Tuesday, April 15, 2008

കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും ഖാലിദ് മിശ്അലുമായി കൂടിക്കാഴ്ചക്ക് കാര്‍ട്ടര്‍


അമേരിക്കയുടെയും ഇസ്രായേലിന്‍റെയും രൂക്ഷമായ എതിര്‍പ്പ് അവഗണിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ ഹമാസ് നേതാവ് ഖാലിദ് മിശ്അലുമായികൂടിക്കാഴ്ചക്കൊരുങ്ങുന്നു. സിറിയന്‍ തലസ്ഥാനമായ ദമസ്കസില്‍ നിശ്ചയിച്ച കൂടിക്കാഴ്ചക്ക് മുന്നോടിയായി കാര്‍ട്ടര്‍ ഇന്ന് ഫലസ്തീനിലെ പ്രമുഖ ഹമാസ് നേതാവും മുന്‍ ഐക്യ സര്‍ക്കാര്‍ ഉപപ്രധാനമന്ത്രിയുമായ നാസിറുദ്ദീന്‍ ശാഇറുമായി പടിഞ്ഞാറെ കരയില്‍ ചര്‍ച്ച നടത്തും. കാര്‍ട്ടര്ക്കൊരുക്കിയ സ്വീകരണ ചടങ്ങിലേക്ക് അദ്ദേഹത്തെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. മുന്‍ ഫലസ്തീന്‍ പ്രസിഡന്‍റ് യാസിര്‍ അറഫാത്തിന്‍റെ ഖബറിടം സന്ദര്‍ശിക്കുന്ന കാര്‍ട്ടര്‍ ഫലസ്തീന്‍ പ്രധാനമന്ത്രി സലാം ഫയ്യാദുമായി ചര്‍ച്ച നടത്തും



ഇസ്രായേലുമായും ഫതഹ് പാര്‍ട്ടിയുമായും സമാധാന നടപടിക്ക് പ്രേരിപ്പിക്കുകയെന്ന ലക് ഷ്യത്തോടെയാണ് മിശ്അലിനെ സന്ദര്‍ശിക്കുന്നതെന്ന് കാര്‍ട്ടര്‍ വ്യക്തമാക്കി. ഹമാസിനെ നശിപ്പിക്കാനുള്ള ശ്രമം വിപരീത ഫലം ചെയ്യുമെന്ന് ഇസ്രായേലില്‍ ബിസിനസ് പ്രമുഖരുമാഇ നടത്തിയ സംവാദത്തില്‍ കാര്‍ട്ടര്‍ ചൂണ്ടിക്കാട്ടി. ‍ഇസ്രായേലിലെ നിരപരാധികള്‍ക്ക് നേരെ മിസൈല്‍ തൊടുക്കുന്ന നടപടി ഹമാസും ഫലസ്തീനികല്‍ക്ക് നേരെയുള്ള അതിക്രമം ഇസ്രായേലും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു



അതേസമയം, കാര്‍ട്ടറുടെ നീക്കത്തെ ശക്തിയായി വിമര്‍ശിച്ച വൈറ്റ് ഹൗസ് അദ്ദേഹം അമേരിക്കന്‍ പ്രതിനിധിയായല്ല ദമസ്കസിലെത്തുന്നതെന്ന് വ്യക്തമാക്കി. ഹമാസിനെ തകര്‍ക്കാനുള്ള പ്രസിഡന്‍റ് ബുഷിന്‍റെ ശ്രമങ്ങളെ തകിടം മറിക്കുന്നതാണ് കാര്‍ട്ടറുടെ നടപടിയെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിലേക്ക് മത്സരിക്കുന്ന ബരാക് ഒബാമയും ഹിലാരി ക്ലിന്‍റനും കാര്‍ട്ടര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ, ഫലസ്തീനിലെ ഇന്‍തിഫാദയുടെ മുന്‍നിര പോരാളിയായിരുന്ന മര്‍വാന്‍ ബര്‍ഗൂഥിയെ മോചിപ്പിക്കണമെന്ന കാര്‍ട്ടറുടെ അഭ്യര്‍ഥന ഇസ്രായേല്‍ തള്ളിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു



അവലംബം : അല്‍ജസീറ & അല്‍ അറബിയ്യ

No comments: