കൈറോ: നാളെ (ഏപ്രില്‍ 8) നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ഈജിപ്തിലെ ഇസ്ലാമിക കക്ഷിയായ മുസ്ലിം ബ്രദര്‍ ഹുഡ്(അല്‍ ഇഖ് വാനുല്‍ മുസ്ലിമൂന്‍) തീരുമാനിച്ചു. ജുഡീഷ്യറിയുടെ ഉത്തരവുകള്‍ നടപ്പാക്കാത്ത ഭരണകൂട നിലപാടില്‍ പ്രതിഷേധിച്ചാണിതെന്ന് ബ്രദര്‍ഹുഡ് ഉപകാര്യദര്‍ശി മുഹമ്മദ് ഹബീബ് പറഞ്ഞു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ സംഘടന ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇഖ് വാന്‍റെ ബഹിഷ്കരണാഹ്വാനമടങ്ങുന്ന പരസ്യം പ്രമുഖ ദിനപത്രമായ `അദ്ദസ്തൂര്‍` ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു.
സംഘടനയുടെ അയ്യായിരത്തോളം നാമനിര്‍ദേശ പത്രികകളില്‍ 498 എണ്ണം അധികൃതര്‍ അംഗീകരിച്ചിരുന്നെങ്കിലും അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അവരില്‍ ഇരുപത് പേര്‍ മാത്രമാണ് ഇടം കണ്ടത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെങ്കിലും ഇവരുടെ സ്ഥാനാര്‍ത്ഥിത്വം സംഘടന പിന്‍വലിച്ചിട്ടില്ല. 2005ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സംഘടനക്കുണ്ടായ നേട്ടം ആവര്‍ത്തിക്കപ്പെടുമെന്ന ഭയമാണ് ഭരണകൂടത്തിന്‍റെ തീരുമാനത്തിന് പിന്നിലെന്ന് മുഹമ്മദ് ഹബീബ് ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട് 3500ഓളം കോടതി വിധികളുണ്ടായതായി ബ്രദര്‍ഹുഡ് നേതാവ് അബ്ദുല്‍ മുന്‍ഇം അബുല്‍ ഫതൂഹ് വെളിപ്പെടുത്തി. എന്നാല്‍ പ്രസ്തുത വിധികള്‍ കാറ്റില്‍ പറത്തുന്നതായി ഭരണകൂട നടപടി.
ജനാധിപത്യത്തിന്‍റെ പേരില്‍ ഹാസ്യനാടകമാണ് അരങ്ങേറുന്നതെന്ന് ഇഖ് വാന്‍ മുഖ്യ കാര്യദര്‍ശി
മുഹമ്മദ് മഹ്ദി ആകിഫ് അഭിപ്രായപ്പെട്ടു. നിയമപരമായ അടിത്തറയില്ലാത്തതാണ് ഈ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഭരണം തറവാട്ട് സ്വത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബ്രദര്‍ഹുഡിന്‍റെ ജനപിന്തുണ അതിന് വിഘാതമാണെന്ന് ഹുസ്നി മുബാറകിന് നന്നായറിയാം. നടക്കാന്‍ പോകുന്നത് ഭരണകക്ഷിയും ഭരണകക്ഷിയും തമ്മിലുള്ള `മത്സര`മാണെന്നും തെരഞ്ഞെടുപ്പല്ലെന്നും അദ്ദേഹം പരിഹസിച്ചു.
2005ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ച ബ്രദര്‍ഹുഡ് സ്ഥാനാര്‍ത്ഥികള്‍ ഇരുപത് ശതമാനം സീറ്റ് നേടിയിരുന്നു. ഇതില്‍ ഭീതി പൂണ്ട ഭരണകൂടം പ്രാദേശിക തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയായിരുന്നു. പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ട്രേഡ് യൂനിയനുകളിലും വന്‍ സ്വാധീനവും ശക്തിയുമുള്ള ബ്രദര്‍ഹുഡിനെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കാനനുവദിക്കുന്നത് ഭരണകൂടം ഭീതിയോടെയാണ് കാണുന്നത്. ഇതാണ് സംഘടനയുടെ സ്ഥാനാര്‍ത്ഥികളെ പട്ടികയിലുള്‍പ്പെടുത്താതിരിക്കാന്‍ കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അവലംബം: അല്‍ജസീറ & അല്‍ അറബിയ്യ
1 comment:
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ഈജിപ്തിലെ ഇസ്ലാമിക കക്ഷിയായ മുസ്ലിം ബ്രദര്‍ ഹുഡ്(അല്‍ ഇഖ് വാനുല്‍ മുസ്ലിമൂന്‍) തീരുമാനിച്ചു. ജുഡീഷ്യറിയുടെ ഉത്തരവുകള്‍ നടപ്പാക്കാത്ത ഭരണകൂട നിലപാടില്‍ പ്രതിഷേധിച്ചാണിതെന്ന് ബ്രദര്‍ഹുഡ് ഉപകാര്യദര്‍ശി മുഹമ്മദ് ഹബീബ് പറഞ്ഞു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ സംഘടന ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇഖ് വാന്‍റെ ബഹിഷ്കരണാഹ്വാനമടങ്ങുന്ന പരസ്യം പ്രമുഖ ദിനപത്രമായ `അദ്ദസ്തൂര്‍` ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു.
Post a Comment