Monday, January 5, 2009

ഗസ്സയെ കുറിച്ച്

അധിനിവേശ വിരുദ്ധ പോരാട്ടത്തിന്‍റെ പ്രതീകമാണിന്ന് ഗസ്സ. ആ ഗസ്സയെ കുറിച്ച പ്രാഥമിക വിവരങ്ങളാണ് താഴെ (വിശദവിവരണം വരും ദിവസങ്ങളില്‍):
അധിനിവിഷ്ട ഫലസ്തീനിന്‍റെ നൂറിലൊന്ന് വലുപ്പം മാത്രമുള്ള പ്രദേശമാണ് ഗസ്സ. 360 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ മെഡിറ്ററേനിയന്‍ കടലിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗസ്സ മുനമ്പില്‍ ജനസംഖ്യ പതിനഞ്ച് ലക്ഷത്തിലധികം വരും. ജറൂസലം കഴിഞ്ഞാല്‍ ഫലസ്തീനിലെ ഏറ്റവും വലിയ നഗരമായ ഗസ്സ നഗരത്തില്‍ മാത്രം നാല് ലക്ഷം ഫലസ്തീനികളുണ്ട്. 1948ല്‍ സയണിസ്റ്റ് രാഷ്ട്രം സ്ഥാപിതമായതുമുതലുള്ള അഭയാര്‍ഥികളാണ് ജനസംഖ്യയിലധികവും. ചതുരശ്രകിലോമീറ്ററില്‍ ഇരുപത്താറായിരം എന്ന തോതിലാണ് ജനസാന്ദ്രത. അഭയാര്‍ഥി ക്യാമ്പുകളില്‍ ഇത് അമ്പത്തയ്യായിരം വരും. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നാണിത്. നിരവധി അഭയാര്‍ഥി ക്യാമ്പുകളുണ്ട് ഗസ്സയില്‍. റഫാ, ഖാന്‍ യൂനുസ്, ദേര്‍ അല്‍ബലാ, നുസൈറാത്, അല്‍ശാതീ, മഗാസി, അല്‍ബുറൈജ്, ജബലിയാ എന്നിവയാണ് പ്രധാന ക്യാമ്പുകള്‍. 44 ജനവാസ കേന്ദ്രങ്ങളാണ് മുനമ്പിലുള്ളത്.
അതിര്‍ത്തികള്‍
ഏഴ് അതിര്‍ത്തി കവാടങ്ങളാണ് ഗസ്സക്കുള്ളത്. റഫാ, കാര്‍നി, കറം ഷാലോം, ബൈത് ഹാനൂന്‍, അല്‍ഔദ, ശജാഇയ, അല്‍ഖറാറ എന്നിവയാണ് കവാടങ്ങള്‍. ഈജിപ്തുമായി അതിരിടുന്ന റഫാ ഒഴികെയുള്ള ആറ് അതിര്‍ത്തികളും ഇസ്രായേലുമായാണ്. ആറ് അതിര്‍ത്തികളിലും ഇസ്രായേല്‍ സൈന്യത്തിനാണ് ആധിപത്യം.
1948ല്‍ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഫലമായി ഇസ്രായേല്‍ പിറവിയെടുക്കുന്നത് വരെ ബ്രിട്ടന് കീഴിലായിരുന്നു ഗസ്സ. `48- `56 കാലയളവില്‍ ഈജിപ്തിന്‍റെ കീഴിലായിരുന്നു. `56ല്‍ ഇസ്രായേലിന്‍റെ ഈജിപ്ത് ആക്രമണസമയത്ത് ആറ് മാസം ജൂതരാഷ്ട്രത്തിന് കീഴില്‍. `57 മുതല്‍ വീണ്ടും ഈജിപ്തിന്. `67ലെ അധിനിവേശ വ്യാപന ആക്രമണം മുതല്‍ 2005 വരെ ഇസ്രായേലിന് കീഴിലായിരുന്നു പോരാട്ടത്തിന്‍റെ ഈ മണ്ണ്. 1993ല്‍ ഓസ് ലോ ഉടമ്പടി പ്രകാരം ഫലസ്തീന്‍ അതോറിറ്റിയുടെ സ്വയംഭരണം ലഭിച്ചു. ഹമാസിന്‍റെ നേതൃത്വത്തിലുള്ള ചെറുത്തുനില്പ് പോരാട്ടങ്ങളുടെ ഫലമായി 2005 സെപ്തംബറിലാണ് സയണിസ്റ്റ്സേന ഇവിടെ നിന്ന് പിന്‍വാങ്ങിയത്. 2007സെപ്തംബറില്‍ ഫലസ്തീന്‍ അഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ഹമാസിന്‍റെ ആധിപത്യത്തിലാണ് ഗസ്സ. രണ്ട് വര്‍ഷത്തോളമായി ഇസ്രായേലിന്‍റെ ഉപരോധത്തിന് കീഴില്‍ ദുരിതമനുഭവിക്കുകയാണ് ഗസ്സക്കാര്‍. ഉപരോധം കൊണ്ടും മുട്ടുമടക്കാന്‍ ഗസ്സ തയാറാകാതെ വന്നപ്പോഴാണ് അധിനിവേശശക്തി 2008 അവസാനം കനത്ത വ്യോമാക്രമണത്തിന് തുടക്കമിട്ടത്. 2009 ആദ്യദിനങ്ങളില്‍ ഇസ്രായേല്‍ ആക്രമണം കരയുദ്ധത്തിലേക്ക് വളരുകയും ചെയ്തു.

No comments: