Saturday, April 19, 2008

കാര്‍ട്ടറുടെ നിര്‍ദേശങ്ങളോട് അനുകൂല പ്രതികരണം; വിലയൊടുക്കില്ലെന്ന് ഹമാസ്

ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ ഗിലാദ് ശാലിതിന്‍റെ മാതാപിതാക്കളുമായി കാര്‍ട്ടര്‍ ചര്‍ച്ച നടത്തുന്നു
ദമസ്കസ് : മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ മുന്നോട്ട് വെച്ച ചില നിര്‍ദേശങ്ങളോട് അനുകൂലമായി പ്രതികരിക്കുമെങ്കിലും ഫലസ്തീന്‍ മാത്രം വിലയൊടുക്കുന്ന അവസ്ഥയുണ്ടാവില്ലെന്ന് ഹമാസ്. ഇസ്രായേലുമായി വെടിനിര്‍ത്തല്‍, തടവുകാരെ കൈമാറല്‍ എന്നി നിര്‍ദേശങ്ങളോട് അനുകൂല സമീപനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഹമാസ് നേതാവ് മുഹമ്മദ് നിസാല്‍ വ്യക്തമാക്കി. എന്നാല്‍ ജനതയുടെ താല്പര്യങ്ങള്‍ കണക്കിലെടുത്ത് കൊണ്ടുള്ള തീരുമാനമാണുണ്ടാവുക
ഇന്നും ഇന്നലെയുമായി കാര്‍ട്ടറും ഖാലിദ് മിശ്അലും അഞ്ചു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തി. ഹമാസ് ബന്ദിയാക്കിയ ഇസ്രായേലി സൈനികന്‍ ഗിലാദ് ശാലിതിനെ കൈമാറുന്നതിന് പകരമായി അറുന്നൂറ് ഫലസ്തീനി തടവുകാരെ ഇസ്രായേല്‍ വിട്ടയക്കണമെന്നാണ് ഹമാസിന്‍റെ ആവശ്യം. അധിനിവേശ തടവറയില്‍ പതിനൊന്നായിരം ഫലസ്തീനികളുണ്ടായിരിക്കെ ഈ ആവശ്യം ന്യായമാണെന്നാണ് ഹമാസിന്‍റെ വാദം
എന്നാല്‍ ഇസ്രായേല്‍ ഉപപ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തണമെന്ന നിര്‍ദേശത്തോട് ഹമാസ് പ്രതികരിച്ചിട്ടില്ല. ഇസ്രായേലുമായി പരോക്ഷ ചര്‍ച്ച‍ക്ക് ഹമാസ് ഒരുക്കമാണ്. കാര്‍ട്ടറുടെ നിര്‍ദേശങ്ങളില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ ഗസ്സയിലെ ഹമാസ് നേതാക്കള്‍ ദമസ്കസില്‍ മിശ്അലുമായി ചര്‍ച്ച നടത്തും
അതേസമയം, അമേരിക്കയുടെയും ഇസ്രായേലിന്‍റെയും കടുത്ത വിമര്‍ശത്തെ അവഗണിച്ചുകൊണ്ടുള്ള കാര്‍ട്ടറുടെ പര്യടനം അറബ് ലോകം സ്വാഗതം ചെയ്തു. ഹമാസിനെതിരായ യു.എസ് ഉപരോധം തകരുന്നതിന്‍റെ തുടക്കമാണിതെന്ന് മുഹമ്മദ് നിസാല്‍ അഭിപ്രായപ്പെട്ടു. വിമോചന പ്രസ്ഥാന നായകന്‍ എന്ന നിലക്കാണ് കാര്‍ട്ടര്‍ മിശ്അലിനെ അഭിസംബോധന ചെയ്തതെന്ന് ഹമാസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഹമാസിന്‍റെ രാഷ്ട്രീയ അടിത്തറയെ കുറിച്ച ചര്‍ച്ചയല്ല, നിലവിലുള്ള നിലപാടുകള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്ന് ഹമാസ് നേതാവ് മൂസാ അബൂ മര്‍സൂഖ് പറഞ്ഞു
ഹമാസും സിറിയയും കാര്‍ട്ടറുടെ സന്ദര്‍ശനത്തെ ദുരുപയോഗപ്പെടുത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ആരോപിച്ചു. ഹമാസുമായുള്ള ചര്‍ച്ചയില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ട് കാര്‍ട്ടറെ ബഹിഷ്കരിച്ചിരുന്നു.2006ന് ശേഷം ആദ്യമായാണ് ഇത്ര ഉയര്‍ന്ന അമേരിക്കന്‍ വ്യക്തിത്വം മിശ്അലിനെ സന്ദര്‍ശിക്കുന്നത്

അവലംബം : അല്‍ജസീറ

No comments: