Tuesday, April 15, 2008

25 ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് തടവ്

കൈറോ : പണം വെളുപ്പിക്കല്‍, നിരോധിത സംഘടനക്ക് വേണ്ടി ധന ശേഖരണം എന്നീ കുറ്റങ്ങളാരോപിക്കപ്പെട്ട 25 മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് ഈജിപ്ഷ്യന്‍ സൈനിക കോടതി ഒന്നര വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചു.ഇഖ് വാന്‍റെ മുന്‍ നിര നേതാക്കളായ ഖൈറത് ശാത്വിര്‍, ഹസന്‍ മാലിക് എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവാണ് കോടതി വിധിച്ചത്. ഈജിപ്തിന് പുറത്ത് കഴിയുന്ന ഏഴ് പേര്‍ക്ക് പത്ത് വര്‍ഷം വീതം ശിക്ഷ വിധിച്ച കോടതി പതിനാറ് പേരെ ഒന്നര വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവിന് ശിക്ഷിച്ചു. അതേസമയം പതിനഞ്ച് പേരെ കോടതി കുറ്റവിമുക്തരാക്കി
.
സൈനിക കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനാവില്ല. പ്രസിഡന്‍റ് ഹുസ്നി മുബാറകിന്‍റെ ഉത്തരവ് പ്രകാരം കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇവരുടെ വിചാരണ ആരംഭിച്ചത്. പ്രതികള്‍ക്കും അഭിഭാഷകര്ക്കുമൊഴികെ ആര്‍ക്കും കോടതിയില്‍ പ്രവേശനമനുവദിച്ചിരുന്നില്ല.
കടുത്ത അനീതിയും വിചിത്രവുമാണ് വിധിയെന്ന് ബ്രദര്‍ ഹുഡ് നേതാവ് മുഹമ്മദ് ഹബീബ് പ്രതികരിച്ചു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ കൊണ്ടൊന്നും സമാധാനപരമായ പ്രവര്‍ത്തന പാത കൈവെടിയില്ലെന്ന് ഇസ്വാം ഇര്‍യാന്‍ വ്യക്തമാക്കി


സ്ഥാനാര്‍ഥികളെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് ഇഖ് വാന്‍ ബഹിഷ്കരിച്ച മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഒരാഴ്ച പിന്നിടും മുമ്പാണ് നേതാക്കളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി

അവലംബം : അല്‍ജസീറ & അല്‍ അറബിയ്യ

No comments: