Sunday, November 23, 2008

അബ്ബാസിന്‍റെ ഇടക്കാല തെരഞ്ഞെടുപ്പ് ഭീഷണി ഹമാസ് തള്ളി


റാമല്ല: വര്‍ഷാവസാനത്തോടെ ഫതഹും ഹമാസും തമ്മില്‍ അനുരഞ്ജനം സാധ്യമായില്ലെങ്കില്‍ അടുത്ത വര്ഷം ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്ന ഫലസ്തീന്‍ പ്രസിഡന്‍റ് മഹ് മൂദ് അബ്ബാസിന്‍റെ പ്രസ്താവന ഹമാദ് തള്ളി. അബ്ബാസിന്‍റെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് അഭിപ്രായപ്പെട്ട ഹമാസ് നേതാക്കള്‍, സമവായ ചര്‍ച്ച തുടരണമെന്ന് ആവശ്യപ്പെട്ടു.

ഇന്നലെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ കേന്ദ്ര സമിതി യോഗത്തെ അഭിസംബോധന ചെയ്യവെയാണ് അബ്ബാസ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ മടിക്കില്ലെന്ന് സൂചന നല്‍കിയത്. സമവായമുണ്ടാകാത്ത പക്ഷം തെരഞ്ഞെടുപ്പ് നടത്താന്‍ പ്രസിഡന്‍ഷ്യല്‍ ഉത്തരവിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്നാപൊലിസ് ചര്‍ച്ചയില്‍ ഇസ്രായേല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചതാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമെന്ന് പറഞ്ഞ അബ്ബാസ്, ഫലസ്തീന്‍- ഇസ്രായേല്‍ പ്രശ്നപരിഹാരത്തിനുള്ള അറബ് ശ്രമങ്ങളെ പിന്തുണക്കണമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഒളിയജണ്ട വ്യക്തമാക്കുന്നതാണ് അബ്ബാസിന്‍റെ പ്രസ്താവനയെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം അഭിപ്രായപ്പെട്ടു. ഇടക്കാല തെരഞ്ഞെടുപ്പ് പൂര്‍ണമായും തള്ളിക്കളയുന്നതായി മുതിര്‍ന്ന ഹമാസ് നേതാവ് മഹ് മൂദ് സഹാര്‍ വ്യക്തമാക്കി. വെസ്റ്റ് ബാങ്കില്‍ ഹമാസ് പ്രവര്‍ത്തകരുടെ അറസ്റ്റ് അവസാനിപ്പിക്കുകയും മറുപക്ഷം അമേരിക്കന്‍ സയണിസ്റ്റ് അജണ്ടക്ക് കീഴ്പ്പെടുകയും ചെയ്യാത്ത സമവായ ചര്‍ച്ചകള്‍ തുടര്‍ന്നും സാധ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധിനിവേശവിരുദ്ധ ചെറുത്തുനില്പിനെ നിയമവിരുദ്ധമായി പരിഗണിക്കുക തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ ദമസ്കസില്‍ പറഞ്ഞു.

അതേസമയം, ഫതഹ് ഹമാസുമായി ചര്‍ച്ച നടത്തുന്നതിന് അമേരിക്കയുടെയും ഇസ്രായേലിന്‍റെയും വിലക്കുണ്ടെന്ന ആരോപണം അബ്ബാസ് നിഷേധിച്ചു. അബ്ബാസിന്‍റെ കാലാവധി ജനുവരി എട്ടിന് തീരുകയാണ്. അതിന് ശേഷം അബൂമാസിന്‍റെ അധികാരം അംഗീകരിക്കില്ലെന്ന് ഹമാസും മറ്റ് പോരാട്ട സംഘടനകളും വ്യക്തമാക്കിയിരുന്നു. 2010 വരെ തനിക്ക് കാലാവധിയുണ്ടെന്നാണ് അബ്ബാസിന്‍റെ വാദം.

2006 ജനുവരി 25ന് നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ഹമാസ് 56% സീറ്റ് നേടി അധികാരത്തിലെത്തിയിരുന്നു. ഹമാസിന്‍റെ ഇസ്മാഈല്‍ ഹനിയ്യ പ്രധാനമന്ത്രിയായ സര്‍ക്കാരിനെ അബ്ബാസ് അധികം താമസിയാതെ പിരിച്ചുവിടുകയായിരുന്നു.

എന്നാല്‍, ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അബ്ബാസിന്‍റെയും പി.എല്‍.ഒവിന്‍റെയും ആധിപത്യം പടിഞ്ഞാറെ കരയില്‍ ഒതുങ്ങുന്നതാണ്. ഗസ്സ ഹമാസിന്‍റെ ശക്തികേന്ദ്രമായതിനാല്‍ ഹമാസിന്‍റെ പിന്തുണയില്ലാതെ തെരഞ്ഞെടുപ്പ് സാധ്യമല്ല.

No comments: