Saturday, November 8, 2008

ഫലസ്തീന്‍ അനുരഞ്ജന ചര്‍ച്ച മാറ്റിവെച്ചു

കെയ്റോ: തിങ്കളാഴ്ച കെയ്റോയില്‍ തുടങ്ങാനിരുന്ന ഫലസ്തീന്‍ അനുരഞ്ജന ചര്‍ച്ച അനിശ്ചിതമായി മാറ്റിവെച്ചു. ഹമാസിന്‍റെ ആവശ്യപ്രകാരമാണിതെന്ന് ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു. പടിഞ്ഞാറെ കരയില്‍ ( വെസ്റ്റ് ബാങ്ക് ) തടവില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ ഫതഹ് തയാറാകാത്തതും ചര്‍ച്ചയില്‍ മുഴുക്കെ പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസ് പങ്കെടുക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന തീരുമാനത്തിനിടയാക്കിയതെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും ജനകീയ മുന്നണിയും വ്യക്തമാക്കി. ഇതോടെ സഖ്യസര്‍ക്കാര്‍ രൂപവത്കരണം കൂടുതല്‍ പ്രയാസകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

വെസ്റ്റ്ബാങ്കിലെ തടവുകാരുടെ മോചനമാവശ്യപ്പെട്ട് ഹമാസ് സംഘടിപ്പിച്ച റാലി

ഈജിപ്ത് തയാറാക്കിയ അനുരഞ്ജന ചര്‍ച്ചാ അജണ്ടയില്‍ ചില അടിസ്ഥാന ഭേദഗതികള്‍ വരുത്തണമെന്ന് ഹമാസ്, അല്‍ജിഹാദ്, ജനകീയ മുന്നണി തുടങ്ങിയ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഈജിപ്ത് പൂര്‍ണമായും തള്ളിയതാണ് അനുരഞ്ജന ചര്‍ച്ച മാറ്റിവെക്കുന്നതിലെത്തിച്ചത്.

അനുരഞ്ജന ചര്‍ച്ചക്ക് മുന്നോടിയായി ഗാസയില്‍ തടവിലായിരുന്ന ഫതഹ് അനുയായികളെ ഹമാസ് മോചിപ്പിച്ചിരുന്നു. എന്നാല്‍ പടിഞ്ഞാറെ കരയില്‍ ഫതഹ് നിയന്ത്രണത്തിലുള്ള സുരക്ഷാ സേന തടവിലാക്കിയവരെ വിട്ടയച്ചിട്ടില്ല. ഇത് ഹമാസിനെയും മറ്റ് പോരാട്ട സംഘടനകളെയും ചൊടിപ്പിച്ചു. തടവിലുള്ളവരെ മോചിപ്പിക്കാത്ത പക്ഷം അനുരഞ്ജനനീക്കം വഴിമുട്ടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെസ്റ്റ് ബാങ്കില്‍ തടവ് തുടരുന്നതില്‍ പ്രതിഷേധിച്ച് ഹമാസ് കഴിഞ്ഞ ദിവസം കൂറ്റന്‍ പ്രകടനം സംഘടിപ്പിച്ചിരുന്നു. മഹ് മൂദ് അബ്ബാസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രീതി മാറ്റണമെന്നും പോരാട്ട സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

No comments: