ആമുഖം
2006ജനുവരി 25ന് നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ വിമോചന,ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയുണ്ടായി. ആദ്യമായി തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ഹമാസ് 56% സീറ്റുകളിലാണ് വിജയിച്ചത്. അമേരിക്കന്‍,പാശ്ചാത്യ രാജ്യങ്ങളെയും അറബ് സ്വേഛാധിപതികളെ വിറളി പിടിപ്പിക്കുന്നതായിരുന്നു ഇസ്ലാമിക പോരാട്ട സംഘടനയുടെ കുതിപ്പ്. അധിനിവിഷ്ട ഫലസ്തീനില്‍ ഇക്കാലമത്രയും അധികാരം(?) കയ്യടക്കിവെച്ച ഫതഹ് പാര്‍ട്ടിക്കും ഹമാസിന്‍റെ വിജയം ദഹിക്കുന്നതായിരുന്നില്ല. വൈദേശിക, ആഭ്യന്തര സമ്മര്‍ദത്തിന്‍റെയും കുതന്ത്രത്തിന്‍റെയും ഫലമായി ഹമാസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അകാല ചരമമടഞ്ഞത് സ്വാഭാവികം. സര്‍ക്കാരിനെ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിന്‍റെ നടപടിക്ക് പിന്നില്‍ അമേരിക്കന്‍ താല്‍പര്യമാണെന്ന് യാങ്കികളുടെ വിദേശനയവും അബൂമാസിന്‍റെ (അബ്ബാസിന്‍റെ വിളിപ്പേര്) ഹമാസ് വിരോധവും അമേരിക്കന്‍ ചായ് വും സാമാന്യം അറിയുന്ന ഏതൊരാളും കണക്കുകൂട്ടിയതാണ്. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യുന്ന സന്ദര്‍ഭത്തില്‍ തന്നെ ഹമാസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പദ്ധതി ബുഷ് ഭരണകൂടം തയ്യാറാക്കിയിരുന്നു. ശക്തനായ ഫതഹ് നേതാവും അബ്ബാസിന്‍റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവുമായ മുഹമ്മദ് ദഹ് ലാന്‍റെ കീഴിലുള്ള സേനയെ ഉപയോഗിച്ച് സര്‍ക്കാരിനെ മറിച്ചിടുകയും ഹമാസിനെ തകര്‍ക്കുകയുമായിരുന്നു യു എസിന്‍റെ സ്വപ്നം. എന്നാല്‍ പദ്ധതി വിജയിച്ചില്ലെന്ന് മാത്രമല്ല, ഹമാസ് ചരിത്രത്തിലെ ഏറ്റവും ശക്തമായ അവസ്ഥയിലേക്ക് ഉയരുകയാണുണ്ടായത്. ബുഷ് ഭരണകൂടത്തിന്‍റെ ഹമാസ് സര്‍ക്കാരിനെതിരായ അട്ടിമറി പദ്ധതിയും അതിന്‍റെ പരിണതിയും അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന `വാനിറ്റി ഫെയര്‍`(Vanity Fair) മാഗസിന്‍ ഏപ്രില്‍ ലക്കത്തില്‍ വെളിപ്പെടുത്തുന്നു. ഡേവിഡ് റൂസ്(David Rose) ആണ് കവര്‍സ്റ്റോറി തയാറാക്കിയത്. പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി പേരെ നേരില്‍ കണ്ടും രേഖകള്‍ ശേഖരിച്ചുമാണ് റൂസ് ഈ കറുത്ത പദ്ധതിയെ കുറിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നത്. സുദീര്‍ഘമായ പ്രസ്തുത കവര്‍സ്റ്റോറിയുടെ പ്രസക്തഭാഗങ്ങളുടെ സ്വതന്ത്ര വിവര്‍ത്തനമാണിത്
മാസിന്‍ അസ്അദ് അബൂ ദന്‍ വിലങ്ങണിയിക്കപ്പെട്ട കൈകള്‍ കൂപ്പി കെഞ്ചി നോക്കി. പക്ഷേ പീഡകര്‍ക്ക് അശേഷം ദയ ഉണ്ടായിരുന്നില്ല. മര്‍ദനത്തില്‍ പൂര്‍ണമായും തൊലിയുരിഞ്ഞ അയാളുടെ മുതുകില്‍ അവര്‍ അത്തര്‍ പുരട്ടി-സുഗന്ധം പരത്താനല്ല,നീറ്റലിന്‍റെ കാഠിന്യം പരമാവധി കൂട്ടാന്‍.അബൂ ദന്‍ പീഡനമേല്‍ക്കുന്നതാദ്യമായല്ല. മുമ്പ് ലഭിച്ച പീഡനവുനമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് സഹ്യം!2007 ജനുവരിയിലായിരുന്നു ആദ്യ മര്‍ദനമേല്‍ക്കേണ്ടി വന്നതെന്ന് ഈ ഇരുപത്തെട്ടുകാരന്‍ ഓര്‍ക്കുന്നു. വല്യുമ്മയുടെ ഖബറിടം സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന മാസിനെയും പിതാവിനെയും മറ്റ് അഞ്ച് പേരെയും മുപ്പതോളം വരുന്ന സായുധ സംഘം വളഞ്ഞ് പിടിച്ചുകൊണ്ടുപോയി. അതിക്രൂരമായ മര്‍ദനമേറ്റ് ആര്‍ത്തുകരയുന്ന മകനെ കാഴ്ചക്കാരനായി നോക്കിനില്‍ക്കാന്‍ അവര്‍ മധ്യവയസ്കനായ ആ പിതാവിനെ നിര്‍ബന്ധിതനാക്കി. ഇരുമ്പുദണ്ഡ് കൊണ്ടുള്ള അടിയേറ്റ് പൊട്ടിയ കാലുകളില്‍ അഞ്ച് ബുള്ളറ്റുകള്‍ തുളച്ചുകയറി
അബ്ദുല്‍ കരീം അല്‍ജാസിര്‍ വാച്ചില്‍ നോക്കി -മഗ് രിബ് ബാങ്ക് വിളിക്കാന്‍ മിനിറ്റുകള്‍ മാത്രം. അതിനുമുമ്പ് എത്തണം. സഹോദരി ഭക്ഷണവും വിളമ്പി നോമ്പ് തുറക്കാന്‍ തന്നെ കാത്തിരിക്കുകയാണ്. നടത്തത്തിന് വേഗത കൂടി. പക്ഷേ അവന് നോമ്പ് തുറക്കാനായില്ല. സഹോദരിക്കും മുമ്പെ മറ്റൊരു കൂട്ടര്‍ ആ യുവാവിനെ കാത്ത് വഴിയിലുണ്ടായിരുന്നു.അവരവന്‍റെ കണ്ണുകെട്ടി കൊണ്ടുപോയി. പൂര്‍ണ നഗ്നനാക്കി ചങ്ങലയില്‍ ബന്ധിച്ച് മര്‍ദനം തുടങ്ങി. വായില്‍ തുണി തിരുകി നേരാംവണ്ണം കരയാന്‍ പോലും അവരവനെ അനുവദിച്ചില്ല. പിന്നെ ഇരുമ്പുദണ്ഡ് തീയില്‍ ചൂടാക്കി ശരീരമാസകലം പൊള്ളിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ബോധം തിരിച്ചുകിട്ടിയ ജാസിറിനെ അവര്‍ ഹമാസ് പ്രവര്‍ത്തകര്‍ക്ക് കൈമാറുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അരോഗദൃഢഗാത്രനായതിനാല്‍ മാത്രമാണ് അവന് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു
ഏതോ ഹോളിവുഡ് സിനിമയിലെയോ അബൂ ഗുറൈബിലെയോ ഗ്വാണ്ടനാമോയിലെയോ കഥയല്ല വിവരിച്ചത്. അധിനിവേശത്തിന്‍റെ ജൂബിലികള്‍ അനുഭവിച്ച ഫലസ്തീനില്‍ നിന്നുള്ളതാണ് ഇപ്പറഞ്ഞ ദൃശ്യങ്ങള്‍. മര്‍ദിതരായത് ഹമാസ് അനുയായികളായ ചുറുചുറുക്കുള്ള യുവാക്കള്‍. മര്‍ദകരായി വേഷമിടുന്നത് ഫതഹ് പാര്‍ട്ടിക്കാരും. പിടിയിലാകുന്നവരെ കുറ്റസമ്മതത്തിന് നിര്‍ബന്ധിക്കുകയെന്നതും അവരുടെ രീതിയാണ്. ഹമാസിന്‍റെ ഇസ്സുദ്ദീന്‍ ഖസ്സാം സൈനിക ബ്രിഗേഡിന് വേണ്ടി ഇസ്രായേലിലേക്ക് മിസൈല്‍ ഉതിര്‍ത്തുവെന്നും മറ്റു ചിലപ്പോള്‍ ഇസ്രായേലുമായി സഹകരിച്ചെന്നും സമ്മതിപ്പിക്കും. പിടിയിലാകുന്ന ഹമാസ് അനുയായികളെ ``രക്തം നല്‍കിയും ജീവന്‍ നല്‍കിയും ദഹ് ലാനെ ഞങ്ങള്‍ സംരക്ഷിക്കും, മുഹമ്മദ് ദഹ് ലാന്‍ നീണാള്‍ വാഴട്ടെ!`` എന്ന് മുദ്രാവാക്യം മുഴക്കാന്‍ നിര്‍ബന്ധിക്കുന്നതായും പുറത്തവന്ന ഫതഹ് മര്‍ദന വീഡിയോ ടേപ്പ് വ്യക്തമാക്കുന്നു. അമേരിക്കന്‍ ഫതഹ് ഗൂഢതന്ത്രം തകര്‍ത്ത് 2007 ജൂണില്‍ ഗസ്സയുടെ നിയന്ത്രണം ഏറ്റെടുത്ത ഹമാസിന് അവിടത്തെ ഫതഹ് ഓഫിസില്‍ നിന്നാണ് ഈ ടേപ്പ് ലഭിച്ചത്
ഭിന്നവീക്ഷണക്കാരാണെങ്കിലും മുഖ്യ ശത്രുവിനോടെന്ന പോലെ ഹമാസിനോട് ഏറ്റമുട്ടാന്‍ ഫതഹിനെ പ്രേരിപ്പിക്കുന്നതെന്തന്ന് അന്വേഷിക്കുമ്പോഴാണ് ഇത് ഒറ്റപ്പെട്ട സംഭവമോ അനുയായികളുടെ കേവലം അവിവേകമോ അല്ലെന്ന് ബോധ്യപ്പെടുന്നത്.മേല്‍ പറഞ്ഞ രണ്ട് രംഗങ്ങളിലും അക്രമത്തിന് നേതൃത്വം നല്‍കിയത് ഫതഹിന്‍റെ പ്രാദേശിക നേതാക്കളോ മുതിര്‍ന്ന നേതാക്കളുമായി ബന്ധമുള്ളവരോ ശിങ്കിടികളോ ആണ്.അവരുടെയെല്ലാം ശൃംഖല ചെന്നെത്തുന്നത് ഫതഹിലെ സീനിയര്‍ നേതാവും പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിന്‍റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവുമായ മുഹമ്മദ് ദഹ് ലാനിലാണ്. [1961 സെപ്റ്റംബര്‍ 29ന് ഖാന്‍ യൂനുസ് ക്യാമ്പില്‍ ജനിച്ച ദഹ് ലാന്‍ (ചിത്രത്തില്‍) `81ല്‍ ഫതഹിന്‍റെ യുവജന വിഭാഗം രൂപീകരിക്കുന്നതില്‍ പങ്ക് വഹിക്കുകയുണ്ടായി.`87ല്‍ അധിനിവേശത്തിനെതിരായ ഒന്നാം ഇന്‍തിഫാദയില്‍ പങ്കെടുത്ത അദ്ദേഹം 5 വര്‍ഷം ഇസ്രായേല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇസ്ലാമിക കക്ഷിയായ ഹമാസ് രൂപീകരിക്കപ്പെട്ടതോടെ മതേതര ദേശീയവാദികളായ ഫതഹിന്‍റെ ജനപ്രീതിക്ക് കോട്ടം തട്ടിത്തുടങ്ങി.അതോടെ ഫതഹ് ഹമാസിനെ ഭീഷണിയായി കണ്ടു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇരു കക്ഷികള്‍ക്കുമിടയില്‍ ബന്ധം വഷളാകുന്നതില്‍ ദഹ് ലാന്‍റെ പങ്ക് അനിഷേധ്യമാണ്. സയണിസ്റ്റ് ഭീകരതക്കെതിരെ രക്തസാക്ഷി ആക്രമണം- ചാവേറാക്രമണം- ശക്തിപ്പെടുത്തിയതിനെ തുടര്‍ന്ന് 1996ല്‍ ഹമാസിന്‍റെ രണ്ടായിരത്തോളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് സുരക്ഷാ സൈനിക മേധാവിയായ ദഹ് ലാന്‍റെ നേതൃത്വത്തിലായിരുന്നു
ഹമാസിനെ അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് 2006 ജനുവരിയില്‍ തന്നെ നടത്തിയത് അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിന്‍റെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് ദഹ് ലാന്‍ വെളിപ്പെടുത്തി. യഥാര്‍ഥത്തില്‍ ഫതഹ് തെരഞ്ഞെടുപ്പിന് ഒരുക്കമായിരുന്നില്ലത്രെ. ദഹ് ലാന്‍റെ നിയന്ത്രണത്തിലുള്ള ഫതഹ് സൈന്യത്തിന് വന്‍തോതില്‍ ആയുധങ്ങള്‍ നല്‍കി കലാപം സൃഷ്ടിച്ച് ഹമാസ് ഭരണകൂടത്തെ മറിച്ചിടുകയായിരുന്നു അമേരിക്കന്‍ പദ്ധതിയെന്ന് അമേരിക്കന്‍ അധികൃതര്‍ സ്ഥിരീകരിച്ച രഹസ്യ രേഖകള്‍ വ്യക്തമാക്കുന്നു. വിജയം കണ്ടില്ലെങ്കിലും അമേരിക്കന്‍ തന്ത്രം നടപ്പാക്കാന്‍ മിസ്റ്റര്‍ ബുഷുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന ദഹ് ലാന് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. ബുഷുമായി ചുരുങ്ങിയത് മൂന്നു തവണ കൂടിക്കാഴ്ച നടത്തിയിട്ടുള്ള അദ്ദേഹം അമേരിക്കന്‍ ഭരണകൂടത്തിന്‍റെ ഉറ്റതോഴനായി മാറിയിരുന്നു. `ചങ്കുറപ്പുള്ള, മികച്ച നേതാവ്`, `നമ്മുടെ ആള്‍`..... ഇങ്ങനെ പോകുന്നു ദഹ് ലാനെ കുറിച്ച് ബുഷിന്‍റെ വിശേഷണങ്ങള്‍. ക്ലിന്‍റണുമായും ഉറച്ച ബന്ധമുണ്ടായിരുന്നുവെന്നും യാസിര്‍ അറഫാത്തിനോടൊപ്പം പലതവണ ക്ലിന്‍റനുമായി താനും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ദഹ് ലാന്‍ പറയുന്നു. എഫ്.ബി.ഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍)യുമായും സി.ഐ.എ(Central Intelligence Agency)യുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ക്ലിന്‍റന്‍റെ കാലം മുതല്‍ 2004 ജൂലൈ വരെ സി.ഐ.എ ഡയറക്ടറായിരുന്ന ജോര്‍ജ് ടെനറ്റിനെ`അതിനീതിമാന്‍`എന്നാണ് വിശേഷിപ്പിച്ചത്
അട്ടിമറി പദ്ധതി:ആരംഭവും നിര്‍വഹണവും
2006 ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് ഭൂരിപക്ഷം നേടിയപ്പോള്‍ അവര്‍ക്കെതിരെ സമ്മര്‍ദതന്ത്രം പ്രയോഗിക്കാനാണ് ബുഷ് ഭരണകൂടം തുടക്കത്തിലേ ശ്രമിച്ചത്. ഇതിന്‍റെ ആദ്യ പടിയായി അമേരിക്ക, റഷ്യ, ഐക്യരാഷ്ട്ര സഭ, യൂറോപ്യന്‍ യൂനിയന്‍ എന്നിവയടങ്ങിയ പശ്ചിമേഷ്യന്‍ നയതന്ത്ര ചതുര്‍സമിതി യോഗം ചേര്‍ന്നു. സായുധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക, ഇസ്രായേലിന്‍റെ അസ്തിത്വം അംഗീകരിക്കുക, ക്യാമ്പ് ഡേവിഡ് അടക്കമുള്ള എല്ലാ മുന്‍ ഉടമ്പടികളും അംഗീകരിക്കുക എന്നിവയായിരുന്നു ഹമാസിനോടുള്ള സമിതിയുടെ പ്രധാന ആവശ്യങ്ങള്‍. ഹമാസ് ഈ ആവശ്യങ്ങള്‍ തള്ളിയതിനെ തുടര്‍ന്ന് ഫലസ്തീനുള്ള സഹായങ്ങള്‍ അമേരിക്കയും പാശ്ചാത്യ രാഷ്ട്രങ്ങളും മരവിപ്പിച്ചു. ഫലസ്തീനികളുടെ യാത്രാസ്വാതന്ത്ര്യത്തിന് ഇസ്രായേല്‍ നിയന്ത്രണമേര്‍പ്പെടുത്തി. മന്ത്രിമാരും എം പിമാരുമടക്കം 64 ഹമാസ് നേതാക്കളെ ഇസ്രായേല്‍ തടവിലാക്കി. ഗതികെട്ട ഹമാസ് ഗലാദ് ശാലിത്വ് എന്ന ഇസ്രായേലി സൈനികനെ ബന്ദിയായി പിടിച്ചു. (ഇയാള്‍ ഇപ്പോഴും വിട്ടയക്കപ്പെട്ടിട്ടില്ല, നിരവധി ഹമാസ് എം പിമാരും സയണിസ്റ്റ് തടവറയിലാണിപ്പോഴും). അതോടെ ശക്തമായ കര-വ്യോമ ആക്രമണമാണ് അധിനിവേശ സൈന്യം അഴിച്ചുവിട്ടത്
ഹമാസിന്‍റെ നേതൃത്വത്തിലുള്ള ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ തുടക്കത്തില്‍ ഫതഹും പങ്കെടുക്കുമെന്ന സൂചന ലഭിച്ചതോടെ അപകടം മണത്ത അമേരിക്കന്‍ ഭരണകൂടം ഇസ്രായേലിന്‍റെ താല്‍പര്യ പ്രകാരം വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസിനെ ഫല്‍സ്തീനിലേക്കയച്ചു. വാഷിംഗ്ടന്‍റെ പിന്തുണയില്ലാതെ ഹമാസിന് മുന്നില്‍ ഫതഹിന് പിടിച്ചുനില്‍ക്കാനാവില്ലെന്ന് അബൂമാസിനെ തെര്യപ്പെടുത്തുന്നതില്‍ റൈസ് വിജയിച്ചു. കൂടിക്കാഴ്ചക്ക് ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അബ്ബാസിന്‍റെ സാരഥ്യത്തില്‍ ഉറച്ച വിശ്വാസം പ്രകടിപ്പിച്ച റൈസ്, ഹനിയ്യ സര്‍ക്കാറിനെ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്ന് നിര്‍ദേശിച്ചു. രണ്ടാഴ്ചക്കകം സര്‍ക്കാര്‍ നിലം പതിക്കണമെന്ന് റൈസ് ആവശ്യപ്പെട്ടതായും അബ്ബാസ് ആദ്യം അതംഗീകരിച്ചതായും ഇരുപക്ഷത്തുമുള്ള വൃത്തങ്ങള്‍ വാനിറ്റി ഫെയറിനോട് വെളിപ്പെടുത്തി. റമദാന്‍ വ്രതം വരുന്നതിനാല്‍ ഒരു മാസം സമയം വേണമെന്ന് അബ്ബാസ് പിന്നീട് റൈസിനോട് ആവശ്യപ്പെട്ടത്രെ. (ഔദ്യോഗിക രേഖകള്‍ പ്രകാരം ഈ ആരോപണം ശരയല്ലെന്ന് ഫതഹ് വക്താവ് പ്രതികരിച്ചു). ആഴ്ചകള്‍ കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാത്തതിനെ തുടര്‍ന്ന് ജറൂസലമിലെ കോണ്‍സുല്‍ ജനറല്‍ ജാക് വേല്‍സിനെ (Jake Walles) വൈറ്റ്ഹൗസ് അബ്ബാസുമായി കൂടിക്കാഴ്ചക്കയച്ചു. റൈസിന് നല്‍കിയ വാഗ്ദാനത്തിന്‍റെ സമയപരിധി ആയതായി ചൂണ്ടിക്കാട്ടി വേല്‍സ് അബ്ബാസിന് കൈമാറിയ രേഖ, ചതുര്‍സമിതി ആവശ്യങ്ങള്‍ ഹമാസ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്നതും ആവശ്യങ്ങള്‍ അംഗീകരിക്കുന്ന സര്‍ക്കാര്‍ നിലവില്‍ വരുന്ന പക്ഷം പ്രസിഡന്‍റ് ബുഷും അറബ് രാജ്യങ്ങളും കൈയയച്ച് സഹായിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുന്നതുമായിരുന്നു. ഹമാസിന്‍റെ ആധിപത്യം തകര്‍ക്കാന്‍ ഫതഹിന് ആയുധ ശേഖരം നല്‍കാന്‍ ഉടന്‍ നടപടി സ്വീകരിക്കാമെന്നും വേല്‍സ് വാഗ്ദാനം ചെയ്തു
( വേല്‍സ് അബ്ബാസിന് നല്‍കിയ രേഖയുടെ രണ്ട് പേജുകളാണിവ )
2006രണ്ടാം പകുതിയുടെ തുടക്കത്തില്‍ റൈസ് ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാഷ്ട്ര ഭരണാധികാരികളുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ഫതഹിനാവശ്യമായ ആയുധങ്ങള്‍ക്കും പരിശീലനത്തിനും പണം ലഭ്യമാക്കണമന്നായിരുന്നു അറബ് നേതാക്കളോടുള്ള റൈസിന്‍റെ ആവശ്യം. അമേരിക്കന്‍ സമ്മര്‍ദം ശക്തമായിരുന്നെങ്കിലും മൂന്ന് കോടി ഡോളര്‍ മാത്രമാണ് ലഭിച്ചതെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് പറയുന്നു. യു.എ.ഇയില്‍ നിന്നായിരുന്നു ഇതിന്‍റെ ഏറിയ പങ്കുമത്രെ. ആയുധസഹായം നല്‍കാന്‍ ഈജിപ്ത് തയാറായി. 2006 ഡിസംബര്‍ അവസാനം രണ്ടായിരം യന്ത്രത്തോക്കുകളും ഇരുപത് ലക്ഷം വെടിയുണ്ടയും മറ്റായുധങ്ങളുമായി നാലു ട്രക്കുകള്‍ ഈജിപ്തില്‍ നിന്ന് ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള അതിര്‍ത്തി കടന്ന് ഗാസയിലെത്തിച്ച് ഫതഹിന് കൈമാറി
ലെഫ്റ്റനന്‍റ് ജനറല്‍ കീത്ത് ഡയ്റ്റന്‍(യു.എസ് സെക്യൂരിറ്റി കോ-ഓര്‍ഡിനേറ്റര്‍ ഫോര്‍ ഫലസ്തീന്‍)2006 നവംബറില്‍ ജറൂസലമിലും റാമല്ലയിലും വെച്ച് ദഹ് ലാനുമായി കൂടിക്കാഴ്ച നടത്തി. ഫലസ്തീന്‍ സുരക്ഷാ വിഭാഗത്തില്‍ പരിഷ്കരണം വരുത്താനും ഹമാസിനെ നേരിടാനുതകും വിധം ഫതഹ് സേനയെ മാറ്റിയെടുക്കാനും തന്‍റെ രാജ്യം ആഗ്രഹിക്കുന്നതായി ഡയ്റ്റന്‍ അറിയിച്ചു. ഹമാസിനെ ഒതുക്കണമെങ്കില്‍ സഹായം ആവശ്യമാണെന്നായിരുന്നു ദഹ് ലാന്‍റെ പ്രതികരണം. അമേരിക്ക ഫതഹിന് ആയുധവും പരിശീലനവും നല്‍കുമെന്ന വ്യവസ്ഥ ഇരുവരും അംഗീകരിച്ചു. നിയമവാഴ്ച ഉറപ്പുവരുത്താനും `ഭീകര ഹമാസി`ന്‍റെ അടിത്തറയിളക്കാനും 8.64 കോടി ഡോളര്‍ സഹായം നല്‍കാമെന്ന് 2006 അവസാനത്തില്‍ ഡയ്റ്റന്‍ വാഗ്ദാനം ചെയ്തതായി 2007 ജനുവരി 5ന് റോയിട്ടേഴ്സ് വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ നയാപൈസ പോലും ലഭിച്ചില്ലെന്ന് ദഹ് ലാന്‍ പറയുന്നു. ഫതഹിന് നല്‍കുന്ന പണം ഇസ്രായേലിനെതിരായ വടിയായി മാറുമെന്ന അമേരിക്കന്‍ ഭയമായിരുന്നു വാഗ്ദാന ലംഘനത്തിന് പിന്നില്‍. തുടര്‍ന്ന് റൈസുമായും ഡയ്റ്റനുമായും ജറുസലമിലെ കോണ്‍സുല്‍ ജനറലുമായും ദഹ് ലാന്‍ നിരവധി തവണ ബന്ധപ്പെട്ടു. തദ്ഫലമായി 2007ആദ്യ പാദത്തില്‍ തന്നെ 5.9കോടി ഡോളര്‍ സഹായം നല്‍കാന്‍ യു.എസ് കോണ്‍ഗ്രസ് അനുമതിയായി. ഹമാസിനെ നേരിടാന്‍ ദഹ് ലാനെ പോലുള്ളവര്‍ക്കേ കഴിയൂവെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് തീരുമാനത്തിന് പ്രേരകമെന്ന് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടുന്നു
ഫതഹിന്‍റെ കീഴിലുള്ള സൈന്യം എണ്ണത്തില്‍ ഹമാസിനെക്കാള്‍ വലുതായിരുന്നു. പതിനാല് യൂനിറ്റുകളായി എഴുപതിനായിരം പട്ടാളക്കാരാണ് ഫതഹിനുള്ളത്. അതില്‍ പകുതിയും ഗസ്സയിലും. ഹമാസിന് ഗസ്സയില്‍ ആറായിരം സന്നദ്ധ ഭടന്‍മാരാണുള്ളത്. പാശ്ചാത്യ രാജ്യങ്ങളുടെ സഹായം നിലച്ചത് ഏറ്റവുമധികം ബാധിച്ചത് ഫതഹിനെയാണെന്നതാണ് ഏറ്റവും കൗതുകകരം. ഹമാസിനെ ഉപരോധം കാര്യമായി ബാധിച്ചില്ലെന്നും ഫതഹിനെയാണ് അതേറ്റവും തളര്‍ത്തിയതെന്നും ഫതഹ് സുരക്ഷാ സേനാ മേധാവിയായിരുന്ന യൂസുഫ് ഈസ സാക് ഷ്യപ്പെടുത്തുന്നു. 2007ല്‍ ഹമാസിന് ലഭിച്ച ഇറാനിയന്‍ സഹായം 12 കോടി ഡോളറാണത്രെ. മറ്റ് ചില രാജ്യങ്ങളും പ്രതിസന്ധി ഘട്ടത്തില്‍ ഹമാസിന്‍റെ സഹായത്തിനെത്തി. ചുരുക്കത്തില്‍ ഹമാസിനെ തകര്‍ക്കാനുള്ള യു.എസ്-ഫതഹ് പദ്ധതി പാളാന്‍ ഇത് മുഖ്യ കാരണമായെന്ന് പറയാം .
അതേസമയം, തങ്ങളുടെ കരുത്ത് ചോര്‍ന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്തേണ്ടത് ഫതഹിന്‍റെ ആവശ്യമായിത്തീര്‍ന്നു. തെറ്റാണെന്ന് അറിഞ്ഞിട്ടും ഹമാസിനെ നേരിടാന്‍ തങ്ങള്‍ ശക്തരാണെന്ന് തെളിയിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഫതഹ് ചെയ്തെന്ന് ദഹ് ലാന്‍ വാനിറ്റി ഫെയറിനോട് വെളിപ്പെടുത്തി. അതിന്‍റെ ഭാഗമാണ് തുടക്കത്തില്‍ വിവരിച്ച മര്‍ദന സംഭവങ്ങള്‍. അത്തരം അക്രമങ്ങള്‍ക്ക് താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പറയുന്ന ദഹ് ലാന്‍, തനിക്ക് ഇക്കാര്യത്തില്‍ ഏറെ പിഴവുകളും പാളിച്ചകളും പറ്റിയതായും അനുയായികളുടെ ചില നടപടികള്‍ പരിധി വിട്ടതായും സമ്മതിക്കുന്നു
2007ഫെബ്രുവരി ഒന്നിന് ഫതഹ് സൈന്യം ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ചു. അടുത്ത ദിവസം തന്നെ ഹമാസ് ശക്തമായി തിരിച്ചടിച്ചു. സംഘര്‍ഷം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് മുന്‍കൈയെടുത്ത് മക്കയില്‍ വെച്ച് ഫതഹ്-ഹമാസ് അനുരഞ്ജന കരാര്‍ ഒപ്പുവെച്ചു. എന്നാല്‍, ഇസ്മാഈല്‍ ഹനിയയെ പ്രധാനമന്ത്രിയായി അംഗീകരിക്കുന്ന മക്കാ കരാര്‍ തങ്ങളുടെ താല്‍പര്യങ്ങളെ ഹനിക്കുമെന്ന് തിരിച്ചറിഞ്ഞ അമേരിക്ക ഫതഹിന് മേല്‍ സമ്മര്‍ദം ചെലുത്തി. തുടര്‍ന്ന് ഹമാസിനെ അട്ടിമറിക്കാനുള്ള അന്തിമ പദ്ധതി വൈറ്റ് ഹൗസില്‍ ചുട്ടെടുത്തു. രഹസ്യ പദ്ധതിയുടെ ഒരു ഭാഗം 2007 ഏപ്രില്‍ മുപ്പതിന് ജോര്‍ദാനിലെ അല്‍മജ്ദ് പത്രത്തിന് ചോര്‍ന്നുകിട്ടി.പതിനയ്യായിരം ഫതഹ് ഭടന്‍മാര്‍ക്ക് ഈജിപ്തിലും ജോര്‍ദാനിലും പ്രത്യേക പരിശീലനം നല്‍കുമെന്ന് പറയുന്ന പദ്ധതി, ഈജിപ്തില്‍ നിന്നുള്ള ആയുധ ട്രക്ക് അതിര്‍ത്തി കടക്കാനനുവദിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെടുന്നതാണെന്ന് 2007 ജൂണ്‍ ഏഴിന് പ്രമുഖ ഇസ്രായേലി പത്രം ഹാരെറ്റ്സും പുറത്തുവിട്ടു. (അബ്ബാസിന്‍റെ കീഴിലെ സുരക്ഷാ സേനക്കുള്ള ആയുധശേഖരം ഫലസ്തീനിലെത്തിക്കാന്‍ അനുവാദം നല്‍കാന്‍ പ്രതിരോധ മന്ത്രി യഹൂദ് ബാറാക് തീരുമാനിച്ചതായി 2008 മര്‍ച്ച് 27ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി). ദഹ് ലാന്‍റെ നേതൃത്വത്തിലുള്ള ഫതഹ് ആക്രമണത്തിന് ജൂണില്‍ ഹമാസ് ശക്തമായ തിരിച്ചടി നല്‍കി. അവസാനം അമേരിക്കയും ഇസ്രായേലും ഭയപ്പെട്ടത് സംഭവിച്ചു - ഫതഹ് കേന്ദ്രങ്ങളും പോലിസ് സ്റ്റേഷനുകളും അധീനപ്പെടുത്തിയ ഹമാസ് ഈജിപ്തില്‍ നിന്നും മറ്റും ഫതഹിന് ലഭിച്ച ആയുധശേഖരം പിടിച്ചെടുത്തു. ആയുധക്കമ്മി നേരിട്ട ഹമാസിന് അത് മികച്ച മുതല്‍ക്കൂട്ടായി. തങ്ങളുടെ ശക്തികേന്ദ്രമാണെങ്കിലും ഗസ്സ അധീനപ്പെടുത്താന്‍ ഹമാസ് ലക് ഷ്യമിട്ടിരുന്നില്ല. എന്നാല്‍ ഗസ്സ കൈപിടിയിലൊതുക്കാനുള്ള ഫതഹ് ശ്രമം ഹമാസിന് അവസരമൊരുക്കുകയായിരുന്നു. അങ്ങനെ അധികാരം നഷ്ടപ്പെട്ടെങ്കിലും രാഷ്ട്രീയമായും സൈനികമായും കൂടുതല്‍ പരിക്കേല്‍ക്കാതെ ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസ് അമേരിക്കന്‍-ഫതഹ് ഗൂഢപദ്ധതി അതിജീവിച്ചു.
ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം ഫതഹില്‍ വലിയൊരു വിഭാഗം ഹമാസിനെതിരായ ആക്രമണ നീക്കങ്ങളില്‍ പങ്കെടുത്തില്ലെന്നതാണ്. ഒന്നിലധികം ധാരകളടങ്ങിയ ഫതഹില്‍ പക്ഷേ, ദഹ് ലാന്‍ ഗ്രൂപ്പിനാണ് മേല്‍ക്കൈയെന്ന് ഫതഹിന്‍റെ പോരാട്ട സൈനിക വിംഗായ അല്‍അഖ്സാ ബ്രിഗേഡ് മേധാവികളിലൊരാളായ ഖാലിദ് ജുബൈരി പറയുന്നു. ജുബൈരിയെ പിന്തുണക്കുന്നവര്‍ ഹമാസിനെതിരായ നീക്കത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. `അമേരിക്കയുടെ സാമ്പത്തിക പിന്‍ബലമുള്ള ദഹ് ലാനും കൂട്ടരും അധിനിവേശ ശക്തിയുമായുള്ള സമാധാന ചര്‍ച്ചകളെ തത്വത്തിലും പ്രയോഗത്തിലും അംഗീകരിക്കുന്നവരും അതിന് വേണ്ടി വാദിക്കുന്നവരുമാണ്. പാര്‍ട്ടിയില്‍ ആധിപത്യമുറപ്പിക്കാനാണ് ദഹ് ലാന്‍റെ ശ്രമം. സ്വന്തം തീരുമാനം അടിച്ചേല്‍പിക്കുന്ന സ്വേച്ഛാധിപത്യ മനോഭാവമാണ് അദ്ദേഹത്തിന്. ഹമാസിനെ നേരിടാനുള്ള തീരുമാനം ഫതഹിന്‍റേതായിരുന്നില്ല, ദഹ് ലാന്‍റേതായിരുന്നു. അതിനാല്‍ അല്‍അഖ്സയുടെ ആയുധങ്ങളില്‍ ഹമാസ് പ്രവര്‍ത്തകരുടെ ചോര പുരണ്ടിട്ടില്ല`-ജുബൈരി ചൂണ്ടിക്കാട്ടുന്നു.