ലെന്ന് ലബനാനിലെ ഹമാസ് നേതാവ് ഉസാമ ഹംദാന്‍ വ്യക്തമാക്കി. ഇത്തരം അന്താരാഷ്ട്ര ക്രമസമാധാനസേനകള്‍ അധിനിവേശശക്തിയെ സംരക്ഷിക്കുന്നതും ഇരകളെ പ്രതിരോധിക്കാത്തതുമാണെന്ന് ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രനിരീക്ഷണസേന എന്നത് അധിനിവിഷ്ട സമൂഹങ്ങള്‍ക്കെതിരായ കെണിയാണ്. ഫലസ്തീനിലെ മുഴുവന്‍ പോരാളി ഗ്രൂപ്പുകളും അന്താരാഷ്ട്ര സേനാ നിര്‍ദേശത്തിന് തീര്‍ത്തും എതിരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗസ്സയില്‍ ഇന്ന് ചുരുങ്ങിയത് പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇതോടെ മരണ സംഖ്യ 690 ആയി. മൂവായിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. കൊല്ലപ്പെട്ടവരില്‍ മുപ്പത് ശതമാനവും കുട്ടികളാണ്.

No comments:
Post a Comment