ദമസ്കസ് : 1967ലെ അതിരുകളിലുള്ള ഫലസ്തീന്‍ എന്ന നിര്‍ദേശം അംഗീകരിക്കാന്‍ തയാറാണെന്ന് ഹമാസ് രാഷ്ട്രീയ മേധാവി ഖാലിദ് മിശ്അല്‍ പ്രസ്താവിച്ചു. എന്നാല്‍ ഇസ്രായേലിനെ അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിത പരിശോധനയില്‍ ഫലസ്തീന്‍ ജനത അനുമതി നല്‍കുന്ന പക്ഷം പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസുമായും ഇസ്രായേലുമായും ശാശ്വത പരിഹാരത്തിന് ഹമാസ് തയാറാണെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ പ്രസ്താവനയെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ജെറൂസലം ( ഖുദ്സ് ) തലസ്ഥാനമായി `67ലെ അതിരുകളില്‍ പൂര്‍ണാധികാരമുള്ള ഫലസ്തീന്‍ രാഷ്ട്രം എന്നത് സ്വീകാര്യമാണ്. അതില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് സ്ഥാനമുണ്ടാകില്ല. പലായനം ചെയ്ത മുഴുവന്‍ ഫലസ്തീനികള്‍ക്കും മടങ്ങിവരാന്‍ അവകാശമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലുമായി നേരിട്ട് ചര്‍ച്ചക്കൊരുക്കമല്ല
അധിനിവേശ തടവിലുള്ള ഫലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി ബന്ദിയായി പിടിച്ച ഇസ്രായേലി സൈനികന്‍ ഗിലാദ് ശാലിത്വിന്‍റെ കൈമാറ്റം പരോക്ഷമായി ചര്‍ച്ചയാവാം. കാര്‍ട്ടറോടുള്ള ബഹുമാന സൂചകമായി ഗിലാദിന്‍റെ സന്ദേശം കുടുംബത്തിന് കൈമാറാന്‍ അനുവദിച്ചതായി മിശ്അല്‍ വെളിപ്പെടുത്തി
ഏകപക്ഷീയ വെടിനിര്‍ത്തല്‍ നിര്‍ദേശം സ്വീകാര്യമല്ലെന്ന് മിശ്അല്‍ വ്യക്തമാക്കി. പലതവണ ഷെല്‍ വര്‍ഷം നിര്‍ത്തിവെക്കാന്‍ ഹമാസ് സന്നദ്ധമായതാണ്. എന്നാല്‍ ഇസ്രായേല്‍ ആക്രമണം തുടരുകയായിരുന്നു. ഈ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഏകപക്ഷീയ വെടിനിര്‍ത്തലിന് തയാറല്ല
അതേസമയം, ഇരുപക്ഷവും വെടിനിര്‍ത്തുകയെന്ന നിര്‍ദേശം സ്വീകാര്യമാണെന്ന് മുന്‍ ഫലസ്തീന്‍ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യ വ്യക്തമാക്കി. ഗസ്സയും പടിഞ്ഞാറെ കരയുമടക്കം മുഴുവന്‍ പ്രദേശങ്ങളുമുള്‍പ്പെടുന്ന വെടിനിര്‍ത്തലിന് മാത്രമേ ഹമാസ് ഒരുക്കമാവൂ. പന്ത് ഇപ്പോള്‍ ഇസ്രായേലിന്‍റെ കോര്‍ട്ടിലാണെന്ന് ഹനിയ്യ കൂട്ടിച്ചേര്‍ത്തു
അവലംബം : അല്‍ജസീറ & അല്‍അറബിയ്യ
No comments:
Post a Comment