Tuesday, October 21, 2008

ഫലസ്തീനില്‍ സഖ്യസര്‍ക്കാരിന് സാധ്യത തെളിയുന്നു

ഗസ്സ: ഫലസ്തീനില്‍ സഖ്യസര്‍ക്കാര്‍ രൂപവത്കരിക്കപ്പെടാന്‍ സാധ്യതയേറി. ഇത് സംബന്ധിച്ച ഈജിപ്തിന്‍റെ നിര്‍ദേശം ഹമാസ് തത്വത്തില്‍ അംഗീകരിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. സഖ്യസര്‍ക്കാര്‍ രൂപവത്കരണ പദ്ധതി അംഗീകരിക്കുന്നതായും ഒരിക്കലും തള്ളിക്കളയില്ലെന്നും ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം വ്യക്തമാക്കി. ഹമാസും ഫതഹുമുള്‍പ്പെടെ വിവിധ സംഘടനകളുമായി ഈജിപ്ത് നടത്തുന്ന ചര്‍ച്ചയുടെ അടുത്ത ഘട്ടം അടുത്തമാസം ഒമ്പതിന് കെയ്റോയില്‍ നടക്കാനിരിക്കേ പ്രതീക്ഷയുണര്‍ത്തുന്നതാണ് ഈ പ്രസ്താവന. സഖ്യസര്‍ക്കാര്‍ ഉടന്‍ രൂപവത്കരിക്കപ്പെടുമെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ ഈയിടെ ദോഹയില്‍ പ്രസ്താവിച്ചിരുന്നു.

അതേസമയം ചില ഉറപ്പുകള്‍ ലഭിക്കേണ്ടതുണ്ടെന്ന് ബര്‍ഹൂം പറഞ്ഞു. ഈജിപ്ത് മുന്നോട്ട് വെച്ച പദ്ധതി വിജയിപ്പിക്കാന്‍ ഹമാസ് ആഗ്രഹിക്കുന്നു. എന്നാല്‍ ചില വിഷയങ്ങള്‍ വിശദീകരിക്കപ്പെടേണ്ടതുണ്ട്. സഖ്യസര്‍ക്കാര്‍ രൂപവത്കരണം, സുരക്ഷാ വിഭാഗങ്ങളുടെ പുന:സംവിധാനം, പ്രസിഡന്‍റ്- പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകള്‍, ഫലസ്തീന്‍ വിമോചന സംഘടന ( പി.എല്‍.ഒ ) വികസിപ്പിക്കല്‍ എന്നിവ മുഖ്യ അജണ്ടയായുള്ള നാല് പേജ് വരുന്ന അനുരഞ്ജന പദ്ധതി ഈജിപ്ത് ഫലസ്തീന്‍ കക്ഷികള്‍ക്ക് സമര്‍പ്പിച്ചിരുന്നു.

No comments: