Wednesday, April 16, 2008

അറബ് പ്രതിനിധിയെ പുറത്താക്കാന്‍ ഇസ്രായേല്‍ പാര്‍ലമെന്‍റ് നീക്കം


ജെറൂസലം: കഴിഞ്ഞ ദിവസം ഖത്തറില്‍ നടന്ന എട്ടാമത് ദോഹ ജനാധിപത്യ വികസന സ്വതന്ത്ര വ്യാപാര ഫോറത്തില്‍ ഫല‍സ്തീന്‍ പ്രതിനിധിയായി പങ്കെടുത്ത എം പിയെ പുറത്താക്കാന്‍ ഇസ്രായേല്‍ പാര്‍ലമെന്‍റില്‍ നീക്കം ശക്തമായി. നെസറ്റിലെ അറബ് പ്രതിനിധി അഹ് മദ് ത്വിബിക്കെതിരെ ഇസ്രായേല്‍ എം പിമാര്‍ ശക്തമായി രംഗത്ത് വന്നതിനെ തുടര്‍ന്നാണിത്. ത്വിബിയെ പുറത്താക്കുകയും അറസ്റ്റ് ചെയ്ത് വിചാരണ നടത്തുകയും ചെയ്യണമെന്ന് തീവ്ര വലതുപക്ഷ കക്ഷിയായ ഇസ്രായേല്‍ ബൈതെയ്നുവും കാദിമയും ആവശ്യപ്പെട്ടു.ഏത് രാജ്യത്തിന്‍റെ പ്രാതിനിധ്യമാണ് ത്വിബിയുടേതെന്ന് നിശ്ചയിക്കാന്‍ സമയമായെന്ന് വിദേശകാര്യ സഹമന്ത്രി മജ് ലി വഹ്ബി പറഞ്ഞു


രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് ഇദ്ദേഹത്തിനെതിരെ എം പിമാരുടെ നീക്കമുണ്ടാവുന്നത്ഒരാഴ്ച മുമ്പ് യമനില്‍ നിന്നുള്ള വഴിമധ്യേ ത്വിബിയുടെ വിമാനം ബെയ്റൂത്തില്‍ ഇന്ധനം നിറക്കാന്‍ ഇറങ്ങിയത് ഇസ്രായേലിനെ ചൊടിപ്പിച്ചിരുന്നു. എം പിമാര്‍ക്ക് ലബനാനില്‍ പോകുന്നതിന് വിലക്കുണ്ട്. ത്വിബി ലബനാനില്‍ പോകുന്നതിനോട് വിയോജിപ്പില്ലെന്നും എന്നാല്‍ അദ്ദേഹം അവിടെ നിന്ന് ഇസ്രായേലിലേക്ക് മടങ്ങുന്നത് പ്രശ്നമാണെന്നുമാണ് `ബെയ്തെയ്നു` മേധാവി അവിഗ്ദോര്‍ ലിബര്‍മാന്‍ ആ സംഭവത്തോട് പ്രതികരിച്ചത്. അതിന് പിറകെയാണ് അദ്ദേഹം ഫലസ്തീന്‍ പ്രതിനിധിയായി ദോഹയിലെത്തിയതും വിദേശകാര്യ മന്ത്രി സിപി ലിവ്നിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതും


നന്നെ ചുരുങ്ങിയത് ത്വിബി രാജിവെക്കേണ്ടി വരുമെന്നാണ് പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഹിസ്ബുല്ലക്ക് വേണ്ടി ചാരപ്പണി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അറബ് എം പി അസ്മി ബിശാറ കഴിഞ്ഞ വര്‍ഷമാണ് നെസറ്റില്‍ നിന്ന് രാജിവെച്ചത്. വിദേശത്ത് കഴിയുന്ന അദ്ദേഹം ഇസ്രായേലില്‍ പ്രവേശിക്കുന്ന പക്ഷം അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവുണ്ട്
അവലംബം : അല്‍ജസീറ

No comments: