Sunday, November 9, 2008

ഉപരോധം ലംഘിച്ച് മൂന്നാമത്തെ യൂറോപ്യന്‍ ബോട്ട് ഗസ്സയില്‍

സൈപ്രസില്‍ നിന്നെത്തിയ ബോട്ട് ഗസ്സാ തീരത്തണഞ്ഞപ്പോള്‍
ഗസ്സ: ഗസ്സക്ക് മേലുള്ള ഇസ്രായേലിന്‍റെ ഉപരോധം ലംഘിച്ച് മൂന്നാമത്തെ യൂറോപ്യന്‍ യാത്രാബോട്ട് ഇന്നലെ ഗസ്സാ തീരത്തെത്തി. ബോട്ടിലെത്തിയ സംഘത്തിന് ഗസ്സാവാസികള്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മുന്‍ ബ്രിട്ടീഷ് വികസന വകുപ്പ് മന്ത്രി ക്ലയര്‍ ഷോര്‍ട്ട് അടക്കമുള്ള നിരവധി സമാധാന പ്രവര്‍ത്തകരടങ്ങിയ സംഘം മൂന്ന് ദിവസം ഗസ്സയില്‍ തങ്ങിയ ശേഷം സൈപ്രസിലേക്ക് ബോട്ടില്‍ തിരിച്ചുപോകും.

ബ്രിട്ടീഷ് എം.പി നസീര്‍ അഹ് മദ് അടക്കം നിരവധി യൂറോപ്യന്‍ എം.പിമാര്‍ സംഘത്തിലുണ്ട്.മുന്‍ ഫലസ്തീന്‍ പ്രധാനമന്ത്രിയും ഹമാസ് നേതാവുമായ ഇസ്മാഈല്‍ ഹനിയ്യയുമായും മറ്റും കൂടിക്കാഴ്ച നടത്തുന്ന സംഘം ആശുപത്രികളും അഭയാര്‍ത്ഥി ക്യാമ്പുകളും സന്ദര്‍ശിക്കുകയും അവശ്യ ഭക് ഷ്യ വസ്തുക്കളും മരുന്നും ചികിത്സാ സാമഗ്രികളും വിതരണം ചെയ്യുകയും ചെയ്യും. റഫാ അതിര്‍ത്തി വഹി ഗസ്സയിലെത്താനുള്ള ആഗ്രഹം ഈജിപ്ത് നിരസിച്ചതിനെ തുടര്‍ന്നാണ് കടല്‍ മാര്‍ഗം ഉപരോധം ലംഘിച്ചതെന്ന് എം.പിമാര്‍ പറഞ്ഞു.

Saturday, November 8, 2008

മുന്നൂറിലധികം ഹമാസ് പ്രവര്‍ത്തകര്‍ വെസ്റ്റ്ബാങ്കില്‍ തടവില്‍

ഗസ്സ: ഫലസ്തീനിലെ പടിഞ്ഞാറെ കരയില്‍ ( വെസ്റ്റ്ബാങ്ക് ) ഫതഹ് അധീനതയിലുള്ള സുരക്ഷാ സേനയുടെ തടവില്‍ കഴിയുന്ന ഹമാസ് പ്രവര്‍ത്തകരുടെ എണ്ണം മുന്നൂറ് കവിഞ്ഞതായി റിപ്പോര്‍ട്ട്. അധ്യാപകരും വിദ്യാര്‍ത്ഥികളും‍ രാഷ്ട്രീയ നേതാക്കളും തടവിലുണ്ട്. ഇവരില്‍ പലരും ഒഅതിനഞ്ച് വര്‍ഷത്തിലേറെയായി ഫതഹ് തടവിലാണെന്ന് അല്‍ഇസ് ലാഹ് പാര്‍ട്ടിയുടെ വനിതാ എം.പി സമീറ അല്‍ഹലായിക വെളിപ്പെടുത്തി. അനുരഞ്ജന ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് കഴിഞ്ഞ മാസം തങ്ങളുടെ തടവിലുള്ള ഫതഹ് അനുയായികളെ ഹമാസ് വിട്ടയച്ചെങ്കിലും ഫതഹ് അനുകൂല നടപടിക്ക് തയാറാകാത്തത് അനുരഞ്ജന ചര്‍ച്ച തടസപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്.


ഹമാസ് അനുകൂലികളായ തടവുകാരെ സൈനികര്‍ ക്രൂരമായി മര്‍ദിക്കുന്നതായി സമീറ പറയുന്നു. അതേസമയം വെസ്റ്റ്ബാങ്കില്‍ ഹമാസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന നടപടി സുരക്ഷാ സേന തുടരുകയാണത്രെ. മുപ്പതോളം പേരെ വെള്ളിയാഴ്ച മാത്രം പിടികൂടിയതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വെസ്റ്റ്ബാങ്കില്‍ ഒരൊറ്റ രാഷ്ട്രീയ തടവുകാരന്‍ പോലുമില്ലെന്നും സാമ്പത്തിക, സൈനിക, സുരക്ഷാ കാരണങ്ങളാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതെന്നുമാണ് സുരക്ഷാ സേനയുടെ ന്യായീകരണം.

അവലംബം: അല്‍ജസീറ

ഒബാമയുമായി ചര്‍ച്ചക്ക് തയാര്‍- ഹമാസ്


ദമസ്കസ്: അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമക്ക് ഫലസ്തീന്‍ ചെറുത്തുനില്പ് പ്രസ്ഥാനമായ ഹമാസിന്‍റെ അഭിനന്ദനം. ഒരു ആഫ്രോ അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മാറ്റത്തിന്‍റെ സൂചനയാണെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ അഭിപ്രായപ്പെട്ടു.

ഒബാമയുമായി ചര്‍ച്ചക്ക് തയാറാണെന്ന് മിശ്അല്‍ സ്കൈ ന്യൂസിനോട് പറഞ്ഞു. തങ്ങളുടെ അവകാശങ്ങളെ മാനിക്കുന്ന പക്ഷം തുറന്ന മനസോടെ ചര്‍ച്ചക്ക് സന്നദ്ധമാണ്. ഫലസ്തീനിലെ പ്രബല കക്ഷിയെന്ന നിലക്ക് ഹമാസിനെ മാറ്റിനിര്‍ത്തിയുള്ള സമാധാന ശ്രമങ്ങള്‍ ഫലം കാണില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫലസ്തീന്‍ അനുരഞ്ജന ചര്‍ച്ച മാറ്റിവെച്ചു

കെയ്റോ: തിങ്കളാഴ്ച കെയ്റോയില്‍ തുടങ്ങാനിരുന്ന ഫലസ്തീന്‍ അനുരഞ്ജന ചര്‍ച്ച അനിശ്ചിതമായി മാറ്റിവെച്ചു. ഹമാസിന്‍റെ ആവശ്യപ്രകാരമാണിതെന്ന് ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു. പടിഞ്ഞാറെ കരയില്‍ ( വെസ്റ്റ് ബാങ്ക് ) തടവില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ ഫതഹ് തയാറാകാത്തതും ചര്‍ച്ചയില്‍ മുഴുക്കെ പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസ് പങ്കെടുക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന തീരുമാനത്തിനിടയാക്കിയതെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും ജനകീയ മുന്നണിയും വ്യക്തമാക്കി. ഇതോടെ സഖ്യസര്‍ക്കാര്‍ രൂപവത്കരണം കൂടുതല്‍ പ്രയാസകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

വെസ്റ്റ്ബാങ്കിലെ തടവുകാരുടെ മോചനമാവശ്യപ്പെട്ട് ഹമാസ് സംഘടിപ്പിച്ച റാലി

ഈജിപ്ത് തയാറാക്കിയ അനുരഞ്ജന ചര്‍ച്ചാ അജണ്ടയില്‍ ചില അടിസ്ഥാന ഭേദഗതികള്‍ വരുത്തണമെന്ന് ഹമാസ്, അല്‍ജിഹാദ്, ജനകീയ മുന്നണി തുടങ്ങിയ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഈജിപ്ത് പൂര്‍ണമായും തള്ളിയതാണ് അനുരഞ്ജന ചര്‍ച്ച മാറ്റിവെക്കുന്നതിലെത്തിച്ചത്.

അനുരഞ്ജന ചര്‍ച്ചക്ക് മുന്നോടിയായി ഗാസയില്‍ തടവിലായിരുന്ന ഫതഹ് അനുയായികളെ ഹമാസ് മോചിപ്പിച്ചിരുന്നു. എന്നാല്‍ പടിഞ്ഞാറെ കരയില്‍ ഫതഹ് നിയന്ത്രണത്തിലുള്ള സുരക്ഷാ സേന തടവിലാക്കിയവരെ വിട്ടയച്ചിട്ടില്ല. ഇത് ഹമാസിനെയും മറ്റ് പോരാട്ട സംഘടനകളെയും ചൊടിപ്പിച്ചു. തടവിലുള്ളവരെ മോചിപ്പിക്കാത്ത പക്ഷം അനുരഞ്ജനനീക്കം വഴിമുട്ടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെസ്റ്റ് ബാങ്കില്‍ തടവ് തുടരുന്നതില്‍ പ്രതിഷേധിച്ച് ഹമാസ് കഴിഞ്ഞ ദിവസം കൂറ്റന്‍ പ്രകടനം സംഘടിപ്പിച്ചിരുന്നു. മഹ് മൂദ് അബ്ബാസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രീതി മാറ്റണമെന്നും പോരാട്ട സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Saturday, November 1, 2008

യൂസുഫ്...... പ്രായം കുറഞ്ഞ തടവുകാരന്‍

യൂസുഫ് ഉമ്മയോടൊപ്പം
യൂസുഫ്- സൗന്ദര്യത്തിന്‍റെ മകുടോദാഹരണമായി വേദങ്ങള്‍ വര്‍ണിച്ച പുണ്യപ്രവാചകന്‍റെ നാമം. ഇവിടെ നാം കണ്ടുമുട്ടുന്ന യൂസുഫ് എന്ന കുരുന്നും വശ്യസുന്ദരമായ പുഞ്ചിരി കൊണ്ട് ആരുടെയും കണ്ണിലുണ്ണിയാവും. പാല്‍പുഞ്ചിരി തൂകുന്ന യൂസുഫ് എന്ന ഒമ്പത് മാസം മാത്രം പ്രായമുള്ള ഫലസ്തീന്‍ കുഞ്ഞ് പിറന്നുവീണത് അസ്വാതന്ത്ര്യത്തിന്‍റെ തൊട്ടിലിലേക്കായിരുന്നു. പിതാവിനും സഹോദരങ്ങള്‍ക്കും ഇതുവരെ ഇവനെ ഒരുനോക്ക് കാണാനായിട്ടില്ല. ഇസ്രായേല്‍ തടവറയില്‍ കഴിയുന്ന 11600ലധികം ഫലസ്തീനികളില്‍ ഇളയവനാണ് യൂസുഫ്. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനും.



പതിനാറ് മാസം മുമ്പാണ് യൂസുഫിന്‍റെ മാതാവ് ഫാത്വിമയെ അധിനിവേശ സൈന്യം തടവിലാക്കിയത്. മൂന്ന് മാസം ഗര്‍ഭിണിയായ അവര്‍ ചാവേറാക്രമണത്തിന് ഒരുക്കം നടത്തുന്നുവെന്ന കേവലം സംശയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ജയിലില്‍ അവര്‍ യൂസുഫിന് ജന്‍മം നല്‍കി. തടവിലായ ശേഷം ഇതുവരെ ഭര്‍ത്താവിനെയും മറ്റ് മക്കളെയും കാണാന്‍ പോലും അനുവദിച്ചില്ല. എന്നെങ്കിലും സ്വാതന്ത്ര്യത്തിന്‍റെ വായു ശ്വസിക്കാനാവുമെന്ന പ്രതീക്ഷയില്‍ പൊന്നോമനയെ ലാളിച്ച് കഴിയുകയാണ്, തടവിന്‍റെ പരിവേദനങ്ങള്‍ക്കിടയിലും ധീരയായ ഫാത്വിമ. ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്കും യൗവനത്തിലേക്കുമെത്തുമ്പോള്‍ നാടിന്‍റെ സ്വാതന്ത്ര്യത്തിനും മോചനത്തിനും വേണ്ടി അടരാടാന്‍ മകനെ പ്രാപ്തനാക്കുമെന്ന് സ്വപ്നം കാണുകയാവാം ഈ മാതാവ്.

അവലംബം: അല്‍ജസീറ ടോക്

Monday, October 27, 2008

പ്രവാചകന്‍ മുഹമ്മദിനെ കുറിച്ച് സിനിമ 'സമാധാന ദൂതന്‍'

ഒസ്കാര്‍ സഗ്ബി
ദുബൈ: പ്രവാചകന്‍ മുഹമ്മദിന്‍റെ ജീവിതത്തെ അധികരിച്ച് സിനിമ നിര്‍മിക്കുന്നു. അറബ് വംശജരായ അമേരിക്കന്‍ സിനിമാ പ്രവര്‍ത്തകരാണ് സംരംഭത്തിന് പിന്നില്‍. 'സമാധാനദൂതന്‍' ( ദി മെസഞ്ചര്‍ ഓഫ് പീസ് ) എന്നാണ് മുസ്തഫാ അഖാദിന്‍റെ 'ദി മെസേജി'ന് ശേഷം പ്രവാചകനെ കുറിച്ച ചിത്രത്തിന്‍റെ പേര്. ഡിസംബറില്‍ ചിത്രീകരണമാരംഭിച്ച് 2009 അവസാനത്തോടെ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ ഒസ്കാര്‍ സഗ്ബി വെളിപ്പെടുത്തി. ലബനീസ് വംശജനായ ക്രിസ്ത്യാനിയാണദ്ദേഹം. പ്രമുഖ നിര്‍മാതാവ് സുബ്ഹിയ അബുല്‍ ഹൈജയാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍. പ്രമുഖ ഹോളിവുഡ് സംവിധായകന്‍ റംസി തോമസിന്‍റേതാണ് തിരക്കഥ. 'ബോയിലിങ് പോയന്‍റ്' അടക്കമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്. 'മെസേജി'ന്‍റെ പിന്നണിയിലും റംസി ഉണ്ടായിരുന്നു.


ഇസ്ലാം സമാധാനത്തിന്‍റേതാണെന്ന സന്ദേശമാണ് ചിത്രത്തിലൂടെ നല്‍കാനുദ്ദേശിക്കുന്നത്. മുഹമ്മദ് നബിയെ സിനിമയില്‍ ചിത്രീകരിക്കില്ലെന്ന് സഗ്ബി വ്യക്തമാക്കി. ചരിത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തുന്നതാവും ചിത്രം. ഇസ്ലാമിക പണ്ഡിതന്‍മാരുടെ സംഘം ചിത്രീകരണത്തിന്‍റെ ഓരോ ഘട്ടവും നിരീക്ഷിക്കും. അഭിനേതാക്കളെ നിശ്ചയിച്ചിട്ടില്ല. അറബ് സിനിമയില്‍ നിന്നുള്ള പ്രമുഖര്‍ ചിത്രത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഗള്‍ഫിലും മൊറോക്കോ അടക്കമുള്ള അറബ് രാജ്യങ്ങളിലുമായി ചിത്രീകരിക്കുന്ന സമാധാനദൂതന്‍ ഇംഗ്ലീഷിലാണ് ആദ്യം പുറത്തിറങ്ങുക. പിന്നീട് അറബി അടക്കമുള്ള പ്രമുഖ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


1977ല്‍ മുസ്തഫാ അഖാദ് സംവിധാനം ചെയ്ത 'ദി മെസേജ്' ആണ് പ്രവാചകനെ കുറിച്ച ശ്രദ്ധേയമായ ആദ്യ സിനിമ. അതിന്‍റെ തുടര്‍ച്ചയുണ്ടാവണമെന്ന് അഖാദിന്‍റെ സഹപ്രവര്‍ത്തകരായിരുന്ന 'സമാധാനദൂത'ന്‍റെ പിന്നണി പ്രവര്‍ത്തകരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അഖാദിന്‍റെ കാലത്ത് തന്നെ അത് നിര്‍വഹിക്കണമെന്ന ആഗ്രഹം പൂവണിഞ്ഞില്ല. 2005ല്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ അറുപതിലധികം പേരുടെ ജീവനപഹരിച്ച സ്ഫോടനത്തില്‍ അഖാദും കൊല്ലപ്പെടുകയായിരുന്നു.


അവലംബം: അല്‍അറബിയ്യ

Tuesday, October 21, 2008

ഫലസ്തീനില്‍ സഖ്യസര്‍ക്കാരിന് സാധ്യത തെളിയുന്നു

ഗസ്സ: ഫലസ്തീനില്‍ സഖ്യസര്‍ക്കാര്‍ രൂപവത്കരിക്കപ്പെടാന്‍ സാധ്യതയേറി. ഇത് സംബന്ധിച്ച ഈജിപ്തിന്‍റെ നിര്‍ദേശം ഹമാസ് തത്വത്തില്‍ അംഗീകരിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. സഖ്യസര്‍ക്കാര്‍ രൂപവത്കരണ പദ്ധതി അംഗീകരിക്കുന്നതായും ഒരിക്കലും തള്ളിക്കളയില്ലെന്നും ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം വ്യക്തമാക്കി. ഹമാസും ഫതഹുമുള്‍പ്പെടെ വിവിധ സംഘടനകളുമായി ഈജിപ്ത് നടത്തുന്ന ചര്‍ച്ചയുടെ അടുത്ത ഘട്ടം അടുത്തമാസം ഒമ്പതിന് കെയ്റോയില്‍ നടക്കാനിരിക്കേ പ്രതീക്ഷയുണര്‍ത്തുന്നതാണ് ഈ പ്രസ്താവന. സഖ്യസര്‍ക്കാര്‍ ഉടന്‍ രൂപവത്കരിക്കപ്പെടുമെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ ഈയിടെ ദോഹയില്‍ പ്രസ്താവിച്ചിരുന്നു.

അതേസമയം ചില ഉറപ്പുകള്‍ ലഭിക്കേണ്ടതുണ്ടെന്ന് ബര്‍ഹൂം പറഞ്ഞു. ഈജിപ്ത് മുന്നോട്ട് വെച്ച പദ്ധതി വിജയിപ്പിക്കാന്‍ ഹമാസ് ആഗ്രഹിക്കുന്നു. എന്നാല്‍ ചില വിഷയങ്ങള്‍ വിശദീകരിക്കപ്പെടേണ്ടതുണ്ട്. സഖ്യസര്‍ക്കാര്‍ രൂപവത്കരണം, സുരക്ഷാ വിഭാഗങ്ങളുടെ പുന:സംവിധാനം, പ്രസിഡന്‍റ്- പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകള്‍, ഫലസ്തീന്‍ വിമോചന സംഘടന ( പി.എല്‍.ഒ ) വികസിപ്പിക്കല്‍ എന്നിവ മുഖ്യ അജണ്ടയായുള്ള നാല് പേജ് വരുന്ന അനുരഞ്ജന പദ്ധതി ഈജിപ്ത് ഫലസ്തീന്‍ കക്ഷികള്‍ക്ക് സമര്‍പ്പിച്ചിരുന്നു.