ദോഹ : ഇസ്രായേല്‍ വിദേശകാര്യ മന്ത്രി സിപി ലിവ്നി ത്രിദിന സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തി. ഇസ്രായേലുമായി നയതന്ത്ര ബന്ധം പുലര്‍ത്താത്ത ഗള്‍ഫ് മേഖലയിലേക്കുള്ള ലിവ്നിയുടെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. ദോഹയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എട്ടാമത് ദോഹ ജനാധിപത്യ വികസന സ്വതന്ത്ര വ്യാപാര ഫോറത്തില്‍ പങ്കെടുത്ത ലിവ്നി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ആല്‍ഥാനിയുമായും ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവിയുമായും കൂടിക്കാഴ്ച നടത്തി
ഗസ്സക്ക് മേലുള്ള ഉപരോധം നീക്കാനുള്ള സാധ്യതകളടക്കം ചര്‍ച്ച ചെയ്യുമെന്ന് ഖത്തര്‍ മന്ത്രി ചര്‍ച്ചക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. നയതന്ത്ര ബന്ധമായി വളര്‍ന്നിട്ടില്ലെങ്കിലും ഖത്തര്‍ വിദേശമന്ത്രി പലപ്പോഴും ഇസ്രായേല്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താറുണ്ട്. ഇസ്രായേലിന്‍റെ വാണിജ്യ ഓഫിസ് വര്‍ഷങ്ങളായി ദോഹയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പുണ്ടായ ഇസ്രായേല്‍ - ഹിസ്ബുല്ല സംഘര്‍ഷം പരിഹരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ഖത്തര്‍ വിദേശമന്ത്രി ജെറൂസലമില്‍ ഇസ്രായേല്‍ അധികൃതരുമായി രഹസ്യ ചര്‍ച്ച നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു
എന്നാല്‍ ഒമാന്‍ ആദ്യമായാണ് ഇസ്രായേല്‍ അധികൃതരുമായി പരസ്യ കൂടിക്കാഴ്ച നടത്തുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് ഇസ്രായേല്‍ മന്ത്രിയുടെ ദോഹ പര്യടനം റിപ്പോര്‍ട്ട് ചെയ്തത്
No comments:
Post a Comment