ഗസ്സ: ഗസ്സ മുനമ്പില്‍ 22 ദിവസത്തെ കിരാതമായ ആക്രമണത്തിന് ശേഷം ഇസ്രായേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണി മുതലാണ് അധിനിവേശ സേന വെടിനിര്‍ത്തിയത്. ഹമാസിന് ശക്തമായ തിരിച്ചടി നല്‍കിയ ആക്രമണം ലക് ഷ്യം കണ്ടതായി ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ട് അവകാശപ്പെട്ടു. വെടിനിര്‍ത്തിയെങ്കിലും സേന ഗസ്സയില്‍ നിന്ന് പിന്‍മാറിയിട്ടില്ല. അധിനിവേശസേന ഗസ്സയില്‍ നിന്ന് പിന്‍വാങ്ങുകയും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്യാതെ റോക്കറ്റാക്രമണം നിര്‍ത്തില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഇസ്രായേല്‍ സേന ഗസ്സയില്‍ തുടരുന്നത് യുദ്ധസമാനമാണ്. ആയുധശക്തി ഉപയോഗിച്ച് ജനങ്ങളെ കൂട്ടക്കൊല ചെയ്ത് ചെറുത്തുനില്പ് പോരാട്ടങ്ങളെ തകര്‍ക്കാമെന്ന വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് ഏകപക്ഷീയ വെടിനിര്‍ത്തലിന് ഇസ്രായേലിനെ നിര്‍ബന്ധിതമാക്കിയതെന്ന് ഹമാസടക്കമുള്ള പോരാളിഗ്രൂപ്പുകള്‍ അഭിപ്രായപ്പെട്ടു. 2006ല്‍ ലബനാനുമായുള്ള സംഘര്‍ഷത്തില്‍ ഹിസ്ബുല്ലയില്‍ നിന്നേറ്റ തിരിച്ചടിക്ക് ശേഷം ഇസ്രായേല്‍ നേരിടുന്ന സൈനിക പ്രതിസന്ധിയാണിപ്പോഴത്തേത്. ഏറെക്കാലമായി ഹമാസ് ബന്ദിയാക്കിയ ഗലാദ് ശാലിത്വിന്‍റെ മോചനക്കാര്യത്തില്‍ നേട്ടമുണ്ടാക്കാനോ ഹമാസിന്‍റെ ശക്തിയും വീര്യവും കെടുത്താനോ മൂന്നാഴ്ചത്തെ സയണിസ്റ്റ് കടന്നാക്രമണത്തിനായില്ല. കൊല്ലപ്പെട്ട 1210 പേരില്‍ ഹമാസ് പോരാളികള്‍ തുലോംകുറവാണ്. 425ഓളം കുട്ടികളും നൂറിലേറെ സ്ത്രീകളുമടക്കം സിവിലിയമാരാണ് വധിക്കപ്പെട്ടവരിലധികവും.
ഹമാസിനെ തകര്‍ക്കുകയെന്ന ലക് ഷ്യത്തോടെ ആരംഭിച്ച യുദ്ധത്തിന്‍റെ ഫലം മറിച്ചാണെന്നാണ് വിലയിരുത്തല്‍. അഭയാര്‍ഥി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍ സ്കൂളുകള്‍ക്കും മറ്റ് സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ക്രൂരമായ ആക്രമണം നടത്തിയ ഇസ്രായേലിന് ഹമാസിന്‍റെ ഏതാനും പ്രധാനനേതാക്കളെ വധിച്ചതൊഴിച്ചാല്‍ കാര്യമായ പരിക്കേല്പിക്കാനായില്ല. മൂന്ന് യു.എന്‍ സ്കൂളുകള്‍ക്ക് നേരെ ആക്രമണം നടത്തിയതും വൈറ്റ് ഫോസ്ഫറസ് അടക്കമുള്ള നിരോധിത രാസായുധങ്ങള്‍ പ്രയോഗിച്ചതും ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം ലോകമെങ്ങും ആളിക്കത്തിച്ചു. 22 ദിവസത്തിനിടെ അറബ്, പാശ്ചാത്യ ലോകത്ത് ഹമാസിന്‍റെ ജനപിന്തുണ വര്‍ധിച്ചപ്പോള്‍, നാല് രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധം വിഛേദിക്കുകയുണ്ടായി. വെനിസ്വേല, ബൊളീവിയ, ഖത്തര്‍, മൗറിത്താനിയ എന്നീ രാജ്യങ്ങളാണ് ജൂതരാഷ്ട്രവുമായി ബന്ധം വിഛേദിച്ചത്. സിറിയയുമായി ആരംഭിച്ചിരുന്ന സമാധാന ചര്‍ച്ചകള്‍ക്ക് വിരാമമിടാനും തുര്‍ക്കിയുമായി രൂപപ്പെട്ടുവന്ന മികച്ചബന്ധം താറുമാറാകാനും ഇസ്രായേലിന്‍റെ ആക്രമണം കാരണമായി. ചുരുങ്ങിയത് പതിനഞ്ചിലധികം ഇസ്രായേല്‍ സൈനികരെ വധിച്ചതായി അല്‍ഖസ്സാം ബ്രിഗേഡ്സ് അവകാശപ്പെടുന്നു. നൂറോളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ഏതാനും ടാങ്കുകള്‍ തര്‍ക്കപ്പെടുകയും ചെയ്തു. ഗസ്സ നഗരത്തിലേക്ക് കടന്നുകയറാനും ആധിപത്യം നേടാനുമുള്ള അധിനിവേശശ്രമം പോരാളികള്‍ കനത്തപോരാട്ടത്തിലൂടെ വിഫലമാക്കുകയായിരുന്നു. അതിനിടെ, ഇസ്രായേല്‍ വെടിനിര്‍ത്തിയ ശേഷവും ഹമാസ് റോക്കറ്റാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തികള്‍ തുറക്കുക, ഉപരോധം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത ഒരു വെടിനിര്‍ത്തല്‍ കരാറിനും ഹമാസ് തയാറല്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment