ലണ്ടന്‍: ഇസ്രായേലിന്‍റെ ആക്രമണത്തില്‍ കെടുതിയനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസ സഹായ ശേഖരണത്തിന് ആഹ്വാനം ചെയ്യുന്ന പരസ്യം സംപ്രേഷണം ചെയ്യാന്‍ ബിബിസി വിസമ്മതിച്ചു. സ്ഫോടനാത്മകമായ സാഹചര്യത്തില്‍ ഈ പരസ്യം നല്‍കുന്നത് തങ്ങളുടെ നിഷ്പക്ഷതയില്‍ സംശയത്തിനിട വരുത്തുമെന്നതിനാലാണ് ഈ തീരുമാനമെന്ന് ബിബിസി അധികൃതര്‍ വ്യക്തമാക്കി. ശേഖരിക്കപ്പെടുന്ന ദുരിതാശ്വാസസഹായം ഗസ്സയിലെ ആവശ്യക്കാര്‍ക്ക് കൃത്യമായി എത്തുമെന്ന് ഉറപ്പുപറയാനാവാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ബിബിസി ചൂണ്ടിക്കാട്ടി. മറ്റ് ബ്രിട്ടീഷ് ചാനലുകളും പരസ്യം പ്രസിദ്ധീകരിക്കാന്‍ തയാറായിട്ടില്ലെന്ന് ബിബിസി കൂട്ടിച്ചേര്‍ത്തു. യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി സഹായമഭ്യര്‍ഥിക്കുന്ന പരസ്യങ്ങള്‍ സൗജന്യമായി സംപ്രേഷണം ചെയ്യുകയെന്നതാണ് ബിബിസിയുടെ കീഴ്വഴക്കം. ഗസ്സക്ക് വേണ്ടിയുള്ള പരസ്യം തമസ്കരിച്ചതിനെതിരെ ബ്രിട്ടനില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ചില മന്ത്രിമാരും എം.പിമാരും ബിബിസി തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തി. ഇസ്രായേല്‍ സര്‍ക്കാരിനെ ഭയന്നാണ് ബിബിസിയുടെ തീരുമാനമെന്ന് ആരോഗ്യമന്ത്രി ആരോപിച്ചു. ഗസ്സയിലെ മാനുഷിക ദുരിതത്തോടുള്ള ഉത്തരവാദിത്തം വിസ്മരിക്കുന്നതാണ് കോര്‍പറേഷന്‍റെ നിലപാടെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്. ബ്രിട്ടനില്‍ ബിബിസിക്കെതിരെ പ്രകടനങ്ങളും അരങ്ങേറി.
















































പരിക്കേറ്റ അധിനിവേശ ഭടന്‍