Saturday, November 1, 2008

യൂസുഫ്...... പ്രായം കുറഞ്ഞ തടവുകാരന്‍

യൂസുഫ് ഉമ്മയോടൊപ്പം
യൂസുഫ്- സൗന്ദര്യത്തിന്‍റെ മകുടോദാഹരണമായി വേദങ്ങള്‍ വര്‍ണിച്ച പുണ്യപ്രവാചകന്‍റെ നാമം. ഇവിടെ നാം കണ്ടുമുട്ടുന്ന യൂസുഫ് എന്ന കുരുന്നും വശ്യസുന്ദരമായ പുഞ്ചിരി കൊണ്ട് ആരുടെയും കണ്ണിലുണ്ണിയാവും. പാല്‍പുഞ്ചിരി തൂകുന്ന യൂസുഫ് എന്ന ഒമ്പത് മാസം മാത്രം പ്രായമുള്ള ഫലസ്തീന്‍ കുഞ്ഞ് പിറന്നുവീണത് അസ്വാതന്ത്ര്യത്തിന്‍റെ തൊട്ടിലിലേക്കായിരുന്നു. പിതാവിനും സഹോദരങ്ങള്‍ക്കും ഇതുവരെ ഇവനെ ഒരുനോക്ക് കാണാനായിട്ടില്ല. ഇസ്രായേല്‍ തടവറയില്‍ കഴിയുന്ന 11600ലധികം ഫലസ്തീനികളില്‍ ഇളയവനാണ് യൂസുഫ്. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനും.



പതിനാറ് മാസം മുമ്പാണ് യൂസുഫിന്‍റെ മാതാവ് ഫാത്വിമയെ അധിനിവേശ സൈന്യം തടവിലാക്കിയത്. മൂന്ന് മാസം ഗര്‍ഭിണിയായ അവര്‍ ചാവേറാക്രമണത്തിന് ഒരുക്കം നടത്തുന്നുവെന്ന കേവലം സംശയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ജയിലില്‍ അവര്‍ യൂസുഫിന് ജന്‍മം നല്‍കി. തടവിലായ ശേഷം ഇതുവരെ ഭര്‍ത്താവിനെയും മറ്റ് മക്കളെയും കാണാന്‍ പോലും അനുവദിച്ചില്ല. എന്നെങ്കിലും സ്വാതന്ത്ര്യത്തിന്‍റെ വായു ശ്വസിക്കാനാവുമെന്ന പ്രതീക്ഷയില്‍ പൊന്നോമനയെ ലാളിച്ച് കഴിയുകയാണ്, തടവിന്‍റെ പരിവേദനങ്ങള്‍ക്കിടയിലും ധീരയായ ഫാത്വിമ. ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്കും യൗവനത്തിലേക്കുമെത്തുമ്പോള്‍ നാടിന്‍റെ സ്വാതന്ത്ര്യത്തിനും മോചനത്തിനും വേണ്ടി അടരാടാന്‍ മകനെ പ്രാപ്തനാക്കുമെന്ന് സ്വപ്നം കാണുകയാവാം ഈ മാതാവ്.

അവലംബം: അല്‍ജസീറ ടോക്

1 comment:

M.A Bakar said...

ദേശത്തിന്‌ വേണ്ടിയും സ്വാതന്ത്രിയത്തിന്‌ വേണ്ടിയും പോരാടുന്നത്‌ മുസ്ലിമാണെങ്കില്‍ അതും ഭീകരത തന്നെ ...!!
പ്രാഗ്യ സിംഗ് ബോംബ്‌ വെക്കുന്നത്‌ ദേശസ്നേഹമെന്ന്‌ താക്കറെ ... ഇവനൊക്കെയാണ് ഇന്ത്യയില്‍ ദേശസ്നേഹത്തിന്റെ പ്രജാപതികളും മൊത്തക്കഛവടക്കാരും ... !!