റാമല്ല (വെസ്റ്റ് ബാങ്ക്): ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണാനന്തരം ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിന്‍റെ ജനപിന്തുണ കുത്തനെ ഉയര്‍ന്നതായി അഭിപ്രായ സര്‍വേ. തെരഞ്ഞെടുപ്പ് നടക്കുന്ന പക്ഷം ഇസ്മാഈല്‍ ഹനിയ്യയുടെ നേതൃത്വത്തില്‍ ഹമാസ് വിജയിക്കുമെന്ന് ഫലസ്തീന്‍ സെന്‍റര്‍ ഫോര്‍ പോളിസി ആന്‍റ് സര്‍വെ റിസര്‍ച്ച് നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും 1270 പേര്‍ക്കിടയിലാണ് അഭിപ്രായ സര്‍വേ നടത്തിയത്. ഈജിപ്തിന്‍റെ മാധ്യസ്ഥതയില്‍ ഹമാസും ഫതഹും സഖ്യസര്‍ക്കാര്‍ രൂപവത്കരണത്തിന് ശ്രമം തുടരുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഹമാസിനെ തകര്‍ക്കാന്‍ ലക് ഷ്യമിട്ട ഇസ്രായേലിന്‍റെ ആക്രമണം ഹമാസ് പൂര്‍വാധികം ശക്തിപ്രാപിക്കുന്നതിലാണ് കലാശിച്ചത്. തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഹമാസ് 47% സീറ്റ് നേടും. ഫതഹ് 45%ഉം. മൂന്ന് മാസം മുമ്പ് നടത്തിയ സര്‍വേ പ്രകാരം ഇത് യഥാക്രമം 38%ഉം 48%ഉം ആയിരുന്നു.
അതേസമയം ഇസ്രായേല്‍ തടവിലുള്ള ഫതഹ് നേതാവ് മര്‍വാന്‍ ബര്‍ഗൂഥിക്ക് ഹനിയ്യയെക്കാള്‍ ജനകീയതയുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗസ്സയും വെസ്റ്റ് ബാങ്കും തമ്മിലെ വിഭജനം അവസാനിപ്പിച്ച് ഏകീകരിക്കുകയാണ് അടിയന്തരാവശ്യമെന്ന് 46% ഫലസ്തീനികളും കരുതുന്നു. ഹമാസ് അധികാരത്തിലെത്തിയാല്‍ ഇസ്രായേലിന്‍റെ ഉപരോധം ശക്തിപ്പെടുമെന്നും ഫതഹ് അധികാരത്തിലെത്തിയാല്‍ ഉപരോധം പിന്‍വലിക്കപ്പെടുമെന്നും 65% പേരും കരുതുന്നു. അതേസമയം, ഹമാസ് അധികാരമേറ്റാല്‍ ഉപരോധം മറികടക്കാനാകുമെന്നാണ് ഗസ്സക്കാരുടെ പ്രതീക്ഷയെന്ന് സര്‍വെ ഫലം വ്യക്തമാക്കുന്നു.
No comments:
Post a Comment