Monday, November 10, 2008

ബുഷിന്‍റെ തെമ്മാടിത്തങ്ങള്‍ക്ക് ഒബാമ വിലയൊടുക്കണം- റോബര്‍ട്ട് ഫിസ്ക്


തെറ്റിദ്ധരിപ്പിക്കലും വഞ്ചനയും മുഖേന ജോര്‍ജ് ബുഷ് ചെയ്തുകൂട്ടിയ എട്ട് വര്‍ഷത്തെ ചെയ്തികള്‍ക്ക് പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ വിലയൊടുക്കണമെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ബ്രിട്ടീഷ് കോളമിസ്റ്റുമായ റോബര്‍ട്ട് ഫിസ്ക്. പെരുംനുണയനും ദുഷ്ടനുമായ മുന്‍ഗാമി ലോകത്തിനും അമേരിക്കക്ക് തന്നെയും ഏല്പിച്ച കനത്ത പരിക്ക് ഒബാമ എങ്ങനെ പരിഹരിക്കുമെന്ന് ദി ഇന്‍ഡിപെന്‍ഡന്‍റ് ദിനപത്രത്തില്‍ ( 8-11-2008 ) എഴുതിയ ലേഖനത്തില്‍ ഫിസ്ക് ചോദിച്ചു.

സെപ്തംബര്‍ പതിനൊന്ന് സംഭവത്തിന് ശേഷം അമേരിക്കന്‍ ഭരണകൂടവും ഇന്‍റലിജന്‍സും അകപ്പെട്ട മാനസിക ഭ്രമത്തിന്‍റെ വ്യാപ്തിയിലേക്ക് സൂചന നല്‍കിക്കൊണ്ടാണ് ലേഖനമാരംഭിക്കുന്നത്. ശാന്തസമുദ്രത്തിലെ ഒരു ദ്വീപില്‍ അമേരിക്കന്‍ നാവികതാവളത്തിന് നേരെ ഭീകരാക്രമണം നടക്കാനിടയുണ്ടെന്ന സി.ഐ.എ റിപ്പോര്‍ട്ട് യു.എസ് ഇന്‍റലിജന്‍സും ചാരവിഭാഗവും എത്തിപ്പെട്ട വങ്കത്തത്തിന്‍റെ ആഴം കാണിക്കുന്നു. അത്തരത്തിലൊരു താവളം തന്നെ ശാന്തസമുദ്രത്തില്‍ ഇല്ലെന്നതാണ് വാസ്തവം. ഇത്തരം വങ്കത്തങ്ങള്‍ എഴുന്നള്ളിച്ചാണ് എട്ട് വര്‍ഷമായി 'ഭീകരതക്കെതിരായ യുദ്ധം' ലോകം മുഴുക്കെ വ്യാപിപ്പിക്കുന്നത്.

രാജ്യത്തിന്‍റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥനെന്ന നിലക്ക് തന്‍റെ രാജ്യം ചെയ്ത കുറ്റകൃത്യങ്ങളുടെ പേരില്‍ ലോകത്തോട് മാപ്പ് പറയാന്‍ ഒബാമ തയാറാകില്ല. എന്നാല്‍ താന്‍ ലക് ഷ്യമിടുന്ന മാറ്റത്തിന് അമേരിക്കക്ക് പുറത്ത് സാധുത ലഭിക്കണമെങ്കില്‍, തന്‍റെ രാജ്യം ചെയ്ത കുറ്റകൃത്യങ്ങളുടെ പേരില്‍ ഒബാമ മാപ്പ് പറയണമെന്നാണ് ലോകത്തിന്‍റെ ആഗ്രഹം. മുന്‍ഗാമിയുടെ ചെയ്തികള്‍ക്ക് ഒബാമ മാപ്പ് പറയണം. ഗ്വാണ്ടനാമോ ക്യാമ്പ് അടച്ചുപൂട്ടണമെന്ന് ഫിസ്ക് ആവശ്യപ്പെട്ടു.

ഭീകരതാവിരുദ്ധ യുദ്ധം എന്ന പേരില്‍ നടത്തുന്ന കാര്യങ്ങള്‍ പുനപരിശോധിക്കുകയും ഇറാഖില്‍ നിന്ന് പിന്‍മാറുകയും അവിടെ സൈനികതാവളങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും അഫ്ഗാനിഥാനിലെ സഖ്യസേനാ ആക്രമണം നിര്‍ത്തുകയും വേണം. ഇസ്രായേലിനോട് ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയാന്‍ ഒബാമ തയാറാകണം. അറബ് മണ്ണില്‍ നടത്തുന്ന കുടിയേറ്റവും ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്‍റെ ആക്രമണവും വിമര്‍ശനാതീതമെന്ന നിലപാട് തുടരാന്‍ യു.എസ്സിനാവില്ല. ഇസ്രായേല്‍ ലോബിക്ക് തടയിടാനും ഒബാമ ധൈര്യം കാട്ടണം. പാകിസ്ഥാനിലും സിറിയയിലും ആക്രമണം നടത്തുന്നത് അവസാനിപ്പിക്കുകയും ഇറാനുമായി നേരിട്ട് ചര്‍ച്ച നടത്തുകയും ചെയ്യാന്‍ പുതിയ ഭരണകൂടം സന്നദ്ധമാകണമെന്ന് ഫിസ്ക് എഴുതുന്നു. ഭീകരവിരുദ്ധ യുദ്ധത്തിന്‍റെ പേരില്‍ അമേരിക്ക നടത്തിയ വ്യാപക അറസ്റ്റിന്‍റെ ഫലമായി ആയിരക്കണക്കിന് പേരെ കുറിച്ച് ഇപ്പോള്‍ വിവരമൊന്നുമില്ല. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവരുടെ എണ്ണം ഇരുപതിനായിരത്തിലേറെയാണ്. അവര്‍ മുഴുവനും മുസ്ലിംകളും ഭൂരിഭാഗവും അറബികളുമാണെന്ന് ഫിസ്ക് ചൂണ്ടിക്കാട്ടി. കൂട്ടശ്മശാനങ്ങള്‍ മാത്രമാണ് ബുഷില്‍ നിന്ന് ഒബാമക്ക് അനന്തരമായി ലഭിച്ചതെന്നും വളരെയേറെ ക്ഷമാപണം ഇതാവശ്യപ്പെടുന്നുണ്ടെന്നും ഫിസ്ക് അഭിപ്രായപ്പെട്ടു.

No comments: